ADVERTISEMENT

ആ നാട്ടിൽ വിശുദ്ധനായ ഒരാളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സത്കർമങ്ങളിൽ സംപ്രീതരായ മാലാഖമാർ ചോദിച്ചു, എന്തു വരമാണു വേണ്ടത്; അദ്ഭുതങ്ങൾ ചെയ്യണോ? അദ്ദേഹം പറഞ്ഞു, അതൊക്കെ ദൈവം ചെയ്തുകൊള്ളും. എങ്കിൽ ആളുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടാനുള്ള വരം നൽകട്ടെ? അദ്ദേഹം അതും നിഷേധിച്ച് പറഞ്ഞു – എന്നെ ആരാധിക്കാൻ തുടങ്ങിയാൽ അവർ ദൈവത്തെ മറന്നു തുടങ്ങും.

അവസാനം മാലാഖമാരുടെ നിർബന്ധത്തിനു വഴങ്ങി അയാൾ ഒരു വരം ചോദിച്ചു – ഞാനറിയാതെ എനിക്കു കുറെ നന്മകൾ ചെയ്യണം. അവർ അയാളുടെ നിഴലിന് അദ്ഭുതശക്തി നൽകി. അയാളുടെ നിഴൽ വീഴുന്നിടത്തെല്ലാം പൂക്കൾ വിരിയും; ഉറവ രൂപപ്പെടും; സന്തോഷമുണ്ടാകും. അയാൾ യാത്ര തുടർന്നുകൊണ്ടേയിരുന്നു. ഇപ്പോൾ ആളുകൾ അയാളെ വിളിക്കുന്നത് ‘വിശുദ്ധ നിഴൽ’ എന്നാണ്.

സൽപേര് സമ്പാദിക്കാനും പ്രശസ്തരാകാനുമുള്ള എളുപ്പമാർഗം സാമൂഹികസേവനമാണെന്നു  തെറ്റിദ്ധരിപ്പിക്കുന്നവരുണ്ട്. ആരുമറിയാതെ തുടങ്ങുന്ന പ്രവൃത്തികൾ ആരൊക്കെയോ പ്രചരിപ്പിച്ചു തുടങ്ങും. ആദരവും അംഗീകാരവും വന്നുതുടങ്ങും. ചെയ്ത കർമങ്ങളുടെ പ്രസക്തിയെക്കാൾ അവ ചെയ്യുന്ന ആളിന്റെ പ്രസക്തി വർധിച്ചു വരും. ആ പേരും പെരുമയും സൃഷ്ടിക്കുന്ന മാസ്മരിക വലയത്തിൽനിന്ന് അവർ വിചാരിച്ചാൽപോലും രക്ഷപ്പെടാൻ പറ്റാതാകും. ജനപ്രീതിയുടെ വൈകാരികാനുഭൂതിക്കു വിധേയപ്പെടാതിരിക്കുന്നവരെയാണു വിശുദ്ധരെന്നു വിളിക്കേണ്ടത്.

നിഴലാകുക എളുപ്പമല്ല. നിഴൽ നിശ്ശബ്ദമാണ്. ആത്മസ്തുതിയോ അഹംബോധമോ നിഴലിന്റെ സംസ്കാരമല്ല. സ്വന്തമെന്നു പറയാമെങ്കിലും സ്വന്തമാക്കാനാകാത്തതാണ് നിഴൽ. ചുറ്റുമുള്ള വെളിച്ചത്തെയും പ്രതിബന്ധങ്ങളെയും ആശ്രയിച്ച് തനതുരൂപം സ്വീകരിക്കാൻ മാത്രമാണു നിഴലിന്റെ വിധി. പക്ഷേ, നിഴലായി സഞ്ചരിക്കുന്നവർ പിന്നീട് വെളിച്ചമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com