യഥാർഥ ശിഷ്യർ

subhadinam
SHARE

ഗുരുവിന്റെ ജീവിതശൈലിയിലും പ്രഭാഷണത്തിലും ആകൃഷ്ടനായ യുവാവ് ശിഷ്യനാകാനെത്തി. ഗുരു പറഞ്ഞു: ‘‘എന്റെ ശിഷ്യനാകുക ബുദ്ധിമുട്ടുള്ള കാര്യമാണ്’’. യുവാവ് പറഞ്ഞു: ‘‘ഞാൻ അങ്ങയുടെ ഭക്തനും ആരാധകനുമാണ്’’. ‘‘അതു ശിഷ്യനാകാനുള്ള യോഗ്യതയല്ല’’– ഗുരുവിന്റെ മറുപടി. പിന്നെ എന്താണു ചെയ്യേണ്ടത്? ‘‘നീ ആദ്യം എന്റെ വിദ്യാർഥിയാകൂ. എന്നെ പഠിച്ചു കഴിയുമ്പോൾ നിനക്കു തീരുമാനിക്കാം, ശിഷ്യനാകണോ വേണ്ടയോ എന്ന്’’.

ഭക്തനും വിദ്യാർഥിയും ശിഷ്യനും വ്യത്യസ്തരാണ്. പുറമേ കാണിക്കുന്ന ക്രിയാവിധികൾ കൊണ്ടോ പങ്കെടുക്കുന്ന ചടങ്ങുകൾ കൊണ്ടോ ആരും ഗുരുവിലേക്കോ ഈശ്വരനിലേക്കോ എത്തിച്ചേരില്ല. ആകാംക്ഷയിൽ നിന്നോ ആവേശത്തിൽ നിന്നോ അല്ല, അറിവിൽ നിന്നാണു ഭക്തി ആരംഭിക്കേണ്ടത്. ധ്യാനമില്ലാതെയുള്ള അനുഗമനം വേഷവിധാനങ്ങളിൽ അവസാനിക്കും. അജ്ഞരായ ആരാധകരും ഭക്തരുമാണ് ഗുരുവിനെയും ഈശ്വരനെയും ദുർവ്യാഖ്യാനം ചെയ്യുന്നത്.

ആരാധിക്കും മുൻപ് അറിയണം; അനുഗമിക്കും മുൻപു മനസ്സിലാക്കണം. ഗുരുവിന്റെ വാക്കുകളും വ്യാഖ്യാനങ്ങളും അറിയാതെ എങ്ങനെയാണ് അദ്ദേഹത്തെ പിന്തുടരുക? ഉദ്ദേശ്യശുദ്ധിയാണ് അനുഗമനത്തിന്റെ ഗുണമേന്മ തീരുമാനിക്കുക. ചിലർ സ്വകാര്യ നേട്ടങ്ങൾക്കായി അനുഗമിക്കും; ചിലർ അന്തസ്സു നിലനിർത്താൻ പിന്തുടരും; കുറച്ചുപേർക്ക് അനുഗമനം ഒരു അലങ്കാരമാണ്. സ്ഥാപിത താൽപര്യങ്ങൾക്കു വേണ്ടി പിന്തുടരുന്നവർ അവ നടപ്പാകാതെ വരുമ്പോൾ അവഹേളിക്കാൻ തുടങ്ങും.

ശിഷ്യനാകണമെങ്കിൽ ആത്മാവറിഞ്ഞ് അനുരൂപപ്പെടണം. അതേ വഴിത്താരകളിലൂടെ സഞ്ചരിക്കണം. ആ ചിന്തകളും ശീലങ്ങളും സ്വായത്തമാക്കണം. ആരാധന അറിവായും അറിവ് അവബോധമായും മാറുമ്പോഴാണ് ശിഷ്യത്വം ഉടലെടുക്കുക. അനുഗമിക്കുന്നവരെല്ലാം ശിഷ്യരാകില്ല. അനുസരിക്കാനും അനുകരിക്കാനും തയാറായ, എളിമയും സന്മനസ്സുമുള്ള ശിഷ്യരുണ്ടെങ്കിൽ ഗുരുക്കന്മാർ ചിരഞ്ജീവികളാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA