വരുമാനമാണ് ലഹരി; ഖജനാവ് നിറയ്ക്കാൻ സർക്കാരിനു മദ്യവും ലോട്ടറിയും

liquor
SHARE

2018ലെ പ്രളയം കഴിഞ്ഞപ്പോൾ റോഡുകൾ നന്നാക്കാനും ഇരകൾക്ക് അടിയന്തര നഷ്ടപരിഹാരം എത്തിക്കാനുമൊക്കെയായി പണം സമാഹരിക്കാൻ സർക്കാർ ഒരു വഴി കണ്ടുപിടിച്ചു. 100 ദിവസത്തേക്കു മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടിയിൽ നേരിയ വർധന വരുത്തുക; അതുവഴി 200 കോടി സമാഹരിക്കുക.

അങ്ങനെ ഓഗസ്റ്റ് 16 മുതൽ നവംബർ 30 വരെ സംസ്ഥാനത്തു വിറ്റ ഓരോ മദ്യക്കുപ്പിക്കും അര ശതമാനം മുതൽ മൂന്നര ശതമാനം വരെ അധികം എക്സൈസ് ഡ്യൂട്ടി പിരിച്ചു. ഒടുവിൽ വരുമാനക്കണക്ക് തിട്ടപ്പെടുത്തിയപ്പോൾ ധനവകുപ്പു തന്നെ ഞെട്ടിപ്പോയി. 200 കോടി അധിക വരുമാനം പ്രതീക്ഷിച്ചിടത്ത് ഇതാ കിട്ടിയിരിക്കുന്നു 309 കോടി! എന്നാൽ, നവകേരള നിർമാണം ലക്ഷ്യമിട്ടു വിപണിയിലിറക്കിയ നവകേരള ലോട്ടറി വേണ്ടത്ര തുണച്ചില്ല. 225 കോടി കിട്ടുമെന്നു വിചാരിച്ചെങ്കിലും സമ്മാനഘടന ആകർഷകമല്ലാത്തതിനാൽ ടിക്കറ്റ് വിൽപന ഇടിഞ്ഞു. കിട്ടിയത് 40 കോടി. 

 ബില്ലിൽ 212%; ശരിക്കുള്ള  നികുതി അതുക്കും മേലെ

എപ്പോൾ ഖജനാവിലേക്കുള്ള വരുമാനം കൂട്ടണമെന്നു സർക്കാരിനു തോന്നുന്നോ അപ്പോൾ ചെയ്യുന്ന രണ്ട് ഏർപ്പാടുകളാണ് മദ്യത്തിനും ലോട്ടറിക്കും വില കൂട്ടുക എന്നത്. ഇൗ രണ്ടുതരം ‘ലഹരിയോടും’ താൽപര്യമുള്ള ജനങ്ങളുടെ പോക്കറ്റിലാണ് മാറിമാറി വരുന്ന സർക്കാരുകളെല്ലാം കയ്യിട്ടു വാരുന്നത്. മദ്യത്തിനു വില കൂട്ടിയാൽ ആരും ചോദിക്കില്ലല്ലോ! ചോദിച്ചാൽ, വില കൂട്ടുന്നതു വഴി മദ്യപാനം കുറയുമല്ലോ എന്ന ന്യായം സർക്കാർ പറയും. അതേ സർക്കാർതന്നെ ഒരു മാസം ഒന്നെന്ന കണക്കിൽ മുക്കിനു മുക്കിനു ബാറുകൾ തുറന്നുകൊടുക്കുകയും ചെയ്യുന്നു. അതു ചോദ്യം ചെയ്യുമ്പോൾ കിട്ടുന്ന ഉത്തരം ഇതാണ്: ‘‘മദ്യനിരോധനമല്ല, മദ്യവർജനമാണു നമ്മുടെ നയം.’’

‌മദ്യം വാങ്ങുന്നവർ ബില്ലിലേക്കു നോക്കുക. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് 212%, ബീയറിന് 102%, വിദേശനിർമിത വിദേശമദ്യത്തിന് 80% എന്നിങ്ങനെയാണു നികുതി നിരക്ക്. വിലയുടെ രണ്ടിരട്ടിയാണു വിദേശമദ്യത്തിന്റെ നികുതിയെങ്കിലും പലരും അറിയാത്ത കണക്ക് വേറെയുണ്ട്. ബവ്റിജസ് കോർപറേഷൻ മദ്യക്കമ്പനികളിൽനിന്നു വാങ്ങുന്ന വിലയ്ക്കുമേൽ നികുതി, എക്സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ്, ലാഭം, പ്രവർത്തനച്ചെലവ് എന്നിവയൊക്കെ ചുമത്തിയ ശേഷമാണ് ഷോപ്പുകളിൽ വിൽപനയ്ക്കു വയ്ക്കുന്നത്. അടിക്കടി നികുതി കൂട്ടുന്നുണ്ടെങ്കിലും വിൽപന ഓരോ വർഷവും റെക്കോർഡിട്ടു മുന്നേറുകയാണ്. ലഹരി വിറ്റു കിട്ടുന്ന പണത്തിന്റെ ഒരു വിഹിതം ലഹരി നിർമാർജനത്തിനായി ചെലവിടുന്നുവെന്നു സർക്കാർ ന്യായം പറയുന്നുണ്ട്. 

 ജനസംഖ്യയുടെ മൂന്നിലൊന്നും  ‘ഭാഗ്യദേവത’യ്ക്കു പിന്നാലെ 

ഞെട്ടിക്കുന്ന മറ്റൊരു കണക്കു കേൾക്കൂ. ഒരുദിവസം സംസ്ഥാനത്ത് ഒന്നേകാൽ കോടിയോളം ടിക്കറ്റുകൾ വിറ്റു പോകുന്നുണ്ടെന്നാണ് ലോട്ടറി വകുപ്പിന്റെ കണക്ക്. അതായത്, ജനസംഖ്യയുടെ മൂന്നിലൊന്നു പേർ ദിവസവും ടിക്കറ്റെടുക്കുന്നു. എന്നാൽ, ഇതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു കണക്ക് കാണാതെ പോകരുത്. സംസ്ഥാനത്തു ലക്ഷക്കണക്കിനു പേരാണ് പത്തോ പന്ത്രണ്ടോ സീരീസുകൾ ചേർത്ത് ഒരുമിച്ചു ടിക്കറ്റെടുക്കുന്നത്. ആ നമ്പറിനെങ്ങാനും ഒന്നാം സമ്മാനം അടിച്ചാൽ സീരീസ് മാറിപ്പോയി നിർഭാഗ്യവാനാകാതിരിക്കാനാണ് എല്ലാ സീരീസിലെ ടിക്കറ്റും മൊത്തമായി വാങ്ങുന്നത്. 30 രൂപയുടെ 12 ടിക്കറ്റുകളെടുക്കുമ്പോൾ 360 രൂപയാണു ചെലവ്. 

സർക്കാർ‌ എത്ര ടിക്കറ്റ് അച്ചടിച്ചാലും ജനം വാങ്ങും. സർക്കാർ എത്ര കുപ്പി നിരത്തിവച്ചാലും ജനം വാങ്ങിക്കുടിക്കും. 10 വർഷം കൊണ്ട് മദ്യത്തിൽനിന്നുള്ള വാർഷിക വരുമാനം 5,539 കോടിയിൽനിന്ന് 14,504 കോടിയായി ഉയർന്നു. 8,965 കോടിയുടെ വർധന. മറ്റന്നാൾ ബജറ്റിൽ വീണ്ടും മദ്യനികുതി കൂട്ടുമെന്ന പ്രഖ്യാപനത്തിനായി നമുക്കു കാത്തിരിക്കാം!  

കിഫ്ബി തുണയ്ക്കുമോ? 

പാലങ്ങളും റോഡുകളുമൊക്കെ പണിയാൻ ബജറ്റിൽ പണം ബാക്കിയില്ലെന്ന ഗുരുതരാവസ്ഥയിൽ നിന്നാണ് കിഫ്ബിയെക്കുറിച്ച് സർക്കാർ ആലോചിച്ചത്. ഒരു വർഷം 25,000 കോടിക്കപ്പുറം കടമെടുക്കാൻ സംസ്ഥാന സർക്കാരിനാവില്ല. എന്നാൽ, കിഫ്ബിക്ക് കടമെടുക്കുന്നതിനു പരിധിയില്ല. തുടക്കത്തിലെ ആരോപണങ്ങളെല്ലാം കെട്ടടങ്ങി കിഫ്ബി പദ്ധതികൾ യാഥാർഥ്യത്തിലേക്കു നീങ്ങുകയാണിപ്പോൾ. സംസ്ഥാന സർക്കാർ വകുപ്പുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും കീഴിലെ കരാറുകാർ കുടിശിക കിട്ടാതെ വിയർക്കുമ്പോൾ കിഫ്ബിയിലെ പദ്ധതികൾ ഏറ്റെടുത്ത കരാറുകാർക്ക് ഇൗ ബുദ്ധിമുട്ടില്ല. 

ഒരു ലീറ്ററിന് ഒരു രൂപ നിരക്കിൽ ഇന്ധന സെസ്, ഒറ്റത്തവണ റോഡ് നികുതിയുടെ പകുതി, വായ്പകൾ, മസാല ബോണ്ട് തുടങ്ങിയവയാണ് കിഫ്ബിയിലേക്കുളള വരുമാനം. ഭാവിയിൽ ഇന്ധന സെസും മോട്ടർവാഹന നികുതി വരുമാനവും കൊണ്ടു മാത്രം ഇപ്പോൾ കടമെടുക്കുന്ന 50,000 കോടി രൂപയും തിരിച്ചടയ്ക്കാമെന്നാണ് മന്ത്രി തോമസ് ഐസക് നൽകുന്ന ഉറപ്പ്. 

അതു ശരിയാകുമോ എന്നു കാലം തെളിയിക്കും. ശരിയെങ്കിൽ, ‘സിയാൽ’ പോലെ വലിയൊരു വികസന മാതൃകയായി കിഫ്ബി എക്കാലവും അറിയപ്പെടും. ഇല്ലെങ്കിൽ, കേരളത്തെ കരകയറാനാകാത്ത കടക്കെണിയിലേക്കു തള്ളിയിട്ട പരിഷ്കാരമായി കിഫ്ബിയെ ജനം ഓർത്തുവയ്ക്കും.

മന്ത്രിമാർ ചെലവു ചുരുക്കി മാതൃകയാകണം: ജി. വിജയരാഘവൻ 

(സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗം)

വികസന പദ്ധതികൾക്കല്ലാതെയുള്ള പണം ചെലവിടലിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയാണു സർക്കാർ ആദ്യം ചെയ്യേണ്ടത്. വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതു നിർത്തണം. സർക്കാർ ചെലവു ചുരുക്കുന്നുണ്ടെന്ന സന്ദേശം ഭരണകർത്താക്കളിൽ നിന്നുതന്നെ ആദ്യം വരണം.

അതിനു ചില തസ്തികകൾ വെട്ടിക്കുറച്ചതു കൊണ്ടു മാത്രം കാര്യമില്ല. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ എണ്ണം എന്തുകൊണ്ടു കുറയ്ക്കുന്നില്ല? കേന്ദ്രമന്ത്രിക്ക് 11 പഴ്സനൽ സ്റ്റാഫേയുള്ളൂ. ഇവിടെ ഒരു മന്ത്രിക്ക് 32 സ്റ്റാഫ്. ഇത് 20 ആയെങ്കിലും കുറയ്ക്കേണ്ടതല്ലേ? പൂർത്തിയാക്കിയ പദ്ധതികൾക്കു കീഴിലുള്ള ജീവനക്കാരെ പുനർവിന്യസിക്കണം. കേന്ദ്ര സർക്കാരിന്റെ അതേ ശമ്പളം സംസ്ഥാന സർക്കാർ ജീവനക്കാർക്കും നൽകണം. എന്നിട്ട് സംസ്ഥാനത്തു ശമ്പള കമ്മിഷൻ വേണ്ടെന്നു വയ്ക്കാം. ക്ഷേമനിധി ബോർഡുകളെയെല്ലാം ഒറ്റ ബോർഡിനു കീഴിലാക്കണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA