ADVERTISEMENT

ചൈനയും ജപ്പാനും പോലെ വൻ സാമ്പത്തികശക്തികളും ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ആസിയാനി’ലെ 10ൽ 9 അംഗരാജ്യങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കിഴക്കൻ മേഖല. ഇതിൽ ചൈന തന്നെയാണ് ഏറ്റവും പ്രധാനം. വിദേശകാര്യ മന്ത്രാലയത്തിനു മാത്രമല്ല വാണിജ്യം, പ്രതിരോധം, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങൾക്കും വ്യത്യസ്ത കാരണങ്ങളാൽ ചൈന പ്രധാനമാണ്.

കിഴക്കൻ മേഖലയിലെ സാമ്പത്തിക ശക്തികളായ ജപ്പാനുമായും ആസിയാനിലെ പ്രമുഖരായ ദക്ഷിണ കൊറിയ, സിംഗപ്പുർ എന്നീ രാജ്യങ്ങളുമായും ഇന്ത്യയുടെ ബന്ധം സൗഹൃദപരമാണ്. പക്ഷേ, കഴിഞ്ഞ അഞ്ചുമാസത്തിനിടെ കിഴക്കൻ ഏഷ്യയിലെ ചെറുരാജ്യമായ മലേഷ്യയുമായി ഇന്ത്യയുടെ ബന്ധം പൊടുന്നനെ വഷളായി. ജമ്മു കശ്മീരിലെ സുരക്ഷാനിയന്ത്രണങ്ങൾ, പൗരത്വ നിയമ ഭേദഗതി എന്നീ വിഷയങ്ങളിൽ മലേഷ്യയുടെ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതാണു ന്യൂഡൽഹിയെ രോഷം കൊള്ളിച്ചത്. മലേഷ്യയെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന വിഷയം വിദേശകാര്യ, വാണിജ്യ, ആഭ്യന്തര മന്ത്രാലയങ്ങൾ ഒരുമിച്ചിരുന്നു ചർച്ച ചെയ്യുകയുണ്ടായി.

മഹാതിറിന്റെ വിമർശനത്തോടുള്ള പ്രതികരണമെന്ന നിലയിലാണു വാണിജ്യ മന്ത്രാലയം മലേഷ്യയിൽനിന്നുള്ള പാമോയിൽ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. മലേഷ്യയിൽനിന്ന് ഇന്ത്യൻ കമ്പനികൾ കൊണ്ടുവന്ന ഐടി ഹാർഡ്‌വെയറുകളുടെ ഗുണമേന്മ കർശനമായി വിലയിരുത്താനും നിർദേശമുയർന്നു. വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനു മലേഷ്യ അഭയം നൽകിയതാണു മറ്റൊരു നീറുന്ന പ്രശ്നം. ഇന്ത്യയിലെ ഭീകരസംഘങ്ങൾക്ക് ആശയപ്രചോദനം നൽകിയെന്നാരോപിച്ചാണു സാക്കിർ നായിക്കിനെതിരെ ഇന്ത്യ കേസെടുത്തത്. കശ്മീർ വിഷയത്തിലും കൂടി മഹാതിർ ഇന്ത്യയെ പരസ്യമായി വിമർശിച്ചതോടെ അന്തരീക്ഷം കലുഷിതമായി.

india-malaysia-1
മലേഷ്യൻ സന്ദർശനത്തിനിടെ പി.വി. നരസിംഹറാവു, മഹാതിർ മുഹമ്മദിനൊപ്പം. (ഫയൽചിത്രം)

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒഐസിയുടെ (ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കൺട്രീസ്) മേധാവിത്തം ചെറുക്കാനെന്ന രീതിയിലാണു മലേഷ്യയിൽ ചില മുസ്‌ലിം രാജ്യങ്ങൾ ചേർന്ന് ഉച്ചകോടി സംഘടിപ്പിച്ചതെങ്കിലും അതിലേക്കു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പ്രത്യേകം ക്ഷണിച്ചത് ഇന്ത്യ ഗൗരവമായെടുത്തു. ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾക്കെതിരെ യുഎൻ പ്രമേയം കൊണ്ടുവരാനുള്ള പാക്ക് സമ്മർദം ശക്തമാക്കാൻ മലേഷ്യ, ഇറാൻ, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായുള്ള കൂടിക്കാഴ്ച ഇമ്രാൻ ഖാൻ ഉപയോഗിച്ചേക്കുമെന്നും ആശങ്കയുയർന്നു. എന്നാൽ, അവരുടെ ഏറ്റവും വലിയ സാമ്പത്തിക പങ്കാളിയായ സൗദി അറേബ്യ നിർബന്ധിച്ചതോടെ മലേഷ്യാ ഉച്ചകോടിയിൽനിന്നു പാക്കിസ്ഥാൻ അവസാന നിമിഷം പിന്മാറി. ഉച്ചകോടിയിൽ പ്രതികൂല പരാമർശങ്ങളുണ്ടാകാതിരിക്കാൻ ഇന്ത്യ നയതന്ത്രതലത്തിലും ശക്തമായ ഇടപെടലുകൾ നടത്തി.

1995ൽ അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹറാവു നടത്തിയ ചരിത്രസന്ദർശനത്തിനു ശേഷമാണു മലേഷ്യ ഇന്ത്യയുടെ വ്യാപാര പങ്കാളിയായി മാറിയത്. അന്നും മഹാതിർ തന്നെയായിരുന്നു മലേഷ്യയുടെ പ്രധാനമന്ത്രി. ഇന്ത്യയും മലേഷ്യയും തമ്മിൽ പല പൊതുധാരകളും പങ്കിടുന്നുണ്ട്. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയിൽ ബൗദ്ധ, ക്രൈസ്തവ, ഹിന്ദു സമുദായങ്ങൾ നിർണായക ന്യൂനപക്ഷമാണ്. ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനത്തിനു ഗുണകരമല്ലാത്ത നിലയിൽ വളരെ ഉദാരമായ പാമോയിൽ ഇറക്കുമതിയാണു മലേഷ്യയിൽനിന്നു നടത്തുന്നതെന്ന പരാതിയുമുണ്ട്. 2003ൽ മഹാതിർ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച ശേഷവും മലേഷ്യയുമായുള്ള സൗഹൃദത്തിൽ ഇടിവുണ്ടായില്ല. മഹാതിറിന്റെ പിൻഗാമികളായ അബ്ദുല്ല അഹമ്മദ് ബദാവി, നജീബ് റസാഖ് എന്നിവരും ഇന്ത്യയുടെ സുഹൃത്തുക്കളായിരുന്നു. 2018ൽ മലേഷ്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിലാണു മഹാതിർ അധികാരത്തിലേക്കു തിരിച്ചെത്തിയത്.

ഇപ്പോൾ, കടുത്ത ഇന്ത്യാവിമർശന നിലപാടെടുക്കാൻ മലേഷ്യയ്ക്കുമേൽ ചൈനയുടെയോ പാക്കിസ്ഥാന്റെയോ സമ്മർദമുണ്ടായിട്ടുണ്ടോ എന്നും ഇന്ത്യയുടെ നയതന്ത്ര വിദഗ്ധർ പരിശോധിക്കുന്നുണ്ട്. പക്ഷേ, വലിയ രാഷ്ട്രീയ കൗശലങ്ങൾ കൈവശമുള്ള മുതിർന്ന നേതാവാണു മഹാതിർ. ഇന്ത്യ പോലെ വലിയൊരു രാജ്യത്തിനെതിരെ തിരിച്ചടിക്കാനുള്ള ശേഷിയൊന്നും തന്റെ രാജ്യത്തിനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് ഒരുപാട് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നുവെങ്കിലും ചെറുരാജ്യമായ മലേഷ്യയിലേക്ക് ഇന്ത്യ കാര്യമായൊന്നും കയറ്റുമതി ചെയ്യുന്നില്ല.അന്തരീക്ഷം തണുപ്പിക്കാനാകണം, ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നതായി മലേഷ്യൻ സർക്കാർ വ്യക്തമാക്കുകയുണ്ടായി.

രാഷ്ട്രീയമായ ഭിന്നതകളെ സാമ്പത്തിക ബന്ധങ്ങളുമായി കൂട്ടിക്കുഴയ്ക്കരുതെന്നായിരുന്നു മലേഷ്യ ഉദ്ദേശിച്ചത്. എന്നാൽ, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ രാജ്യങ്ങളിൽനിന്നുള്ള ഒരു വിമർശനവും കേന്ദ്ര സർക്കാർ അംഗീകരിക്കുന്നില്ല. പൗരത്വ നിയമത്തിനെതിരായ നിലപാടെടുത്ത യുഎസ് കോൺഗ്രസിനും യൂറോപ്യൻ യൂണിയൻ പാർലമെന്റിനും മലേഷ്യയ്ക്കു നൽകിയ അതേ സന്ദേശമാണ് ഇന്ത്യ കൈമാറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com