ADVERTISEMENT

ഒരു വീട്ടിൽ ഒരു ഭാരവാഹി എന്നതായിരുന്നു കെപിസിസിയുടെ മഹത്തായ ലക്ഷ്യം. സമ്പൂർണ സാക്ഷരത, സമ്പൂർണ വൈദ്യുതീകരണം എന്നതിന്റെയൊക്കെ മാതൃകയിൽ സമ്പൂർണ ഭാരവാഹിത്വം എന്ന ലക്ഷ്യം നേടുന്നതിന്റെ ആദ്യ ചുവടായിട്ടാണ് ഒരു വീട്ടിൽ ഒരു കെപിസിസി ഭാരവാഹിയെങ്കിലും വേണമെന്നു തീരുമാനിച്ചത്. ഗ്രൂപ്പ് മേലാളന്മാർ കൈമെയ് മറന്ന് ആത്മാർഥമായി അധ്വാനിച്ചതോടെ അതിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കാനായി. 

ഒരു പ്രസിഡന്റ്, 2 വർക്കിങ് പ്രസിഡന്റുമാർ, 12 വൈസ് പ്രസിഡന്റുമാർ, 34 ജനറൽ സെക്രട്ടറിമാർ, ഒരു ട്രഷറർ തുടങ്ങി ഒട്ടും ദുർമേദസ്സില്ലാത്തതാണ് ആദ്യ പട്ടിക. 12 വൈസ് പ്രസിഡന്റുമാർക്കും 34 ജനറൽ സെക്രട്ടറിമാർക്കും ചെയ്യാൻ മാത്രം എന്തു പണിയാണു കെപിസിസിയിൽ ഉള്ളതെന്നു മൂക്കത്തു വിരൽവച്ചു ചോദിക്കുന്നവരുണ്ടാകും. അവർ കെപിസിസിയിലെ ജോലിഭാരത്തെക്കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ്. സിപിഎമ്മിനെക്കുറിച്ചു മാത്രമല്ല, കോൺഗ്രസിനെക്കുറിച്ചും ഒരു ചുക്കും അറിയാത്ത ഒട്ടേറെപ്പേർ നാട്ടിലുണ്ട്.

ലോകത്ത് എവിടെ, എന്തു നടന്നാലും അതു സംബന്ധിച്ചു നയവും നിലപാടും സ്വീകരിക്കാൻ കെപിസിസി ബാധ്യസ്ഥമാണ്. അതുകൊണ്ട് ഇത്രയും ഭാരവാഹികളെക്കൊണ്ടൊന്നും പണി നടത്താൻ പറ്റില്ല. ജനറൽ സെക്രട്ടറിമാർക്കു മൂന്നോ നാലോ രാജ്യങ്ങളുടെ ചുമതല കൊടുക്കാം. ഇവർ ദിവസം 24 മണിക്കൂർ, ആഴ്ചയിൽ 7 ദിവസം, വർഷത്തിൽ 365 ദിവസം അധ്വാനിച്ചാലും അതിലപ്പുറമൊന്നും നോക്കാനാവില്ല. അക്കണക്കിനു നോക്കിയാൽ 34 അല്ല, മുപ്പത്തിമുക്കോടി ജനറൽ സെക്രട്ടറിമാർ ഉണ്ടായാലും കെപിസിസിക്കു കാര്യക്ഷമമായി പ്രവർത്തിക്കാനാവില്ല. 

വൈസ് പ്രസിഡന്റുമാരുടെ എണ്ണം 12ൽ ഒതുക്കിയതു കഷ്ടമായിപ്പോയി. രണ്ടാംഘട്ട പട്ടികവികസനത്തിൽ ഇക്കാര്യം ഹൈക്കമാൻഡ് പരിഗണിക്കുമെന്നു ന്യായമായും പ്രതീക്ഷിക്കാം. കൂടുതൽ വൈസ് പ്രസിഡന്റുമാരെ വച്ചില്ലെങ്കിലും കുറെപ്പേർക്കു വൈസ് പ്രസിഡന്റിന്റെ റാങ്ക് നൽകിയാൽ മതി. തിരഞ്ഞെടുപ്പിൽ തോറ്റയാൾക്കു കാബിനറ്റ് റാങ്ക് നൽകാൻ സർക്കാരിനു മടിയില്ലെങ്കിൽ, കെപിസിസി മാത്രം വേറിട്ടു ചിന്തിക്കേണ്ട കാര്യമില്ല.

കോൺഗ്രസ് വെറുമൊരു രാഷ്ട്രീയപ്പാർട്ടിയല്ല. സമൂഹത്തിന്റെ സമസ്ത മേഖലയിലും സജീവമായി ഇടപെടുന്നതാണു പാർട്ടിയുടെ ശൈലി. സാഹിത്യം, സിനിമ, നാടകം, നാടൻകലകൾ എന്നിവയിലെല്ലാം കെപിസിസിയുടെ ഒരു കണ്ണുണ്ടാകും. കെപിസിസിക്കു പലപല സെല്ലുകൾ ആവശ്യമാണ്. ഓട്ടൻതുള്ളൽ, ചവിട്ടുനാടകം, തെയ്യം, തിറ, പൊറാട്ടുനാടകം തുടങ്ങിയവയ്ക്കെല്ലാം പ്രത്യേകം സെല്ലുകൾ ആവശ്യമാണ്. അതുകൊണ്ടു സെക്രട്ടറിമാരുടെ എണ്ണം എത്രയായാലും അധികമാവില്ല. അതിനുമാത്രം ആളുകൾ പാർട്ടിയിൽ ഇല്ലെങ്കിൽ മറ്റു പാർട്ടികളിൽ‍നിന്നു ഡപ്യൂട്ടേഷൻ വഴി നിയമനം നടത്തുന്നതിൽ തെറ്റില്ല.

കോൺഗ്രസിൽ ആർക്കും പൗരത്വം നിഷേധിക്കുന്ന പതിവില്ല. അതുകൊണ്ടാണ് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചയാൾ ഭാരവാഹിപ്പട്ടികയിൽ ഇടംപിടിച്ചത്. കെ.മുരളീധരന് ഇക്കാര്യം അറിയാത്തതല്ല. കോൺഗ്രസ് പൗരത്വം ഉപേക്ഷിച്ചു ഡിഐസി പൗരത്വവും പിന്നീട് എൻസിപി പൗരത്വവും സ്വീകരിച്ച മുരളിയേട്ടൻ വീണ്ടും കോൺഗ്രസ് പൗരനാകാൻ അപേക്ഷ നൽകിയപ്പോൾ കെപിസിസിയോ ഹൈക്കമാൻഡോ ഒരു ചോദ്യവും ഉന്നയിച്ചില്ല. പൗരത്വം തെളിയിക്കാനുള്ള ഒരു രേഖയും പരിശോധിക്കാതെയാണ് അദ്ദേഹത്തിനു പൗരത്വം നൽകിയത്. ഈയിടെയായി അദ്ദേഹത്തിന് ഓർമക്കുറവിന്റെ അസുഖം ബാധിച്ചിട്ടുണ്ടെന്നാണു തോന്നുന്നത്.

കോൺഗ്രസ് കാർട്ടോഗ്രഫി

മാപ് നിർമാണത്തിൽ ഇത്രയും വിദഗ്ധർ യുഡിഎഫിൽ ഉണ്ടെന്ന് ഇപ്പോഴാണു ബോധ്യപ്പെട്ടത്. രക്തസാക്ഷിത്വ ദിനത്തിൽ 12 ജില്ലകളിലും അവർ ഇന്ത്യയുടെ ഭൂപടം നിർമിച്ചതു കിറുകൃത്യമായിട്ടാണ്. അക്ഷാംശം, രേഖാംശം എല്ലാം കണക്കിനു തുല്യം. ലോകഭൂപടമാണു നിർമിച്ചിരുന്നതെങ്കിൽ അച്ചുതണ്ട്, ഉത്തരധ്രുവം, ദക്ഷിണധ്രുവം, ഭൂമധ്യരേഖ എന്നിവയെല്ലാം ഒരുക്കുമായിരുന്നു എന്നാണ് പരിപാടിയുടെ മുഖ്യസംഘാടകരും പ്രശസ്ത പര്യവേക്ഷകരുമായ ചോമ്പാൽ ഗാന്ധി മുല്ലപ്പള്ളിയും യുഡിഎഫ് കൺവീനർ ബെന്നി ബഹനാനും അവകാശപ്പെടുന്നത്. ഉത്തരധ്രുവത്തിൽ വേണമെങ്കിൽ പെൻഗ്വിനുകളെയും ഹിമക്കരടികളെയും അണിനിരത്താനും യുഡിഎഫിന്റെ കലാസംവിധാന വിഭാഗം സർവസജ്ജമായിരുന്നു. രംഗപടം തയാറാക്കാൻ ആർട്ടിസ്റ്റ് സുജാതൻ മാഷെ പാലോട് രവി തയാറാക്കി നിർത്തിയിരുന്നതാണ്. ഭൂപടം ഇന്ത്യയുടേതായതു കൊണ്ട് അതൊന്നും വേണ്ടിവന്നില്ല.

ഇന്ത്യയുടെ മാപ്പിന്റെ രൂപരേഖ വരച്ചതു ബെന്നിസാർ ആണ്. അദ്ദേഹം ജനിച്ചതു മൂന്നുനാലു നൂറ്റാണ്ടു മുൻപായിരുന്നെങ്കിൽ തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങൾ സർവേ ചെയ്ത ലഫ്. ബി.എസ്.വാർഡ്, ലഫ്. പി.ഇ.കോണർ എന്നിവരെപ്പോലെ സർവേ വിദഗ്ധനാകുമായിരുന്നു. അതല്ലെങ്കിൽ സർവേയർ ജനറൽ ഓഫ് ഇന്ത്യയുടെ ഡയറക്ടറായിരുന്ന സർ ജോർജ് എവറസ്റ്റിനെപ്പോലെ പ്രസിദ്ധനാകുമായിരുന്നു. അങ്ങനെയെങ്കിൽ എവറസ്റ്റ് കൊടുമുടിയുടെ പേര് മൗണ്ട് ബഹനാൻ എന്നാകുമായിരുന്നില്ലെന്നാരു കണ്ടു? 

കാർട്ടോഗ്രഫി (ഭൂപട നിർമാണം) 50% ശാസ്ത്രവും 50% കലയുമാണ്. ഇതിൽ വൈദഗ്ധ്യമുള്ളവർ കേരളത്തിലെന്നല്ല, ലോകത്തുതന്നെ വിരളമാണ്. അത്തരമൊരു സാങ്കേതികവിദ്യയിലാണ് യുഡിഎഫ് കൺവീനർ പ്രാഗല്ഭ്യം തെളിയിച്ചത്. അതു പരിഗണിച്ചെങ്കിലും അദ്ദേഹത്തെ നടപ്പു തസ്തികയിൽ തുടരാൻ ഹൈക്കമാൻഡ് അനുവദിക്കുമെന്നു കരുതാം.

വായനയുടെ പ്രസക്തി 

വായിക്കുമോ വായിക്കില്ലേ എന്നതായിരുന്നു കുറച്ചുനാളായി ഭൂമിമലയാളത്തിലെ മുഴുവൻ പ്രജകളുടെയും ആശങ്ക. വായിച്ചാലെന്ത്, വായിച്ചില്ലെങ്കിലെന്ത് എന്നു ചോദിച്ചവരെ അപ്പാടെ കേരളത്തോടു കൂറില്ലാത്തവരായി ചിത്രീകരിക്കാൻ സ്വദേശാഭിമാനികൾ മത്സരിക്കുകയായിരുന്നു. പറഞ്ഞുവരുന്നത് നയപ്രഖ്യാപന പ്രസംഗത്തിലെ 18–ാം ഖണ്ഡികയുടെ കാര്യംതന്നെ. ഒടുവിൽ ഗവർണർ അതു വായിച്ചു. കേന്ദ്ര സർക്കാർ അതുകേട്ടു ഞെട്ടിവിറച്ചു. 

ഡൽഹി ദർബാറിന്റെ ആരൂഢം തന്നെ ഇളകിയെന്നും മോദിജിയും അമിത് ഷാജിയും ഞെട്ടിവിറച്ചെന്നുമാണ് ഞങ്ങളുടെ പ്രത്യേക ലേഖകന്റെ റിപ്പോർട്ട്. വായിച്ച ഖണ്ഡികയോടു ഗവർണർ വിയോജിപ്പു രേഖപ്പെടുത്തിയെന്നു കേട്ടപ്പോഴാണ് അവർക്കു അൽപസ്വൽപം സമാധാനമായത്. പ്രസംഗത്തിലെ 18–ാം ഖണ്ഡിക വക്കും മൂലയും പൊട്ടാതെ, തട്ടും തടവുമില്ലാതെ ഗവർണർ വായിച്ചതോടെ പൗരത്വ നിയമ ഭേദഗതി അസാധുവായെന്നാണു ഭരണഘടനാ വിദഗ്ധർ പറയുന്നത്. സംഗതി സത്യമാണെങ്കിൽ മുഖ്യമന്ത്രിക്കു തലപ്പൊക്കമുള്ള ഏതെങ്കിലും ബഹുമതികൾ നൽകേണ്ടത് അനിവാര്യമാണ്.

സ്റ്റോപ് പ്രസ്: ഗവർണറെ നേർവഴി കാണിക്കാൻ അറിയാമെന്ന് എം.വി. ഗോവിന്ദൻ.

ഗൂഗിൾ മാപ്പിനു പകരം, ഗോവിന്ദൻ മാപ് എന്നൊരു ഭൂപടം നോക്കിയാണ് ഇപ്പോൾ ഗവർണറുടെ സഞ്ചാരം.

English Summary: Congress politics, KPCC revamp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com