ട്രംപിന്റെ തുറുപ്പുചീട്ട്; നെതന്യാഹുവിന്റെ ‘അടവ്’: ‘ചാപിള്ള’യെന്നു തുർക്കി

Benjamin Netanyahu, Donald Trump
സമാധാന പദ്ധതി പ്രഖ്യാപന വേളയിൽ നെതന്യാഹു ട്രംപിനൊപ്പം.
SHARE

പതിറ്റാണ്ടുകളായുള്ള ഇസ്രയേൽ – പലസ്തീൻ തർക്കത്തിനു പരിഹാരമായി വൈറ്റ് ഹൗസിൽ അവതരിപ്പിച്ച മധ്യപൂർവദേശ സമാധാന പദ്ധതിയെ ‘പുതിയ പ്രഭാതം’ എന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചപ്പോൾ, ‘ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകും അതിനു സ്ഥാനം’ എന്നായിരുന്നു പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ മറുപടി.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ സാക്ഷിയാക്കി ചൊവ്വാഴ്ച നടത്തിയ പ്രഖ്യാപനം, പഴയതുപോലെ പാഴാകില്ലെന്ന പ്രതീക്ഷയാണു ട്രംപ് പങ്കിട്ടത്. എന്നാൽ, ‘എന്തിനും മടിക്കാത്ത’ ട്രംപിന്റെയും നെതന്യാഹുവിന്റെയും നീക്കങ്ങളിൽ വിശ്വാസമില്ലാത്ത പലസ്തീൻ, ഈ പുതിയ നീക്കത്തിലും ആത്മാർഥതയോ പ്രശ്നപരിഹാര സാധ്യതയോ കാണുന്നില്ല.

ജറുസലം വിടാതെ ഇസ്രയേൽ

പലസ്തീനുമായി പങ്കിടുന്ന വെറുമൊരു നഗരമായി ജറുസലമിനെ കാണാൻ ഇസ്രയേൽ ഒരുക്കമല്ല. ‘അവിഭക്ത തലസ്ഥാന’മായി ജറുസലമിനെ പ്രഖ്യാപിച്ചതിലൂടെ ട്രംപ് അടിവരയിടുന്നതും അതുതന്നെ. കിഴക്കൻ ജറുസലമിലെ ഒരു സ്ഥലം പലസ്തീനു തലസ്ഥാനമാക്കാമെന്നാണു ട്രംപിന്റെ നിർദേശം. സമാധാന പദ്ധതി പ്രകാരം ഇത് അബു ദിസ് ആയിരിക്കുമെന്നു തൊട്ടുപിന്നാലെ നെതന്യാഹു വ്യക്തമാക്കി. ജറുസലം വിട്ടുകൊടുത്ത് ഒരു ഇടപാടിനുമില്ലെന്നാണു പലസ്തീൻ സംഘടനയായ ഹമാസ് ഉൾപ്പെടെയുള്ളവരുടെ നിലപാട്.

2017 ഡിസംബർ ആറിന് ഇതുപോലൊരു വിവാദ ജറുസലം പ്രഖ്യാപനം ട്രംപ് നടത്തിയിരുന്നു. ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ചതിനൊപ്പം 6 മാസത്തിനകം ടെൽ അവീവിൽനിന്ന് യുഎസ് എംബസി ജറുസലമിലേക്കു മാറ്റാനുമായിരുന്നു ഉത്തരവ്. താൻ തിരഞ്ഞെടുക്കപ്പെട്ടാൽ എംബസി ജറുസലമിലേക്കു മാറ്റുമെന്ന തിര‍ഞ്ഞെടുപ്പു വാഗ്ദാനത്തിന്റെ നിറവേറ്റൽ കൂടിയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

നവംബറിൽ വീണ്ടുമൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ വോട്ടുപിടിക്കാനുള്ള ട്രംപിന്റെ തന്ത്രമായാണ് ഇപ്പോഴത്തെ ജറുസലം പ്രഖ്യാപനത്തെ പലരും കാണുന്നത്. അധികാര ദുർവിനിയോഗ ആരോപണത്തെത്തുർന്നുള്ള ഇംപീച്ച്മെന്റ് നടപടിയിലൂടെ നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കാനുള്ള ശ്രമമായും ഇതിനെ വിലയിരുത്തുന്നു.

ജറുസലമിലേക്കു എംബസി മാറ്റാൻ 1995ൽ യുഎസ് നിയമം പാസാക്കിയതാണ്. എന്നാൽ, അന്നു മുതലുള്ള പ്രസിഡന്റുമാരെല്ലാം (ബിൽ ക്ലിന്റൻ, ജോർജ് ഡബ്ല്യു. ബുഷ്, ബറാക് ഒബാമ) എംബസി മാറ്റം പ്രത്യേക ഉത്തരവിലൂടെ നീട്ടിവയ്ക്കുകയായിരുന്നു.

വെസ്റ്റ് ബാങ്കിലും ആധിപത്യം

വെസ്റ്റ് ബാങ്കിലെ അധിനിവേശ മേഖലകളിലും ഇസ്രയേലിന് അവകാശം നൽകുന്നതാണ് ട്രംപ് അവതരിപ്പിച്ച സമാധാന പദ്ധതി. ഗാസാ മുനമ്പിനും വെസ്റ്റ് ബാങ്കിനുമിടയിലെ വിശാല ഭൂപ്രദേശം ഇസ്രയേൽ കയ്യടക്കിവച്ചിരിക്കുന്നതിനു പരിഹാരമാകുന്നതാണു സമാധാന പദ്ധതിയെന്നു പറയുന്നെങ്കിലും ഇരുസ്ഥലങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കപാതയാണു ട്രംപിന്റെ സമാധാന പദ്ധതിക്കൊപ്പമുള്ള ഭൂപടത്തിലുള്ളത്.

അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ സ്വന്തം പൗരന്മാരെ കുടിയിരുത്താൻ ഇസ്രയേൽ നടത്തുന്ന നീക്കങ്ങൾക്കു കരുത്തു പകരാനാണിതെന്ന് ആക്ഷേപമുയരുന്നു. നിലവിൽ 4 ലക്ഷത്തോളം ഇസ്രയേലുകാരെയാണു വെസ്റ്റ് ബാങ്കിൽ പാർപ്പിച്ചിരിക്കുന്നത്; കിഴക്കൻ ജറുസലമിൽ 2 ലക്ഷത്തോളവും. രാജ്യാന്തര നിയമപ്രകാരം ഇത് അനധികൃതമാണ്. എന്നാൽ, ഇസ്രയേൽ ആ വാദം അംഗീകരിക്കുന്നില്ല.

നെതന്യാഹുവിന്റെ അടവ്

3 അഴിമതിക്കേസുകളിൽ പ്രതിയാക്കപ്പെട്ട നെതന്യാഹുവിന്റെ ‘പതിനെട്ടാമത്തെ അടവാ’യും സമാധാന പദ്ധതി വിലയിരുത്തപ്പെടുന്നു. മാർച്ചിലെ തിരഞ്ഞെടുപ്പിൽ ബെന്നി ഗാന്റ്സിന്റെ പ്രതിപക്ഷ കക്ഷിയായ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയുമായി ഇഞ്ചോടിഞ്ചു പോരാട്ടം പ്രതീക്ഷിക്കുന്ന നെതന്യാഹുവിനു ട്രംപിന്റെ ‘തുറുപ്പുചീട്ട്’ ഗുണമാകുമെന്നാണു വിലയിരുത്തൽ. 

ഒപ്പമുണ്ട്, ഒപ്പമില്ല

സമാധാന പദ്ധതി, നിലവിലെ സ്ഥിതി വഷളാക്കുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്. ഗാസാ മുനമ്പിലും വെസ്റ്റ് ബാങ്കിലും ട്രംപ് – നെതന്യാഹു വിരുദ്ധ മുദ്രാവാക്യങ്ങൾ അലയടിക്കുന്നു. സമാധാന പദ്ധതിയെ ‘ചാപിള്ള’യെന്നു പറഞ്ഞു തുർക്കി തള്ളിയപ്പോൾ ‘പരാജയപ്പെടാൻ വിധിക്കപ്പെട്ടത്’ എന്നായിരുന്നു ഇറാന്റെ പ്രതികരണം.

വൈറ്റ് ഹൗസിലെ സമാധാന പദ്ധതി പ്രഖ്യാപനച്ചടങ്ങിൽ ഒമാൻ, യുഎഇ, ബഹ്റൈ‍ൻ അംബാസഡർമാർ പങ്കെടുത്തതു മേഖലയിൽ യുഎസിനുള്ള പിന്തുണയുടെ തെളിവായി. ട്രംപിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച സൗദി അറേബ്യ, ഇസ്രയേലും പലസ്തീനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ വേണമെന്നും ആവശ്യപ്പെട്ടു. സമാധാന പദ്ധതിയെ ഖത്തർ സ്വാഗതം ചെയ്തതും ശ്രദ്ധേയമായി. ഗൾഫ് രാജ്യങ്ങളിൽ ഇറാനുമായി ഏറ്റവും അടുത്ത ബന്ധമുള്ളതാണ് ഖത്തർ.

English Summary: Israel, Palestine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA