ADVERTISEMENT

സ്വന്തം റെക്കോർഡ് തിരുത്തിയും മാരത്തൺ പ്രസംഗത്തിനൊടുവിൽ കിതച്ചും ധനമന്ത്രി നിർമല സീതാരാമൻ. രണ്ടു മണിക്കൂർ 38 മിനിറ്റ് നീണ്ട പ്രസംഗത്തിലൂടെ, ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗമെന്ന സ്വന്തം റെക്കോർഡ് തിരുത്തിയ മന്ത്രി ഒടുവിൽ ക്ഷീണിതയായി; അവസാന 2 പേജുകൾ വായിക്കാനാവാതെ മതിയാക്കി. 

പതിറ്റാണ്ടിലെ ആദ്യ ബജറ്റ് അവതരണമാണിതെന്നു ചൂണ്ടിക്കാട്ടിയാണു രാവിലെ 11നു ലോക്സഭാ സ്പീക്കർ ഓം ബിർല ധനമന്ത്രിയെ ക്ഷണിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി സർക്കാരിനു ലഭിച്ച വൻ ഭൂരിപക്ഷം പരാമർശിച്ചു പ്രസംഗം ആരംഭിച്ച നിർമല, പണ്ഡിറ്റ് ദീനാനാഥ് കൗൾ രചിച്ച കശ്മീരി കവിത ഉദ്ധരിച്ചത് പ്രതിപക്ഷ അംഗങ്ങളെ ചൊടിപ്പിച്ചു.

നാം ചെയ്യുന്നതെല്ലാം ഈ സുന്ദരരാജ്യത്തിനു വേണ്ടിയാണെന്ന് അർഥം വരുന്ന കശ്മീരി കവിതയുടെ വരികൾ നിർമല ചൊല്ലിയപ്പോൾ, തൃണമൂൽ എംപി സൗഗത റോയ് തിരിച്ചടിച്ചു– ‘ഈ വരികൾ കേൾക്കാൻ കശ്മീരികൾക്കാവില്ല, അവർ ഇപ്പോഴും വീട്ടുതടങ്കലിലാണ്’. സ്വന്തം കൃഷിഭൂമിയിൽ അധ്വാനിച്ച ശേഷമേ ഭക്ഷിക്കാവൂ എന്ന തമിഴ് കവിവാക്യവും നിർമല ചൊല്ലി. സദ്ഭരണം സംബന്ധിച്ച തിരുവള്ളുവരുടെ വരികൾ ചൊല്ലിയ നിർമല, അതേ ഭരണമാണു മോദിയുടേതെന്നു പറഞ്ഞതോടെ പ്രതിപക്ഷനിരയിൽ പരിഹാസച്ചിരി ഉയർന്നു. 

പ്രസംഗം നീണ്ടതോടെ, സമീപമിരുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വെള്ളം കുടിക്കാൻ പലകുറി ആവശ്യപ്പെട്ടെങ്കിലും നിർമല വഴങ്ങിയില്ല. വെള്ളം കുടിക്കാതെ തുടർച്ചയായി രണ്ടര മണിക്കൂർ പ്രസംഗിച്ചതോടെ, അവർ ക്ഷീണിതയായി. പിന്നാലെ വെള്ളം കുടിച്ചു പ്രസംഗം തുടരാൻ ശ്രമിച്ചെങ്കിലും പലകുറി നിർത്തിവയ്ക്കേണ്ടി വന്നു. കൈവശമിരുന്ന മിഠായി കൈമാറിയ ഗഡ്കരി അതു കഴിക്കാൻ ആവശ്യപ്പെട്ടു. സഹായവുമായി കേന്ദ്രമന്ത്രി ഹർസിമ്രത് കൗറും ഓടിയെത്തി. പ്രസംഗത്തിന്റെ ബാക്കി വായിക്കാൻ സഹമന്ത്രി അനുരാഗ് ഠാക്കൂറിനെ നിയോഗിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ല. 2 പേജുകൾ കൂടിയേ ബാക്കിയുള്ളൂവെന്നു പറഞ്ഞ് പ്രസംഗം തുടരാൻ വീണ്ടും ശ്രമിച്ചെങ്കിലും ക്ഷീണം കാരണം നടന്നില്ല. ബജറ്റിന്റെ ബാക്കി വായിച്ചതായി കണക്കാക്കി അതു സഭയിൽ വയ്ക്കുന്നുവെന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചു. 

വാക്കുകളിൽ മുൻപൻ മൻമോഹൻ; സമയത്തിൽ നിർമല

ബജറ്റ് പ്രസംഗത്തിലെ വാക്കുകളുടെ എണ്ണത്തിൽ മുന്നിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. 1991ൽ ധനമന്ത്രിയായിരിക്കെ മൻമോഹൻ അവതരിപ്പിച്ച ബജറ്റാണു വലുപ്പത്തിൽ മുന്നിൽ– 18,650 വാക്കുകൾ അതിലടങ്ങിയിരുന്നു. 

ബജറ്റ് അവതരണത്തിലെ സമയത്തിന്റെ കാര്യത്തിൽ ഇന്നലത്തേതാണ് ഏറ്റവും ദൈർഘ്യമേറിയത് – 2 മണിക്കൂർ 38 മിനിറ്റ്. കഴിഞ്ഞ ജൂലൈയിൽ അവതരിപ്പിച്ച ബജറ്റിൽ 2 മണിക്കൂർ 15 മിനിറ്റ് പ്രസംഗിച്ചതിന്റെ സ്വന്തം റെക്കോർഡ് ആണു നിർമല തിരുത്തിയത്. പ്രസംഗദൈർഘ്യത്തിൽ മൂന്നാം സ്ഥാനം ജസ്വന്ത് സിങ്ങിനാണ് (2003 ഫെബ്രുവരി 28, 2 മണിക്കൂർ 13 മിനിറ്റ്). നാലാമത് അരുൺ ജയ്റ്റ്ലി (2014 ജൂലൈ 10, 2 മണിക്കൂർ 10 മിനിറ്റ്). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com