പാക്ക് ഡ്രോണുകൾ ഇന്ത്യൻ മണ്ണിൽ പാകുന്ന ‘ലഹരി’: പടികടത്തി പഞ്ചാബ്

punjab-drugs
പഞ്ചാബിലെ ജലന്തറില്‍ ലഹരി ഉപയോഗിക്കുന്ന യുവാക്കള്‍. (ഫയൽചിത്രം)
SHARE

പാക്കിസ്ഥാനുമായി രാജ്യാന്തര അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് ആഴത്തിൽ പിടിമുറുക്കിയ ലഹരി വിപത്ത് തുടച്ചുനീക്കാനുള്ള കർമ പദ്ധതികൾക്കാണു പഞ്ചാബ് സർക്കാർ തുടക്കമിട്ടിരിക്കുന്നത്. യുവാക്കൾക്കിടയിൽ വ്യാപകമാകുന്ന ലഹരി ഉപയോഗം അടിയന്തരമായി തടഞ്ഞില്ലെങ്കിൽ സംസ്ഥാനത്തിന്റെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന തിരിച്ചറിവാണു നടപടികൾക്കു മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ പ്രേരിപ്പിച്ചത്.

ഒരിക്കൽ ഇടത്താവളം, പിന്നീട് താവളം

ഡൽഹി എയിംസ് ആശുപത്രി 2015ൽ നടത്തിയ പഠനത്തിൽ പഞ്ചാബിൽ രണ്ടു ലക്ഷത്തോളം യുവാക്കൾ ലഹരിമരുന്നിന് അടിമകളാണെന്നു കണ്ടെത്തിയിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നു പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്കുള്ള ലഹരിമരുന്നു കടത്തിന്റെ ഇടത്താവളമായിരുന്ന പഞ്ചാബ് പിന്നീട് അതിന്റെ ഏറ്റവും വലിയ ഉപഭോഗ സംസ്ഥാനമായി മാറുകയായിരുന്നു. പഞ്ചാബ് പൊലീസിന്റെ കണക്ക് പ്രകാരം കറപ്പ് (ഓപ്പിയം), ഹെറോയിൻ എന്നിവയാണ് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ലഹരിവസ്തുക്കൾ. ഒരു ഗ്രാമിന് 5000 രൂപ വരെ വിലയുള്ള ഹെറോയിന് നഗരങ്ങളിൽ ആവശ്യക്കാരേറെ.

അതിർത്തി കടന്നെത്തുന്ന ലഹരി

പാക്കിസ്ഥാനുമായുള്ള 550 കിലോമീറ്റർ അതിർത്തി വഴിയാണു ലഹരിമരുന്ന് സംസ്ഥാനത്തേക്കു കടത്തുന്നത്. ഇവിടെ കാവൽ നിൽക്കുന്ന അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) കണ്ണുവെട്ടിച്ച് അവ വ്യാപകമായി കടത്തുന്നു. അതിർത്തിഗ്രാമങ്ങളിൽ കൃഷി ചെയ്യുന്ന ഗ്രാമീണരെ മറയാക്കിയാണ് ഏജന്റുമാർ പലപ്പോഴും ലഹരിമരുന്ന് എത്തിക്കുന്നത്. അതിർത്തിക്കപ്പുറം ഇരു രാജ്യങ്ങളുടേതുമല്ലാത്ത ചെറു പ്രദേശത്ത് (നോ മാൻസ് ലാൻ‌ഡ്) കൃഷി ചെയ്യുന്ന ഒട്ടേറെ ഗ്രാമീണർ ഇവിടെയുണ്ട്. അതിർത്തി കടന്നു കൃഷിയിടത്തിലേക്കു പോകാനും വൈകിട്ടു തിരികെ പ്രവേശിക്കാനുമുള്ള അനുമതി സുരക്ഷാസേന ഇവർക്കു നൽകാറുണ്ട്. ഇങ്ങനെ പോകുന്ന ഗ്രാമീണരിൽ ചിലർ പണത്തിനു വേണ്ടി ലഹരിമരുന്നു കടത്തുന്നുവെന്നാണ് ഇന്റലിജൻസ് വിവരം.

അതിർത്തിക്കപ്പുറത്തുനിന്ന് ഇന്ത്യൻ ഗ്രാമങ്ങളിലേക്കു പാക്കറ്റുകൾ വലിച്ചെറിയുന്നതും ഏജന്റുമാർ അവ കൈപ്പറ്റുന്നതും ലഹരികടത്തിന്റെ മറ്റൊരു രീതി. ലഹരി കടത്താൻ അതിർത്തിയിൽ ചിലയിടങ്ങളിൽ നിർമിച്ച തുരങ്കങ്ങൾ സുരക്ഷാസേന സമീപകാലത്തു കണ്ടെത്തിയിരുന്നു. 2018 ജൂലൈയിൽ പാക്കിസ്ഥാനിൽ നിന്നുള്ള ട്രെയിനിൽ വലിയ അളവിൽ ഹെറോയിൻ ഒളിച്ചുകടത്താനും ശ്രമമുണ്ടായി.

ശൈത്യകാലത്ത് അതിർത്തിയാകെ പടരുന്ന മൂടൽമഞ്ഞിന്റെ മറവിലും ലഹരികടത്ത് വ്യാപകമാണ്. പാക്കിസ്ഥാനിൽ നിന്നുള്ള ഡ്രോണുകൾ (ആളില്ലാ ചെറു വിമാനങ്ങൾ) ഉപയോഗിച്ച് ലഹരി പാക്കറ്റുകൾ അതിർത്തി ഗ്രാമങ്ങളിലിടുന്നതാണ് ഏറ്റവും പുതിയ രീതി. ഈയിടെ അതിർത്തി കടന്ന് പഞ്ചാബിലേക്ക് 2 പാക്ക് ഡ്രോണുകൾ അതിക്രമിച്ചു കയറിയതു സേനയുടെ ശ്രദ്ധയിൽപെട്ടിരുന്നു. പിന്നാലെ, അതിർത്തി മേഖലകളിൽ ഡ്രോണുകൾ വെടിവച്ചു വീഴ്ത്താനുള്ള അധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബിഎസ്എഫിനു നൽകി.

പോരാട്ടത്തിന് തുടക്കം

സുലഭമായി ലഭിക്കുന്ന ലഹരിമരുന്ന് ഉപയോഗിച്ച് യുവാക്കൾ കുറ്റകൃത്യങ്ങളിലേക്കു തിരിഞ്ഞതോടെയാണ് സംസ്ഥാനം നേരിടുന്ന വിപത്തിന്റെ വ്യാപ്തി ഭരണകൂടം തിരിച്ചറിഞ്ഞത്. അമിത ഉപയോഗം ഒട്ടേറെപ്പേരുടെ മരണത്തിനിടയാക്കിയതിനും കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനം സാക്ഷിയായി.

2017ൽ സംസ്ഥാനത്ത് അധികാരത്തിലേറിയ കോൺഗ്രസ് സർക്കാരിന്റെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു ലഹരിക്കെതിരായ പോരാട്ടം. അതിർത്തി വഴിയുള്ള ലഹരികടത്ത് തടയാനുള്ള കർശന നടപടികളിലൂടെയാണു സർക്കാർ അതിനു തുടക്കമിട്ടത്. പൊലീസ് ഉദ്യോഗസ്ഥർ മഫ്തിയിൽ അതിർത്തി ഗ്രാമങ്ങളിലുടനീളം സഞ്ചരിച്ചു. ലഹരിമരുന്നു സംഘങ്ങളുടെ നീക്കങ്ങൾ കണ്ടെത്താൻ മിലിറ്ററി ഇന്റലിജൻസിന്റെ സേവനവും തേടി.അതിർത്തി വഴിയുള്ള ലഹരികടത്ത് ഒരുപരിധി വരെ കുറയ്ക്കാനായെങ്കിലും ലഹരിക്കടിമകളായ യുവാക്കളെ അതിൽ നിന്നു മോചിപ്പിക്കുക എന്ന വലിയ ദൗത്യം സർക്കാരിനു മുന്നിൽ ബാക്കിയുണ്ട്.

ലഹരിക്ക് ‘ഒപി ചികിത്സ’

ലഹരി ഉപയോഗിക്കുന്നവരെ ചികിത്സിക്കാൻ സംസ്ഥാനത്തുടനീളം ഒപി ക്ലിനിക്കുകൾ (ഒൗട്ട് പേഷ്യന്റ് ഒപിയോയ്ഡ് അസിസ്റ്റഡ് ട്രീറ്റ്മെന്റ് ക്ലിനിക് – ഒഒഎടി) തുറന്ന സർക്കാർ നടപടി ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നുവെന്നാണു റിപ്പോർട്ടുകൾ. കിടത്തിച്ചികിത്സയ്ക്കു വിധേയരാവാൻ പലരും മടിക്കുന്ന സാഹചര്യത്തിലാണ് എളുപ്പം മരുന്നു വാങ്ങി മടങ്ങാൻ കഴിയുന്ന ഒപി ക്ലിനിക്കുകൾ എന്ന ആശയം നടപ്പാക്കിയത്. ലഹരിക്ക് അടിമകളായവരെ ചികിത്സിക്കാൻ രാജ്യത്തെ ആദ്യ ഒപി ക്ലിനിക് എന്ന മേൽവിലാസത്തോടെയാണു പദ്ധതി നടപ്പാക്കിയത്. സംസ്ഥാന ആരോഗ്യ വകുപ്പിനാണു ക്ലിനിക്കുകളുടെ ചുമതല.

വേണം, ദേശീയ നയം

ലഹരിമരുന്നിന്റെ ഉപയോഗം, വിതരണം എന്നിവ തടയാൻ കർശന വ്യവസ്ഥകളടങ്ങിയ ദേശീയ നയം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അമരീന്ദർ സിങ് കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്. യുവാക്കൾക്കിടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ഗുരുതര പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് അമരീന്ദർ കേന്ദ്രത്തിന്റെ ഇടപെടൽ തേടിയിരിക്കുന്നത്. പഞ്ചാബിലെ ലഹരിവിരുദ്ധ ഒപി ക്ലിനിക്കുകൾ രാജ്യത്തുടനീളം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ലഹരിമാഫിയയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാനായി നിയമത്തിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കേരളവും കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. 

പഞ്ചാബ് നടപ്പാക്കിയ മറ്റു പ്രധാന പദ്ധതികൾ; ലഹരിക്കെതിരെ സമൂഹം

ലഹരിമരുന്നു വിതരണം തടയാൻ പ്രാദേശിക തലത്തിൽ പൊതുജനങ്ങളെ രംഗത്തിറക്കി. ‘ഡ്രഗ് അബ്യൂസ് പ്രിവൻഷൻ ഓഫിസേഴ്സ്’ എന്ന പേരിൽ ലഹരിക്കെതിരെ പൊതുജനങ്ങളെ അണിനിരത്തുന്ന പദ്ധതിക്കു വൻ സ്വീകാര്യത ലഭിച്ചു. ലഹരി റാക്കറ്റിന്റെ പ്രവർത്തനം, ലഹരിവിതരണം എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങൾ പദ്ധതിയിൽ അംഗങ്ങളായ പ്രദേശവാസികൾ പൊലീസിനു നൽകുന്നു. ലഹരിക്കടിമകളായവർ യഥാസമയം ചികിത്സ തേടുന്നുവെന്ന് ഉറപ്പാക്കേണ്ടതും ഇവരുടെ ചുമതലയാണ്.

ബഡ്ഡി

ആറാം ക്ലാസ് മുതൽ കോളജ് തലം വരെയുള്ള വിദ്യാർഥികൾക്കിടയിൽ ലഹരിക്കെതിരെ നടത്തുന്ന ബോധവൽക്കരണ പരിപാടി. ബഡ്ഡി എന്ന വാക്കിനർഥം  സുഹൃത്ത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവർ പതിവായി സ്കൂളുകൾ സന്ദർശിച്ചു പരിപാടിക്കു നേതൃത്വം നൽകുന്നു. ലഹരിവിരുദ്ധ ബോധവൽക്കരണം സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതും പരിഗണനയിലുണ്ട്.

English Summary: Punjab model in anti drug mafia operation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA