sections
MORE

കേന്ദ്രത്തിന്റെ പദ്ധതി കേരളത്തിന്റെ പണം: ഡോ. കെ.എൻ.ഹരിലാൽ

projects
SHARE

കേന്ദ്രാവിഷ്കൃത പദ്ധതികൾ പലതും കേരളത്തിന് മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തത് എന്തുകൊണ്ട്? കൃഷിമേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര നിയമങ്ങൾ നടപ്പാക്കിയ സംസ്ഥാനങ്ങൾക്കു മാത്രമേ, ബജറ്റ് വിഹിതവും ആനുകൂല്യങ്ങളും നൽകുകയുള്ളൂ എന്ന കേന്ദ്ര തീരുമാനം കേരളത്തെ എങ്ങനെ ബാധിക്കും? കേന്ദ്രാവിഷ്കൃത പദ്ധതികൾ കുറയ്ക്കണമെന്നും സംസ്ഥാനങ്ങളുടെ നികുതി വിഹിതം ഗ്രാന്റായി നൽകണമെന്നും കേരളവും മറ്റു സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നത് എന്തിനാണ്?  

ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഫെഡറൽ ഗവൺമെന്റും പ്രവിശ്യാ ഗവൺമെന്റുകളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാവുക സ്വാഭാവികം. ഇന്ത്യയും അതിന് അപവാദമല്ല. രാഷ്ട്രീയ കാര്യങ്ങളിലെ തർക്കങ്ങൾ പൗരത്വ പ്രശ്നം വന്നതോടെ അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുകയാണ്. കേന്ദ്ര – സംസ്ഥാന ധനകാര്യ ബന്ധങ്ങളിലെ പൊരുത്തക്കേടുകളാകട്ടെ, തുടർക്കഥയാണ്. നികുതി, നികുതിയിതര വരുമാനം സ്വരൂപിക്കാനും വായ്പയെടുക്കാനുമുള്ള അധികാരം ഏറെയും കേന്ദ്രത്തിൽ നിക്ഷിപ്തമാണ്. അതുകൊണ്ടുതന്നെ, സംസ്ഥാനങ്ങൾക്കു കൂടുതലായി കേന്ദ്രത്തെ ആശ്രയിക്കേണ്ടി വരുന്നു.

ചരക്ക്, സേവന നികുതി (ജിഎസ്ടി) കൂടി വന്നതോടെ നികുതി ഏർപ്പെടുത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം കൂടുതൽ പരിമിതമായി. സംസ്ഥാനങ്ങളുടെ നികുതി വരുമാനവും വായ്പ വരുമാനവും എത്രയെന്നു നിശ്ചയിക്കുന്നതിൽ മാത്രമല്ല, പണം എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിലും കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാകുന്നുണ്ട്.

കേന്ദ്ര ഇടപെടൽ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കാര്യത്തിലാണ്. കേന്ദ്രാവിഷ്കൃത പദ്ധതികൾ പരമാവധി കുറയ്ക്കണമെന്നും സംസ്ഥാനങ്ങളുടെ നികുതിവിഹിതം ‘ചരടുകളില്ലാത്ത’ ഗ്രാന്റായി നൽകണമെന്നും കേരളവും മറ്റു സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നത് ഇതുകൊണ്ടാണ്. പതിനാലാം ധനകാര്യ കമ്മിഷനാണ് ഇക്കാര്യത്തിൽ ഏറ്റവും അനുഭാവപൂർവമായ സമീപനം സ്വീകരിച്ചത്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ എണ്ണവും തുകയും ഗണ്യമായി വെട്ടിക്കുറച്ചു. പകരം കേന്ദ്രത്തിന്റെ നികുതി വരുമാനത്തിൽനിന്നു സംസ്ഥാനങ്ങൾക്കു നൽകുന്ന വിഹിതം 32 ശതമാനത്തിൽനിന്നു 42 ശതമാനമായി ഉയർത്തി. സംസ്ഥാനങ്ങൾ പൊതുവേ ഇതു സ്വാഗതം ചെയ്യുകയുണ്ടായി. പക്ഷേ ഇപ്പോഴും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ, സംസ്ഥാനങ്ങൾക്ക് ഇണങ്ങാത്ത നിബന്ധനകൾ വലിയ തലവേദനയായി തുടരുന്നു.

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിബന്ധനകൾ എല്ലാ സംസ്ഥാനങ്ങൾക്കും വേണ്ടി പൊതുവായി തയാറാക്കുന്നതാണ്. സംസ്ഥാനങ്ങളുടെ പ്രത്യേകതകൾ കണക്കിലെടുത്ത് ആവശ്യമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം ഇല്ലാത്തതാണു പ്രശ്നം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്നു പല കാരണങ്ങളാലും വേറിട്ടു നിൽക്കുന്ന കേരളത്തെയാണ് കേന്ദ്ര നിബന്ധനകളുടെ വഴക്കമില്ലായ്മ കൂടുതൽ ബാധിക്കുന്നത്. പല കേന്ദ്രാവിഷ്കൃത പദ്ധതികളും ഇതുമൂലം കേരളത്തിൽ നടപ്പാക്കാനും പണം ചെലവഴിക്കാനും കഴിയാതെ വരാറുണ്ട്. മാറി മാറി വരുന്ന സംസ്ഥാന സർക്കാരുകൾ ഇതിനു പഴിയും കേൾക്കാറുണ്ട്.

ഉദാഹരണത്തിന്, ഗ്രാമങ്ങളിൽ നടപ്പാക്കുന്ന ‘പ്രധാനമന്ത്രി ആവാസ് യോജന’യിൽ (പിഎംഎവൈ) ഒരു വീടിന്റെ നിർമാണച്ചെലവായി കണക്കാക്കുന്നത് 1.20 ലക്ഷം രൂപയാണ്. ഇതിന്റെ 60 ശതമാനമായ 72,000 രൂപ മാത്രമേ കേന്ദ്ര സർക്കാർ നൽകുകയുള്ളൂ. സംസ്ഥാന സർക്കാർ ‘ലൈഫ്’ ഭവനപദ്ധതിയിൽ ഒരു വീടിന് 4 ലക്ഷം രൂപയാണു നൽകുന്നത്. പിഎംഎവൈ പദ്ധതിയിൽ അനുവദിക്കുന്ന വീടിനും ഈ നിരക്കു നൽകേണ്ടി വരും. അതായത്, ഒരു വീടിനു കേന്ദ്ര സർക്കാർ നൽകുന്ന 72,000 രൂപ കഴിച്ചുള്ള 3.28 ലക്ഷം രൂപയും സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണു നൽകുന്നത്. പ്രധാനമന്ത്രിയുടെ പേരിൽ അറിയപ്പെടുന്ന ഈ പദ്ധതിയിലൂടെ ലഭിക്കുന്ന വീടിന്റെ നിർമാണച്ചെലവിൽ മുന്തിയ പങ്കും വഹിക്കുന്നതു സംസ്ഥാനമാണെന്ന വസ്തുത ഗുണഭോക്താക്കൾപോലും അറിയണമെന്നില്ല. കേന്ദ്രത്തിൽനിന്നുള്ള പണം നഷ്ടപ്പെടാതിരിക്കാൻ സംസ്ഥാനം കൂടുതൽ പണം കണ്ടെത്തിയേ മതിയാവൂ.

2011ൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തിയ സോഷ്യോ - ഇക്കണോമിക് കാസ്റ്റ് സെൻസസ് അടിസ്ഥാനമാക്കിയാണു ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. മാനദണ്ഡങ്ങൾ സംസ്ഥാനത്തിനു യോജിച്ചതല്ലാത്തതിനാലും സർവേയിലെ പോരായ്മകൾ മൂലവും അനർഹർ കടന്നുകൂടുകയും അർഹരായവർ ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വളരെ കുറച്ചുപേരെ മാത്രമേ, പദ്ധതിയുടെ ഭാഗമാക്കാൻ കഴിഞ്ഞുള്ളൂ. ഇതു പരിഹരിക്കണമെന്നു സംസ്ഥാനം നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്ന് അർഹരായ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്താൻ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്.

നഗരങ്ങളിൽ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജനയിൽ കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള യൂണിറ്റ് നിരക്ക് 2.50 ലക്ഷം രൂപയാണ്. ഇതിന്റെ 60 ശതമാനമായ 1.50 ലക്ഷം രൂപ കേന്ദ്രവും ഒരു ലക്ഷം രൂപ സംസ്ഥാനവുമാണു വഹിക്കേണ്ടത്. കേരളത്തിലെ ലൈഫ് പദ്ധതിയുടെ നിലവാരത്തിലെത്തിക്കാൻ കേന്ദ്രം കൊടുക്കുന്ന 1.50 ലക്ഷത്തിനു പുറമേ, 2.50 ലക്ഷം സംസ്ഥാനം കണ്ടെത്തുകയാണു ചെയ്യുന്നത്.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിൽ റോഡിനു നിർബന്ധമായും 8 മീറ്റർ വീതി ഉണ്ടാകണമെന്നും നിലവിൽ കണക്ടിവിറ്റി ഇല്ലാത്ത രണ്ട് ആവാസകേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ആയിരിക്കണമെന്നുമുള്ള നിബന്ധനകൾ സംസ്ഥാനത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മാത്രമല്ല, എസ്റ്റിമേറ്റ് അനുസരിച്ചുള്ള തുകയുടെ 60 ശതമാനം മാത്രമേ കേന്ദ്രം നൽകുകയുള്ളൂ. എസ്റ്റിമേറ്റിനു പുറമേ നൽകേണ്ട സാഹചര്യം (Tender excess) പലപ്പോഴും ഉണ്ടാകും. ഇതു പൂർണമായും സംസ്ഥാനം കണ്ടെത്തേണ്ട അവസ്ഥയാണുള്ളത്. ഈ തുക അനുവദിക്കുന്നതിനായി സംസ്ഥാന പദ്ധതിയിൽ പ്രത്യേകം തുക വകയിരുത്തുന്നുണ്ട്.

തൊഴിലുറപ്പു പദ്ധതിയിൽ നിയമപ്രകാരം പ്രവൃത്തി പൂർത്തിയാക്കിയാൽ 14 ദിവസത്തിനകം കൂലി നൽകണമെന്നു വ്യവസ്ഥയുണ്ട്. എന്നാൽ, പലപ്പോഴും ഇതു പാലിക്കപ്പെടാറില്ല. കൂലി വൈകുന്നതുകൊണ്ട് പട്ടികവർഗ വിഭാഗത്തിൽപെട്ട ഗുണഭോക്താക്കൾ ജോലിക്കു വരാത്ത സ്ഥിതിയുണ്ടായിരുന്നു. ഇതു മറികടക്കാൻ സംസ്ഥാന സർക്കാർ ഒരു കോർപ്പസ് ഫണ്ട് ഉണ്ടാക്കിയിട്ടുണ്ട്. പണി പൂർത്തിയായാൽ കോർപ്പസ് ഫണ്ടിൽനിന്നു വേതനം നൽകും. തുടർന്ന് കേന്ദ്ര വിഹിതം ലഭിക്കുമ്പോൾ കോർപ്പസ് ഫണ്ടിലേക്കു തിരിച്ചടയ്ക്കും. ഇത്തരത്തിൽ വളരെ ശ്രമകരമായ മുന്നൊരുക്കത്തിന്റെ സഹായത്തോടു കൂടിയാണ് പല കേന്ദ്രാവിഷ്കൃത പദ്ധതികളും സംസ്ഥാനത്തു നടപ്പാക്കുന്നത്.

ചില പദ്ധതികളുടെ കാര്യം മാത്രമാണു സൂചിപ്പിച്ചത്. എതാണ്ട് എല്ലാ കേന്ദ്രാവിഷ്കൃത പദ്ധതികളിലും കേരളത്തിനു ചേരാത്ത നിബന്ധനകൾ കാണാനാകും. പുതിയ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളിലും ഇതേ പ്രശ്നത്തിന്റെ തുടർച്ച കാണാം. സംസ്ഥാന വിഷയങ്ങളുമായി ബന്ധപ്പെട്ട് (ഉദാഹരണം കൃഷി) നടത്തിയ പ്രഖ്യാപനങ്ങളിൽ കേന്ദ്രം ചില മാതൃകാ നിയമങ്ങൾ ശുപാർശ ചെയ്യുന്നുണ്ട്. ഭൂമി കൃഷിക്കായി പാട്ടത്തിനു കൊടുക്കാനുള്ള നിയമം, കൃഷി - മൃഗസംരക്ഷണ മേഖലകളിലെ ഉൽപന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട നിയമം, കരാർ കൃഷി നിയമം എന്നിവയാണവ. ഈ 3 നിയമങ്ങളും കേരളത്തിൽ നടപ്പാക്കാനാവില്ലെന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

FARMING

ഭൂമി പാട്ടവ്യവസ്ഥാ ചട്ടം പാട്ടക്കൃഷി നിയമവിധേയമാക്കാനുള്ള മാതൃകാ നിയമമാണ്. തദ്ദേശസ്ഥാപനങ്ങളും കുടുംബശ്രീയും പാട്ടക്കൃഷി പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഈ നിയമം, സമഗ്ര ഭൂപരിഷ്കരണം നടപ്പാക്കിയ കേരളത്തിൽ എത്രമാത്രം പ്രായോഗികമാണെന്നു വ്യക്തമല്ല. കരാർ കൃഷിയോടു കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് പൊതുവേ യോജിപ്പില്ല. വിപണിനിയമത്തിന്റെ പഴയ പതിപ്പുപോലും കേരളത്തിൽ പരീക്ഷിക്കപ്പെട്ടിട്ടില്ല. കരാർ കൃഷി നിയമം കോർപറേറ്റ് പാട്ടക്കൃഷിയെ സഹായിക്കുന്നതും വൻകിട ഉൽപാദക കമ്പ

നികൾക്കു കൃഷിഭൂമി കയ്യടക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്ന് ആക്ഷേപമുണ്ട്. ഈ നിയമം നടപ്പാക്കാനാവില്ലെന്നു കേരളം നേരത്തേ തന്നെ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. 

പ്ലാന്റേഷൻ മാതൃകയിൽ ഭക്ഷ്യധാന്യങ്ങൾ ഉൽ

പാദിപ്പിക്കുന്ന വൻകിട കമ്പനികൾക്കു ഭൂമിയും വിപണിയും നിയമത്തിന്റെ സഹായത്തോടെ ദീർഘകാലത്തേക്കു നിയന്ത്രിക്കാനായേക്കും. മൃഗങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട നിയമവും കേരളത്തിന്റെ നയങ്ങൾക്കെതിരാണ്.

എന്തായാലും, കേന്ദ്രത്തിന്റെ മാതൃകാനിയമങ്ങൾ സംസ്ഥാനത്ത് ഒറ്റയടിക്കു നടപ്പാക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ കേന്ദ്രം തരുന്ന ബന്ധപ്പെട്ട പദ്ധതിസഹായം വാങ്ങിച്ചെടുക്കുക എളുപ്പമാവില്ല. അതേസമയം, കേരളത്തിന് അർഹമായ പണം നഷ്ടപ്പെടാതെ നോക്കുകയും വേണം.

(സംസ്ഥാന ആസൂത്രണ ബോർഡ് അംഗമാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA