വാചകമേള

vachakamela
SHARE

എം.എൻ.കാരശ്ശേരി: ഒരു മതസമൂഹത്തെയും ഒരു നിലയ്ക്കും പ്രീണിപ്പിച്ചുകൂടാ എന്നതാണു മതനിരപേക്ഷതയുടെ അടിസ്ഥാനമെങ്കിലും നമ്മുടെ മിക്ക രാഷ്ട്രീയ നേതാക്കളും എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ പ്രീണിപ്പിക്കുക എന്ന നിലയ്ക്കാണ് ഈ വാക്ക് ഉൾക്കൊണ്ടിരിക്കുന്നത്.

മനു എസ്.പിള്ള: സമൂഹമാധ്യമങ്ങൾ വിനോദത്തിനായി തുടങ്ങി എത്ര പെട്ടെന്നാണ് രാഷ്ട്രീയത്തിലേക്കും ജനാധിപത്യത്തിലേക്കും പരിണമിച്ചു പടർന്നത്! ഇപ്പോൾ ഈ മാധ്യമങ്ങൾ തിരഞ്ഞെടുപ്പുകളിൽ വൻ സ്വാധീനമാണു ചെലുത്തുന്നത്. വ്യാജവാർത്തകളുടെയും തെറ്റിദ്ധാരണകളുടെയും കുത്തൊഴുക്കാണ് ഈ മാധ്യമങ്ങളിൽ.

ടി.പത്മനാഭൻ: ഈ അടുത്തകാലത്തു ചെറുകഥയ്ക്കു വല്ലാത്ത ഒരു മൂഞ്ഞരോഗം ബാധിച്ചിട്ടുണ്ട്. തെറ്റുകൂടാതെ ഒരു വാചകം നേരെ ചൊവ്വേ എഴുതാനറിയാത്തവർ പോലും കഥാലോകത്തേക്കു മത്സരിക്കുന്ന കാലമാണിത്. അത്യന്തം സുഖകരമായ വായനാനുഭവം നൽകേണ്ടതാണു സാഹിത്യം. എന്നാലിന്ന് തലയ്ക്ക് ഇരുമ്പുകൂടം കൊണ്ട് അടിക്കുന്നതുപോലെയായിട്ടുണ്ട്.

എം.മുകുന്ദൻ: പ്രശസ്തി നേടാൻ ഒരു കുറുക്കുവഴി പലരും കണ്ടെത്തിയിട്ടുണ്ട്. അതു സാഹിത്യകാരനാവുക എന്നതാണ്. പിഎച്ച്ഡി ബിരുദം ലഭിച്ചാൽ കിട്ടുന്നതിനെക്കാൾ വലിയ പ്രശസ്തിയായിരിക്കും എഴുത്തുകാരനായാൽ ലഭിക്കുക. അതുകൊണ്ട് ഇപ്പോൾ എല്ലാവരും എഴുത്തുകാരനാവാൻ ശ്രമിക്കുകയാണ്.

സുഗതകുമാരി: എനിക്കിപ്പോൾ പ്രവർത്തിക്കാനും സംസാരിക്കാനും എഴുതാനും കഴിയില്ല. ഇനിയൊരു ജന്മമുണ്ടെങ്കിൽ പ്രകൃതിക്കു വേണ്ടി പ്രവർത്തിക്കാൻ കഴിയണമെന്ന ആഗ്രഹമാണുള്ളത്.

സക്കറിയ: സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ പൊതുവിൽ സൈബർ ലോകത്തിന്റെ അനന്തതകളിൽ ചിതറിക്കിടക്കുന്നവയാണ്. അവയിലെ സത്യവും അസത്യവും വേർതിരിക്കുക ദുർഘടം.

എം.ജി.എസ്. നാരായണൻ: ഇന്നു ജീവിച്ചിരിക്കുന്ന ചരിത്രകാരന്മാരിൽ ഏറ്റവും പ്രതിഭാസമ്പന്നനാണ് ഇർഫാൻ ഹബീബ്. എല്ലാ കാലഘട്ടത്തെപ്പറ്റിയും അറിവുണ്ട്. ഇംഗ്ലിഷിൽ നല്ല സ്വാധീനമുണ്ട്. അതേസമയം തന്നെ, ഇർഫാൻ ഒരു പാർട്ടി ഫനാറ്റിക് ആണ്. സങ്കുചിതമായ പാർട്ടിക്കൂറാണ് അദ്ദേഹത്തിനുള്ളത്. അതു ചേരിതിരിവുണ്ടാക്കും. ഫനാറ്റിസം ഒരു ജനാധിപത്യസമരത്തെ മുന്നോട്ടു കൊണ്ടുപോകില്ല. കണ്ണൂരിൽ ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്തിയ കാര്യത്തിലും എന്റെ അഭിപ്രായം അതാണ്.

ഡോ. കെ.എൻ.പണിക്കർ: കമ്പോളവൽക്കരണത്തെ തടയാൻ ഒരു വഴിയുമില്ല. ടെക്നോളജിയുടെ സ്വാധീനം കൊണ്ട് നമ്മുടെ ഇരിപ്പുമുറിയിലും കിടപ്പുമുറിയിലുമൊക്കെ വാണിജ്യവൽക്കരണം കടന്നുകഴിഞ്ഞിരിക്കുന്നു. എട്ടു മണിക്കൂറും പത്തു മണിക്കൂറും ഒക്കെ ടിവി ഉപയോഗിക്കുന്ന കുടുംബങ്ങളുണ്ട്. ആധുനിക ജീവിതം ഇതാണെന്നു നാം തെറ്റിദ്ധരിച്ചിരിക്കുകയാണ്.

ഡോ. കെ.എൻ.ഗണേഷ്: ചരിത്രം എന്ന പേരിൽ എന്തൊക്കെയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി കാണുന്നു. പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങൾ അംഗീകരിക്കേണ്ട ഒരു ബാധ്യതയും ആർക്കുമില്ല. വിവരം പ്രചരിപ്പിക്കുന്നവരുടെ ഐഡിയെങ്കിലും ലഭിക്കണം. അല്ലാത്തവ ചവറ്റുകൊട്ടയിൽ തള്ളണം. ചരിത്രം നമ്മുടെ ജീവിതമാണ്, നമ്മുടെ ഭൂതകാലമാണ്. ആർക്കും കയറി ഇഷ്ടപ്പടി മേയാനുള്ള സ്ഥലമല്ല.

ബാലചന്ദ്രൻ ചുള്ളിക്കാട്: സിനിമാപ്പാട്ടിനെയും യേശുദാസിനെയും പുച്ഛിക്കുക ബുദ്ധിജീവി ലക്ഷണമായിരുന്നു. ശ്രുതിയും താളവും തെറ്റിയാൽ അതു മനസ്സിലാക്കാൻ കഴിവില്ലാത്ത, ഒരു സ്വരമോ താളമോ തിരിച്ചറിയാൻ പോലും കഴിവില്ലാത്ത ബുദ്ധിജീവികൾ, വലിയ സംഗീതജ്ഞരുടെയും രാഗങ്ങളുടെയും ഒക്കെ പേരുകൾ പറഞ്ഞ് അറിവില്ലാത്തവരെ വിരട്ടി വലിയ സംഗീതാസ്വാദകരായി ഭാവിക്കും.

ശ്രീകുമാരൻ തമ്പി: നന്മ ചെയ്യുന്നവരെല്ലാം നന്മ കൊയ്യുമോ? ‘ധർമോ രക്ഷതി രക്ഷിത:’എന്നല്ലേ പ്രമാണം. ധർമത്തെ രക്ഷിക്കുന്നവരെ ധർമം രക്ഷിക്കുന്നുവെന്നു താൽപര്യം. എന്നാൽ, ചരിത്രം രേഖപ്പെടുത്തിയത് അങ്ങനെയല്ല. ജീവിതത്തിൽ ധർമം പുലർത്തിയവരെല്ലാം അവസാനം അധർമത്തിന്റെ ഇരകളായിത്തീർന്ന കഥകളാണു നാം ഏറെയും പഠിച്ചിട്ടുള്ളത്.

ഡോ. സി.ജെ.ജോൺ: ലൈംഗിക ചൂഷണത്തിൽപെട്ടു നിശ്ശബ്ദരാക്കപ്പെടുന്ന കുട്ടികളുടെ എണ്ണം പരിഗണിക്കുമ്പോൾ, വ്യാജ പരാതിക്കാരുടെ എണ്ണം തുച്ഛമായിരിക്കാം. പക്ഷേ, ഇവർ കുട്ടികളുടെ സംരക്ഷണത്തിന് എഴുതപ്പെട്ട നിയമത്തിന്റെ ശക്തി ചോർത്തിക്കളയുന്ന വലിയ കുറ്റമാണു ചെയ്യുന്നത്. ഒരു കുട്ടിയെ ഇത്തരത്തിൽ മൊഴി നൽകാൻ ഒരുക്കിയെടുക്കുന്നവർ, മറ്റൊരു രീതിയിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർ തന്നെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA