ആശങ്കകൾ അടുത്തെത്തുമ്പോൾ

SHARE

ചൈനയിലെ വുഹാനിൽനിന്നെത്തി തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി വിദ്യാർഥിനിയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യകേരളത്തിനു മുന്നിലുള്ള ഉത്തരവാദിത്തം കൂടുകയാണ്. ഇന്ത്യയിൽ ആദ്യമായാണു കൊറോണ സ്ഥിരീകരിക്കുന്നതെന്നിരിക്കെ, ദേശീയ തലത്തിൽത്തന്നെ മാതൃകയാകേണ്ട പ്രതിരോധ പ്രവർത്തനങ്ങളാണ് ഇനിയുണ്ടാകേണ്ടത്. അങ്ങേയറ്റത്തെ ജാഗ്രതയും മുൻപു നിപ്പ വൈറസിനെ പൊരുതിത്തോൽപിച്ച അതേ കൂട്ടായ്മയും കൊണ്ടുവേണം ഇപ്പോഴത്തെ സാഹചര്യത്തെ നേരിടാൻ.

ഇതിനിടെ, ചൈനയിൽനിന്നു മടങ്ങിവന്ന പലരും ആശുപത്രികളിൽ വിവരം അറിയിച്ചിട്ടില്ലെന്നതും ചിലർ സ്വമേധയാ പരിശോധനയ്ക്കു തയാറാകുന്നില്ലെന്നതും നിർഭാഗ്യകരമാണ്. ചൈനയിൽനിന്നു മടങ്ങിവന്ന ആളുകൾ അവരുടെ യാത്രാവിവരം സർക്കാരിൽ റിപ്പോർട്ട് ചെയ്താൽ അധികൃതർക്കു നടപടികൾ എളുപ്പത്തിലാകും. അതല്ലെങ്കിൽ, യാത്രാ രേഖകൾ പരിശോധിച്ച് ആളുകളെ തിരിച്ചറിയുകയെന്ന ശ്രമകരമായ ദൗത്യംകൂടി സർക്കാരിനുമേൽ വന്നുചേരും. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുണ്ടെങ്കിൽ അതു മറച്ചുവയ്ക്കുന്നതു സ്വന്തം ജീവിതത്തോടും സമൂഹത്തോടും തന്നെയുള്ള തെറ്റാണെന്നതു മറന്നുകൂടാ.

രോഗസ്ഥിരീകരണമുണ്ടായ സാഹചര്യത്തിൽ, സർവസജ്ജമായിവേണം നാം ജാഗ്രത പുലർത്താൻ. അതുകൊണ്ടുതന്നെ, കൊറോണ വൈറസ് പരിശോധനയ്ക്കുള്ള പരിപൂർണ സംവിധാനം കേരളത്തിൽ അടിയന്തരമായി ഉണ്ടാകണമെന്നുകൂടി ഇപ്പോഴത്തെ സാഹചര്യം ഓർമിപ്പിക്കുന്നു. പുണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ മാത്രം ആശ്രയിച്ചാണു നമ്മൾ പല പുതിയ രോഗങ്ങളും തിരിച്ചറിഞ്ഞുപോരുന്നത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കൊറോണ വൈറസ് പരിശോധനയ്ക്കുള്ള സംവിധാനം ഏർപ്പെടുത്താനുള്ള നീക്കം ആശ്വാസകരമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ, സാങ്കേതികക്കുരുക്കുകളിൽ കുടുക്കിയിടാതെ എത്രയും വേഗം ഇതു യാഥാർഥ്യമാക്കുകതന്നെ വേണം.

വൈറസ് ഇവിടെ സ്ഥിരീകരിച്ചതോടെ നമ്മുടെ ജാഗ്രതാനില അങ്ങേയറ്റം ഉയർത്തുന്നതിനോടൊപ്പംതന്നെ പ്രാധാന്യമുള്ളതാണ് ഭീതി പടർത്തുന്ന വ്യാജവാർത്തകൾ തടയുക എന്നതും. കൊറോണ വൈറസുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലൂടെ ഇതിനകംതന്നെ പ്രചരിപ്പിക്കപ്പെട്ട പല കാര്യങ്ങളും അടിസ്ഥാനമില്ലാത്തതും സമൂഹത്തിൽ അകാരണമായ ഭീതി ഉണ്ടാക്കുന്നതുമാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുന്നതു സമൂഹത്തോടുള്ള കുറ്റകൃത്യംതന്നെയാണെന്നിരിക്കെ, ഇങ്ങനെ ചെയ്യുന്നവർ അതിൽനിന്നു പിന്തിരിയുകതന്നെ വേണം. തെളിയിക്കപ്പെട്ടിട്ടില്ലാത്ത ചികിത്സാരീതികളുടെയും അതിനായുള്ള പ്രചാരണമാർഗങ്ങളുടെയും വഴിയിൽ പോകുന്നത് അപകടകരം കൂടിയാണ്. ആരോഗ്യവകുപ്പിന്റെ കൃത്യമായ ജാഗ്രത – പ്രതിരോധ നിർദേശങ്ങളാണു കേരളം ഇപ്പോൾ ചെവിക്കൊള്ളേണ്ടതും അനുസരിക്കേണ്ടതും.

രാജ്യാന്തരതലത്തിൽ ശ്രദ്ധയാകർഷിച്ചതാണ് നിപ്പ എന്ന അന്തകവൈറസിനോടു നാം നടത്തിയ പോരാട്ടവും വിജയവും. കൂട്ടായ്മയുടെയും ഏകോപനത്തിന്റെയും നിർവഹണത്തിന്റെയുംകൂടി വിജയമായിരുന്നു അത്. അതേ ആസൂത്രണവും ദീർഘവീക്ഷണവും കൊറോണ വൈറസിന്റെ കാര്യത്തിലും ഉണ്ടായേതീരൂ.

ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാൽ ജനങ്ങൾ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണെന്ന് ആരോഗ്യവകുപ്പു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. രോഗിയിൽനിന്നു ഡോക്ടർമാരിലേക്കോ നഴ്സുമാരിലേക്കോ കൂട്ടിരിപ്പുകാരിലേക്കോ രോഗം പകർന്നുപിടിക്കുന്ന സാഹചര്യം തടയാനുള്ള മുൻകരുതലും നിപ്പയുടെ കാര്യത്തിലെന്നപോലെ സുപ്രധാന വിഷയമായി ആരോഗ്യവകുപ്പ് ഏറ്റെടുക്കണം. ആശുപത്രികളിൽ അണുവിമുക്ത സംവിധാനം കൊണ്ടുവരിക, രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ കൃത്യമായി നടപ്പാക്കാനുള്ള ജാഗ്രതയുമുണ്ടാകണം.

കൊറോണ വൈറസ് ബാധിച്ച ഒരു രോഗി പോലും നിരീക്ഷണവലയത്തിൽനിന്നു പുറത്തുപോകാതെ പരിചരണം നൽകിയാലേ, രോഗസാധ്യത ഇനിയില്ല എന്നുറപ്പിക്കാനാകൂ. രോഗത്തിന്റെ സ്ഥിരീകരണം ഉണ്ടായ സാഹചര്യത്തിൽ, ഭീതിയും ആശങ്കകളും മാറ്റിവച്ച്, ചിട്ടയായ ആസൂത്രണത്തോടെ, തികഞ്ഞ ജാഗ്രതയോടെ മുന്നേറാനുള്ള ഉത്തരവാദിത്തം അധികൃതർക്കും സമൂഹത്തിനുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA