ADVERTISEMENT

പൗരത്വനിയമത്തെ കേരളത്തിലെ ഇടതുവലതു മുന്നണികൾ ശക്തമായി എതിർത്തതോടെ, ഈയിടെ സംഘപരിവാറിൽനിന്ന് അസാധാരണ നീക്കമുണ്ടായി. പ്രതിരോധം ബിജെപിയിൽനിന്ന് ആർഎസ്എസ് ഏറ്റെടുത്തു. ഇപ്പോൾ കേരളമാകെ ജനജാഗ്രതാ സദസ്സുകൾ സംഘടിപ്പിച്ചുവരുന്നത് ആർഎസ്എസ് നേരിട്ടാണ്. രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടുന്നതിലും പരസ്യമായി അഭിപ്രായം പറയുന്നതിലുംനിന്നു വിട്ടുനിൽക്കുന്ന രീതിയും ഇക്കാര്യത്തിൽ അവർ ഉപേക്ഷിച്ചു. വലിയ പങ്ക് ജനജാഗ്രതാ സദസ്സുകളിലും ആർഎസ്എസിലെ പ്രമുഖരാണു സംസാരിക്കുന്നത്. ഇന്ത്യക്കാരായ മുസ്‌ലിംകളെ നിയമം ബാധിക്കില്ല എന്നതാണു ബിജെപിയുടെ ന്യായമെങ്കിൽ, മുസ്‌ലിംകളെ എന്തുകൊണ്ടു പുറത്തുനിർത്തി എന്നതിന്റെ ന്യായീകരണത്തിനാണു ചില ആർഎസ്എസ് നേതാക്കൾ ഊന്നൽ കൊടുത്തത്.

പഞ്ചായത്ത് അടിസ്ഥാനത്തിൽ ഒരു ജനജാഗ്രതാ സദസ്സ്, നിയോജക മണ്ഡലങ്ങളിൽ കൂടുതൽ വിപുലമായ യോഗം, പ്രകടനം. എല്ലാം സംഘടിപ്പിക്കുന്നത് ആർഎസ്എസ് കുടക്കീഴിലുള്ള നാൽപതോളം പരിവാർ സംഘടനകൾ ചേർന്നാണ്. ലഘുലേഖകളുമായുള്ള ഗൃഹസമ്പർക്കത്തിനു മേൽനോട്ടം വഹിക്കുന്നതും വീട്ടുകാരോടു സംസാരിക്കുന്നതിനു മുൻകൂട്ടി പരിശീലനം നൽകുന്നതുമെല്ലാം ആർഎസ്എസ് തന്നെ. പരിവാർ സംഘടനകളെല്ലാം ഇതിനായി പ്രത്യേക യോഗങ്ങൾ ചേർന്നു. ആർഎസ്എസ് അജൻഡകൾ ഒന്നൊന്നായി കേന്ദ്രസർക്കാർ നടപ്പാക്കുന്നതിന്റെ ആവേശം അവരിൽ പ്രകടം.

പ്രകടമാകുന്ന മേധാവിത്തം

കേരള ബിജെപിയിൽ ആർഎസ്എസ് മേധാവിത്തം ശക്തമാകുന്നതിന്റെ ലക്ഷണമായാണ് ഇതെല്ലാം വിലയിരുത്തപ്പെടുന്നത്. ഹിന്ദു ഐക്യവേദി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ ബിജെപി പ്രസിഡന്റാക്കിയപ്പോൾ മുതൽ ആ ഇടപെടലുകൾ പരസ്യമാണ്. കുമ്മനത്തെ മിസോറം ഗവർണറാക്കിയപ്പോൾ പകരം പ്രസിഡന്റായി ബിജെപി ഉദ്ദേശിച്ച കെ.സുരേന്ദ്രനെ അവരോധിക്കാതിരുന്നതിനു പിന്നിലും ആർഎസ്എസ് തന്നെയെന്നു പറയുന്നു. കുമ്മനത്തിനു പകരക്കാരനായ പി.എസ്. ശ്രീധരൻപിള്ളയും ഗവർണറായതോടെ, ആർഎസ്എസ് നിയോഗിച്ച ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശന്റെയും സഹ സംഘടനാ ജനറൽ സെക്രട്ടറി കെ. സുഭാഷിന്റെയും നിയന്ത്രണത്തിലാണ് ഇന്നു പാർട്ടി സംഘടന. നിയോജക മണ്ഡലം, ജില്ലാ പ്രസിഡന്റുമാരെ ബിജെപി തീരുമാനിച്ചത് അതത് ആർഎസ്എസ് കാര്യാലയങ്ങളുടെ അനുമതിയോടെയായിരുന്നു.

പരിവാർ സംഘടനകളുടെ പ്രവർത്തനത്തിൽ അങ്ങോട്ടുകയറി ഇടപെടില്ലെന്നും അഭിപ്രായം ചോദിച്ചാൽ പറയുമെന്നും ആവശ്യപ്പെട്ടാൽ സഹായം നൽകുമെന്നുമാണ് ആർഎസ്എസിന്റെ പ്രഖ്യാപിത കാഴ്ചപ്പാട്. രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ ആർഎസ്എസ് ശാഖകളുള്ള (അയ്യായിരത്തിലേറെ) കേരളത്തിൽ പക്ഷേ, ബിജെപിക്കു രാഷ്ട്രീയമായി മുന്നേറാൻ കഴിയാത്തതു കൊണ്ടാണോ മാർഗനിർദേശത്തിനപ്പുറമുള്ള ഈ നീക്കങ്ങൾ? ‘‘ബിജെപി ഭാരവാഹികളെ നിശ്ചയിക്കുന്നത് ആർഎസ്എസ് ആണെന്നതു മാധ്യമഭാവനയാണ്. സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തിലടക്കം സംഘടന ഇടപെട്ടിട്ടോ അഭിപ്രായം പറഞ്ഞിട്ടോ ഇല്ല’’ – ആർഎസ്എസ് പ്രാന്ത കാര്യവാഹക് (സംസ്ഥാന സെക്രട്ടറി) പി.ഗോപാലൻകുട്ടി പ്രതികരിച്ചു.

മുഖംമിനുക്കുന്ന ‘സംഘം’

ആർഎസ്എസിന്റെ പ്രവർത്തനരീതികളിൽ പുറമേ കൽപിക്കുന്ന നിഗൂഢത മാറ്റാൻ നടത്തിയ നീക്കം സമീപകാലത്തെ ഒരു മാറ്റമായിരുന്നു. നാലു തലങ്ങളിലുള്ള പരിശീലനമാണു ‘സംഘം’ നൽകിവരുന്നത്. അവസാനത്തേതു നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്താണ്. അതിനു മുൻപുള്ള കേരളത്തിലെ ക്യാംപുകളിലേക്കാണ് പ്രദേശത്തെ ചില പ്രമുഖരെ വിളിക്കുകയും സംഘടനയെക്കുറിച്ചു ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. ആർഎസ്എസ് ശാഖകളിൽ 10–15 പേരാണു സ്ഥിരാംഗങ്ങൾ. അവർ എല്ലാ ദിവസവും നിശ്ചിതസമയത്തു ശാഖാപ്രവർത്തനം നടത്തണം. ഓരോ ശാഖയോടും ചേർന്നും ഇരുനൂറിലധികം സജീവ പ്രവർത്തകരുണ്ടാകും. ശാഖയ്ക്കു മുകളിൽ മണ്ഡലമാണ്. അതു പക്ഷേ, നിയമസഭാ മണ്ഡലത്തിന്റെ അടിസ്ഥാനത്തിലുള്ള കമ്മിറ്റിയല്ല. മണ്ഡലത്തിനു മുകളിൽ, ഏറെക്കുറെ താലൂക്കിനു സമമായ ഖണ്ഡ്. ‘ആർഎസ്എസ് ജില്ലകൾ’ റവന്യു ജില്ലാ അടിസ്ഥാനത്തിലുള്ളതല്ല. കേരളത്തിൽ നാൽപതോളം ആർഎസ്എസ് ജില്ലകളുണ്ട്.

വലിയ സംസ്ഥാനങ്ങളിൽ ഒന്നിൽ കൂടുതൽ ‘സംസ്ഥാന ഘടകങ്ങൾ’ ഉണ്ടെങ്കിൽ, കേരളം ഒറ്റ ‘പ്രാന്ത’മാണ്. പി.ഇ.ബി.മേനോനാണു സംസ്ഥാന പ്രസിഡന്റ് (പ്രാന്ത സംഘചാലക്). അദ്ദേഹവും സെക്രട്ടറി ഗോപാലൻകുട്ടിയുമാണ് പുറത്തു നേതൃമുഖങ്ങളെങ്കിൽ, പ്രാന്ത പ്രചാരക് (സംസ്ഥാന സംഘടനാ സെക്രട്ടറി) പി.എൻ. ഹരികൃഷ്ണകുമാറും സഹ പ്രാന്ത പ്രചാരക് സുദർശനുമാണ് സംഘടനയിലെ അതിശക്തരും കാര്യങ്ങളാകെ നിയന്ത്രിക്കുന്നവരും.

പുതിയ ബിജെപി സംസ്ഥാന നേതൃത്വത്തെ നിശ്ചയിക്കുമ്പോൾ ആർഎസ്എസിന്റെ ‘അധിനിവേശ നീക്കങ്ങൾ’ എത്രകണ്ടു പ്രകടമാകും എന്നതാണ് ഇനിയുള്ള ചോദ്യം. വിജ്ഞാൻഭാരതിയുടെ മുൻ സെക്രട്ടറി ജനറലും നിലവിൽ ക്ഷേത്രീയ സമ്പർക്ക് പ്രമുഖുമായ എ.ജയകുമാർ, താക്കോൽ പദവികളിലൊന്നിലേക്കു വരുമെന്നു പ്രചാരണമുണ്ട്. ആർഎസ്എസിനെ ‘മെരുക്കാനുള്ള’ ശ്രമങ്ങൾ തുടരുന്നതു കൊണ്ടാണ് സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം നീളുന്നതെന്ന സൂചനകളും ശക്തം.

English Summary: RSS in Kerala Politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com