തളർച്ചയില്‍ സമ്പദ്‌വ്യവസ്ഥ; കുതിപ്പിന് ഊർജം തേടി കേന്ദ്ര ബജറ്റ്

budget-leader
SHARE

തളർച്ചയിലാണ് സമ്പദ്‌വ്യവസ്ഥ. എല്ലാ മേഖലകളിലും അതു പ്രതിഫലിക്കുന്നു. അതുകൊണ്ടു തന്നെ, ശനിയാഴ്ചത്തെ കേന്ദ്ര ബജറ്റ് ഏറെ നിർണായകം...

വളർച്ചമുരടിപ്പ് ഒഴിവാക്കാനും വിപണിക്ക് ഉണർവുണ്ടാകാനും സഹായിക്കുന്ന എന്തൊക്കെ നടപടികളാകും ബജറ്റിൽ ഉണ്ടാവുക? 

പുതിയൊരു കാർ വാങ്ങിക്കൂടേ? കഴിഞ്ഞ ദിവസം, ധനമന്ത്രാലയത്തിലെ ഒരു ജോയിന്റ് സെക്രട്ടറി തന്റെ ഒൗദ്യോഗിക വാഹനം ലഭ്യമാക്കുന്ന സ്വകാര്യ കരാറുകാരനോടു ചോദിച്ചു. ഏതാനും മാസത്തെ ബിൽ പാസായിട്ടില്ല, അതൊന്നു വേഗത്തിലാക്കിയാൽ പുതിയ കാർ വാങ്ങാമെന്നും ഇപ്പോഴുള്ള കാറുകൾക്കായി എടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങുമെന്ന സ്ഥിതിയാണെന്നും കരാറുകാരൻ!

ഡൽഹിയിലും യുപിയിലുമായി 4 സ്കൂളുകൾ നടത്തുന്ന ട്രസ്റ്റിന്റെ സെക്രട്ടറി പറഞ്ഞത്: ഫീസ് ഇളവു ചോദിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പതിന്മടങ്ങു വർധിച്ചു. 2017 മുതലാണ് ഈ സ്ഥിതി.

ഈ ഉദാഹരണങ്ങൾ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ഏകദേശ ധാരണ നൽകുന്നു; സർക്കാരിന്റെയും സാധാരണക്കാരുടെയും അവസ്ഥ സൂചിപ്പിക്കുന്നു. കാർ കരാറുകാരന്റെ പ്രശ്നമെടുക്കാം. പാസാകാത്ത ബിൽ സർക്കാരിനെ പ്രതിനിധീകരിക്കുന്നു. പണമില്ലാത്തതിനാൽ വാങ്ങാത്ത പുതിയ വാഹനവും തിരിച്ചടവു മുടങ്ങാവുന്ന വായ്പയും ഓട്ടമൊബീൽ, ബാങ്കിങ് മേഖലയിലേക്കു കടന്നുചെല്ലുന്നു. ട്രസ്റ്റ് സെക്രട്ടറിയുടെ വാക്കുകളിൽ നോട്ട് നിരോധനത്തിനു ശേഷമുള്ള തൊഴിൽ‌നഷ്ടങ്ങളും ശമ്പളത്തിലെ കുറവുമെല്ലാമുണ്ട്.

  ചോദ്യവും ഉത്തരവും

വ്യക്തികളുടെയും സർക്കാരിന്റെയും പക്കൽ അവശ്യച്ചെലവിനല്ലാതെ പണമില്ല. അതു വിപണിയിൽ മുരടിപ്പുണ്ടാക്കുന്നു, സാമ്പത്തിക വളർച്ച ഇഴയുന്നു. ഇതു പരിഹരിക്കാൻ എന്തു വഴി? ധനമന്ത്രി നിർമല സീതാരാമൻ ശനിയാഴ്ച അവതരിപ്പിക്കുന്ന ബജറ്റിൽ ഈ ചോദ്യത്തിനാണ് ഉത്തരം പ്രതീക്ഷിക്കുന്നത്.

റവന്യു വരുമാനം, മൂലധന വരുമാനം എന്നിങ്ങനെ രണ്ടു തരത്തിലാണു സർക്കാരിനു പണമെത്തുന്നത്. പ്രത്യക്ഷ, പരോക്ഷ നികുതികൾക്കു പുറമേ, സ്റ്റാംപ് ഡ്യൂട്ടി, പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവിഹിതം തുടങ്ങിയവയും റവന്യു വരുമാനമാണ്. വായ്പകളുടെ തിരിച്ചടവിലൂടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപനയിലൂടെയും മറ്റുമാണ് മൂലധന വരുമാനം. 

വ്യക്തിഗത ആദായ, കോർപറേറ്റ് നികുതികളിലൂടെ ഈ വർഷം സർക്കാർ ലക്ഷ്യമിട്ടത് 13.35 ലക്ഷം കോടി രൂപ, ഇപ്പോൾ പ്രതീക്ഷ – 11.50 ലക്ഷം കോടി. പരോക്ഷ നികുതിയിൽ ലക്ഷ്യം – 11.19 ലക്ഷം കോടി, ലഭിക്കാവുന്നത് – 9.54 ലക്ഷം കോടി. ഓഹരിവിൽപനയും ലക്ഷ്യം കാണില്ലെന്നതിന്റെ തെളിവാണ് എയർ ഇന്ത്യയുടെ എല്ലാ ആസ്തികളും വിൽക്കാനുള്ള പുതിയ തീരുമാനം.

സർക്കാരിന്റെ ചെലവുകൾ രണ്ടു വിധം: റവന്യു ചെലവുകളും മൂലധന ചെലവുകളും. ശമ്പളവും പെൻഷനും സബ്സിഡികളും മറ്റും റവന്യു ചെലവ്. റോഡുകളും പാലങ്ങളും ഉൾപ്പെടെ ആസ്തികൾ സൃഷ്ടിക്കാനുള്ളതു മൂലധന ചെലവ്.

കേന്ദ്രത്തിന്റെ വരുമാനം കുറയുന്നതിന് ആനുപാതികമായി, സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതവും കുറയും. ചരക്ക് സേവന നികുതിയിലെ (ജിഎസ്ടി) നഷ്ടപരിഹാര സെസ് വൈകിപ്പിച്ചതും സംസ്ഥാനങ്ങളുടെ പ്രതിഷേധവും ഓർക്കുക. ‘ആയുഷ്മാൻ ഭാരതി’ലുള്ള ആശുപത്രികൾ പലതും ഈയിടെ സർക്കാരിനോടു പരാതിപ്പെട്ടതും പാസാകാത്ത ബില്ലുകളെക്കുറിച്ചാണ്.

  ബജറ്റും ബജറ്റുകളും

സാമ്പത്തിക വളർച്ച കുറയുന്നതിന്റെ വ്യക്തമായ സൂചനകളുള്ളപ്പോഴായിരുന്നു, കഴിഞ്ഞ ജൂലൈ 5ന് രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. മാന്ദ്യം നേരിടാൻ നടപടികളില്ലെന്ന് അന്നു പരാതിയുയർന്നു. തുടർന്നും, വളർച്ച മുരടിക്കുന്നുവെന്നു സമ്മതിക്കാൻ സർക്കാർ തയാറായില്ല. സമ്മതിച്ചാൽ, നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കൽ എന്നിവ പിഴച്ചുവെന്ന് അംഗീകരിക്കുന്നതിനു തുല്യമാകും. അതുണ്ടാക്കാവുന്ന രാഷ്ട്രീയ നഷ്ടം സർക്കാരിനെ അങ്കലാപ്പിലാക്കി. 5 ലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥ എന്ന വലിയ ലക്ഷ്യത്തെക്കുറിച്ചും ചോദ്യങ്ങളുയരുമായിരുന്നു.

‘മാന്ദ്യമാണോ’ എന്ന ചോദ്യത്തിന് ധനമന്ത്രി കൃത്യമായി മറുപടി നൽകിയില്ല. പക്ഷേ, ജൂലൈയ്ക്കു ശേഷം പല തവണ ‘മിനി ബജറ്റ്’ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രഖ്യാപനങ്ങളുണ്ടായി: കോർപറേറ്റ് നികുതി കുറയ്ക്കൽ, ചില പൊതുമേഖലാ ബാങ്കുകളുടെ ലയനം, റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉത്തേജന പാക്കേജ്, വായ്പവിതരണം ഉദാരമാക്കാൻ നിർദേശം, ആദായനികുതി പിരിവു മെച്ചപ്പെടുത്തൽ. എന്നിട്ടും സ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടായില്ല. കോർപറേറ്റ് നികുതിയുടെ കാര്യമെടുക്കാം. കഴിഞ്ഞ മാസം അഡ്വാൻസ് നികുതി അടവിൽ കുറവുവന്നതിന്റെ കാരണം ചോദിച്ചപ്പോൾ പല വൻകിട കമ്പനികളും ആദായനികുതി വകുപ്പിനു നൽകിയ മറുപടിയിതാണ്: നികുതി കുറച്ചെങ്കിലും വരുമാനം വർധിച്ചിട്ടില്ല, കുറഞ്ഞിട്ടേയുള്ളൂ.

ബാങ്കുകൾ വായ്പമേള നടത്തിയെങ്കിലും, വിപണിയിൽ കാര്യമായ ഉത്സാഹം കണ്ടില്ല. കിട്ടാക്കട നിയന്ത്രണങ്ങളുള്ളപ്പോൾ, ഉദാരമായി വായ്പ നൽകുന്നതിന് ബാങ്കുകൾക്ക് ഇപ്പോഴും മടിയുണ്ട്. കൃത്യമായി തിരിച്ചടയ്ക്കാനാവുമോ എന്ന ആശങ്കയുള്ളതിനാൽ ഇടപാടുകാർക്കും മടി. ഉപയോക്താക്കളുടെ ആത്മവിശ്വാസത്തെക്കുറിച്ച് റിസർവ് ബാങ്ക് കഴിഞ്ഞ മാസം പുറത്തുവിട്ട നവംബർ സർവേ ഫലങ്ങൾ ശ്രദ്ധേയമാണ്: രാജ്യത്തെ സാമ്പത്തിക സ്ഥിതി ഈ വർഷം മെച്ചപ്പെടില്ലെന്നോ മോശമാവുമെന്നോ കരുതുന്നവർ – 51.2%. തൊഴിൽ സ്ഥിതി മെച്ചപ്പെടുമെന്ന് 53.7 ശതമാനത്തിനും പ്രതീക്ഷയില്ല!

  പ്രതീക്ഷകൾ

ആദായ നികുതി നിരക്കുകൾ കുറയ്ക്കുമെന്ന സൂചന ധനമന്ത്രി ഈയിടെ നൽകി. പ്രത്യക്ഷ നികുതി കോഡ് (ഡിടിസി) നടപ്പാക്കുന്നതിനു കർമ‌സമിതി നൽകിയ ശുപാർശകൾ മന്ത്രിയുടെ പക്കലുണ്ട്. ആദായ നികുതിയിൽനിന്നുള്ള വരുമാനം തുച്ഛം, ഇളവു ലഭിക്കുന്നവർ ‌ലാഭിക്കുന്ന പണം വിപണിയിലിറക്കുമെന്ന ഉറപ്പില്ല – ഈ സ്ഥിതിയിൽ ഇളവു പാടില്ലെന്നു വാദിക്കുന്നവരുണ്ട്. എന്നാൽ, ഡിടിസിയുടെ പശ്ചാത്തലത്തിൽ, വിവിധയിനം ഇളവുകൾ ഒഴിവാക്കി, ആദായനികുതി നിരക്കു കുറച്ചേക്കുമെന്നാണു സൂചന.

  മാന്ദ്യകാലത്തു സർക്കാർ ചെലവു ചുരുക്കുന്നത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കാം. വളർച്ചസ്തംഭനവും വിലക്കയറ്റവും ഒരുമിച്ചുണ്ടാകുന്ന അവസ്ഥ (സ്റ്റാഗ്ഫ്ലേഷൻ) ഭീഷണിയായി മുന്നിലുണ്ട്. അതിനാൽ, പണം ചെലവഴിക്കൽ കുറയ്ക്കാൻ സർക്കാർ മുതിർന്നേക്കില്ല.

  കടപ്പത്ര പദ്ധതികൾ ഊർജിതപ്പെടുത്താൻ പ്രഖ്യാപനമുണ്ടാവാം. അടിസ്ഥാനസൗകര്യ വികസനത്തിന് മുനിസിപ്പൽ ബോണ്ടുകൾക്കും മറ്റും ഊന്നൽ നൽകാനുള്ള താൽപര്യം സർക്കാർ ഈയിടെ പ്രകടിപ്പിച്ചിരുന്നു.

  ചില ക്ഷേമ‍പദ്ധതികൾക്കു വിഹിതം കൂട്ടണമെന്ന നിർദേശം പരിഗണനയിലുണ്ട്. 80 വയസ്സു കഴിഞ്ഞവർക്ക് പ്രതിമാസ പെൻഷൻ 500 രൂപയിൽനിന്ന് 1000 രൂപയാക്കുക, 80ൽ താഴെയുള്ളവർക്കു പെൻഷൻ 200 രൂപയിൽനിന്ന് 500 രൂപയാക്കുക തുടങ്ങിയവയാണു നിർദേശങ്ങൾ.

  പരോക്ഷ നികുതി വരുമാനം വർധിപ്പിക്കാൻ ജിഎസ്ടി നിരക്കുകൾ കൂട്ടണമെന്നും കുറയ്ക്കണമെന്നും വാദമുണ്ട്; നികുതി പിരിക്കൽ മെച്ചപ്പെടുത്തിയാൽതന്നെ വരുമാനം കൂടുമെന്നും. നികുതി സ്ലാബുകളുടെ എണ്ണം കുറയ്ക്കുക, ചില സേവനങ്ങളും ഉൽപന്നങ്ങളും ജിഎസ്ടിയിൽനിന്ന് ഒഴിവാക്കുക തുടങ്ങി പല നിർദേശങ്ങളും പരിഗണനയിലുണ്ട്. സർക്കാരിന്റെ താൽപര്യം മാത്രമേ ബജറ്റിലൂടെ വ്യക്തമാക്കാനാവൂ; ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ജിഎസ്ടി കൗൺസിലാണ്.

maithresh
മൈത്രീഷ് ഘട്ടക്

വിലക്കയറ്റം തടയണം, ആശങ്ക അകറ്റണം: മൈത്രീഷ് ഘട്ടക്

(പ്രഫസർ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്)

സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ അവസ്ഥ

തീർത്തും മോശം. ദേശീയ വരുമാനത്തെക്കുറിച്ച് നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ (എൻഎസ്ഒ) കണക്കനുസരിച്ച് 2019–20ലെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചനിരക്ക് 4.9%. ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടായ 2008–09നു ശേഷം, ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണിത്. 

  മെച്ചപ്പെടാനുള്ള സാധ്യതകൾ

ഇന്ത്യയുടെ വലുപ്പവും പിടിച്ചുനിൽക്കാൻ സമ്പദ്‌വ്യവസ്ഥയ്ക്കുള്ള ശേഷിയും നോക്കുമ്പോൾ, സ്ഥിതി മാറും. പക്ഷേ, എത്ര വേഗമെന്നു പറയാനാവില്ല. എണ്ണവില കുറയുക, ഭക്ഷ്യോൽപന്ന വിലവർധനയുടെ വേഗം കുറയുക, ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങളാൽ വിദേശത്തുനിന്നുള്ള നിക്ഷേപത്തിൽ വർധനയുണ്ടാവുക – ഇതൊക്കെ സംഭവിച്ചാൽ വേഗത്തിൽത്തന്നെ മാറ്റമുണ്ടാകാം

  സർക്കാർ ചെയ്യേണ്ടത്

നയപരമായി സുസ്ഥിര സാഹചര്യം ഉറപ്പാക്കുന്നതിനാവണം മുൻഗണന. നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കിയ രീതി തുടങ്ങിയവയിൽ കാട്ടിയ ‘സാഹസികത’ ആവർത്തിക്കരുത്. ദേശീയ പൗര റജിസ്റ്ററും പൗരത്വ‌നിയമ നിർദേശങ്ങളും ഗുണം ചെയ്തിട്ടില്ല. അതിന്റെ രാഷ്ട്രീയം മാറ്റിനിർത്തി സാമ്പത്തിക പക്ഷത്തുനിന്നു പറയുമ്പോൾ, നിയമങ്ങളും നിയന്ത്രണങ്ങളും വഴി പൗരന്മാർക്കും ബിസിനസിനും കോർപറേഷനുകൾക്കും ആശങ്കയുണ്ടാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കരുത്. 

ശുഭാപ്തിവിശ്വാസവും പോസിറ്റീവ് കാഴ്ചപ്പാടുമായിരിക്കണം സാമ്പത്തിക വളർച്ചയുടെ അടിത്തറ. മനുഷ്യർക്കു ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാകുമ്പോൾ ഉപഭോഗം സ്തംഭിക്കും; അരമുറുക്കണമെന്ന് അവർക്കു തോന്നും. ഉദ്യോഗസ്ഥരുടെ ഇടപെടലും നിയന്ത്രണങ്ങളും വർധിക്കുന്നതും രാഷ്ട്രീയ അശാന്തിയുടെ അന്തരീക്ഷവും സഹായകമാവില്ല. ഇടക്കാലത്തേക്ക്, ഭൂമി – തൊഴിൽ – മൂലധന വിപണികളിലും പൊതുമേഖലയിലും പരിഷ്കാരങ്ങൾ വേണം. മുതൽമുടക്കും തൊഴിലും വർധിക്കാൻ അതു സഹായിക്കും. 

ബജറ്റിലൂടെ ചെയ്യാവുന്നത്

ഗ്രാമീണ അടിസ്ഥാന സൗകര്യം, തൊഴിലുറപ്പ്, പിഎം–കിസാൻ, മാതൃത്വ ആനുകൂല്യങ്ങൾ, പെൻഷൻ തുടങ്ങിയവയ്ക്കുള്ള വിഹിതം കുറയ്ക്കില്ലെന്നാണു പ്രതീക്ഷ. വ്യക്തിഗത ആദായനികുതിയോ കോർപറേറ്റ് നികുതിയോ കുറയ്ക്കുന്നതിനെ ഞാൻ അനുകൂലിക്കുന്നില്ല. ജിഡിപിയുടെ 2.5% മാത്രമാണു വ്യക്തിഗത നികുതിയിൽനിന്നു ലഭിക്കുന്നത്.

കോർപറേറ്റ് നികുതിയിൽനിന്ന് 3.3% മാത്രം. ബാക്കിയത്രയും പരോക്ഷ നികുതിയിൽനിന്നാണ്. ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വില കുറയുംവിധം ജിഎസ്ടി നിരക്കിൽ കുറവു വരുത്തണം.

radhika
രാധിക പാണ്ഡെ

ഡിമാൻഡ് കൂട്ടാൻ നയപരമായ ഇടപെടൽ: രാധിക പാണ്ഡെ

(കൺസൽറ്റന്റ്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി)

നിലവിലെ ആശങ്കകൾ

ഡിമാൻഡിലുള്ള കുറവാണ് പ്രധാന ആശങ്ക. ഡിമാൻഡ് വർധിക്കാത്തപ്പോൾ സ്വകാര്യ മുതൽമുടക്കിലും മാന്ദ്യമുണ്ടാവുന്നു. കോർപറേറ്റ് നികുതി കുറച്ചതിന്റെ ഗുണം ലഭിക്കാത്ത സ്ഥിതി. സാമ്പത്തിക വളർച്ച 4.5 – 5% എന്ന തോതിൽ ഇഴയും.

തിരിച്ചുവരവ്

ഡിമാൻഡ് വർധിപ്പിക്കാനുള്ള നയപരമായ ഇടപെടലുകളെ ആശ്രയിച്ചിരിക്കും തിരിച്ചുവരവ്. നികുതി കുറയ്ക്കുന്നതിലൂടെ അതു വേഗത്തിലാക്കാനാവും. അടുത്ത രണ്ടു മൂന്നു പാദങ്ങളിലായി തിരിച്ചുവരവിന്റെ പുതുനാമ്പുകൾ കണ്ടുതുടങ്ങാം.

ആവശ്യമായ നടപടികൾ

നികുതി കുറയ്ക്കുക, അടിസ്ഥാന സൗകര്യമേഖലയിൽ ചെലവഴിക്കൽ കൂട്ടുക. എന്നാൽ, സർക്കാരിന്റെ റവന്യു വരുമാനത്തിൽ ഞെരുക്കമുണ്ട്. വരുമാനത്തിന്റെ ഏറിയ പങ്കും ശമ്പളത്തിനും പലിശയ്ക്കും ഉപയോഗിക്കുന്നു. അടിസ്ഥാനസൗകര്യ വികസനത്തിനു പണം കണ്ടെത്താനാവണം. ഇൻഷുറൻസിലും പെൻഷൻ ഫണ്ടിലും നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ കുടുംബങ്ങൾക്കു നികുതിയിളവുകൾ നൽകണം. അടിസ്ഥാനസൗകര്യ വികസന കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നതും പ്രോത്സാഹിപ്പിക്കണം. ഭവനവായ്പാ പലിശ കുറച്ചാൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഡിമാൻഡ് വർധിപ്പിക്കാം. 

കടപ്പത്ര വിപണി പരിഷ്കരണ അജൻഡ ബജറ്റിൽ വ്യക്തമാക്കണം. ആദ്യം വേണ്ടത് പൊതു കട മാനേജ്മെന്റ് ഏജൻസി (പിഡിഎംഎ) രൂപീകരിക്കലാണ്. നയപരമായ കൃത്യത ഉറപ്പാക്കി നിക്ഷേപകരുടെയും ഉപയോക്താക്കളുടെയും ആത്മവിശ്വാസം വീണ്ടെടുക്കണം. ഇതു ദീർഘകാലത്തേക്ക് ഡിമാൻഡ് വർധിപ്പിക്കും, സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തും.

ബജറ്റിൽ വേണ്ടത്

ഗ്രാമീണമേഖലയിൽ പണം കൂടുതലായി ചെലവഴിച്ചും ഡിമാൻഡ് വർധിപ്പിക്കാം. പിഎം–കിസാൻ, തൊഴിലുറപ്പു പദ്ധതികൾ തുടങ്ങിയവ പരിഗണിക്കുക. നികുതിയിളവ്, നികുതി നൽകുന്ന ചെറിയൊരു വിഭാഗത്തിനു മാത്രം ഗുണകരമെന്നു വാദമുണ്ട്. എന്നാൽ, നികുതി കുറച്ചാൽ ഡിമാൻഡ് കൂടുമെന്നതും അത് ജിഎസ്ടി വരുമാനം വർധിപ്പിക്കുമെന്നതും അംഗീകരിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA