ADVERTISEMENT

ചെലവിന് ഒരു നിയന്ത്രണവുമില്ലാതെവകുപ്പുകൾ മത്സരിച്ചു മുന്നേറുമ്പോൾ ധനമന്ത്രി ഒരു പരിധിവരെ മൗനത്തിലാണ്. കാർ വാങ്ങലിനു നിയന്ത്രണംഏർപ്പെടുത്തിയിട്ടും എത്രയോ വകുപ്പുകൾ ഇപ്പോഴും അവ വാങ്ങിക്കൂട്ടുന്നു....

ധനമന്ത്രിമാർക്ക് ഒരു പ്രത്യേകതയുണ്ട്. ചിലപ്പോൾ മുഖ്യമന്ത്രിമാർക്കു മുകളിൽ അവർ സൂപ്പർ മുഖ്യമന്ത്രിമാരാകും. വരവിനെക്കാൾ ചെലവേറുമ്പോൾ വകുപ്പുകളിൽ നിന്നെത്തുന്ന പണച്ചെലവുള്ള ഫയലുകൾ ധനമന്ത്രി വെട്ടും. അല്ലെങ്കിൽ പിടിച്ചുവയ്ക്കും. ഫലത്തിൽ മറ്റു വകുപ്പുകളുടെ തന്നെ പ്രവർത്തനങ്ങൾക്കു മേലുള്ള നിയന്ത്രണമാകും അത്. അതോടെ ഫയൽ അയച്ച മന്ത്രി പരാതിയുമായി മുഖ്യമന്ത്രിക്കു മുന്നിലെത്തും. ഫയൽ പാസാക്കി വിടാൻ മുഖ്യമന്ത്രി ധനമന്ത്രിയോട് ആവശ്യപ്പെടും. അത്തരം നിർദേശത്തിനു വഴങ്ങിയ ധനമന്ത്രിമാരെയും വഴങ്ങാത്തവരെയും കേരളം കണ്ടിട്ടുണ്ട്. വഴങ്ങാത്ത സംഭവങ്ങൾ സംസ്ഥാനത്തു വിവാദം അഴിച്ചുവിടുകയും ചെയ്തിട്ടുണ്ട്. വിഎസ് സർക്കാരിന്റെ കാലത്ത് ഇതുപോലെ കണിശക്കാരനായിരുന്ന മന്ത്രി തോമസ് ഐസക്കിനെയല്ല, ഇപ്പോൾ കേരളം കാണുന്നത്.

കാറുകൾ വാങ്ങിയും അടിക്കടി വിദേശയാത്രകൾ നടത്തിയും അനാവശ്യ തസ്തികകൾ സൃഷ്ടിച്ചും ചെലവിന് ഒരു നിയന്ത്രണവുമില്ലാതെ വകുപ്പുകൾ മത്സരിച്ചു മുന്നേറുമ്പോൾ ധനമന്ത്രി ഒരു പരിധിവരെ മൗനത്തിലാണ്. കാർ വാങ്ങലിനു നിയന്ത്രണമേർപ്പെടുത്തിയിട്ടും എത്രയോ വകുപ്പുകൾ ഇപ്പോഴും അവ വാങ്ങിക്കൂട്ടുന്നു. എല്ലാ സർക്കാർ ഓഫിസുകളുടെയും പ്രവർത്തനം ഇ - ഓഫിസ് സംവിധാനത്തിലേക്കു മാറുന്നുവെങ്കിലും എത്ര തസ്തിക ഉപേക്ഷിക്കണം എന്നൊരു പഠനം പോലും ഇതുവരെ നടന്നിട്ടില്ല.

തകർക്കാൻ  കഴിയാത്ത തസ്തികകൾ

പണ്ട് റവന്യു വകുപ്പിൽ ഭവനവായ്പ നൽകുന്നതിനായി മിഡിൽ ഇൻകം ഹൗസിങ് സ്കീം, ലോ ഇൻകം ഹൗസിങ് സ്കീം എന്നിങ്ങനെ രണ്ടു പദ്ധതികളുണ്ടായിരുന്നു. ഇൗ വായ്പകൾ വിതരണം ചെയ്യാൻ ഓരോ ജില്ലയിലും ഓരോ ഡപ്യൂട്ടി തഹസിൽദാർമാർ, ഹൗസിങ് തഹസിൽദാർമാർ. അതിനു മുകളിൽ ഹൗസിങ് ഡപ്യൂട്ടി കലക്ടർ. പിൽക്കാലത്ത് ഇൗ വായ്പാ പദ്ധതി സർക്കാർ ഉപേക്ഷിച്ചു. തിരിച്ചടയ്ക്കാത്ത വായ്പകൾ കഴിഞ്ഞ വിഎസ് സർക്കാരിന്റെ കാലത്ത് എഴുതിത്തള്ളുകയും ചെയ്തു. എന്നാൽ, ഒന്നു മാത്രം ഇപ്പോഴും ബാക്കിയുണ്ട്. അന്നു സൃഷ്ടിച്ച ആ ഹൗസിങ് തസ്തികകൾ. അവ ഇല്ലാതാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വകുപ്പിന്റെ സമ്മർദം കാരണം നടന്നിട്ടില്ല.

ദുരന്തനിവാരണത്തിനായി എല്ലാ ജില്ലകളിലും ഡപ്യൂട്ടി കലക്ടർമാരെ നിയമിക്കണമെന്ന കേന്ദ്ര നിർദേശം വന്നപ്പോൾ സർക്കാർ ആദ്യം ചെയ്തത് ഇൗ പണിയില്ലാതിരിക്കുന്ന ഡ‍പ്യൂട്ടി കലക്ടർമാരെ ദുരന്തനിവാരണച്ചുമതല ഏൽപിക്കുകയാണ്. അങ്ങനെ തസ്തിക സൃഷ്ടിക്കൽ ഒഴിവാക്കാമെന്നു സർക്കാർ പദ്ധതിയിട്ടെങ്കിലും ഫലമുണ്ടായില്ല. തസ്തിക വേണ്ടെന്നു വയ്ക്കുന്നതും പുനർവിന്യസിക്കുന്നതുമായ ഒരു നിർദേശവും കേരളത്തിൽ നടക്കില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.ദേശീയപാതയ്ക്കും സർക്കാരിന്റെ മറ്റു വികസന പദ്ധതികൾക്കുമായി ഭൂമി ഏറ്റെടുക്കാൻ വർഷങ്ങൾക്കു മുൻപ് ആരംഭിച്ച, റവന്യു വകുപ്പിനു കീഴിലെ ഭൂമി ഏറ്റെടുക്കൽ വിഭാഗങ്ങളും സൃഷ്ടിച്ച തസ്തികകളും ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു. പദ്ധതി പൂർത്തിയായാലും തസ്തികകൾ അനക്കമില്ലാതെ നിൽക്കും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ ഏതാനും സിവിൽ കേസുകളുടെ നടത്തിപ്പിനെന്ന പേരിലാണ് ഇൗ തസ്തികകൾ നിലനിർത്തുന്നത്. ഇവയുടെ കാലാവധി ഓരോ വർഷവും നീട്ടിക്കൊടുക്കലാണ് ധനവകുപ്പിന്റെ മുഖ്യ ജോലികളിലൊന്ന്. 

സർക്കാരിനു കാറെത്ര? ആർക്കറിയാം!

കഴിഞ്ഞ 4 വർഷമായി എല്ലാ നിയമസഭാ സമ്മേളനങ്ങളിലും എംഎൽഎമാർ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്: ‘‘സർക്കാരിന്റെ ഉടമസ്ഥതയിൽ എത്ര വാഹനങ്ങളാണ് ഇപ്പോഴുള്ളത്?’’ ആ ചോദ്യങ്ങൾക്കെല്ലാം നാളിതുവരെ ഒരു മറുപടിയേ സർക്കാർ നൽകിയിട്ടുള്ളൂ – ‘‘വിവരം ശേഖരിച്ചു വരുന്നു.’’ എത്ര ശേഖരിച്ചിട്ടും പൂർത്തിയാക്കാൻ കഴിയാതിരുന്ന ഇൗ കണക്കെടുപ്പിന്റെ ഫലം ബജറ്റിൽ മന്ത്രി പ്രഖ്യാപിക്കുമെന്നാണു വിവരം. കണക്കെടുപ്പ് അങ്ങനെ പൂർത്തിയായി.

വാഹന ഉപയോഗം നിയന്ത്രിക്കാനായി കഴിഞ്ഞ 2 വർഷത്തിനിടെ 3 ഉത്തരവുകളാണു ധനവകുപ്പു പുറത്തിറക്കിയത്. എന്നാൽ, ഉപയോഗവും വാങ്ങലും പൂർണമായി നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. പൊലീസ്, ഫയർഫോഴ്സ്, മോട്ടർ വാഹന വകുപ്പ്, ജിഎസ്ടി തുടങ്ങിയ എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾക്ക് ഒഴികെ ഇനി സ്വന്തമായി കാർ പാടില്ലെന്ന തീരുമാനത്തിലേക്കാണു സർക്കാർ പോകുന്നത്. അപ്പോൾ ഒരു ചോദ്യം ബാക്കി: ഇപ്പോഴുള്ള ഡ്രൈവർമാരെ എന്തു ചെയ്യും?

20 മന്ത്രിമാർക്ക് 480 പഴ്സനൽ സ്റ്റാഫ്!

ഇൗ സർക്കാർ 4 വർഷം പൂർത്തിയാക്കാൻ ഇനി 3 മാസങ്ങൾ മാത്രമേയുള്ളൂ. എന്നാൽ, മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് നിയമനം ഇപ്പോഴും തുടരുകയാണ്. വേണ്ടപ്പെട്ടവരെയൊക്കെ ഉൗഴംവച്ച് സ്റ്റാഫാക്കി ഒരു ‘വഴിക്കെത്തിക്കാൻ’ പാടുപെടുന്ന മന്ത്രിമാർ, പഴ്സനൽ സ്റ്റാഫിന്റെ ശമ്പളത്തിനായി ഖജനാവിൽനിന്നു ചെലവിടുന്നത് പ്രതിമാസം 2 കോടി രൂപയാണ്. 20 മന്ത്രിമാർക്കായി 480 പഴ്സനൽ സ്റ്റാഫുണ്ടിപ്പോൾ. ഒരാൾക്കു ശരാശരി 24 പേർ വീതം. ഏറ്റവും ഒടുവിലെത്തിയ മന്ത്രി കെ.കൃഷ്ണൻകുട്ടിക്കാണ് ഏറ്റവുമധികം സ്റ്റാഫ്: 26 പേർ. ഏറ്റവും കുറവ് മന്ത്രി എം. എം. മണിക്ക്: 20 പേർ.

നികുതിയിതര വരുമാനം കൂട്ടുക, രക്ഷപ്പെടും ഡോ. മേരി ജോർജ് (സാമ്പത്തിക വിദഗ്ധ)

കഴിയുന്ന മാർഗങ്ങളിലൂടെയൊക്കെ വരുമാനം വർധിപ്പിക്കാനാണു സർക്കാർ‌ ഇപ്പോൾ ശ്രമിക്കേണ്ടത്. ജിഎസ്ടി നടപ്പാക്കിയതോടെ പ്രധാന വരുമാന സ്രോതസ്സായ നികുതിക്കുമേൽ സംസ്ഥാന സർക്കാരിനു നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും നികുതിയിതര വരുമാനമാർഗങ്ങൾ ഏറെയുണ്ട്. വികസിത, വികസ്വര രാജ്യങ്ങളിൽ റവന്യു വരുമാനത്തിന്റെ 40 ശതമാനവും വരുന്നത് നികുതിയിതര മാർഗങ്ങളിൽനിന്നാണ്. എന്നാൽ, കേരളത്തിൽ ഇതു 10 മുതൽ 12% വരെ മാത്രമാണ്. 

വരുമാന വർധനയ്ക്കു ചില മാർഗങ്ങൾ പറയാം. സർക്കാർ, എയ്ഡഡ് മെഡിക്കൽ കോളജുകളിൽ 25,000 രൂപയാണിപ്പോൾ ഫീസ്. നിർധനർ ഒഴിച്ചുള്ളവരുടെ ഫീസ് അൽപം കൂട്ടാം. 1700 അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നതായി ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരിൽനിന്നു വലിയ പിഴ ഇൗടാക്കാം. ഭൂനികുതി അടക്കം കേരളത്തിൽ പതിറ്റാണ്ടുകളായി മാറ്റാത്ത നിരക്കുകളുണ്ട്. അവ കൂട്ടാം. മോട്ടർവാഹന കുറ്റങ്ങൾക്കു കേന്ദ്ര സർക്കാർ നിശ്ചയിച്ച പിഴകൾ അതുപോലെ നടപ്പാക്കാം. സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പുതുതലമുറ കോഴ്സുകൾ കൊണ്ടുവന്ന് ഫീസ് നിരക്കു വർധിപ്പിക്കാം.

താറുമാറായി പദ്ധതിച്ചെലവ്

നാളെ പുതിയ ബജറ്റുമായി മന്ത്രി തോമസ് ഐസക് എത്തുകയാണല്ലോ. കഴിഞ്ഞ ബജറ്റിൽ നീക്കിവച്ച പദ്ധതി വിഹിതത്തിൽ എത്രമാത്രം ചെലവിട്ടെന്നു പരിശോധിക്കാം. 39,782 കോടിയുടെ പദ്ധതികളായിരുന്നു  കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഇതിൽ  ചെലവിട്ടത് വെറും 55% മാത്രം. അതായത്  21,880 കോടി. ഇനി ചെലവിടാനുള്ളത് 17,902 കോടി. പദ്ധതിവിഹിതത്തിൽ 30% വെട്ടിക്കുറയ്ക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞതിനാൽ, 17,902  കോടിയും ചെലവിടേണ്ടി വരില്ലെന്നതു വേറെ. സർക്കാർ ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികൾ ഇങ്ങനെയാണു നാട്ടിൽ നടപ്പാക്കുന്നത്. ആഘോഷമായി പ്രഖ്യാപിക്കും. പിന്നീടു വെട്ടിക്കുറയ്ക്കും. വെട്ടിക്കുറച്ചതിനു ശേഷമുള്ള തുക പോലും മുഴുവൻ ചെലവഴിക്കില്ല.

ഒരു കാര്യത്തിൽ ഇനി സമാധാനിക്കാം. നാളെ മന്ത്രി അവതരിപ്പിക്കുന്ന ബജറ്റിൽ പദ്ധതിവിഹിതം വർധിപ്പിക്കുന്ന സ്ഥിരം ഏർപ്പാട് ഒന്നു മാറ്റിപ്പിടിക്കുമെന്നാണു കേൾവി. പദ്ധതിവിഹിതത്തിൽ 5000 കോടിയുടെയെങ്കിലും കുറവുണ്ടാകുമെന്നാണു സൂചനകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com