കൊടുംക്രൂരതയുടെ യന്ത്രക്കൈകൾ

SHARE

മണൽമാഫിയയ്ക്ക് എന്തും ചെയ്യാനാവുന്നവിധം അരാജകത്വത്തിലേക്കു കേരളം നീങ്ങുകയാണോ എന്ന ആശങ്ക ശരിവയ്ക്കുന്നതാണ് തിരുവനന്തപുരം കാട്ടാക്കടയിലുണ്ടായ ക്രൂര കൊലപാതകം. അനുമതിയില്ലാതെ അർധരാത്രി മണ്ണിടിച്ചു കടത്താനുള്ള ശ്രമം തടഞ്ഞ ഭൂവുടമയെ മണ്ണുമാന്തിയുടെ യന്ത്രക്കൈകൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയ സംഭവം കേരളത്തെ നടുക്കിക്കളഞ്ഞു.

എന്തു ചെയ്യാനും മടിയില്ലാത്തവിധം ക്രിമിനൽ മനഃസ്ഥിതിയിലുള്ള കുറച്ചുപേർ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നത് അത്യധികം ഭീതിദവും ആശങ്കാജനകവുമാണ്. സ്വന്തം ഭൂമിയിൽ നടന്ന അതിക്രമത്തെ ചോദ്യം ചെയ്ത ഒരാൾക്കുണ്ടായ ഇത്രയും ക്രൂരമായ അനുഭവം കേരളീയ മനഃസാക്ഷിയെ ലജ്ജിപ്പിക്കുക മാത്രമല്ല, ആത്മപരിശോധനയിലേക്കു കൊണ്ടുപോകുക കൂടി ചെയ്യേണ്ടതുണ്ട്.

കാട്ടാക്കടയിൽ, വിമുക്ത ഭടനും പ്രവാസിയുമായ സംഗീതിനെ (36) മണ്ണുമാഫിയ സംഘം ദാരുണമായി കൊല ചെയ്തതു കേരളത്തിനു മറക്കാനാവാത്ത കുറ്റകൃത്യം തന്നെയാവുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30നാണു വീടിനു പിന്നിലെ ഭൂമിയിൽനിന്നു സംഘം മണ്ണിടിച്ചു തുടങ്ങിയത്. സ്ഥലത്തില്ലാതിരുന്ന സംഗീത് വിവരമറിഞ്ഞ് 12 മണിയോടെയെത്തി തടഞ്ഞപ്പോൾ, ഇതുവരെ കേട്ടുകേൾവിയില്ലാത്തവിധത്തിലുള്ള കൊലപാതകത്തിനാണ് അക്രമികൾ മുതിർന്നത്. സംഗീതിനെ മണ്ണുമാന്തിയുടെ യന്ത്രക്കൈ ഉപയോഗിച്ച് അടിച്ചുവീഴ്ത്തുകയായിരുന്നു. മതിലിലേക്കു ചേർത്തു ഞെരിച്ചശേഷം മതിൽ തകർത്ത് മണ്ണുമാന്തിയും ടിപ്പറുമായി സംഘം കടന്നു. തലയ്ക്കും നെഞ്ചിനും അതീവഗുരുതരമായി പരുക്കേറ്റ സംഗീതിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അനധികൃത മണ്ണ്– മണൽ ബിസിനസുകൾ കേരളത്തിൽ സമാന്തര സമ്പദ്‌വ്യവസ്‌ഥയായി വളർന്നിട്ടു വർഷങ്ങൾ പലതായി. ഒരുവിഭാഗം രാഷ്‌ട്രീയക്കാരെയും ഉദ്യോഗസ്‌ഥരെയും ശമ്പളക്കാരാക്കി സർക്കാർ സംവിധാനത്തെപ്പോലും വെല്ലുവിളിക്കുന്ന ഈ മാഫിയ, പുഴകളെയും ഭൂമിയെയും മരണത്തിലേക്കു തള്ളിവിടുന്നതിനൊപ്പം സാധാരണക്കാരുടെ ജീവൻ കൂടി കവർന്നെടുക്കുന്ന സാഹചര്യം ഒരു കാരണവശാലും വച്ചുപൊറുപ്പിക്കാനാകാത്തതാണ്. ആരൊക്കെ എതിർത്താലും എത്രതന്നെ നിയന്ത്രണങ്ങളും നിരോധനങ്ങളും വന്നാലും എന്തു വിലകൊടുത്തും തോന്നിയപടി വിളയാടാൻ ആരാണ് ഇവർക്കു ധൈര്യം നൽകുന്നത്?

സംസ്ഥാനത്തു മണ്ണ്– മണൽ മാഫിയ എത്രമാത്രം ആപൽക്കരമായി വളർന്നിരിക്കുന്നുവെന്നു വ്യക്തമാക്കി, പൊലീസിനെതിരെപ്പോലും ആക്രമണങ്ങൾ ഉണ്ടാവുന്നു. ഭൂരിപക്ഷം പൊലീസുകാരും ആത്മാർഥതയോടെ മണൽ മാഫിയയെ നേരിടുമ്പോൾ റെയ്ഡ് വിവരം മണൽകടത്തുകാർക്കു മുൻകൂർ ചോർത്തിക്കൊടുക്കുന്ന കുറച്ചുപേരെങ്കിലും സേനയിൽ സജീവമാണെന്നതു വലിയൊരു അപകടസൂചനയാണ്. റെയ്‌ഡിനിറങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു വേണ്ടത്ര സംരക്ഷണം ഏർപ്പെടുത്തിയും അവരെ അപായപ്പെടുത്താൻ ശ്രമിക്കുന്നവർക്കു കടുത്ത ശിക്ഷ നൽകിയും പൊലീസ് സേനയുടെ ആത്മബലം കൂട്ടുകതന്നെ വേണം.

കുറച്ചു വർഷങ്ങളായി ഈ മാഫിയയുടെ ആക്രമണത്തിനിരയായ പൊലീസ്, റവന്യു ഉദ്യോഗസ്ഥരും സാധാരണക്കാരും ഏറെയാണെങ്കിലും ഇത്തരക്കാർക്കു കടിഞ്ഞാണിടാൻ അധികൃതർക്കു കഴിയുന്നില്ലെന്നതു ഗുരുതര വീഴ്ചയാണ്. നിർബാധം പ്രവർത്തനം തുടരാൻ ഏതറ്റംവരെയും പോകാൻ മാഫിയ തയാറാവുന്നു എന്നതിലേക്കു മാത്രമല്ല കാട്ടാക്കട സംഭവം വിരൽചൂണ്ടുന്നത്; സ്വന്തം ഭൂമിയിലെ അതിക്രമം തടയാൻ ശ്രമിക്കുന്ന ഒരാൾക്കുണ്ടാവുന്ന ദുർവിധിയിലേക്കു കൂടിയാണ്. അതുകൊണ്ടുതന്നെ, ഈ സംഭവത്തിൽ അടിയന്തര നടപടികൾ ഉണ്ടാവുകയും കുറ്റക്കാരെയെല്ലാം മാതൃകാപരമായി ശിക്ഷിക്കുകയും വേണം. ഇക്കാര്യത്തിൽ പൊലീസ് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അതും ഗൗരവത്തോടെ അന്വേഷിക്കേണ്ടതുണ്ട്. ക്രൂരതയുടെ മണ്ണുമാന്തിക്കൈ ഉയർത്താൻ ഇനിയാർക്കും ഇവിടെ ധൈര്യം ഉണ്ടായിക്കൂടെന്ന് ഉറപ്പാക്കി വേണം സർക്കാർ സാധാരണക്കാർക്കൊപ്പമാണെന്നു തെളിയിക്കാൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA