ADVERTISEMENT

ചെരിപ്പ് മുതൽ മെഡിക്കൽ ഉപകരണങ്ങൾ വരെ, നിലവിൽ ഇറക്കുമതിച്ചുങ്കം ഇല്ലാതിരുന്നതോ തുച്ഛമായിരുന്നതോ ആയ 80 ശതമാനത്തോളം ഉൽപന്നങ്ങൾക്ക് 5% മുതൽ 40% വരെ ചുങ്കം ഏർപ്പെടുത്തിയതോടെ ഇറക്കുമതി ലാഭകരമല്ലാതാകും. ഇതോടെ, രാജ്യത്തുതന്നെ അവ നിർമിക്കേണ്ടിവരും. ഇതു തൊഴിലവസരങ്ങൾ കൂട്ടും. പുതിയ നിർമാണ വ്യവസായങ്ങൾക്ക് 15% ആദായനികുതി മാത്രമേയുള്ളൂ എന്നതു പ്രയോജനപ്പെടാൻ പോകുന്നതിവിടെയാണ്.

മാത്രമല്ല, നിർമാണ വ്യവസായങ്ങൾ ഉൾപ്പെടെ കോർപറേറ്റ് കമ്പനികൾക്കാകെ അനുകൂലമായ ഒട്ടേറെ നിർദേശങ്ങൾ ബജറ്റിലുണ്ട്. കമ്പനിനിയമ വ്യവസ്ഥകൾ ലംഘിക്കുന്നത് ഇനി സിവിൽ കേസ് മാത്രമായിരിക്കും എന്നതു തന്നെ ആശ്വാസകരം. നിലവിൽ, ചെറുകിട ഫാക്ടറികളും മറ്റും നടത്തുന്നവർക്ക് ഒരു കോടി രൂപ വരെയുള്ള വിറ്റുവരവിന് കണക്കുകളുടെ ഓഡിറ്റ് റിപ്പോർട്ട് വേണ്ടെന്നാണു വ്യവസ്ഥ. ഇനി മുതൽ, 5 കോടി വരെയുള്ള വിറ്റുവരവിന് ഓഡിറ്റ് വേണ്ട.

ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ പ്രൊഡക്‌ഷൻ ഹബ് ആക്കി ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യം കൈവരിക്കാനുള്ള 

നിർദേശങ്ങളും പരോക്ഷമായി ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങൾക്കു പ്രഖ്യാപിച്ച പദ്ധതികളിലുണ്ട്. സ്റ്റാർട്ടപ് കമ്പനികൾക്ക് വരവ് 25 കോടി വരെ ആണെങ്കിൽ നികുതിയില്ലായിരുന്നു. ഇനി 100 കോടി വരെയാണെങ്കിൽ നികുതി വേണ്ട. ഇതു പ്രയോജനപ്പെടുന്നത് ഭൂരിപക്ഷം വരുന്ന ടെക്നോളജി കമ്പനികൾക്കാണ്. ഡിവിഡൻഡ് നികുതിയുടെ ബാധ്യത ഒഴിഞ്ഞതും ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത വൻകിട കമ്പനികൾക്കു ഗുണകരമാണ്.

കയറ്റുമതിക്ക്  കയ്യയച്ച്... 

1600 കോടി ഡോളർ വിലവരുന്ന വസ്ത്രങ്ങളാണ് പ്രതിവർഷം ഇറക്കുമതി ചെയ്യുന്നത്. ഇതിനു മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ടെക്സ്റ്റൈൽ മിഷൻ. 

ബജറ്റിൽ കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള വിവിധ പദ്ധതികളുണ്ട്. ചെറുകിട കയറ്റുമതിക്കാർക്ക് ഉയർന്ന ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്ന ‘നിർവിക്’ (നിര്യത് റിൻ വികാസ് യോജന) വ്യവസായികൾക്ക് ഏറെ പ്രയോജനപ്പെടുമെന്നാണു വിലയിരുത്തൽ. ടെക്സ്റ്റൈൽ രംഗത്തു വളർച്ച നേടാനായി ‘നാഷനൽ ടെക്നിക്കൽ ടെക്സ്റ്റൈൽ മിഷൻ’ രൂപീകരിക്കാനും പദ്ധതിയുണ്ട്. 

സംരംഭങ്ങൾക്കു മികച്ച ഇൻഷുറൻസ് ലഭ്യമാക്കുക, പ്രീമിയം കുറയ്ക്കുക, ഇൻഷുറൻസ് തുക ലഭിക്കാനുള്ള നടപടികൾ ലളിതമാക്കുക എന്നിവയാണു ‘നിർവിക്കി’ന്റെ ലക്ഷ്യങ്ങൾ.ഇതനുസരിച്ച് വൈദ്യുതിക്കരം, വാഹന ഇന്ധനത്തിന്റെ വാറ്റ്, കേന്ദ്ര–സംസ്ഥാന–പ്രാദേശിക തലത്തിൽ ഈടാക്കുന്ന നികുതി എന്നിവ ഡിജിറ്റലായി കയറ്റുമതിക്കാർക്കു തിരികെ ലഭിക്കും. 

നിലവിൽ ഇവയൊന്നും തിരിച്ചു ലഭിക്കാനുള്ള വ്യവസ്ഥയില്ല. ഇൻഷുറൻസ് പരിരക്ഷയുടെ 90% വരെ തിരികെ ലഭിക്കുന്ന തരത്തിലാണു‌ നിർവിക്. ‘എക്സ്പോർട്ട് ക്രെഡിറ്റ് ഇൻഷുറൻസ് സ്കീം’ എന്ന നിലവിലെ പദ്ധതിയിൽ പകുതി തുക മാത്രമാണു കവർ ചെയ്യപ്പെടുന്നത്. 90% ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതോടെ ചെറുകിട കയറ്റുമതിക്കാർക്ക് കുറഞ്ഞ നിരക്കായ 7.6 ശതമാനത്തിൽ വായ്പയെടുക്കാനും കഴിയും. നിലവിൽ 9–11% വരെയാണു വായ്പയ്ക്കു പലിശ.

1600 കോടി ഡോളർ വിലവരുന്ന വസ്ത്രങ്ങളാണ് പ്രതിവർഷം ഇറക്കുമതി ചെയ്യുന്നത്. ഇതിനു മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണു പുതിയ ടെക്സ്റ്റൈൽ മിഷൻ ആവിഷ്കരിച്ചിരിക്കുന്നത്. 4 വർഷത്തേക്കു 1480 കോടി രൂപ മിഷന് അനുവദിച്ചിട്ടുണ്ട്. ചരക്കുകളും സേവനങ്ങളും പ്രവൃത്തികളും ഒരൊറ്റ വേദിയിൽ ലഭ്യമാക്കാൻ ഏകീകൃത സംവിധാനം രൂപീകരിക്കും. നിലവിലുള്ള സർക്കാർ ഇ– മാർക്കറ്റ് പ്ലേസ് (ജെം) കൂടുതൽ ഫലപ്രദമാക്കുന്നതിനാണിത്. ജെം വഴിയുള്ള വിറ്റുവരവ് 3 ലക്ഷം കോടി രൂപയാക്കും.

പത്രക്കടലാസിന്റെ ഇറക്കുമതി തീരുവ കുറച്ചു

പത്രക്കടലാസിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. കഴിഞ്ഞ ബജറ്റിലാണു പത്രക്കടലാസിനു 10% തീരുവ ചുമത്തിയത്. ഇതു കുറയ്ക്കണമെന്നു വ്യാപകമായ ആവശ്യമുയർന്നിരുന്നു. റജിസ്ട്രാർ ഓഫ് ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത പത്രങ്ങൾക്കും മാസികകൾക്കുമാണ് നികുതിയിളവിന്റെ ആനുകൂല്യം ലഭിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com