പ്രഖ്യാപനങ്ങളേറെ; യാഥാർഥ്യമാക്കണം

HIGHLIGHTS
  • ബജറ്റിൽ പാക്കേജുകളുടെ ആവർത്തനം
SHARE

ടുത്ത സാമ്പത്തിക പ്രതിസന്ധിയും അതേസമയം വികസനാവശ്യങ്ങളും കണക്കിലെടുത്തുള്ള ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചത്. വരവും ചെലവും കൂട്ടിമുട്ടിക്കാനും തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ എല്ലാവരെയും തൃപ്തിപ്പെടുത്താനുമുള്ള കഠിനശ്രമം ബജറ്റിൽ വ്യക്തമായി തെളിയുന്നുണ്ട്. മുഖ്യമായും അടിസ്ഥാന ജനവിഭാഗങ്ങളെ ലക്ഷ്യംവച്ചുള്ള ബജറ്റിൽ നിർലോഭം വികസനപദ്ധതികളുണ്ടെങ്കിലും ഇതിനു വേണ്ടിയുള്ള ധനസമാഹരണത്തെയും പ്രായോഗിക നിർവഹണത്തെയുംചൊല്ലി സംശയങ്ങൾ ബാക്കിനിൽക്കുകയും ചെയ്യുന്നു.

ചെലവു ചുരുക്കൽ, നിയമന നിയന്ത്രണം, പുതിയ നികുതി നിർദേശങ്ങൾ എന്നിവയിലൂടെ കമ്മി ഒഴിവാക്കാനാണു ശ്രമം. 40 വർഷത്തിനിടെ, ആദ്യമായി മിച്ച ബജറ്റും അവതരിപ്പിച്ചിരിക്കുന്നു. ഭൂമി തരംമാറ്റുന്നതിന് ഉയർന്ന ഫീസ്, കെട്ടിടനികുതി വർധന, ഭൂമിയുടെ ന്യായവില വർധന, ഡാമുകളിലെ മണൽവാരൽ തുടങ്ങിയവ വരുമാനം കൂട്ടാനുള്ള വഴികളായി ബജറ്റിലുണ്ട്. ഒരു കൈകൊണ്ടു തല്ലുമ്പോൾ മറുകയ്യാൽ തലോടാനുള്ള വൈദഗ്ധ്യം ധനമന്ത്രി മുൻപേതന്നെ പ്രകടിപ്പിച്ചിട്ടുള്ളതുമാണ്. ക്ഷേമ പെൻഷൻ 100 രൂപ കൂട്ടി 1300 രൂപയാക്കിയത് അഭിനന്ദനാർഹംതന്നെ. 59 ലക്ഷം പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഒരു ലക്ഷം പുതിയ വീടുകൾ/ഫ്ലാറ്റുകൾ, രണ്ടര ലക്ഷം പേർക്കു ശുദ്ധജല കണക്‌ഷൻ എന്നിവയും അഭിനന്ദനീയമാണ്.

സ്ത്രീകേന്ദ്രീകൃത പദ്ധതികൾക്കു മാത്രമായുള്ള ബജറ്റ് വിഹിതം 1509 കോടി രൂപയാണെന്നതു ശ്രദ്ധേയമായി. നെൽപാടങ്ങൾ പരിസ്ഥിതിയുടെ സമതുലിതാവസ്ഥ നിലനിർത്തുന്നതിൽ വലിയ പങ്കു വഹിക്കുന്ന സാഹചര്യത്തിൽ കൃഷിഭൂമി നെൽക്കൃഷിക്കു വേണ്ടി മാത്രം വിനിയോഗിക്കുകയും ജലവും ജൈവ പരിസ്ഥിതി ഘടകങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നവർക്കു റോയൽറ്റി നൽകാനുള്ള തീരുമാനം നയപരമായി നല്ലതുതന്നെ. പക്ഷേ, അതിനായി മാറ്റിവച്ച തുക തികച്ചും അപര്യാപ്തം. നാളികേരത്തിന്റെ മൂല്യവർധിത ഉൽപന്നങ്ങൾക്ക് ഊന്നൽ നൽകുന്ന ബജറ്റ്, നീര എന്നൊരു പാവം പാനീയത്തെ ഓർക്കാതിരുന്നതെന്തേ ?

ആശാ വർക്കർമാരുടെയും പ്രീപ്രൈമറി അധ്യാപകരുടെയും ഓണറേറിയം 500 രൂപ വർധിപ്പിച്ചതും സ്കൂൾ പാചകത്തൊഴിലാളികളുടെ കൂലി 50 രൂപ കൂട്ടിയതും മാലിന്യസംസ്കരണത്തിനുള്ള പദ്ധതികളും പ്രവാസിക്ഷേമ പരിപാടികളും ദുരന്തപ്രതിരോധത്തിനുള്ള പ്രാദേശിക പദ്ധതികളും അഭിനന്ദനം അർഹിക്കുന്നു. 25 രൂപയ്ക്ക് ഊണു നൽകാൻ കുടുംബശ്രീയുടെ 1000 ഭക്ഷണശാലകൾ തുടങ്ങുന്നതും സ്റ്റാർട്ടപ്പുകൾക്കുള്ള സഹായവും കാൻസർ മരുന്നുകളുടെ വില കുറയ്ക്കുന്നതും അത്യാധുനിക രീതിയിലുള്ള സാന്ത്വന പരിചരണം വീടുകളിൽത്തന്നെ ഒരുക്കുന്നതും കാരുണ്യ ബനവലന്റ് ഫണ്ടിൽ നിന്നുള്ള ചികിത്സാ സഹായം തുടരുന്നതുമൊക്കെയായി തിളക്കങ്ങളേറെയുണ്ട് ബജറ്റിൽ. പരിസ്ഥിതിസൗഹൃദവും സംയോജിതവുമായ ഗതാഗത സംവിധാനത്തോടൊപ്പം കൊച്ചി നഗരത്തിന്റെ സമഗ്ര വികസനം സമയബന്ധിതമായും കുറ്റമറ്റും വേണം പൂർത്തിയാക്കേണ്ടത്.

വയനാട്, കുട്ടനാട്, ഇടുക്കി, കാസർകോട്, തീരദേശം തുടങ്ങി പാക്കേജുകളുടെ പരമ്പര തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊക്കെ കേൾക്കുമ്പോൾ, മുൻപു ലക്ഷ്യം കാണാതെപോയ സമാന പാക്കേജുകളെക്കുറിച്ചു ജനം ഓർക്കാതിരിക്കില്ല. ഇപ്പോൾത്തന്നെ ക്ഷീണിച്ചു നിൽക്കുന്ന റിയൽ എസ്റ്റേറ്റ് മേഖലയെ ഒന്നുകൂടി തളർത്തുന്നതാണ് തുടർച്ചയായ മൂന്നാം വർഷവും ഭൂമിയുടെ ന്യായവിലയിലും മറ്റും വരുത്തിയ വർധന; ഇപ്പോഴത്തെ വർധനയാകട്ടെ, ഭൂമി ഇടപാടുകൾ കുറഞ്ഞിരിക്കുന്നതിനിടയിലും. വാഹനനികുതി വർധനയും ഇതുപോലെ ആ മേഖലയിൽ വിൽപന കുറയുന്നതിനിടെയാണ്. ഇതിന്റെ ഭാരം കൂടുതലായും അനുഭവിക്കേണ്ടിവരുന്നതു സാധാരണക്കാരാണുതാനും.

വേഗ റെയിൽ യാഥാർഥ്യത്തിലെത്തിക്കാൻ സർക്കാരിന്റെ ഇച്ഛാശക്തി അനിവാര്യമാണ്. ഈ വർഷം നിർമാണം തുടങ്ങുമെന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമെന്നും ഓർക്കണം. അനാവശ്യ തസ്തികകൾ നിർത്തലാക്കാനും സർക്കാർ വാഹനങ്ങളുടെ അമിത ഉപയോഗം അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങൾ നല്ലത്. ക്ഷേമ പെൻഷനുകളിൽനിന്ന് അനർഹരെ ഒഴിവാക്കുന്നതിന്റെ മെച്ചം എടുത്തുപറയുകയും ചെയ്യുന്നു.

സംസ്ഥാന സർക്കാർ കടത്തിൽനിന്നു കടത്തിലേക്കു കൂപ്പുകുത്തുമ്പോൾ ഇൗ പദ്ധതികളൊക്കെ നടപ്പാക്കാൻ എവിടെ നിന്നു പണം കണ്ടെത്തുമെന്ന ചോദ്യമുണ്ട്. ഒടുവിൽ കടമെടുപ്പു തന്നെയാണ് സർക്കാരിന്റെ ഉദ്ദേശ്യം. അടിസ്ഥാന സൗകര്യ മേഖലയിൽ വൻ മുതൽമുടക്കാണു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഖ്യാപിച്ച പദ്ധതികളിൽ നല്ല പങ്കും കിഫ്ബിയുടെ കീഴിൽത്തന്നെ.

പ്രഖ്യാപനങ്ങൾ ഒരു വഴിക്കും നടപ്പാക്കൽ വേറൊരു വഴിക്കും പോകുന്നതാണ് എക്കാലവും നമ്മൾ കണ്ടുപോരുന്നത്. പ്രഖ്യാപനങ്ങളോടൊപ്പം, മുൻ ബജറ്റ് പദ്ധതികൾ എത്രകണ്ടു മുന്നേറിയെന്ന അവലോകനവും കൂടി നടത്തിയിരുന്നെങ്കിൽ എത്ര നന്നായേനെ. നവകേരള നിർമിതിക്കുവേണ്ട ദിശാബോധം ബജറ്റിൽ തെളിയുന്നുണ്ടോ എന്ന സംശയം ബാക്കിയാവുകയും ചെയ്യുന്നു.

Content highlights: Kerala budget 2020, Thomas Issac, Government of Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA