നയംമാറ്റം അനിവാര്യം

budget-2020
SHARE

പുതിയ പ്രതിഭാസങ്ങൾ പഠിക്കാൻ പുതിയ രീതികൾ വേണം. രാജ്യാന്തര നാണയ നിധിയുടെ ചീഫ് ഇക്കോണമിസ്റ്റ് ഗീതാ ഗോപിനാഥും മറ്റും  2016ലെ നോട്ട് നിരോധനത്തിന്റെ ഫലം പഠിക്കാൻ ഉപയോഗിച്ച മാർഗങ്ങളിലൊന്ന്  രാത്രിയിലെ വെളിച്ചമാണ്. ലൈറ്റുകൾ നേരത്തെ അണയുന്നെങ്കിൽ കടകൾ നേരത്തെ അടയ്ക്കുന്നുവെന്നർഥം. കാരണം, കച്ചവടം കുറയുന്നു, സാമ്പത്തിക ഇടപാടുകൾ ചുരുങ്ങുന്നു. നോട്ട് നിരോധനം സാമ്പത്തിക വളർച്ചയെ ബാധിച്ചെന്നു ഗവേഷകർ വിലയിരുത്തി.

വസ്ത്ര കച്ചവടത്തിലുൾപ്പെടെ മുൻപന്തിയിലുള്ള ലക്നൗ പോലുള്ള സ്ഥലങ്ങളിൽ, രാത്രി 10 മണിവരെയും അതിനപ്പുറവും നീണ്ടിരുന്ന കച്ചവടം ഇപ്പോൾ പഴങ്കഥയാണ്. 7 മണിക്കേ പലരും കടപൂട്ടുന്നു. ചെറുകിട, നാമമാത്ര കർഷകരും ചെറുകിട, ഇടത്തരം ഉൽപാദകരും സംരംഭകരും പ്രതിസന്ധിയിലാണ്. ഇവരുടെ പണവഴികളിലേക്ക് വീണ്ടും വെളിച്ചം കൊണ്ടുവരാനുള്ള നടപടികൾ ബജറ്റിൽനിന്നുള്ള പ്രതീക്ഷയാണ്. 

കാർഷിക മേഖല

സാമ്പത്തിക മുരടിപ്പിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടത് കാർഷിക മേഖലയിലാണ്. അവിടെത്തന്നെ തിരിച്ചുവരവിന്റെ ആദ്യ നടപടികളും വേണമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. നയപരമായ അവ്യക്തതകൾ മാറണം. ബാങ്ക് വായ്പകൾ സുഗമമാകണം. 2015–16 ലെ കാർഷിക സെൻസസനുസരിച്ച് 12.56 കോടിയാണ് ഇടത്തരം, നാമമാത്ര കർഷകർ. അതിൽ, 41 ശതമാനത്തിനു മാത്രമേ ബാങ്ക് വായ്പ ലഭിക്കുന്നുള്ളൂവെന്നാണ് റിസർവ് ബാങ്ക് റിപ്പോർട്ട്. നൽകുന്ന വായ്പയിൽ നല്ലൊരു പങ്ക് കിട്ടാക്കടമായി മാറുന്നുവെന്ന പ്രശ്നവുമുണ്ട്.

പ്രതിവർഷം 6000 രൂപയെന്ന പിഎം–കിസാൻ പദ്ധതിയുടെ ആനുകൂല്യം 14.5 കോടി കർഷകർക്കെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, കഴിഞ്ഞ നവംബർ 30വരെ 7.6 കോടി പേർക്കു മാത്രമേ പണം ലഭിച്ചുള്ളൂവെന്ന് സർക്കാർ പാർലമെന്റിൽ ഉത്തരം നൽകി. പദ്ധതി ഊർജിതമാക്കാനുള്ള നടപടികൾ ബജറ്റിൽ പ്രതീക്ഷിക്കുന്ന പ്രഖ്യാപനങ്ങളിലൊന്നാണ്. കാർഷിക നയത്തിൽ മാത്രമല്ല, രാഷ്ട്രീയ സമീപനത്തിലും മാറ്റം വരാതെ പറ്റില്ലെന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കന്നുകാലി വളർത്തുകാർ പറയുന്നത് ഗോസംരക്ഷർ ഉണ്ടാക്കുന്ന ഭീഷണി ഉദ്ദേശിച്ചാണ്. കറവ വറ്റിയ പശുക്കളെയും എരുമകളെയും വിൽക്കാനാവുന്നില്ല. അവയെ വിൽക്കാതെ എങ്ങനെ പുതിയതിനെ വാങ്ങും? കന്നുകാലി വിൽപനയിലെ പ്രശ്നങ്ങൾ തുകൽ, ഇറച്ചി വ്യാപാര മേഖലകളെയും ബാധിച്ചിട്ടുണ്ട്. കുറഞ്ഞത് 23,000 കോടിയുടെ പ്രതിവർഷ നഷ്ടമാണ് ഇതിന്റെ ഫലം.

രാജ്യത്തെയൊന്നാകെ ഒരു വിപണിയായി കണക്കാക്കുക, കർഷകർക്ക് എവിടെയും ആർക്കും ഉൽപന്നങ്ങൾ വിൽക്കാൻ സാധിക്കുക, വാങ്ങുന്നവർക്ക് ശേഖരിച്ചുവയ്ക്കാവുന്നതിന്റെ തോതിനു നിയന്ത്രണം ഒഴിവാക്കുക, തീർത്തും ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ മാത്രം വിപണിയിൽ സർക്കാർ ഇടപെടുക, താങ്ങുവില ഗണത്തിൽ പെടാത്ത ഉൽപന്നങ്ങൾക്കും വില സ്ഥിരതാ ഫണ്ട് ഏർപ്പെടുത്തുക, വിള ഇൻഷുറൻസ് വിഹിതം വർധിപ്പിക്കുക, ഭക്ഷ്യസംസ്കരണ മേഖലയ്ക്ക് ഉത്തേജനം തുടങ്ങിയ ആവശ്യങ്ങളാണ് കർഷകപക്ഷത്തുനിന്ന് ധനമന്ത്രിക്കു മുന്നിലുള്ളത്. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ദിവസവും ഒരു ഗ്ലാസ് പാൽ കൂടി ഉൾപ്പെടുത്തിയാൽ പാലുൽപാദന മേഖലയ്ക്കും കരുത്തുണ്ടാകുമെന്ന നിർദേശവുമുണ്ട്. 

തൊഴിലുറപ്പ്

മികച്ച ഫലം നൽകുന്ന പദ്ധതികളെയും മുൻഗാമികളുടേതെന്ന േപരിൽ അവഗണിക്കുന്ന രാഷ്ട്രീയ രീതിയുടെ തെളിവാണ് തൊഴിലുറപ്പു പദ്ധതി. ഈ വർഷം വകയിരുത്തത് കഴിഞ്ഞ വർഷം ചെലവായതിനേക്കാൾ കുറച്ചു പണം. അതിൽത്തന്നെ 96 ശതമാനവും ചെലവായിക്കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും ഒക്ടോബർ മുതൽ തൊഴിലാളികൾക്കു പണം ലഭിച്ചിട്ടുമില്ല. വർഷത്തിൽ ശരാശരി 45 ദിവസമാണ് ഇപ്പോൾ തൊഴിലുറപ്പിലൂടെ ലഭിക്കുന്നത്. വിഹിതം കൂട്ടണമെന്നും പണം വൈകാതിരിക്കാൻ സംവിധാനം വേണമെന്നുമാണ് ഈ മേഖലയിലെ ആക്ടിവിസ്റ്റുകൾ ധനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ചെറുകിട, ഇടത്തരം സംരംഭങ്ങൾ

ബാങ്കുകളുടെ വായ്പാ വിതരണത്തിൽ 58 വർഷത്തിലേക്കും കുറവു രേഖപ്പെടുത്തിയ മാസങ്ങളാണ് കടന്നുപോകുന്നത്. കഴിഞ്ഞ വർഷം 13.3 ശതമാനമായിരുന്നു വായ്പാ വിതരണത്തിലെ വളർച്ച; ഇപ്പോഴത് 6.5% – 7% മാത്രമായിരിക്കുന്നു. ഇതിന്റെയും നോട്ട് നിരോധനത്തിന്റെയും ഇറക്കുമതി നയത്തിലെ വൈകല്യങ്ങളുടെയും ആഘാതം കാര്യമായി ഏറ്റിരിക്കുന്ന മേഖലയാണ് എംഎസ്എംഇ. ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇവർക്കുണ്ട്.  ഇ–കൊമേഴ്സുകാരുണ്ടാക്കുന്ന വെല്ലുവിളി വേറെ. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കരകൗശല വസ്തുക്കൾ ഉൾപ്പെടെ 50 ഉൽപന്നങ്ങൾക്കെങ്കിലും ഇറക്കുമതി ചുങ്കം വർധിപ്പിച്ച് എംഎസ്എഇ മേഖലയെ സഹായിക്കാൻ ബജറ്റിൽ പ്രഖ്യാപനമുണ്ടാവാം. 

ഓട്ടമൊബീൽ

1900കളുടെ അവസാനത്തിൽ തുടങ്ങി 2000ത്തിന്റെ ആദ്യ ദശകത്തിൽവരെ സാമ്പത്തിക വളർച്ചയിൽ വലിയ പങ്ക് ഐടി മേഖലയുടേതെന്നാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറയുന്നത്. ടെലികോം വിപ്ലവവും അടിസ്ഥാന സൗകര്യ വികസനവും കൂടുതൽ തൊഴിൽ സൃഷ്ടിച്ചു. തുടർന്നിങ്ങോട്ട്, ആഗോള വളർച്ചയുടെ പങ്കുപറ്റി ഓട്ടമൊബീൽ മേഖലയാണ് വളർച്ചയുടെ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത്. എന്നാലിപ്പോൾ, മുരടിപ്പ് ഈ മേഖലയെയും റിവേഴ്സ് ഗിയറിലാക്കി. പുതിയ വാഹനം വാങ്ങാൻ ആളുകളുടെ കൈയിൽ പണമില്ലെന്നതിനൊപ്പം, ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കാനും ബിഎസ്–6 വ്യവസ്ഥകൾ ഉടനെ നടപ്പാക്കാനും സർക്കാർ താൽപര്യപ്പെട്ടതും പ്രശ്നമായി. മാരുതി, ബജാജ് ഓട്ടോ തുടങ്ങി ഏതാനും നിർമാതാക്കൾ മാത്രം വിൽപനവളർച്ച പറയുന്നു. നികുതിയിളവുകൾ, വാഹന റജിസ്ട്രേഷൻ ഫീസ് കുറയ്ക്കൽ, പഴയ വാഹനങ്ങൾ പൊളിച്ചു വിൽക്കുന്നവർക്ക് മികച്ച ആനുകൂല്യമുള്ള നയം തുടങ്ങിയവയാണ് ഈ മേഖലയിൽനിന്ന് ഉന്നയിക്കുന്നത്. 

മാന്ദ്യം ഉയർത്തുന്ന ആശങ്കകൾ

ആർ.നാഗരാജ് (പ്രഫസർ, ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസർച്ച്, മുംബൈ)

Nagaraj

കഴിഞ്ഞ 10 വർഷത്തിൽ വളർച്ചയിലുണ്ടായ കുറവ് വലിയ തോതിൽ തൊഴിൽ നഷ്ടത്തിനും തൊഴിലില്ലായ്മ നിരക്ക് വർധിക്കാനും (പ്രത്യേകിച്ചും ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും) ഗ്രാമീണ മേഖലയിൽ കൂലി വർധന സ്തംഭിക്കാനും കാരണമായി. ഗ്രാമീണ ഇന്ത്യയിൽ ആളോഹരി വ്യക്തിഗത ഉപഭോഗം കുറഞ്ഞത് പട്ടിണി വർധിപ്പിച്ചു.  2011–12നും 2017–18നുമിടെ 3 കോടി പേർകൂടി പട്ടിണിക്കാരായി. കഴിഞ്ഞ 45 വർഷത്തിൽ സാമൂഹിക ക്ഷേമകാര്യത്തിൽ ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധിയും ഞെരുക്കവും ഉണ്ടായിട്ടില്ല. 

മുരടിപ്പ്  താൽക്കാലികം?

വളർച്ച 2018 ജനുവരി – മാർച്ച് പാദത്തിൽ 8.1% ആയിരുന്നത് 2019 ഏപ്രിൽ – ജൂണിൽ 4.5 ശതമാനമായി. അതുകൊണ്ടാണ് പ്രശ്നം താൽക്കാലികം അഥവാ ചാക്രികമെന്നും, സർക്കാർ നടപടികളിലൂടെ പരിഹാരം സാധ്യമെന്നുമുള്ള ഒൗദ്യോഗിക വാദം. 2012–13 മുതലുള്ള ശരാശരി വളർച്ച 7 ശതമാനമെന്നാണ് ഒൗദ്യോഗിക കണക്ക്. ഈ കണക്കുകൾ പെരുപ്പിച്ചതെന്നാണ് പരക്കെയുള്ള വിശ്വാസം. 2011–12നെ അടിസ്ഥാന വർഷമായി നിശ്ചയിച്ച് 2015ൽ അവതരിപ്പിച്ചതിലെ പിഴവും മറ്റുമാണു കാരണം. കാറിന്റെ സ്പീഡോമീറ്റർ തകരാറിലാകുന്നതുപോലുള്ള സ്ഥിതി. എന്റെ നോട്ടത്തിൽ, 2010ന്റെ ദശകത്തിലെ പല വർഷങ്ങളിലും ശതമാനക്കണക്കിൽ വളർച്ച ഒൗദ്യോഗിക കണക്കുകളെക്കാൾ 1.5 മുതൽ 2.5 വരെ കുറവാണ്. 

ഡിമാൻഡും ഉപഭോഗവും വർധിപ്പിക്കാൻ

ഡിമാൻഡ്, പ്രത്യേകിച്ചും മുതൽമുടക്ക് ഇല്ലാതായി എന്നതാണു കടന്നുപോകുന്ന ദശകത്തിൽ വളർച്ച കുറഞ്ഞതിന്റെ പ്രധാന കാരണം. മുതൽമുടക്കും ജിഡിപിയും തമ്മിലുള്ള അനുപാതം 2008ൽ 38% വരെ എത്തി. 10 വർഷം കഴിഞ്ഞപ്പോൾ അതു കുത്തനെ ഇടിഞ്ഞ് 29 ശതമാനമായി. സ്വതന്ത്ര ഇന്ത്യയിൽ മുതൽമുടക്ക് ഇത്ര വലിയ തോതിലും ദീർഘകാലവും ഇടിയുന്നത് ഇതാദ്യം. വളർച്ച മുരടിപ്പിന്റെ കാതലും  വെല്ലുവിളിയും ഇതുതന്നെ. ഉപഭോഗം കുറഞ്ഞുവെന്നതും പ്രശ്നംതന്നെ. പ്രധാനമായും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ – മുതൽമുടക്കു കുറഞ്ഞപ്പോൾ തൊഴിലും കുറഞ്ഞു. മുൻ ദശകത്തിൽ വലിയ തോതിൽ തൊഴിലവസരം സൃഷ്ടിച്ച നിർമാണ മേഖല പിന്നീടിങ്ങോട്ട് മോശം സ്ഥിതിയിലായി. 

പ്രതിസന്ധി ആഴമേറിയത്

സുധ നാരായണൻ (അസോഷ്യേറ്റ് പ്രഫസർ, ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസർച്ച്, മുംബൈ)

Sudha-Narayan

പ്രതിസന്ധിയുടെ വലുപ്പം

കാർഷിക മേഖല പ്രതിസന്ധിയിലാണോയെന്ന വിലയിരുത്തൽതന്നെ വെല്ലുവിളിയാണ്. കാരണം, എന്തൊക്കെ, എങ്ങനെ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നു വ്യക്തമല്ല. കർഷക ആത്മഹത്യകൾ വർധിക്കുന്നത് പ്രതിസന്ധി അതിരൂക്ഷമെന്നു വ്യക്തമാക്കുന്നു. ചെറുകിട കർഷകർ, മറ്റു കൃഷിയിടങ്ങളിലും പണിയെടുക്കാറുണ്ട്. കർഷക കുടുംബങ്ങളിലെ വരുമാനത്തിന്റെ 32%, കൃഷിപ്പണിയുടെയും അല്ലാത്തതുമായ വേതനത്തിൽനിന്നാണ്. 

കാരണങ്ങൾ

നോട്ട് നിരോധനം വിലത്തകർച്ചയുണ്ടാക്കിയത് കാർഷിക മേഖലയ്ക്ക് ആനുപാതികമല്ലാത്ത ആഘാതമായി. നോട്ട് നിരോധനം നടപ്പാക്കി 7 മാസം കഴിഞ്ഞും തിരിച്ചുവരവ് സാധ്യമായില്ലെന്നും, ചന്തകളിലെ ദൈനംദിന വ്യാപാരത്തിൽ 10%വരെ കുറവുണ്ടായെന്നുമാണ് പഠനങ്ങളുടെ ഫലം. നോട്ട് നിരോധനം കാരണം, കൈവായ്പകളുടെ തോതും കൂടി. ജിഎസ്ടി നടപ്പാക്കിയതും കാലം തെറ്റിയ മഴയും വെള്ളപ്പൊക്കവും കൂടി ചേർന്ന് കർഷകരെ ദുരിതത്തിലാക്കി.

പിഎം–കിസാൻ പദ്ധതി

ഗ്രാമീണ വരുമാനം കൂടാൻ ഈ പദ്ധതി സഹായിച്ചെന്നതിൽ സംശയമില്ല. പക്ഷേ, ഇതിനു കർഷകരുടെ പ്രശ്നങ്ങളുടെ മൂലകാരണങ്ങൾ പരിഹരിക്കാൻ ശേഷിയില്ല. ആനുകൂല്യം ലഭിക്കുന്നവരിലേറെയും ഭൂമിയുള്ള കർഷകരാണ്. എന്നാൽ, രാജ്യത്തെ കൃഷിക്കാരിലേറെയും ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നവരാണ്. അവർക്ക് പദ്ധതിയുടെ ആനുകൂല്യമില്ല. ആകെ 26% പേർക്കു മാത്രമേ കഴിഞ്ഞ വർഷത്തെ മുഴുവൻ തികയും കിട്ടിയുള്ളുവെന്നും റിപ്പോർട്ടുകളുണ്ട്. 

കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ

ഈ വാഗ്ദാനം കുഴപ്പംപിടിച്ചതായിരുന്നു. അപ്പോഴും, കർഷകരുടെ വരുമാനത്തിന്റെ സ്ഥിതിയിലേക്കും, കാർഷിക മേഖലയ്ക്കു പകരം, കർഷകരിലേക്കും ശ്രദ്ധ കൊണ്ടുവരാൻ ഇതു വലിയ സഹായമായെന്നു കരുതണം. എന്നാൽ, വരുമാനം ഇരട്ടിയാക്കൽ എളുപ്പമല്ല. കാരണം, ഇതു രാഷ്ട്രീയമായിത്തന്നെ വെല്ലുവിളിയാണ്, വ്യാപാരവുമായി ബന്ധപ്പെട്ടുൾപ്പെടെ കാർഷിക മേഖലയിലെ ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്ഥിരമായി നടപടികൾ വേണം.

ബജറ്റിൽ പ്രതീക്ഷിക്കുന്നത്?

വലിയ പ്രതീക്ഷകളില്ല. താൽക്കാലിക ആശ്വാസത്തിനുള്ളതും ദീർഘകാലം കാർഷിക മേഖലയ്ക്കു താങ്ങാവുന്നതുമായ നടപടികളുടെ സന്തുലനം വേണം. സാമൂഹിക സുരക്ഷാ പദ്ധതികളിലൂടെ ഗ്രാമീണ മേഖലയിലെ മുരടിപ്പ് പരിഹരിക്കാനാവണം. വിപണികളുടെ നിലവാരമുയർത്തുക, കർഷക ഉൽപാദക  സംഘടനകളെ പ്രോൽസാഹിപ്പിക്കുക, ഭൂമിയിലും ജല സംരക്ഷണത്തിലും മുതൽമുടക്ക് വർധിപ്പിക്കുക, ഫലപ്രദമായ ഗവേഷണത്തിന് കൂടുതൽ പണം നൽകുക തുടങ്ങിയവയാണ് ദീർഘകാലത്തേക്കുള്ള നടപടികളായി വേണ്ടത്. 

ഇത് കടുത്ത പരീക്ഷണം

ഡോ.ബിശ്വജിത് ധർ (പ്രഫസർ, സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ്, ജവഹർലാൽ നെഹ്റു സർവകലാശാല)

Biswajit-Dhar

സമ്പദ്‌വ്യവസ്ഥ മൊത്തത്തിൽ അനുഭവിക്കുന്ന മുരടിപ്പ് മോദി സർക്കാർ ഇതുവരെ നേരിട്ടുള്ളതിലെ ഏറ്റവും കടുത്ത പരീക്ഷണമാണ്. വിരിപ്പുകൃഷിയിൽ (ഖരീഫ്) 5% കുറവാണ് പ്രതീക്ഷിക്കുന്നത്. കാർഷിക മേഖലയിലെ ഈ വെല്ലുവിളികൊണ്ടുതന്നെ വളർച്ചാസ്ഥിതി ഉടനടി മെച്ചപ്പെടില്ലെന്നു കരുതണം. ഉൽപാദന മേഖല കഴിഞ്ഞ കുറെ നാളായി പ്രശ്നങ്ങൾ നേരിടുന്നു, വൻകിട വ്യവസായങ്ങളുടെ വളർച്ചയിലും 2019–20ൽ മുൻവർഷത്തേക്കാൾ കുറവുണ്ട്. കയറ്റുമതിയിലും 2% കുറവാണുള്ളത്. ഈ സ്ഥിതിയിൽ, തൊഴിലില്ലായ്മ വർധിക്കുന്നതിൽ അത്ഭുതമില്ല. സർക്കാരിന്റെ കണക്കനുസരിച്ച് 2017–18ൽ തൊഴിലില്ലായ്മ 6.1 ശതമാനമായിരുന്നു.

കഴിഞ്ഞ കുറെ ദശകങ്ങളിലെ ഏറ്റവും ഉയർന്ന നിരക്ക്. ഇപ്പോഴിത് 8 ശതമാനത്തോട് അടുക്കുന്നുവെന്നാണു പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. സർക്കാരിന്റെ ഊർജിതമായ ഇടപെടലിലൂടെയല്ലാതെ സ്ഥിതിക്കു മാറ്റമുണ്ടാവില്ല. 

(നാളെ: ബജറ്റ് എന്ന സാമ്പത്തിക – രാഷ്ട്രീയ രേഖ)

English Summary: Union Budget 2020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA