ADVERTISEMENT

രാജ്യത്തെ ഏറ്റവും ധൈര്യശാലിയെ കണ്ടെത്താനുള്ള മത്സരത്തിന്റെ അവസാന റൗണ്ടിലെത്തിയതു മൂന്നു പേരാണ്. ഇരുട്ടറയിൽ കയറി അവിടെ ഒളിപ്പിച്ചിട്ടുള്ള സ്വർണനാണയങ്ങൾ കരസ്ഥമാക്കുക എന്നതാണു മത്സരം. 

ആദ്യത്തെയാൾ ആദ്യ ചുവടു വച്ചപ്പോൾത്തന്നെ ശക്തമായ കാറ്റുവീശാൻ തുടങ്ങി. ഭയന്നുവിറച്ചു മുന്നോട്ടു നീങ്ങുന്നതിനിടെ മിന്നലുമെത്തി. അയാൾ പേടിച്ചു താഴെവീണു. ഇതു കണ്ടു ഞെട്ടിയ രണ്ടാമൻ പതുക്കെ മുന്നോട്ടു നീങ്ങി. കൊടുങ്കാറ്റും മിന്നലും വീണ്ടുമെത്തി. കുറച്ചു ചുവടുകൾകൂടി വച്ച് അയാളും വീണു. 

മൂന്നാമൻ ആദ്യ ചുവടു വച്ചപ്പോൾത്തന്നെ സ്വയം പറഞ്ഞു – നിലവിൽ ഞാൻ സുരക്ഷിതനാണ്, ഇനിയും അതിജീവിക്കും. കനത്ത മഴയും കാറ്റും മിന്നലും തുടങ്ങി. അയാൾ അതേ കാര്യം സ്വയം പറഞ്ഞുകൊണ്ടിരുന്നു. മുൻപു പോയവർ വീണുകിടന്ന സ്ഥലത്തും അയാൾ പതറിയില്ല. എല്ലാവരെയും അദ്ഭുതപ്പെടുത്തി നാണയങ്ങളുമെടുത്തു തിരിച്ചെത്തിയപ്പോൾ കാറ്റും മഴയും നിലച്ചു. രാജാവു ചോദിച്ചു – ഇപ്പോൾ എന്തു തോന്നുന്നു? അയാൾ പറഞ്ഞു:  നിലവിൽ ഞാൻ സുരക്ഷിതനാണ്. ഇനിയും അതിജീവിക്കും! 

ഭയത്തിൽ തുടങ്ങുന്നതെല്ലാം പാതിവഴിയിലും നിശ്ചയദാർഢ്യത്തിൽ തുടങ്ങുന്നതെല്ലാം ലക്ഷ്യം കണ്ടും അവസാനിക്കും. ആഗ്രഹങ്ങളുടെയും മത്സരക്ഷമതയുടെയും നിശ്ശബ്ദ കൊലയാളിയാണു ഭയം. പതിയിരിക്കുന്ന അപകടത്തിന്റെ വലുപ്പമല്ല, ഓരോ അപായത്തെയും മറികടക്കാനുള്ള മുന്നൊരുക്കവും മനോധൈര്യവുമാണ് ലക്ഷ്യം പൂർത്തീകരിക്കുന്നത്. 

മുൻപേ പോയവർ പൂർത്തിയാക്കിയില്ല എന്നതിന്റെ അർഥം, മറ്റാർക്കും പൂർത്തീകരിക്കാനാകില്ല എന്നല്ല. ആർക്കും കഴിയില്ല എന്നു കരുതിയിരുന്നവ ആരെങ്കിലുമൊക്കെ വെട്ടിപ്പിടിച്ചിട്ടുണ്ട്. തളർന്നുകിടക്കുമ്പോഴും ഒരടി കൂടി മുന്നോട്ടു വയ്ക്കാനുള്ള കരുത്ത് അവശേഷിപ്പിക്കണം. തോൽക്കാൻ തയാറാകാത്തവനെ തോൽപിക്കാനുള്ള ധൈര്യം ആർക്കുണ്ടാകും? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com