വീണ്ടും അവഗണനയുടെ പാളത്തിൽ കേരളം

SHARE

സംസ്ഥാനത്തെ റോഡുവികസനം പല കാരണങ്ങളാൽ വഴിമുട്ടിനിൽക്കുന്നതിനാൽ നമ്മുടെ മുന്നോട്ടുള്ള കുതിപ്പിന് ഏറ്റവും വലിയ ചാലകശക്‌തിയാകേണ്ടതു റെയിൽ വികസനം തന്നെ. പക്ഷേ, അവഗണനയുടെ പാളങ്ങളിലൂടെ സഞ്ചരിക്കാനാണു കേരളത്തിന്റെ വിധി. കേരളത്തിലെ റെയിൽ വികസനത്തോടും ഇത്തവണത്തെ കേന്ദ്ര ബജറ്റിലുണ്ടായ അവഗണന കടുത്തതാണ്. കേരളം ആവശ്യപ്പെട്ടതും തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷനുകൾ ശുപാർശ ചെയ്തതുമായ പദ്ധതികൾക്കൊന്നും പണമില്ലെന്നു മാത്രമല്ല, പലതിനും അനുമതി പോലും ലഭിച്ചില്ല. നിലവിലുള്ള പദ്ധതികൾക്ക് അനുവദിച്ചിരിക്കുന്ന തുകയാകട്ടെ തീർത്തും അപര്യാപ്തവും.

മിക്ക പദ്ധതികളും തഴയപ്പെട്ടപ്പോൾ ആകെയുള്ള ആശ്വാസം കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കലിന് 88 കോടി രൂപ അനുവദിച്ചതാണ്. റെയിൽവേ ഈയിടെ മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി റെയിൽപാത, അമ്പലപ്പുഴ മുതൽ എറണാകുളം വരെയുള്ള പാത ഇരട്ടിപ്പിക്കൽ, ഗുരുവായൂർ–തിരുനാവായ പാത എന്നിവയ്ക്ക് 1000 രൂപ വീതം ടോക്കൺ വിഹിതമായി നൽകിയ പ്രഹസനവുമുണ്ട്. ഈ പദ്ധതികളിൽ സംസ്ഥാന പങ്കാളിത്തം ആവശ്യപ്പെട്ടു കേന്ദ്രം കത്തു നൽകിയെങ്കിലും കൃത്യമായ മറുപടി നൽകാൻ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ശബരി പാതയുടെ കാര്യത്തിൽ പകുതി ചെലവു വഹിക്കുന്നതു പരിഗണനയിലുണ്ടെന്നു സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും അതു കേന്ദ്രത്തെ അറിയിച്ചിട്ടുമില്ല.

തിരുവനന്തപുരം–കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനും നേമം ടെർമിനലിനുമായി 300 കോടി രൂപയാണു ചോദിച്ചിരുന്നത്. എന്നാൽ, 133 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 128 കോടി രൂപയാകട്ടെ, ഭൂമിയേറ്റെടുത്താൽ മാത്രം ചെലവഴിക്കാൻ കഴിയുന്ന വിധത്തിലാണ്. ഫലത്തിൽ‍, ലഭിച്ചത് അഞ്ചു കോടി രൂപ മാത്രം. പദ്ധതി തമിഴ്നാടു ഭാഗത്തു തീർന്നാൽപോലും കേരളത്തിൽ ആരംഭിക്കാൻ കഴിയില്ല.

തിരുവനന്തപുരം മുതൽ നേമം വരെ (7 കിലോമീറ്റർ) പാത ഇരട്ടിപ്പിക്കലിനും നേമം ടെർമിനലിനുമായി 14.80 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. ഇതിന് ആവശ്യമായ 207 കോടി ജനുവരിയിൽ നൽകുമെന്നായിരുന്നു ചെന്നൈയിലെ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ പ്രഖ്യാപനം. ഭൂമിയേറ്റെടുക്കാനുള്ള പണം ലഭിച്ചില്ലെന്നു മാത്രമല്ല, നേമം ടെർമിനൽ ആദ്യ ഘട്ടത്തിനു 132 കോടി രൂപ വേണ്ടിടത്ത് 50 ലക്ഷം രൂപ മാത്രമാണ് ഇപ്പോൾ നീക്കിവച്ചിരിക്കുന്നത്. കേരളത്തിൽ അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതിയാണു നേമം; കോട്ടയം വഴി പൂർണമായ ഇരട്ടപ്പാത വരുന്നതോടെ വിശേഷിച്ചും.

ചെങ്ങന്നൂർ സ്റ്റേഷൻ വികസനം, പാലക്കാട്ടും കൊല്ലത്തും ട്രെയിൻ അറ്റകുറ്റപ്പണിക്കുളള പിറ്റ്‌ലൈൻ സൗകര്യം, കൊച്ചുവേളിയിൽ അധിക പ്ലാറ്റ്ഫോമുകൾ, ഷൊർണൂരിൽ ഒരു കിലോമീറ്റർ ഇരട്ടപ്പാത, പാലക്കാട് ബൈപാസ് ലൈൻ തുടങ്ങി ഇത്തവണ അനുമതി ലഭിക്കാത്ത 11 പദ്ധതികൾ വേറെയുമുണ്ട്. പാത വൈദ്യുതീകരണം. ട്രാക്ക് നവീകരണം, മേൽപാലങ്ങൾ എന്നിവയ്ക്കാണ് അൽപമെങ്കിലും പരിഗണന കിട്ടിയിരിക്കുന്നത്. ഹരിപ്പാട്–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് 13.95 കോടി രൂപയുണ്ടെന്നതും ഗുണം ചെയ്യും. പാലക്കാട് കോച്ച് ഫാക്ടറിക്ക് 1000 രൂപ, എറണാകുളം– ഷൊർണൂർ മൂന്നാം പാതയ്ക്ക് 1000 രൂപ എന്നിങ്ങനെ ജനങ്ങളെ കളിയാക്കാനായി വകയിരുത്തിയിട്ടുണ്ട്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തോടു മാത്രമാണ് ഇത്രയും കടുത്ത അവഗണനയെന്നതു ശ്രദ്ധേയമാണ്. റെയിൽവേയുടെ സാമ്പത്തിക നില മോശമായതാണു വിഹിതം കുറയാൻ കാരണമെന്നാണു മറ്റൊരു പ്രചാരണം. എന്നാൽ, മറ്റു സംസ്ഥാനങ്ങൾക്കു വാരിക്കോരി കൊടുക്കാൻ ഇക്കാര്യം തടസ്സമായിട്ടില്ല. അവഗണനയുടെ അനുഭവപാഠങ്ങൾ മുന്നിൽവച്ച്, റെയിൽവേ പദ്ധതികൾ നിരീക്ഷിക്കാനും യഥാസമയം കൃത്യമായി ഇടപെടാനും സംസ്ഥാനം ഇനിയെങ്കിലും സ്ഥിരം സംവിധാനം ഒരുക്കണം. അതേസമയം, റെയിൽവേ വികസനത്തിൽ കേരളം സഹകരിക്കുന്നില്ലെന്നാണു കേന്ദ്രത്തിന്റെ ആരോപണം .

ബജറ്റിനു മുന്നോടിയായി വഴിപാടു പോലെ നടത്തുന്ന എംപിമാരുടെ യോഗവും ബജറ്റ് അച്ചടി പൂർത്തിയായിക്കഴിയുമ്പോൾ കേരളത്തിൽ നിന്ന് അയയ്ക്കുന്ന നെടുനീളൻ പട്ടികയും കൊണ്ടു കാര്യമില്ലെന്നാണു വീണ്ടും തെളിയുന്നത്. സംസ്ഥാനത്തെ റെയിൽവികസനത്തിനു വേണ്ടി നമ്മുടെ ജനപ്രതിനിധികളെല്ലാവരും ഒറ്റക്കെട്ടായി മുന്നേറാൻ ഇനിയും വൈകിക്കൂടാ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA