അതിജീവന വഴികൾ

Subhadinam-image
SHARE

സാമ്പത്തികപ്രശ്‌നം മൂലം അയാൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ബാലികയായ മകളെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ആത്മഹത്യ ചെയ്യുന്നതിനുള്ള പല മാർഗങ്ങളും വിശദീകരിച്ചു. എല്ലാം കേട്ടശേഷം മകൾ ചോദിച്ചു. അച്ഛാ, മരിക്കാൻ ഇത്രയും മാർഗങ്ങൾ ഉണ്ടെങ്കിൽ ജീവിക്കാൻ ഇതിലധികം വഴികൾ ഉണ്ടാകില്ലേ..?

അതിജീവിക്കാൻ കഴിയാത്ത പ്രശ്‌നങ്ങളില്ല. പ്രശ്‌നങ്ങളുടെ കാഠിന്യത്തേക്കാൾ കാര്യക്ഷമവും ക്രിയാത്മകവുമാണ് മനുഷ്യന്റെ മനസ്സ്. ഓരോ പ്രതിസന്ധിക്കും ഒരു പ്രതിവിധിയും ഉണ്ടാകും. പ്രതിബന്ധത്തിന്റെ വലിപ്പത്തേക്കാൾ അതിനോടു പുലർത്തുന്ന സമീപനത്തിലെ അപാകതയാണ് പ്രശ്‌നങ്ങൾ അപരിഹാര്യമാക്കുന്നത്. സമയം കൊണ്ടും സമീപനം കൊണ്ടും ഏതു വൈഷമ്യങ്ങൾക്കും പരിഹാരമാകും. ഓരോ പ്രതിസന്ധിക്കും അതർഹിക്കുന്ന പ്രാധാന്യം മാത്രം നൽകിയാൽ മതി. പ്രതിക്രിയകൾ ചെയ്യാനുള്ള മാനസികാവസ്ഥ നഷ്‌ടമായാൽ പിന്നെ പ്രശ്‌നപരിഹാരം അകലെയാകും. മുറിവുകൾ വച്ചുകെട്ടാനും വീണിടത്തുനിന്ന് എഴുന്നേറ്റു നിൽക്കാനുമുള്ള സമചിത്തതയും സംയമനവുമാണ് പ്രശ്‌നങ്ങളെ ലഘൂകരിക്കുന്നതും അലിയിച്ചില്ലാതാക്കുന്നതും.

പ്രതിസന്ധികളോട് പലരീതിയിൽ പ്രതികരിക്കാം. ചിലർ ഭയപ്പെടും, ചിലർ ഒളിച്ചോടും, കുറച്ചുപേർ യുദ്ധം ചെയ്യും, വേറെ ചിലർ മറുവഴികൾ ആരായും. ഭയപ്പെടുന്ന ഒരാൾക്കും ഒരടി മുന്നോട്ടു വയ്‌ക്കാനാവില്ല. സ്വയം നിർമിത മാളങ്ങളിൽ സുരക്ഷിതത്വം കണ്ടെത്തി അതിൽ ശ്വാസംമുട്ടി മരിക്കാനാകും അവരുടെ വിധി. ജീവിതം അവസാനിപ്പിക്കുന്നതിനുള്ള മികച്ച മാർഗം കണ്ടെത്താൻ എടുക്കുന്നതിന്റെ പകുതി സമയവും സാമർഥ്യവും അതിജീവിക്കുന്നതിനുവേണ്ടി എടുത്തിരുന്നെങ്കിൽ പുതിയ വഴികളും വഴിവിളക്കുകളും രൂപപ്പെട്ടേനെ.

English Summary: Subhadhinam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA