ADVERTISEMENT
ഇസ്രയേൽ – പലസ്തീൻ സമാധാനശ്രമങ്ങൾ ഒരിക്കൽക്കൂടി ലോകത്തിന്റെ മുഖ്യചർച്ചകളിലേക്കു വന്നിരിക്കുകയാണ്. ‘പുതിയ പ്രഭാതം’ എന്ന മുഖവുരയോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച തർക്കപരിഹാര പദ്ധതി എത്രമാത്രം പ്രായോഗികമാണെന്നും എത്രത്തോളം മുന്നോട്ടുപോകുമെന്നുമുള്ള ആകാംക്ഷയും ആശങ്കയും ഇതോടൊപ്പമുണ്ട്.

വൈറ്റ്ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ അരികിൽ നിർത്തിയാണ് ട്രംപ് ഈ ‘സമാധാന പദ്ധതി’ അവതരിപ്പിച്ചത്. ചടങ്ങിൽ ഒമാൻ, യുഎഇ, ബഹ്റൈൻ സ്ഥാനപതിമാർ പങ്കെടുത്തെങ്കിലും പലസ്തീൻ പ്രതിനിധികൾ ആരുമുണ്ടായിരുന്നില്ല. രണ്ടു കക്ഷികൾ തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള പദ്ധതി ഒരു കക്ഷിയെ മാത്രം ഒപ്പം നിർത്തി പ്രഖ്യാപിക്കുന്നതിൽതന്നെ അതിന്റെ അനൗചിത്യവും പരാജയസാധ്യതയും കാണാം. ട്രംപിന്റെ പദ്ധതിക്കു ‘ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകും സ്ഥാന’മെന്ന് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതികരിച്ചതോടെ പരാജയസാധ്യത കൂടുതൽ വ്യക്തവുമായി.

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ നിർദേശിക്കുന്നതാണ് ട്രംപിന്റെ സമാധാന പദ്ധതി. പലസ്തീൻ തലസ്ഥാനമായി കിഴക്കൻ ജറുസലമിലെ ഒരു സ്ഥലം നിർണയിക്കും. അബു ദിസ് നഗരമായിരിക്കും പലസ്തീൻ തലസ്ഥാനമെന്ന് പിന്നീടു നെതന്യാഹു അറിയിച്ചു. അവിടെ യുഎസ് എംബസി തുറക്കാമെന്നറിയിച്ച് മഹമൂദ് അബ്ബാസിനു ട്രംപ് കത്തെഴുതിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ അധിനിവേശ പാർപ്പിടകേന്ദ്രങ്ങളുടെ അവകാശം ഇസ്രയേലിന് ഉറപ്പാക്കുന്നതാണ് ട്രംപ് മുന്നോട്ടുവച്ച പദ്ധതി. ഗാസാ മുനമ്പിനെയും വെസ്റ്റ് ബാങ്കിനെയും ബന്ധിപ്പിക്കുമെന്നും പറയുന്നു. ഇതു പലസ്തീന് അനുകൂലമാണെങ്കിലും അതൊരു തുരങ്കപാത മാത്രമാണെന്ന സൂചനയാണുള്ളത്.

ഒറ്റനോട്ടത്തിൽ ഇസ്രയേലിന്റെ ഏകപക്ഷീയ നടപടികൾക്കു സാധൂകരണം നൽകുന്ന പദ്ധതിയാണു ട്രംപ് അവതരിപ്പിച്ചതെന്നു വിലയിരുത്താം. ജറുസലമിനെ ഇസ്രയേലിനു മാത്രം അവകാശമുള്ള നഗരമാക്കുകയും തലസ്ഥാനമാക്കുകയും ചെയ്യുന്നതും വെസ്റ്റ് ബാങ്കിലെ അധിനിവേശ പാർപ്പിടകേന്ദ്രങ്ങൾ ഇസ്രയേലിനു നൽകുന്നതുമാണ് ഈ നടപടികൾ. 1980ൽ ജറുസലമിനെ ഇസ്രയേലിനോടു കൂട്ടിച്ചേർത്ത നടപടിയും അതിനെ തലസ്ഥാനമായി പ്രഖ്യാപിച്ചതും രാജ്യാന്തരനിയമങ്ങൾക്കു വിരുദ്ധമാണെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ) പ്രഖ്യാപിച്ചതാണ്. അതുകൊണ്ടുതന്നെ ജറുസലമിനെ തലസ്ഥാനമായി ഇസ്രയേൽ പ്രഖ്യാപിച്ചിട്ടും മറ്റു രാജ്യങ്ങളൊന്നും അത് അംഗീകരിച്ചിരുന്നില്ല.

ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി 2017ൽ ട്രംപ് അംഗീകരിച്ചതിനെ ഐക്യരാഷ്ട്ര പൊതുസഭയും യൂറോപ്യൻ രാജ്യങ്ങളുമെല്ലാം അപലപിച്ചെങ്കിലും യുഎസ് പിന്മാറിയതുമില്ല. പിന്നാലെ, ഓസ്ട്രേലിയ ഉൾപ്പെടെ ഏതാനും രാജ്യങ്ങളും ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ചു. വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശവും പൗരന്മാരെ കൊണ്ടുവന്നു പാർപ്പിക്കലും രാജ്യാന്തരനിയമങ്ങൾക്കു വിരുദ്ധമാണെന്നു പലതവണ വ്യക്തമാക്കപ്പെട്ടതാണ്. ഇപ്പോൾ അതിനെയും അംഗീകൃതമാക്കാനുള്ള ഫോർമുലയാണ് ട്രംപ് അവതരിപ്പിച്ചിരിക്കുന്നത്.

ഇതേസമയം, ഇസ്രയേൽ – പലസ്തീൻ തർക്കത്തിനു ‘ദ്വിരാഷ്ട്ര പരിഹാരം’ എന്ന തത്വം ട്രംപ് ഇതാദ്യമായി അംഗീകരിച്ചിരിക്കുകയാണ്. ലോകം ഒന്നടങ്കം ഇതു നിർദേശിക്കുമ്പോഴും ട്രംപ് ഇതിനോടു മുഖംതിരിഞ്ഞു നിൽക്കുകയായിരുന്നു. മൊത്തത്തിൽ ഇസ്രയേലിന്റെ വാദങ്ങൾ അംഗീകരിക്കുന്നതും പലസ്തീന്റെ ആവലാതികൾ മുഖവിലയ്ക്കെടുക്കാതെയുള്ളതുമാണ് ട്രംപിന്റെ നിർദിഷ്ട പദ്ധതി എന്നു വ്യക്തമാണ്.

സ്വന്തം രാജ്യത്തു കുറ്റവിചാരണ നേരിടുന്ന ട്രംപും കുറ്റം ചുമത്തപ്പെട്ട നെതന്യാഹുവും ഈ പദ്ധതിയെ വ്യക്തിപരിവേഷം മെച്ചപ്പെടുത്താനുള്ള ആയുധമാക്കുന്നുവെന്ന വിമർശനമുണ്ട്. അടുത്ത മാർച്ചിൽ നെതന്യാഹുവും നവംബറിൽ ട്രംപും തിരഞ്ഞെടുപ്പു നേരിടുകയാണ്. ഇരുവർക്കും വോട്ടർമാരുടെ മുന്നിൽ അവതരിപ്പിക്കാനുള്ള ‘നേട്ട’മാണിത്. അതിനിടയിൽ പിടയുന്നത് ഒരു ജനതയും അവരുടെ സ്വപ്നങ്ങളുമാണ് എന്നതു മറന്നുകൂടാ. ഇസ്രയേലും പലസ്തീനും തമ്മിലും മറ്റെല്ലാ രാജ്യങ്ങളുമായും ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിനുള്ള ശ്രമവും നടപടികളുമാണു വേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com