ADVERTISEMENT

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു ആരോപണം ഉന്നയിച്ചു: ഡൽഹി ഷഹീൻബാഗിൽ പൗരത്വ നിയമത്തിനെതിരെ രാപകൽ സമരം ചെയ്യുന്നവർക്കു കേജ്‌രിവാൾ ബിരിയാണി വിതരണം ചെയ്യുന്നു! ബിരിയാണി ഉൾപ്പെടാത്ത സന്യാസ ഭക്ഷണം കഴിക്കുന്ന ആദിത്യനാഥിനറിയാം, കടുത്ത പ്രമേഹമുള്ള കേജ്‌രിവാളിനു പതിവായി ബിരിയാണി കഴിക്കാനാകില്ലെന്ന്.

പക്ഷേ, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറിയ പ്രചാരണത്തിനിടെയാണ് ആദിത്യനാഥിന്റെ ആരോപണമെന്നതു ശ്രദ്ധേയം. രാജ്യതലസ്ഥാനത്തെ ഹിന്ദുവോട്ടുകളെല്ലാം ബിജെപിക്കുവേണ്ടി സമാഹരിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഒട്ടേറെ മുസ്‌ലിംകളുടെ സാന്നിധ്യമുള്ള ഷഹീൻബാഗ് സമരത്തെ ആം ആദ്മി പാർട്ടി (എഎപി) രഹസ്യമായി പിന്തുണയ്ക്കുന്നുവെന്ന ആക്ഷേപം മറ്റു ബിജെപി നേതാക്കളും നേരത്തേ തന്നെ ഉന്നയിച്ചിട്ടുള്ളതാണ്. നഗരവികസനം എന്ന എഎപിയുടെ പ്രചാരണവിഷയത്തിൽനിന്നു പൗരത്വനിയമത്തിലേക്കു ശ്രദ്ധതിരിക്കലാണു ബിജെപിയുടെ ലക്ഷ്യവും.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ മോദിതരംഗത്തിൽ തന്റെ കക്ഷി സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ ശേഷം, ബിജെപി ഉയർത്തുന്ന ഹിന്ദുത്വ അജൻഡകളോട് അരവിന്ദ് കേജ്‌രിവാൾ ശ്രദ്ധാപൂർവമാണു പ്രതികരിക്കാറുള്ളത്. കോൺഗ്രസിന്റെയും മറ്റു പ്രതിപക്ഷ കക്ഷികളുടെയും കൂട്ടായ പ്രതിഷേധങ്ങളിൽ ചേരാൻ വിസമ്മതിച്ച കേജ്‌രിവാൾ, അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമിക്കണമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുകയാണുണ്ടായത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര തീരുമാനത്തെയും അദ്ദേഹം പിന്തുണച്ചു. പൗരത്വനിയമ പ്രശ്നം ഉയർന്നപ്പോൾ കേജ്‌രിവാളിന്റേതു ഞാണിന്മേൽ കളിയായി. കുറഞ്ഞ നിരക്കിൽ വൈദ്യുതി, ശുദ്ധജലം തുടങ്ങി ഡൽഹി നഗരത്തിനു തന്റെ സർക്കാർ ചെയ്ത വികസനകാര്യങ്ങൾ നിരത്തി വോട്ട് ചോദിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.

ബിജെപി ‘ബിരിയാണി പ്രശ്നം’ ഉയർത്തിയതു വെറുതെയല്ല. അവർക്കറിയാം, പാർട്ടിയുടെ സസ്യാഹാര താൽപര്യത്തിനെതിരെ നിൽക്കുന്ന ഭക്ഷണമാണു ബിരിയാണിയെന്ന്. അതു വിദേശിഭക്ഷണമാണെന്നും അവർ വിശ്വസിക്കുന്നു. പക്ഷേ ഡൽഹി നിവാസികളാകട്ടെ, വെജിറ്റേറിയൻ അടക്കം വിവിധയിനം ബിരിയാണികൾ വിളമ്പുന്ന ഭക്ഷണശാലകൾ സന്ദർശിക്കുന്നവരാണ്. മതഭേദമില്ലാതെ ഭക്ഷണപ്രിയർ ധാരാളമായി കഴിക്കുന്ന വിഭവവും ബിരിയാണിയാണ്. പക്ഷേ, തിരഞ്ഞെടുപ്പിൽ ആയുധമാക്കാവുന്ന മറ്റു ചില ഭക്ഷ്യവിഭവങ്ങൾക്കൊപ്പം ഇപ്പോൾ ബിരിയാണിയും ചേർന്നിരിക്കുന്നു. പാക്ക് ഭീകരൻ കസബ് മുംബൈ ജയിലിൽ കിടന്നപ്പോൾ അയാൾക്കു മൻമോഹൻ സർക്കാർ ബിരിയാണി വിളമ്പിയെന്ന് മോദിയടക്കമുള്ള ബിജെപി നേതാക്കൾ അന്ന് ആരോപിച്ചിരുന്നു.

കൗതുകകരമായ കാര്യം, ഭക്ഷണം എല്ലാക്കാലത്തും തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായിട്ടുണ്ട് എന്നതാണ്. 1971ൽ ഇന്ദിര ഗാന്ധി അധികാരം പിടിച്ചത് എല്ലാവർക്കും റോട്ടി, കപ്ട, മഘാൻ (ഭക്ഷണം, വസ്ത്രം, പാർപ്പിടം) എന്നിവ വാഗ്ദാനം ചെയ്താണ്. അരിതന്നെ പലവട്ടം തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളുടെ ഭാഗമായിട്ടുണ്ട്. അവിഭക്ത ആന്ധ്രപ്രദേശിൽ രണ്ടു രൂപയ്ക്ക് ഒരു കിലോ അരി വാഗ്ദാനം ചെയ്താണ് എൻ.ടി.രാമറാവു തിരഞ്ഞെടുപ്പു നേരിട്ടത്. 

തമിഴ്നാട്ടിൽ എം.കരുണാനിധിയും ഭക്ഷ്യധാന്യവിലയിലെ ഇളവുകളാണു വാഗ്ദാനം ചെയ്തത്. ഛത്തീസ്ഗഡിൽ ദീർഘകാലം ഭരിച്ച ബിജെപി മുഖ്യമന്ത്രി രമൺ സിങ് കുറഞ്ഞവിലയ്ക്കു ഭക്ഷ്യധാന്യം വാഗ്ദാനം ചെയ്താണ് ഓരോ തിരഞ്ഞെടുപ്പിലും എതിരാളികളെ തറപറ്റിച്ചത്. ചാവൽ ബാബ (അരി ബാബ) എന്നായിരുന്നു അദ്ദേഹത്തിന്റെ ഓമനപ്പേര്!  

റോക്കറ്റ് പോലെ കുതിക്കുന്ന ഉള്ളിവിലയും പലവട്ടം ഭരണകക്ഷിക്കെതിരെ തിരഞ്ഞെടുപ്പ് ആയുധമായി മാറിയിട്ടുണ്ട്.തിരഞ്ഞെടുപ്പു കാലത്തു മാത്രമല്ല, അല്ലാത്തപ്പോഴും ഭക്ഷണം രാഷ്ട്രീയയുദ്ധങ്ങളിലേക്കു നയിക്കാറുണ്ട്. ഉപ്പുമാവു പോലെ ജനകീയ ഭക്ഷ്യവിഭവമായ പോഹയാണ് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയയുടെ രാഷ്ട്രീയ ആയുധമായി മാറിയത്. ഇൻഡോറിൽ തന്റെ വീടു നിർമിക്കാനെത്തിയ ജോലിക്കാരിലെ അനധികൃത ബംഗ്ലദേശ് കുടിയേറ്റക്കാരെ അവരുടെ ഭക്ഷണശീലത്തിൽനിന്നു കൃത്യമായി തിരിച്ചറിഞ്ഞുവെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ബംഗ്ലദേശികൾ പോഹ കഴിക്കുമ്പോൾ മറ്റ് ഇന്ത്യൻ തൊഴിലാളികൾ ഗോതമ്പുറോട്ടി കഴിച്ചുവെന്നാണ് വിജയ്‌വർഗിയയുടെ കണ്ടെത്തൽ. മഹാരാഷ്ട്ര മുതൽ ബംഗാൾ വരെ, ഈ പരാമർശത്തിന്റെ പേരിൽ കടുത്ത വിമർശനമുയർന്നു. ഒട്ടേറെ സംസ്ഥാനങ്ങളിലെ ഇഷ്ടവിഭവമാണു പോഹ എന്നതു മാത്രമല്ല, ബിജെപി നേതാക്കളായ യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫഡ്നാവിസ്, നിതിൻ ഗഡ്കരി തുടങ്ങിയവരും ഇതു ദിവസവും കഴിക്കുന്നവരാണ്. 

ഇതുപോലെ മധ്യപ്രദേശിൽ മുട്ട വിവാദവിഷയമായിത്തീർന്നിരുന്നു. ബിജെപി ഭരണകാലത്ത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽനിന്നു മുട്ട ഒഴിവാക്കി. വിവിധ മതവിഭാഗങ്ങൾ മുട്ട വിതരണത്തെ എതിർക്കുന്നുവെന്നു പറഞ്ഞായിരുന്നു നടപടി. എന്നാൽ, പ്രതിപക്ഷവും സംസ്ഥാനത്തെ വലിയ വിഭാഗം വരുന്ന ആദിവാസിസമൂഹത്തിന്റെ പ്രതിനിധികളും മുട്ട തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു സമരം തുടങ്ങി. പുതിയ കോൺഗ്രസ് സർക്കാർ സ്കൂൾ ഉച്ചഭക്ഷണത്തിൽ മുട്ട തിരിച്ചുകൊണ്ടുവന്നു. താൽപര്യമില്ലാത്ത കുട്ടികൾക്കു പകരം ഭക്ഷണം തിരഞ്ഞെടുക്കാൻ അവസരമൊരുക്കുകയും ചെയ്തു. 

ബിരിയാണിയുടെ ചേരുവ കോഴിയിറച്ചി ആണെന്നത് ഡൽഹിയിലെ രാഷ്ട്രീയയുദ്ധത്തെ വളരെ അപകടകരമായ ദിശകളിലേക്കാണു കൊണ്ടുപോകുന്നത്. ഭാഗ്യവശാൽ, യുപിയിൽ ബിരിയാണി നിരോധിക്കുമെന്നു യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചില്ല! യുപിയിലെ പല സ്ഥലങ്ങളും ബിരിയാണിക്കു പേരുകേട്ടതാണ്, പ്രത്യേകിച്ച് ലക്നൗവും റാംപുരും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com