ADVERTISEMENT

പണം തന്നെ ഉലകത്തിന്റെ ജീവനാഡി, അതുണ്ടാക്കാൻ വിപണിയെ സ്വതന്ത്രമാക്കുക – സാമ്പത്തിക ഞെരുക്കത്തിന്റെ കാലത്ത് മോദി സർക്കാരിന്റെ മുദ്രാവാക്യമായി സാമ്പത്തിക സർവേ നിർദേശിക്കുന്നത് ഇതാണ്. തെറ്റായ നയങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് വിമർശിച്ച മൻമോഹൻ സിങ്ങിനെ പരാമർശിക്കാതെ പറയുന്നു, 1991ലെ ഉദാരവൽകരണ തീരുമാനങ്ങൾ വലിയ വളർച്ചയ്ക്കു സഹായിച്ചു. 

അപ്പോഴും, ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പ്രധാന കാരണം, യുപിഎ സർക്കാരിന്റെ തെറ്റായ വായ്പനയമെന്ന വിമർശനം സർവേയിൽ ആവർത്തിക്കുന്നു. മോദി സർക്കാരിന്റെ 6ാം വർഷത്തിലെ സർവേയിലാണ് ഭരണത്തിലെ പൈതൃകപരമായ പ്രശ്നങ്ങളുടെ മറ തേടാനുള്ള ശ്രമമെന്നതു ശ്രദ്ധേയമാണ്. നോട്ട് നിരോധനമുണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ച് പരോക്ഷമായിപ്പോലും പരാമർശമില്ല; ചരക്ക് സേവന നികുതി നടപ്പാക്കിയതിലെ പ്രശ്നങ്ങളല്ല, ഇപ്പോൾ സർക്കാർ നടപടികളിലൂടെ നികുതി പിരിവ് മെച്ചപ്പെട്ടെന്ന നല്ല വശം മാത്രം പറയുന്നു. 

പണമില്ലായ്മയാണ് സർക്കാരിന്റെ പ്രധാന പ്രശ്നമെന്നും നയപരമായ അനിശ്ചിതത്വം പ്രതിസന്ധികൾക്ക് ഇടനൽകിയെന്നും  പരോക്ഷമായി സമ്മതിക്കുന്നുണ്ട്. ലാഭമില്ലാത്തതിനാൽ സ്വകാര്യ മേഖലക്കാർ പരിഗണിക്കാത്ത കാര്യങ്ങൾ സേവനങ്ങളുടെ രൂപത്തിൽ സർക്കാർ നൽകുന്നവയെയാണ് ‘പബ്ലിക് ഗുഡ്’ എന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, ‘വിശ്വാസം’ (ട്രസ്റ്റ്) എന്നതിനെ ‘പബ്ലിക് ഗുഡ്’ ആയി കണക്കാക്കുന്ന പ്രാചീന രീതിയിലേക്കു മടങ്ങണമെന്നാണ് സർവേയിലെ ഉപദേശം. പ്രയോഗിക്കുംതോറും വളരുന്നതാണ് വിശ്വാസം. അതും, മറ്റൊരു അദൃശ്യ കരമായ വിപണിയുടെ പിന്തുണയമുണ്ടെങ്കിൽ സമ്പദ്‌വ്യവസ്ഥ വളരും. 

പണമുണ്ടാക്കാനുള്ള ശ്രമം മോശം കാര്യമല്ലെന്ന് കൗടില്യന്റെ അർഥശാസ്ത്രത്തിലെയും, തിരുവള്ളുവരുടെ തിരുക്കുറളിലെയും വചനങ്ങൾ ഉദ്ധ

രിച്ചാണ് സർവേയിൽ സ്ഥാപിക്കുന്നത്. ‘പണമുണ്ടാക്കുക – ശത്രുവിന്റെ അഹന്ത അവസാനിപ്പിക്കാൻ അതിനോളം മൂർച്ചയുള്ള മറ്റൊരായുധമി’ല്ലെന്ന് തിരുക്കുറൾ പറയുന്നു. തുടർന്നാണ് വിപണിക്ക് പരമാവധി സ്വാതന്ത്ര്യം അനുവദിക്കണമെന്ന വാദം. ചുവപ്പുനാടകൾ പരമാവധി ഒഴിവാക്കണം. തീർത്തും ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ മാത്രം വിപണിയിൽ സർക്കാർ ഇടപെടുക. 

ഉദാരവൽകരണം ഊർജിതമായി നടപ്പാക്കാനാണ് നിർദേശം. തൊഴിൽദായകനും നിക്ഷേപകനും സൗകര്യപ്രദമായ രീതിയിൽ തൊഴിൽ നിയമങ്ങളും ഭൂമി ഏറ്റെടുക്കൽ നിയമവും പരിഷ്കരിക്കുക, മരുന്നുകളുടെ വില  നിയന്ത്രിക്കുന്ന സംവിധാനം ഒഴിവാക്കുക, സ്വതന്ത്ര വ്യാപാര കരാറുകളുടെ നല്ല വശങ്ങൾ മുതലാക്കുക, പൊതു മേഖലാ സ്ഥാപനങ്ങൾ പരമാവധി സ്വകാര്യവൽകരിക്കുക തുടങ്ങിയവയാണ് അതിനുള്ള നടപടികളായി മുന്നോട്ടുവച്ചിട്ടുള്ളത്. മരുന്നുകളുടെ വില നിയന്ത്രണ സംവിധാനത്തിനെതിരെയുള്ള വാദം, പുരോഗമിച്ചുകൊണ്ടിരിക്കുന്ന  യുഎസ് – ഇന്ത്യ വ്യാപാര കരാർ ചർച്ചകളിലേക്കു വിരൽ ചൂണ്ടുന്നതാണ്. മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാറിൽ ഉൾപ്പെടേണ്ടതില്ലെന്ന തീരുമാനം പുനഃപരിശോധിക്കാനുള്ള സാധ്യത കൂടിയാണ് വ്യാപാര കരാറുകളിലൂടെയുള്ള  കയറ്റുമതിമെച്ചം കാണാതെ വിമർശിക്കരുതെന്ന വാദം.

ലോകത്തിലെ 100 മുൻനിര ബാങ്കുകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ആകെ ഒരു ബാങ്കു മാത്രമാണുള്ളത്. 5 ലക്ഷം കോടി ഡോളർ കരുത്ത് ലക്ഷ്യമിടുന്ന സമ്പദ് വ്യവസ്ഥയ്ക്ക് ഒരുതരത്തിലും അംഗീകരിക്കാവുന്നതല്ല ഈ സ്ഥിതിയെന്ന് സർവേ പറയുന്നു. വലുപ്പവും ലക്ഷ്യവും കണക്കിലെടുക്കുമ്പോൾ ഇന്ത്യയിലെ 6 ബാങ്കുകളെങ്കിലും ലോകത്തിലെ 100ന്റെ പട്ടികയിൽ പെടണം. അതിന് ബാങ്കുകളുടെ പ്രവർത്തന രീതി മെച്ചപ്പെടണം. വായ്പനയം ഉദാരമാക്കിയാൽ മാത്രം പോര, വായ്പ വാങ്ങുന്നവരെക്കുറിച്ചും കൃത്യമായ ധാരണ വേണം. അതിന് നിർമിത ബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തണം. പണമുണ്ടായിട്ടും മനഃപൂർവം വായ്പ തിരിച്ചടയ്ക്കാത്തവരെന്നത് ഭീഷണിയായി വളർന്നിരിക്കുന്നു. 2018 ലെ കണക്കനുസരിച്ച്, ഇത്തരത്തിൽ വായ്പ തിരിച്ചടയ്ക്കാത്തവരിൽ നിന്നു ലഭിക്കാത്തത് 1.4 ലക്ഷം കോടി രൂപയാണ്. ഈ പണമുണ്ടായിരുന്നെങ്കിൽ സാമൂഹിക ക്ഷേമ പദ്ധതികൾക്ക് ഇരട്ടിപ്പണം വകയിരുത്താനാവുമായിരുന്നു എന്നാണ് സർവേയിലെ വിലയിരുത്തൽ. 

ഉൽപാദന, കയറ്റുമതി മേഖലകളെ ഉത്തേജിപ്പിക്കാനുള്ള ‘അസംബ്ൾ ഇൻ ഇന്ത്യ’ പദ്ധതി പോലെ ശ്രദ്ധേയമാണ് ബാങ്കുകളുടെ ഓഹരിയുടെ ഒരു പങ്ക് ജീവനക്കാർക്കു നൽകണമെന്ന നിർദേശം. ബാങ്കിന്റെ എല്ലാ തലത്തിലും ഉടമസ്ഥതാ മനോഭാവം വളരുമെന്നും അതു പ്രവർത്തനം മെച്ചപ്പെടാൻ സഹായിക്കുമെന്നുമാണ് സർവേ പറയുന്നത്.

‘മാറ്റത്തിന്റെ കാറ്റ് ’കാത്ത് 

സാമ്പത്തിക വളർച്ച മുരടിച്ചുവെന്നു സമ്മതിക്കുമ്പോഴും ‘മാറ്റത്തിന്റെ കാറ്റ്’ ഈ സാമ്പത്തിക വർഷംതന്നെ ഉണ്ടാകുമെന്നാണ് സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി വി. സുബ്രഹ്മണ്യൻ അവകാശപ്പെടുന്നത്. പരിഷ്കാരങ്ങൾ ഊർജിതമായി നടപ്പാക്കണമെന്ന് സാമ്പത്തിക സർവേയിലൂടെ അദ്ദേഹം സർക്കാരിനെ ഉപദേശിക്കുന്നു.

പുതിയ സാമ്പത്തിക വർഷത്തിൽ അനുകൂല, പ്രതികൂല ഘടകങ്ങളായി സർവേ വിലയിരുത്തുന്നത്:

അനുകൂലം

∙ ഉൽപാദനവും ആഗോള വ്യാപാരവും മെച്ചപ്പെടുന്നതിന്റെ താൽക്കാലിക സൂചനകളുണ്ട്. ഇത് ഇന്ത്യയുടെ കയറ്റുമതി വിപണിക്ക് അനുകൂലമാവാം.

∙ താങ്ങാവുന്ന വിലയുള്ള വീടുകളുടെ മേഖലയിൽ സർക്കാർ ഊന്നൽ നൽകുന്നു. ഇതു ഭവനമേഖലയിൽ കൂടുതൽ മുതൽമുടക്കിനു സഹായിക്കും. വീടുകളുടെ വില കുറയ്ക്കാൻ റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർ തയാറാകുന്നത് ബാങ്കുകളുടെയും മറ്റു വായ്പദാതാക്കളുടെയും ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്തും.

∙ വിദേശത്തുനിന്നുള്ള മൂലധന വരവു വർധിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളുടെ വ്യാപാരത്തർക്കം, നിക്ഷേപകരെ ഇന്ത്യയിലേക്കു വരാൻ പ്രേരിപ്പിച്ചേക്കാം. 

∙ ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് ഊന്നൽ നൽകുന്നത് കയറ്റുമതി കൂട്ടും, ഇറക്കുമതി കുറയ്ക്കും. ഇത് ആഭ്യന്തര ഉൽപാദനത്തിന്റെ സാധ്യതകൾ വർധിപ്പിക്കും.

∙ ബിസിനസ് സുഗമമാക്കാനുള്ള നടപടികളിൽ കൃത്യമായ പുരോഗതിയുണ്ട്. ജിഎസ്ടി (ചരക്ക്, സേവന നികുതി) നടപ്പാക്കൽ മെച്ചപ്പെടുന്നത് ബിസിനസ് ചെലവുകൾ കുറയ്ക്കാനും പുതിയ മുതൽമുടക്കിനും സഹായിക്കും. ഭൂമി, തൊഴിൽ മേഖലകളിലെ പരിഷ്കാരങ്ങൾ ബിസിനസ് നടത്താനുള്ള ചെലവു കുറച്ചേക്കാം. 

∙ പുതിയ ഉൽപാദക കമ്പനികൾക്കുള്ള നികുതി 15 ശതമാനമാക്കിയത് വരുമാനം വർധിക്കാൻ സഹായിക്കും. 

∙ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചത്, ലയിച്ച ബാങ്കുകളുടെ ശക്തി വർധിപ്പിക്കും. 

പ്രതികൂലം

∙ വ്യാപാരമേഖലയിലെ പ്രശ്നങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കാം; അത് ഇന്ത്യയുടെ കയറ്റുമതി മേഖലയെയും. കയറ്റുമതി വർധിക്കാത്തത് ഈ മേഖലയിലെ സ്ഥിരനിക്ഷേപത്തെ ബാധിക്കാം.

∙ യുഎസ് – ഇറാൻ സംഘർഷാവസ്ഥ ക്രൂഡ് വില വർധനയ്ക്കും രൂപയുടെ വിലയിടിവിനും കാരണമാകാം. ക്രൂഡ് വിലയിലെ വർധന അതേപടി വിപണിയിലേക്കു കൈമാറുന്നത് സ്വകാര്യ ഉപഭോഗവും മുതൽമുടക്കും കുറയാൻ ഇടയാക്കാം.

∙ മുൻനിര രാജ്യങ്ങളിൽ സാമ്പത്തിക വളർച്ച കുറഞ്ഞിട്ടുണ്ട്. നാണ്യപ്പെരുപ്പം നിയന്ത്രിക്കാനായി പലിശനിരക്ക് ഉയർത്താമെന്ന് അവിടങ്ങളിലെ കേന്ദ്ര ബാങ്കുകൾ തീരുമാനിച്ചാൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നു മൂലധനച്ചോർച്ചയുണ്ടാവാം. രൂപയുടെ മേലുണ്ടാവുന്ന സമ്മർദം കയറ്റുമതിച്ചെലവു വർധിപ്പിക്കാം.

∙ ‘ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡി’ന്റെ നടപ്പാക്കൽ വേഗം കുറവാണ്. ഈ സ്ഥിതി മാറുന്നില്ലെങ്കിൽ വായ്പ നൽകുന്നതിൽ ബാങ്കുകൾക്കുള്ള അമാന്തവും തുടരും. സ്വകാര്യ മുതൽമുടക്കു വർധിക്കില്ല.

∙ പൊതുമേഖലയിലെ മുതൽമുടക്കു വർധിക്കുന്നത് ധനക്കമ്മി വർധിപ്പിക്കും, സ്വകാര്യ മുതൽമുടക്കുകാർ പ്രശ്നത്തിലാവും. സ്വകാര്യ മുതൽമുടക്കുകാർ പുറത്തുനിന്നുള്ള നിക്ഷേപത്തിനു ശ്രമിക്കുന്നത് കറന്റ് അക്കൗണ്ട് കമ്മി വർധിപ്പിച്ച് രൂപയുടെ മൂല്യമിടിക്കും. 

∙ മൊത്ത ആഭ്യന്തര സേവിങ്സ് നിരക്ക് വർധിക്കുന്നില്ലെങ്കിൽ അത് കറന്റ് അക്കൗണ്ട് കമ്മിയെയും അതിലൂടെ രൂപയുടെ മൂല്യത്തെയും ബാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com