ADVERTISEMENT

നികുതിദായകരെ സംബന്ധിച്ചിടത്തോളം ആദായനികുതി അധികൃതരിൽനിന്നുള്ള ഒരു വിളി ആശങ്കയുണർത്തുന്നതാവും. എന്നാൽ, കേന്ദ്ര ധനമന്ത്രിയുടെ ശുപാർശ യാഥാർഥ്യമായാൽ കേന്ദ്ര നികുതി ബോർഡിൽനിന്നുള്ള വിളികൾ സൗഹൃദപരമാകും. നികുതിക്കേസുകളിൽ ഉൾപ്പെട്ട 2 ലക്ഷം കമ്പനികളെയും വ്യക്തികളെയും നേരിട്ടു വിളിച്ച് ഒറ്റത്തവണ നികുതിക്കുടിശിക തീർപ്പാക്കുന്ന പുതിയ പദ്ധതിയെപ്പറ്റി സംസാരിക്കാനാകും ഇനി ആദായനികുതി ഉദ്യോഗസ്ഥരുടെ സന്ദേശമെത്തുക.

ആദായനികുതി തർക്കങ്ങളിൽ ഒറ്റത്തവണ തീർപ്പാക്കലിനു ധനമന്ത്രി നിർമല സീതാരാമൻ കൊണ്ടുവന്നിട്ടുള്ള ‘വിവാദ് സേ വിശ്വാസ്’ പദ്ധതിയെപ്പറ്റി തങ്ങളുടെ അംഗങ്ങളോടു സംസാരിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സിനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ആദായനികുതി ഇനത്തിൽ സർക്കാരിന് ആകെ ലഭിക്കാനുള്ളത് 8 ലക്ഷം കോടി രൂപയാണ്. എന്നാൽ, ഇതിൽ ക്രിമിനൽ കേസുകൾ കൂടി ഉൾപ്പെട്ട 2 ലക്ഷം കോടി രൂപയുടെ കേസുകൾക്ക് ഈ ആനുകൂല്യം ബാധകമല്ല.

നിർമല സീതാരാമനു പല ലക്ഷ്യങ്ങളാണുള്ളത്. ഒന്നാമതായി, ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ മാത്രമുള്ള ഇളവാണെങ്കിലും ഈ സമയത്തിനകം പകുതി കേസുകളെങ്കിലും ഇപ്രകാരം തീർപ്പാക്കാൻ കഴിഞ്ഞാൽ മാന്ദ്യം മൂലം കേന്ദ്ര സർക്കാർ അനുഭവിക്കുന്ന സാമ്പത്തിക പരാധീനത മറികടക്കാൻ ധനമന്ത്രിക്കാവും. രണ്ടാമതായി, ‘നികുതി ഭീകരത’ എന്നു വിമർശിക്കപ്പെടുന്ന നരേന്ദ്ര മോദി സർക്കാരിന്റെ നികുതിനയം സംബന്ധിച്ച കാഴ്ചപ്പാടിൽ വ്യത്യാസം വരുത്താൻ നിർമലയ്ക്കാവും. 2014ൽ മോദിയും ധനമന്ത്രി അരുൺ ജയ്റ്റ്ലിയും അധികാരമേറ്റതു മുതൽ നികുതി പിരിച്ചെടുക്കൽ വ്യാപകമാക്കാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ, നികുതിയുമായി ബന്ധപ്പെട്ട കേസുകളുടെ നൂലാമാലകൾ അഴിച്ചെടുത്ത ധനമന്ത്രി എന്ന് അറിയപ്പെടാനും നിർമല ആഗ്രഹിക്കുന്നു.

വാണിജ്യ മന്ത്രാലയത്തിലും കയറ്റുമതിയുമായി ബന്ധപ്പെട്ടു കെട്ടിക്കിടന്നിരുന്ന നികുതിക്കേസുകൾ പരിഹരിക്കാനാണു മന്ത്രി ഊന്നൽ കൊടുത്തത്. സർക്കാർ വകുപ്പുകളിൽ സാധാരണ ഇത്തരം ഫയലുകൾ കുന്നുകൂടുകയാണല്ലോ പതിവ്. പരോക്ഷ നികുതിയുമായി ബന്ധപ്പെട്ട കേസുകളിൽ വേഗം തീർപ്പുണ്ടാക്കുന്നതിനു വിവാദ് സേ വിശ്വാസിനു സമാനമായ പദ്ധതികൾ കഴിഞ്ഞവർഷം നിർമല കൊണ്ടുവന്നിരുന്നു.

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച മറ്റൊരു പദ്ധതി പ്രകാരം, കേസ് നടത്തിപ്പിന്റെ ചെലവു കുറയ്ക്കാനായി ആദായനികുതി വകുപ്പ് അപ്പീലുകൾക്കുള്ള പരിധിയും ഉയർത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ വാറ്റ്, ജിഎസ്ടി ഇനങ്ങളിൽ 30,000 കോടിയോളം രൂപയാണു ട്രൈബ്യൂണലുകളിലും കോടതികളിലുമായി കേസുകളിൽ കുരുങ്ങിക്കിടക്കുന്നത്. ഇവ തീർപ്പാക്കുന്നത് അതതു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ വൈഭവത്തെ ആശ്രയിച്ചിരിക്കും.

കേവലം വാണിജ്യപരമായ തീരുമാനങ്ങളെ അഴിമതിയായി പരിഗണിച്ചു കർശനമായി നേരിടില്ലെന്ന് പൊതുമേഖലാ ബാങ്കുകളുടെ മേധാവിമാരോടും നിർമല പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള പ്രോസിക്യൂഷൻ നടപടികളിൽനിന്ന് ഇത് ആശ്വാസം വാഗ്ദാനം ചെയ്യുന്നു. അതു മാത്രമല്ല, മുൻ വിജിലൻസ് കമ്മിഷൻ അംഗം അധ്യക്ഷനായ പരാതിപരിഹാര സമിതിക്കും ധനമന്ത്രി രൂപം നൽകിയിട്ടുണ്ട്. ബാങ്ക് കേസുകൾ സിബിഐക്കു വിടണോ വേണ്ടയോ എന്നു തീരുമാനിക്കുക ഈ സമിതിയായിരിക്കും.

പക്ഷേ, ധനമന്ത്രിക്കു കീഴിലുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇത്തരം ഇളവുകൾക്കു വഴങ്ങാതെ തങ്ങളുടെ തട്ടകത്തിൽ ഉറച്ചുനിൽക്കുന്നു. കടക്കെണിയിലായ കമ്പനികളിൽ നിന്നു കടബാധ്യത, നിർധനത്വ നിയമ വ്യവസ്ഥകൾ പ്രകാരം പണം തിരിച്ചുപിടിക്കാനുള്ള ഉത്തരവാദിത്തം ധന, കമ്പനികാര്യ മന്ത്രാലയങ്ങൾക്കാണെങ്കിലും പണത്തട്ടിപ്പു കേസുകളിൽ കമ്പനി ആസ്തികൾ ജപ്തി ചെയ്യണമെന്ന കാര്യത്തിൽ ഇഡി വിട്ടുവീഴ്ച ചെയ്യുകയില്ല.

ബാങ്കുകൾക്കു 47,000 കോടി നൽകാനുള്ള ഭൂഷൺ പവർ ആൻഡ് സ്റ്റീൽ ലിമിറ്റഡിനെ (ബിപിഎസ്എൽ), 19,700 കോടി രൂപയ്ക്കു മറ്റൊരു കമ്പനി ഏറ്റെടുക്കാനുള്ള നീക്കങ്ങൾക്കു നിയമാനുമതി ലഭിച്ചിരുന്നു. എന്നാൽ, കേസുകളിൽനിന്നു പൂർണമായി ഒഴിവാക്കണമെന്നായിരുന്നു വാങ്ങുന്നവരുടെ ആവശ്യം. പക്ഷേ പണത്തട്ടിപ്പിന് ബിപിഎസ്എലിനെതിരെ കേസെടുത്ത ഇഡി, കമ്പനി വസ്തുവകകൾ ജപ്തി ചെയ്യാനുള്ള നീക്കം മരവിപ്പിച്ചില്ല.

ഇതിനു പുറമേ, ബജറ്റിലെ പ്രഖ്യാപനങ്ങൾ വഴിയും പുതിയ തർക്കങ്ങളും കേസുകളും ഉടലെടുക്കുന്നുണ്ട്. പ്രത്യേക വിഭാഗങ്ങളിലുള്ള വരുമാനങ്ങൾക്കും ചെലവുകൾക്കും കാലങ്ങളായി നൽകിവന്നിരുന്ന ആദായനികുതി ഇളവുകൾ ഇത്തവണ ധനമന്ത്രി എടുത്തുകളഞ്ഞു. ഈ തീരുമാനത്തെ രാഷ്ട്രീയ നേതാക്കളും സാമ്പത്തിക വിദഗ്ധരും ചോദ്യം ചെയ്തിട്ടുണ്ട്. വിരമിച്ച ഉദ്യോഗസ്ഥരുടെ നിക്ഷേപം, ഗുരുതര രോഗങ്ങളുടെ മെഡിക്കൽ ബില്ലുകൾ, സർക്കാർ പദ്ധതികളിലെ നിക്ഷേപങ്ങൾ, ഇൻഷുറൻസ്, പെൻഷൻ ഫണ്ടുകൾ എന്നിവയ്ക്കെല്ലാമുണ്ടായിരുന്ന നികുതിയിളവുകളാണ് എടുത്തുകളഞ്ഞത്. എന്നാൽ, നികുതിപരിധിയിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ അധികനികുതി ഭാരം ഉണ്ടാവില്ലെന്ന വാദമാണു ധനമന്ത്രാലയം ഉന്നയിക്കുന്നത്. വാസ്തവത്തിൽ ഇത്തരം ഇളവുകൾ എടുത്തുകളഞ്ഞതിന്റെ യഥാർഥ ഫലം എന്താണെന്നു സ്വതന്ത്രമായി കണക്കാക്കേണ്ടിയിരിക്കുന്നു.

പാർലമെന്റിൽ അവതരിപ്പിക്കുന്ന നിയമങ്ങളുടെയും പദ്ധതികളുടെയും പേരുകൾ വരെ ഹിന്ദിയിലാക്കുന്നതിലൂടെ, കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപിക്കൽ നയം തുടരുകയാണെന്ന് ഇതിനിടെ ഹിന്ദിഇതര സംസ്ഥാനങ്ങളിൽനിന്നുള്ള എംപിമാർ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

Content Highlights: Union Budget 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com