ADVERTISEMENT

ലോകമാകെ ചർച്ചാവിഷയമായിക്കഴിഞ്ഞ കൊറോണ വൈറസ് ബാധ കേരളത്തെയും അസ്വസ്ഥമാക്കുന്നു. ഈ രോഗത്തെക്കുറിച്ചു ജാഗ്രത പാലിക്കുന്നതിനോടൊപ്പം, രോഗം ആദ്യം കണ്ടെത്തിയ ചൈനയിലെ വുഹാൻ നഗരത്തിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക എന്ന ദൗത്യവും ഇപ്പോൾ നമുക്കു മുന്നിലുണ്ട്.

കൊറോണ വൈറസ് മൂലമുള്ള രോഗം ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 130 കവിഞ്ഞുവെന്നതും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറായിരത്തോളമായി എന്നതും ലോകത്തിന്റെ ഉറക്കം കെടുത്തുന്നു. 18 രാജ്യങ്ങളിലാണ് ഇതിനകം കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ തായ്‌ലൻഡ് സ്വദേശിനി മരിച്ചത് കൊറോണ വൈറസ് ബാധിച്ചാണോ എന്നു സംശയിക്കുന്നുണ്ട്. ഒരിന്ത്യക്കാരനും ഇതുവരെ കൊറോണ ബാധിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കുന്നു. കേരളത്തിൽ എണ്ണൂറിലേറെപ്പേർ നിരീക്ഷണത്തിലാണെങ്കിലും ആരിലും രോഗം സ്ഥിരീകരിക്കാത്തത് വലിയ ആശ്വാസം തരുന്നുമുണ്ട്.

രോഗബാധിതമേഖലയിൽനിന്നു സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണു പല രാജ്യങ്ങളും. മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാൽ പുതിയ വൈറസിനെതിരെ ലോകമെങ്ങുമുള്ള ആശുപത്രികൾ ജാഗ്രത പുലർത്തണമെന്നു പറഞ്ഞ ലോകാരോഗ്യ സംഘടന, ആവശ്യമായ മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, ഈ രോഗത്തിന്റെ സങ്കീർണത ആരോഗ്യവിദഗ്ധർക്കു വെല്ലുവിളി ഉയർത്തിയിരിക്കുകയുമാണ്.

വുഹാനിലെ കാര്യങ്ങൾ ഇപ്പോൾ നിയന്ത്രണവിധേയമാണെങ്കിലും മടക്കയാത്ര സംബന്ധിച്ച ആശങ്ക തങ്ങളെ അലട്ടുന്നുവെന്ന് അവിടെ കുടുങ്ങിയ മലയാളി വിദ്യാർഥികൾ ആശങ്കപ്പെടുന്നതു കേരള സർക്കാർ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ച വുഹാനിൽ ദിവസങ്ങളായി കഴിയുന്ന ഇവരുടെ ആരോഗ്യപരിശോധനയുടെ കാര്യത്തിൽ ഇനിയും വ്യക്തത വരാത്തതിലും ആശങ്കയുണ്ട്. പനിയുണ്ടോ എന്നതു പോലുള്ള പ്രാഥമിക പരിശോധനകൾ മാത്രമാണ് ഇപ്പോഴും നടക്കുന്നത്.

വുഹാനിലെ ഹ്യുബെ മെഡിസിൻ യൂണിവേഴ്സിറ്റി ക്യാംപസിനുള്ളിൽ കുടുങ്ങിയ, മലയാളികളടക്കമുള്ള 32 ഇന്ത്യൻ വിദ്യാർഥികൾ സഹായം അഭ്യർഥിച്ചു വിഡിയോ സന്ദേശമയച്ചിട്ടുണ്ട്. ഒരാഴ്ചയായി ഹോസ്റ്റൽ മുറിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നും പുറത്തിറങ്ങാൻ അനുവാദമില്ലെന്നും സന്ദേശത്തിൽ പറയുന്നു. വെള്ളം തീരാറായെന്നും ഭക്ഷണം കിട്ടുന്നത് ഒരു നേരം മാത്രമാണെന്നും ക്യാംപസ് വിട്ടു പുറത്തിറങ്ങാനാകുന്നില്ലെന്നും ഇവർ പറയുമ്പോൾ ഗുരുതരാവസ്ഥ വ്യക്തം. ജോലിയുടെ ഭാഗമായി വുഹാനിൽ പോയി ഹോട്ടലിൽ കുടുങ്ങിയ മലയാളികളുമുണ്ട്.

വുഹാനിലെ മത്സ്യ– മാംസ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഒരാൾക്കാണ് ആദ്യം വൈറസ് ബാധയുണ്ടായത്. രോഗം ബാധിച്ചവർ ആ മാർക്കറ്റിലെ സന്ദർശകരായിരുന്നെന്നാണു കണ്ടെത്തൽ. അവിടെ വിൽപനയ്ക്കെത്തിച്ച മൃഗങ്ങളിൽ നിന്നാണു രോഗം പകർന്നതെന്നു കരുതുന്നു. അതെന്തായാലും, നമ്മുടെ മത്സ്യ– മാംസ വിപണനകേന്ദ്രങ്ങളും അറവുശാലകളും മറ്റും മാലിന്യമുക്തമാക്കി സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നതിൽ സംശയമില്ല.

ആശങ്കപ്പെടാതെ, ജാഗ്രതയോടെ വേണം ഈ സാഹചര്യത്തെ നേരിടാനെന്ന് ലോകത്തോടൊപ്പം കേരളവും തിരിച്ചറിയണം. സംസ്ഥാന ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ സജീവമാണെന്നത് ആശ്വാസകരമാണ്. വ്യാപാര – വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ചൈനയിലേക്കു പോകുന്ന മലയാളികൾ ഏറെയാണെന്നിരിക്കെ, സർക്കാർ സംവിധാനങ്ങൾ അങ്ങേയറ്റത്തെ ജാഗ്രതയും മുൻകരുതലും പാലിക്കേണ്ട വേളയാണിത്. വിമാനയാത്രക്കാരുടെ കാര്യത്തിൽ നിരന്തരശ്രദ്ധ ഉണ്ടാവുകയും വേണം.

വുഹാനിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുക എന്നത് രോഗബാധയ്ക്കെതിരെ ജാഗ്രത പാലിക്കുന്നതിനോടൊപ്പം തന്നെ കേരളത്തിനു പ്രധാനമാണ്. കേന്ദ്ര സർക്കാരുമായി കൈകോർത്ത് അടിയന്തരമായി ഈ ദൗത്യം യാഥാർഥ്യമാക്കേണ്ടതുണ്ട്. തിരിച്ചെത്തിച്ച ശേഷം ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കുകയും വേണം.

English Summary: Corona Virus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com