ADVERTISEMENT

പൊതു തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന്റെ കാരണം പറഞ്ഞാണു ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ജൂലൈ 5നു ലോക്സഭയിൽ ബജറ്റ് പ്രസംഗം തുടങ്ങിയത്. ഊർജിതമായി പ്രവർത്തിക്കുന്ന സർക്കാരിനുള്ള അംഗീകാരമാണു വിജയം. രണ്ടു ലക്ഷ്യങ്ങൾ ജനം രാജ്യത്തിന്റെ ഭാവിക്കായി അടിവരയിട്ടു വ്യക്തമാക്കുന്നു: ദേശീയ സമൂഹം, സാമ്പത്തിക വളർച്ച – നിർമല പറഞ്ഞു.സാമ്പത്തിക വളർച്ച മുരടിക്കുന്നതിന്റെ വ്യക്തമായ സൂചനകളുണ്ടായിരുന്നു. അപ്പോഴും, ആത്മവിശ്വാസമാണു ബജറ്റിൽ നിറച്ചുനിർത്തിയത്. എന്നാൽ, ‘ഒട്ടുമിക്ക മേഖലകളിലും മുരടിപ്പ്’ എന്നതായിരുന്നു പിന്നീടുവന്ന തലക്കെട്ടുകൾ. നാളെ അവതരിപ്പിക്കുന്ന ബജറ്റിൽ ധനമന്ത്രി എന്തു പറയും? സെപ്റ്റംബറിൽ മന്ത്രി പ്രഖ്യാപിച്ചതും നടപ്പാകാത്തതുമായ ദുബായ് മോഡൽ ഷോപ്പിങ് ഫെസ്റ്റിവൽ പോലെയായി കഴിഞ്ഞ ബജറ്റിലെ ലക്ഷ്യങ്ങളും എന്ന ഏറ്റുപറച്ചിലുണ്ടാകുമോ? തിരുത്തലും ഉണർവിനുതകുന്ന പ്രഖ്യാപനങ്ങളും കാണുമോ? 

∙ ബജറ്റെന്ന നയരേഖ

സാമ്പത്തികവളർച്ചാ പ്രതിസന്ധി ഇന്ത്യയിൽ മാത്രമല്ല, ചൈന ഉൾപ്പെടെ പല രാജ്യങ്ങളിലുമുണ്ട്. വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയുള്ള ഇന്ത്യയെ പ്രതിസന്ധി ഇത്ര രൂക്ഷമായി ബാധിച്ചതെങ്ങനെയെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലിൽ അംഗമായിരുന്ന ഡോ. റതിൻ റോയ് ചോദിക്കുന്നു. 2008ലും ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടായി. അന്ന് അതു നേരിടാൻ രാജ്യങ്ങൾ ഒന്നിച്ചു ശ്രമിച്ചെങ്കിൽ, ഇന്ന് അത്തരമൊരു ശ്രമമില്ലെന്നാണു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറയുന്നത്; ഇത്തരമൊരു സാഹചര്യത്തിൽ രാജ്യങ്ങൾ നടപടികൾ വൈകിക്കാൻ പാടില്ലെന്നും. 

വരവുചെലവു കണക്കുകൾപ്പുറം, ബജറ്റ് രാഷ്ട്രീയ – സാമ്പത്തിക നയരേഖയാണ്. എന്നാൽ, സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്ന പല പ്രഖ്യാപനങ്ങളും ബജറ്റിനു പുറത്തുണ്ടാകുന്നുവെന്നും അതു നയപരമായ അനിശ്ചിതാവസ്ഥയ്ക്കു വഴിവയ്ക്കുന്നുവെന്നുമാണ് പുതിയ കാലത്തെ വിമർശനം. നോട്ട് നിരോധനവും ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകൾ പലതവണ പരിഷ്കരിച്ചതുമെല്ലാം ഈ വിമർശനത്തിനു കാരണങ്ങളാണ്. സാമ്പത്തിക മുരടിപ്പു നേരിടാൻ നടപടികളില്ലെന്നു വിമർശിക്കപ്പെട്ട കഴിഞ്ഞ ബജറ്റിനു ശേഷമാണ് കോർപറേറ്റ് നികുതിയിളവും റിയൽ എസ്റ്റേറ്റ്, ബാങ്കിങ്, ഓട്ടമൊബീൽ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള നടപടികളും ഉണ്ടായത്. 

∙ കണക്കിലെ കളികൾ 

കള്ളപ്പണ വേട്ട മുഖ്യലക്ഷ്യമായിരുന്ന നോട്ട് നിരോധനത്തിനു ശേഷം, നിരോധിച്ചതിൽ എത്ര നോട്ട് റിസർവ് ബാങ്കിൽ മടങ്ങിയെത്തി ? ഈ ചോദ്യത്തിനു കൃത്യമായ ഉത്തരം കിട്ടാൻ ഏറെ വൈകി. തൊഴിലില്ലായ്മ നിരക്ക്, ഉപഭോഗ നിരക്കിന്റെ കണക്ക് തുടങ്ങി പലതും മാധ്യമങ്ങൾ ചോർത്തിയെടുക്കേണ്ടി വന്നു. സാമ്പത്തികവളർച്ചയിൽ പ്രശ്നങ്ങളില്ലെന്നു വരുത്താനെന്നോണം, കണക്കുകൂട്ടൽ രീതികളിൽ മാറ്റം വരുത്തിയെന്നു വിമർശനമുണ്ടായി. സാമ്പത്തിക – സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധർ മാത്രമല്ല, ഇപ്പോൾ 15‌–ാം ധനകാര്യ കമ്മിഷനും ‘കണക്കുകൾക്കൊണ്ടുള്ള കളി’യോടു വിയോജിക്കുന്നുവെന്നാണു സൂചന.

∙ വരവും ചെലവും കൂടണം 

ഈ മാസം രണ്ടാം വാരം പ്രധാനമന്ത്രി വിളിച്ചുചേർത്ത സാമ്പത്തികവിദഗ്ധരുടെ യോഗത്തിൽ ധനമന്ത്രിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ധനമന്ത്രി വിദഗ്ധരുമായി മാത്രമല്ല, പാർട്ടിയുമായും വിശദമായ ചർച്ചകൾ നടത്തി അഭിപ്രായങ്ങൾ ശേഖരിച്ചു. അപ്പോഴും, നിർമല സീതാരാമന്റെ ബജറ്റോ രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റോ ആയിട്ടല്ല, മോദിയുടെ ആറാം വർഷത്തെ ബജറ്റായി നാളത്തെ രേഖ വിശേഷിപ്പിക്കപ്പെടുന്നു. യുപിഎയുടെ പിഴവുകൾ എടുത്തുപറഞ്ഞും പഴയ പദ്ധതികൾക്കു പുതിയ പേരിട്ടും പിടിച്ചുനിൽക്കാൻ അവസരമില്ല. 

∙ സർക്കാർ വരുമാനത്തിലെ ഇടിവു പരിഹരിക്കണം. വിപണി ഉണരാൻ ഡിമാൻഡ് വർധിക്കണം. മുതൽമുടക്കാൻ  

സ്വകാര്യ മേഖലയ്ക്ക് ആത്മവിശ്വാസമുണ്ടാകണം. പ്രതിരോധവിഹിതം കുറയ്ക്കാനാവില്ല; ദേശീയസുരക്ഷയെ അവഗണിച്ചെന്ന‌ വിമർശനമുണ്ടാവരുത്. വളർച്ചയുടെ ട്രാക്കിലേക്കു വീണ്ടുമെത്താനുള്ള നയപരിഷ്കാരങ്ങളും പദ്ധതികളും ഉണ്ടാകുമെന്നാണു പ്രതീക്ഷ. ധനസ്ഥിതി മെച്ചപ്പെടാൻ പിന്തുണച്ചാൽ മാത്രമേ അടിസ്ഥാന സൗകര്യ പദ്ധതികളുമായി (എൻഐപി) സംസ്ഥാനങ്ങളും സ്വകാര്യ നിക്ഷേപകരും സഹകരിക്കുകയുള്ളൂ എന്നതാണു സ്ഥിതി. 

∙ വിപണിയിൽ കൂടുതൽ പണമെത്തിച്ചേ പറ്റൂ എന്ന സ്ഥിതിയിൽ ‘ധനക്കമ്മി കുറയ്ക്കൽ’ ലക്ഷ്യം മാറ്റിവയ്ക്കുമെന്നാണു സൂചന. സർക്കാരിനു മുന്നിലുള്ള മാർഗങ്ങൾ: റിസർവ് ബാങ്കിനോടു വീണ്ടും പണം ചോദിക്കുക, സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) പക്കലുള്ള മിച്ച ഫണ്ട് വാങ്ങുക, പൊതുമേഖലാ സ്ഥാപനങ്ങളോടു കൂടുതൽ ലാഭവിഹിതം ആവശ്യപ്പെടുക, ടെലികോം കമ്പനികളോടു കൂടുതൽ വരുമാന വിഹിതം ചോദിക്കുക, കടപ്പത്ര പദ്ധതി വ്യാപിപ്പിക്കുക. 

∙ പൗരത്വനിയമ ചർച്ചകളിൽനിന്നു രാജ്യത്തെ വഴിമാറ്റേണ്ടതു സർക്കാരിന്റെ അടിയന്തര രാഷ്ട്രീയ അജൻഡയാണ്. അതിനാൽ, ഇടത്തരക്കാരെ സ്വാധീനിക്കുന്ന ആദായനികുതി പരിഷ്കാരങ്ങൾ, ആരോഗ്യ ഇൻഷുറൻസും പെൻഷനുമുൾപ്പെടെ ക്ഷേമ പദ്ധതികൾ മെച്ചപ്പെടുത്തൽ, വിദ്യാഭ്യാസ മേഖലയ്ക്കു കൂടുതൽ വിഹിതം, തൊഴിൽ സൃഷ്ടിക്കാൻ കെൽപുള്ള നയപരിപാടികൾ തുടങ്ങിയവയിൽ ഊന്നലുണ്ടാകുമെന്നു വിലയിരുത്തപ്പെടുന്നു. 

നിലവിലെ വളർച്ചനിരക്ക് പിന്തുണയ്ക്കാത്തപ്പോഴും, 5 ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം ആവർത്തിക്കാനാവണം. അതിനു സഹായിക്കുന്ന സാഹചര്യമൊരുക്കുകയും വളർച്ച മുരടിപ്പ് നേരിടാൻ ആത്മാർഥശ്രമമുണ്ടെന്നു തോന്നിപ്പിക്കുകയും ചെയ്യുന്ന ബജറ്റാകും ഇതെന്നാണു സൂചന. 

aravind-panagariya
ഡോ. അരവിന്ദ് പനഗാരിയ

ധനകാര്യ അച്ചടക്കം നിലനിർത്താനാകണം

‌ധനവിപണിയിലെ പ്രശ്നങ്ങളാണു മാന്ദ്യത്തിന്റെ മൂലകാരണം. കിട്ടാക്കട പ്രശ്നം പരിഹരിക്കാൻ നടപടികളുണ്ടാവുമ്പോൾ  ബാങ്കുകളുടെയും കോർപറേറ്റുകളുടെയും ബാലൻസ് ഷീറ്റ് താൽക്കാലികമായി ദുർബലമായിരിക്കുന്നു.

സ്ഥിതി മെച്ചപ്പെടാൻ എത്രനാൾ?

എന്റെ വിലയിരുത്തൽ ഇതാണ്: ഈ വർഷം രണ്ടാം പകുതിയിൽ സ്ഥിതി അൽപം മെച്ചപ്പെടാം. 2021ൽ വളർച്ച 6 ശതമാനമാകും, 2022ൽ 7% കവിയും. നയപരമായ മാറ്റങ്ങളോടു സമ്പദ്‌വ്യവസ്ഥ മെല്ലെയേ പ്രതികരിക്കൂ. മെല്ലെ എന്നു പറയുമ്പോൾ, ഏറെ വർഷങ്ങളെടുക്കാം. ഇപ്പോൾ, 2008–14 കാലത്തെ പാപങ്ങളുടെ പിഴയാണു നമ്മൾ നൽകുന്നത് – അക്കാലത്തു വേണ്ടത്ര ജാഗ്രതയില്ലാതെ വായ്പകൾ നൽകി, പുനഃക്രമീകരണത്തിലൂടെ അതിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു. എല്ലാം നേരെയാക്കാൻ ഇപ്പോൾ സഹായിക്കുന്നത് ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌റ്റ്‌സി കോഡാണ് (ഐബിസി). ഈ ശുദ്ധീകരണ നടപടിയുടെ അനുകൂല ഫലമുണ്ടാവാൻ ഒരു വർഷമെങ്കിലുമെടുക്കും.

∙ പരിഷ്കാരങ്ങൾ, ബജറ്റിലെ പ്രതീക്ഷ

കിട്ടാക്കട പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ തുടരണം. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ (എൻബിഎഫ്സി) നിയന്ത്രിക്കാനുള്ള നടപടികൾ മെച്ചപ്പെടുത്തണം. അതല്ലാതെ, അടിയന്തര നടപടികളായി അധികമൊന്നും ചെയ്യാനില്ല. ഘടനാപരമായ പരിഷ്കാരങ്ങൾ തുടരുകയും വേണം. ധനകാര്യ അച്ചടക്കം നിലനിർത്താനാകണം. പ്രതിരോധം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിലെ ധനവിനിയോഗത്തിൽ മാറ്റമുണ്ടാവണം; പൊതുമേഖലാ സംരംഭങ്ങളെ സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾ ഊർജിതമാക്കണം. ആസ്തികൾ പണമാക്കി മാറ്റാനുള്ള നടപടികളും ഊർജിതപ്പെടുത്തണം. സ്വകാര്യവൽക്കരണം ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ പൊതുമേഖലാ ബാങ്കുകളെ പരിഷ്കരിക്കുന്നതിനുള്ള ചർച്ച തുടങ്ങാൻ സമയമായി. ഏറെ തൊഴിൽ സൃഷ്ടിക്കുന്ന മേഖലകളായ വസ്ത്രനിർമാണം, ഫുട്‌വെയർ, ഫർണിച്ചർ, ലഘു ഉൽപാദനം തുടങ്ങിയവയിൽ ചെറുതും വലുതുമായ സംരംഭങ്ങൾ വളർന്നുവരാൻ നടപടി വേണം. 

- ഡോ.അരവിന്ദ് പനഗാരിയ (നിതി ആയോഗ് മുൻ ഉപാധ്യക്ഷൻ)

ashwini-mahajan
അശ്വനി മഹാജൻ

ഇ–കൊമേഴ്സ് മേഖലയ്ക്കു നികുതി

ഇപ്പോഴത്തെ പ്രതിസന്ധി സർക്കാർ നയങ്ങൾ മൂലമല്ല. ഗ്രാമീണമേഖലയിൽ വരുമാനം വർധിക്കുന്നില്ലെന്നത് കഴിഞ്ഞ 6–7 വർഷത്തെ മാത്രം പ്രശ്നമല്ല, കുറെക്കാലമായുള്ളതാണ്. ബാങ്കുകൾ ഉദാരമായി വായ്പകൾ നൽകാത്തതും മറ്റുമാണു ഗ്രാമീണ മേഖലയെ ബാധിക്കുന്നത്. ഉദ്യോഗസ്ഥരും നയമുണ്ടാക്കുന്നവരും ഗ്രാമീണമേഖലയിൽ തൊഴിൽ സൃഷ്ടിക്കാൻ ശ്രമിച്ചിട്ടില്ല. ഭക്ഷ്യസംസ്കരണം, പൗൾട്രി, പാലുൽപാദനം, മീൻവളർത്തൽ, കൂൺകൃഷി തുടങ്ങിവയ്ക്കൊക്കെ മൂലധനസഹായം വേണം. ഗുജറാത്തിൽ വർഗീസ് കുര്യൻ നടപ്പാക്കിയ ധവളവിപ്ലവത്തിന്റെ മാതൃക ഈ മേഖലകളിലൊക്കെ ആവാം. 

– അശ്വനി മഹാജൻ (കോ–കൺവീനർ, സ്വദേശി ജാഗരൺ മഞ്ച്)

lekha-chakraborty
ലേഖ ചക്രവർത്തി

നാളത്തെ ബജറ്റ് അനിശ്ചിതത്വം നിറഞ്ഞ അന്തരീക്ഷത്തിൽ

അനിശ്ചിതത്വം നിറഞ്ഞ അന്തരീക്ഷത്തിലാണു നാളത്തെ ബജറ്റ് വരുന്നത്. നയപരമായ അനിശ്ചിതത്വം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചിരിക്കുന്നു. പൗരത്വനിയമം, ദേശീയ പൗര റജിസ്റ്റർ, വിദ്യാർഥിപ്രക്ഷോഭം തുടങ്ങിയവയുണ്ട്. നിലവിലെ സ്ഥിതി വിലയിരുത്താൻ സഹായിക്കുന്ന കണക്കുകളില്ല. അല്ലെങ്കിൽ, ഹിതകരമല്ലാത്ത കണക്കുകൾ പുറത്തുവിടാൻ സർക്കാർ മടിക്കുന്നു. ബാങ്കുകളുടെ കിട്ടാക്കടം, കോർപറേറ്റുകളുടെ മോശം ധനസ്ഥിതി തുടങ്ങിയ പ്രശ്നങ്ങളുമുണ്ട്. 

ആരോഗ്യത്തിനും പോഷകാഹാരത്തിനും കാലാവസ്ഥാമാറ്റത്തിന്റെ വെല്ലുവിളികൾ നേരിടാനും ഊന്നൽ വേണം. 

ലേഖ ചക്രവർത്തി (പ്രഫസർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com