കേന്ദ്രത്തിന്റെ കടുംവെട്ട്: കേരളം; ഓട്ടക്കീശ!, കരകയറാൻ എന്തു തന്ത്രം?

leader-series-thomas-issac-1
SHARE

രാജ്യവും നമ്മുടെ സംസ്ഥാനവും ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിലാണോ? ഇൗ ചോദ്യത്തിന് കഴിഞ്ഞ നവംബറിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ നൽകിയ മറുപടി ഇതാണ്: ‘‘സാമ്പത്തികമായ മെല്ലെപ്പോക്ക് ഉണ്ടാകാം. എന്നാൽ, രാജ്യത്തു സാമ്പത്തികമാന്ദ്യമില്ല.’’ ഇതേ ചോദ്യത്തിനുള്ള ഉത്തരം നമ്മുടെ ധനമന്ത്രി ടി.എം.തോമസ് ഐസക് ചോദിക്കാതെ തന്നെ തന്നു. രണ്ടാഴ്ച മുൻപു വാർത്താസമ്മേളനം വിളിച്ചു മന്ത്രി പ്രഖ്യാപിച്ചു: ‘‘സംസ്ഥാനം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്.

മാന്ദ്യം പ്രകടവുമാണ്. ഇതിനിടെ സംസ്ഥാനത്തിനു കിട്ടാനുള്ള ജിഎസ്ടി നഷ്ടപരിഹാരം പിടിച്ചുവയ്ക്കുന്നു. കടമെടുപ്പു പരിധി വെട്ടിക്കുറച്ചു.’’

കേന്ദ്രമന്ത്രി തള്ളിപ്പറഞ്ഞ സത്യം സംസ്ഥാന മന്ത്രി അംഗീകരിക്കുന്നതിനു കാരണം ഒന്നുമാത്രം. രാജ്യത്തെ ഇൗ ഗതികേടിലെത്തിച്ചതിനു കേന്ദ്ര‌മന്ത്രിക്കു സ്വയം കുറ്റമേൽക്കുകയേ മാർഗമുള്ളൂ. അതിനു തയാറല്ലാത്തതിനാൽ മാന്ദ്യമേ ഇല്ല എന്നു പറഞ്ഞൊഴിയാം. എന്നാൽ, സംസ്ഥാന മന്ത്രിക്കു മുന്നിൽ കുറ്റം പറയാൻ കേന്ദ്രമന്ത്രിയുണ്ടല്ലോ. 

സംസ്ഥാനത്തിന് അർഹമായ വിഹിതവും കടമെടുപ്പും കേന്ദ്രം അനുവദിക്കുന്നില്ലെന്നതു സത്യം തന്നെയാണെങ്കിലും വരുമാന വർധന ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച വരുത്തിയെന്നാണു കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. വരുമാനം കൂട്ടിയും ചെലവു കുറച്ചും പ്രതിസന്ധി മറികടക്കാനുള്ള മാർഗമാണ് വരുന്ന ബജറ്റിൽ മന്ത്രി നടപ്പാക്കുകയെന്ന് ആർക്കും ഉൗഹിക്കാവുന്നതേയുള്ളൂ. എന്നാൽ, വരുമാനം കൂട്ടുന്നതിലും ചെലവു ചുരുക്കുന്നതിലും അമ്പേ പരാജയപ്പെട്ടെന്നാരോപിച്ച് കഴിഞ്ഞ യുഡിഎഫ് സർക്കാരിനെതിരെ ധവളപത്രമിറക്കിയ ഇടതുപക്ഷം നേതൃത്വം നൽകുന്ന ഇൗ സർക്കാർ എന്തു പരിഹാരമാണു ചെയ്തത്? 

വരുമാനം വളരുന്നു, താഴേക്ക്

ജിഎസ്ടി നടപ്പാക്കിയപ്പോൾ സർക്കാരിന്റെ അവകാശവാദം സംസ്ഥാനത്തിന്റെ നികുതി വരുമാനം 25% വർധിക്കുമെന്നായിരുന്നു. അതു നടന്നില്ല. ഇൗ വർഷം 30% വർധിക്കുമെന്നും അങ്ങനെ വന്നാൽ പ്രഖ്യാപിച്ചതിനെക്കാൾ പദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്നു മന്ത്രി കഴിഞ്ഞ ബജറ്റ് ചർച്ചയ്ക്കു മറുപടിയായി പറഞ്ഞു.

എന്നാൽ, ജിഎസ്ടി വരുമാനവളർച്ച 12 ശതമാനത്തിൽ താഴെയാണ് ഇപ്പോഴും. 30 ശതമാനമെന്ന അദ്ഭുതം അടുത്ത വർഷം സംഭവിക്കുമെന്ന മന്ത്രിയുടെ പുതിയ പ്രതീക്ഷ നടക്കുമോ എന്നു കാത്തിരുന്നുതന്നെ കാണണം. ജിഎസ്ടി നടപ്പാക്കിയ ശേഷമുള്ള വാർഷിക റിട്ടേൺ ലഭിക്കുമ്പോൾ വരുമാനം ഗണ്യമായി വർധിക്കുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ, നാട്ടിൽ കാണുന്ന കാഴ്ച മറിച്ചാണ്. മാന്ദ്യം എല്ലാ മേഖലകളെയും ഗ്രസിച്ചു കഴിഞ്ഞു. പരമാവധി ചെലവു ചുരുക്കുകയാണ് വ്യാപാരികളും വ്യവസായികളും. 

nirmala-sitharaman-thomas-issac

പണം വാരിക്കോരി ചെലവിടുന്ന രീതി സമ്പന്നർ പോലും ഉപേക്ഷിച്ചു. നികുതി വകുപ്പ് കഴിഞ്ഞ ഒക്ടോബറിൽ ശേഖരിച്ച കണക്കനുസരിച്ച് ഇന്ധനനികുതി വരുമാനം സംസ്ഥാനത്തു കുറയുകയാണ്. നികുതിവെട്ടിപ്പിന് അവസരമൊരുക്കാതെ ഇന്ധനക്കമ്പനികൾ നേരിട്ടു കൈമാറുന്ന നികുതിയാണിത്. ജൂണിൽ 1668 കോടി രൂപ സംസ്ഥാനത്തിന് ഇന്ധനനികുതിയായി ലഭിച്ചെങ്കിൽ ജൂലൈയിൽ 1482 കോടിയായും ഓഗസ്റ്റിൽ 798 കോടിയായും താഴ്ന്നു. ചെലവു ചുരുക്കുന്നതിനുള്ള ആദ്യ മാർഗമായി ജനം വാഹനം ഉപേക്ഷിക്കുകയാണെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. പലരും പൊതുഗതാഗതത്തെ കൂടുതൽ ആശ്രയിച്ചുതുടങ്ങി. 

വാഹനവിൽപനയെയും മാന്ദ്യം സാരമായി ബാധിച്ചതിനു തെളിവാണ് കഴിഞ്ഞ വർഷം റജിസ്ട്രേഷനിൽ ഒന്നേകാൽ ലക്ഷത്തിന്റെ കുറവുണ്ടായത്. വാഹനങ്ങളുടെ ഒറ്റത്തവണ നികുതി വരുമാനം എല്ലാ വർഷവും 10% വർധിക്കുന്നതാണ്. കഴിഞ്ഞ ബജറ്റിൽ നികുതി വർധിപ്പിച്ചതിനാൽ 20% വർധന സർക്കാർ പ്രതീക്ഷിച്ചു. എന്നാൽ, ഡിസംബറിലെ കണക്കനുസരിച്ച് കഴിഞ്ഞ തവണത്തെക്കാൾ 80 കോടിയുടെ കുറവാണു കണ്ടെത്തിയിരിക്കുന്നത്. ഇൗ വർഷം 4700 കോടി പിരിച്ചെടുക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ കഴിയില്ലെന്ന് മോട്ടർവാഹന വകുപ്പ് സർക്കാരിനെ അറിയിച്ചുകഴിഞ്ഞു. 

വരവങ്ങനെ, ചെലവിങ്ങനെ

1.15 ലക്ഷം കോടിയുടെ വരവും ഒന്നേകാൽ ലക്ഷം കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇപ്പോൾ കേരളത്തിൽ നടപ്പായിക്കൊണ്ടിരിക്കുന്നത്. നികുതി, നികുതിയിതര വരുമാനങ്ങൾ, കടമെടുക്കുന്ന പണം, കേന്ദ്രവിഹിതം, ലോട്ടറി വരുമാനം തുടങ്ങിയവയാണ് സർക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങൾ. ശമ്പളം, പെൻഷൻ, വായ്പകൾക്കു പലിശ നൽകൽ, പദ്ധതികൾ നടപ്പാക്കൽ എന്നിങ്ങനെയാണ് ചെലവുകൾ. 

ചെലവിലേക്കൊന്നു നോക്കുക. നമ്മുടെ നാട്ടിൽ റോഡുകളും പാലങ്ങളും സ്കൂളുകളുമൊക്കെ നിർമിക്കാൻ പദ്ധതിവിഹിതമായി ചെലവാക്കുന്നതു 23,000 കോടി രൂപയാണ്. സർക്കാരിന്റെ ദാരിദ്ര്യം കാരണം അതിൽ പകുതിയോളം ഇക്കുറി വെട്ടിക്കുറയ്ക്കുകയാണ്. അപ്പോൾ 10,000 കോടി രൂപയോളം രൂപ മാത്രമേ അടിസ്ഥാനസൗകര്യ വികസനമേഖലയിൽ ചെലവാക്കപ്പെടുന്നുള്ളൂ എന്നു വ്യക്തം. ഇനി വരവിലെ ഒരു പ്രധാന ഇനം നോക്കാം. 

ഒരു വർഷം 25,000 കോടി രൂപയാണു സംസ്ഥാന സർക്കാരിനു കടമെടുക്കാൻ കഴിയുക. സംസ്ഥാനത്തു വികസന പദ്ധതികൾ നടപ്പാക്കാനാണെന്ന പേരു പറഞ്ഞാണ് ഇൗ കടമെടുപ്പ്. എന്നാൽ, കടമെടുക്കുന്ന പണമെല്ലാം ചെലവിടുന്നതാകട്ടെ, മുൻപു കടമെടുത്ത വായ്പയുടെ പലിശ നൽകാനും ശമ്പളവും പെൻഷനും വിതരണം ചെയ്യാനും. അങ്ങനെ, ജനം നൽകുന്ന നികുതിയും ഫീസുകളും കൊണ്ടു പ്രവർത്തിക്കുന്ന സംവിധാനമായി സർക്കാർ മാറുന്നു. ഇവിടെയാണ് കിഫ്ബിയുടെ പ്രാധാന്യം. 

ക്ഷേമ പെൻഷൻ കൂട്ടി സാധാരണക്കാരിൽ പണമെത്തിക്കണം: പ്രഫ. ജോസ് സെബാസ്റ്റ്യൻ

(റിട്ട. ഫാക്കൽറ്റി, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ)

prof-jose
പ്രഫ. ജോസ് സെബാസ്റ്റ്യൻ

ജിഎസ്ടി വരുമാനം കാര്യമായി വർധിക്കുമെന്നു പ്രതീക്ഷിച്ച് അധികവിഭവ സമാഹരണത്തിനു സർക്കാർ ശ്രമിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു മുഖ്യകാരണം. കേന്ദ്രത്തെ കുറ്റം പറഞ്ഞിരിക്കാതെ, സ്വന്തം നിലയ്ക്കു വരുമാനം വർധിപ്പിക്കാനുള്ള നടപടികൾക്കു സർക്കാർ ശ്രമിക്കണമായിരുന്നു. കഴിഞ്ഞ 4 വർഷം ഇതൊന്നും ചെയ്യാതിരുന്ന സർക്കാർ, ചെലവു നിയന്ത്രിക്കാൻ കാര്യമായ നടപടികൾ കൈക്കൊണ്ടിട്ടുമില്ല. 

മദ്യവും ലോട്ടറിയും വിറ്റ് സാധാരണക്കാരിൽനിന്നു പണം വാങ്ങി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളം നൽകുന്നതാണ് ഇപ്പോഴത്തെ രീതി. ഇതിനു പകരം, ഏറ്റവും കൂടുതൽ നികുതി നൽകുന്ന സാധാരണക്കാരുടെ കയ്യിൽ കൂടുതൽ പണമെത്തിക്കണം. സർവീസ് പെൻഷൻ നിയന്ത്രിക്കുകയും ക്ഷേമപെൻഷൻ വർധിപ്പിക്കുകയുമാണ് ഇതിനുള്ള പ്രധാന പരിഹാരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA