ADVERTISEMENT

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയവർകൾ ചലച്ചിത്ര നടനാണെന്നറിയാമെങ്കിലും ഭാഷാപണ്ഡിതൻ കൂടിയാണെന്ന് അപ്പുക്കുട്ടൻ അറിഞ്ഞിരുന്നില്ല.

പവിത്രമോതിരത്തിന്റെ പവിത്രഭൂമിയായ പയ്യന്നൂരിലായിരുന്നു കഴിഞ്ഞയാഴ്ച ചെന്നിത്തലജിയുടെ കടന്നിരിക്കൽ. ‘മുൻ’ എന്ന പ്രയോഗത്തിന്റെ വശ്യസൗന്ദര്യത്തെപ്പറ്റി അദ്ദേഹം അവിടെ പ്രസംഗിച്ചതു കേട്ടവർക്കു മുൻകാല കേൾവിക്കാരാകാൻ കൊതി തോന്നിയത്രെ.

ആർക്കും എടുത്തുകളയാൻ കഴിയാത്തതും മോഷ്ടിക്കാൻ കഴിയാത്തതുമാണ് ‘മുൻ’ എന്ന പദമെന്ന് അദ്ദേഹം അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.മുൻഗാമി, മുൻകോപം, മുൻകൂർ എന്നിങ്ങനെ സംയുക്ത സംരംഭമായി പ്രത്യക്ഷപ്പെടാറുള്ള ‘മുൻ’ എന്നതിനു തനതായ നിലനിൽപില്ലെന്നൊരു ധാരണ പരക്കെയുണ്ടെങ്കിലും അതൊരു സമ്പൂർണ പദം തന്നെയാണെന്നു പ്രതിപക്ഷ നേതാവ് സാക്ഷ്യപ്പെടുത്തി.

കെപിസിസിയിൽ സ്ഥാനങ്ങൾ നഷ്ടപ്പെട്ടവരെ മുൻ സെക്രട്ടറി, മുൻ വൈസ് പ്രസിഡന്റ് എന്നിങ്ങനെയൊക്കെ യോഗത്തിൽ വിശേഷിപ്പിക്കുന്നതു കേട്ടാണ് ചെന്നിത്തലജി മുൻ പിൻ നോക്കാതെ ഭാഷാശാസ്ത്രം പുറത്തെടുത്തത്.

മുൻ‌ എന്ന പ്രയോഗം അഭൗമ സൗന്ദര്യമുള്ളതാണെന്നുകൂടി അദ്ദേഹം പറഞ്ഞു.ഭൂമിയുമായി ബന്ധമില്ലാത്തതാണ് അഭൗമം എന്നു നമുക്കറിയാം. ഭൂമിയിൽ ഭാരവാഹിത്വമില്ലാത്ത നേതാക്കളെ മുൻ ചേർത്തു വിളിക്കുന്നതു സ്വർഗീയമായ ന്യായമാകുന്നു.

‘മുൻ’ എന്നതിന്റെകൂടെ ‘പൻ’ എന്നു ചേർത്ത് മുൻപൻ എന്നാക്കിയാൽ സംഗതി മാറും; മുൻപൻ തലവനാണ്, ഒന്നാമനാണ്. പേരിനു മുന്നിൽ മുൻ ചേർക്കുമ്പോൾ ഓരോരുത്തരും മുൻപനിൽനിന്നു ‘പൻ’ എടുത്തുമാറ്റി എളിമ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.

അവസരം വരുമ്പോൾ പ്രതിപക്ഷ നേതാവുതന്നെ ഇടപെട്ട് ‘പൻ’ വീണ്ടെടുത്ത് നേതാക്കളുടെ ‘മുൻ’ ഭാരത്തോടു ചേർക്കും.

ഇനി മുൻ പിൻ നോക്കാതെ മുന്നേറുകയേ വേണ്ടൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com