ADVERTISEMENT

രാജ്യത്തിന്റെ സാമൂഹിക – സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന റെയിൽവേയിൽ യാത്രക്കാരുടെയും ട്രെയിനുകളുടെയും സുരക്ഷ പ്രഥമപരിഗണന അർഹിക്കുന്നുണ്ടെങ്കിലും വർഷങ്ങളായി ഇക്കാര്യം അവഗണിക്കപ്പെടുകയാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തിൽനിന്ന് അതിനുതക്ക സുരക്ഷ കിട്ടുന്നില്ലെങ്കിൽ വലുപ്പപ്പെരുമ കൊണ്ട് എന്തു കാര്യം? ട്രെയിൻയാത്രയ്ക്കിടയിൽ കവർച്ചയ്‌ക്കിരയാകുന്ന യാത്രക്കാരുടെ മുന്നിൽ ശുഭയാത്ര എന്ന റെയിൽവേ മുദ്രാവാചകം നാണംകെട്ടു തലതാഴ്‌ത്തുന്നു. 

ഏറ്റവുമൊടുവിൽ, ഒരേ രാത്രിയിൽ ചെന്നൈ – മംഗളൂരു എക്സ്പ്രസിലും തിരുവനന്തപുരം – മംഗളൂരു മലബാർ എക്സ്പ്രസിലുമുണ്ടായ വൻ സ്വർണക്കവർച്ച റെയിൽവേയുടെ വിശ്വാസ്യതയിൽ വീണ്ടും കളങ്കം ചാർത്തുകയാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളോടൊപ്പം പണവും രേഖകളുമാണു യാത്രക്കാർക്കു നഷ്ടമായത്. ട്രെയിൻ സർവീസുകളുടെ എണ്ണവും വേഗവും വർധിക്കുന്നതിനനുസരിച്ചു സുരക്ഷാകാര്യത്തിൽ ശ്രദ്ധ പതിയുന്നില്ലെന്ന പരാതി വീണ്ടും ശരിവയ്‌ക്കുകയാണ് ഈ സംഭവങ്ങൾ. ട്രെയിൻയാത്രയ്ക്കിടെ തുടർച്ചയായുണ്ടാകുന്ന കവർച്ചകൾ കടുത്ത സുരക്ഷാവീഴ്ച തന്നെയാണു വ്യക്തമാക്കുന്നത്. 

റെയിൽവേ പൊലീസിനു വേണ്ടത്ര അംഗബലം ഇല്ലാത്തതാണു സുരക്ഷ അവതാളത്തിലാകാനുള്ള മുഖ്യകാരണമെന്നു പറയാം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതും യാത്രയ്‌ക്കിടയിലുണ്ടാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കേണ്ടതും സംസ്ഥാന സർക്കാരിനു കീഴിലുള്ള ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) ആണ്; റെയിൽവേ ആസ്‌തികളുടെ സുരക്ഷാച്ചുമതല വഹിക്കേണ്ടതു റെയിൽവേയുടെ സ്വന്തം സേനയായ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സും (ആർപിഎഫ്). ഈ ജനുവരി മുതൽ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് സർവീസ് എന്നാണ് ആർപിഎഫ് അറിയപ്പെടുന്നത്. 

റെയിൽവേയുടെ കണക്കു പ്രകാരം, ദിവസം ശരാശരി മൂന്നു ലക്ഷം പേരാണു സംസ്ഥാനത്തു കൂടി കടന്നുപോകുന്ന ഏകദേശം 240 ട്രെയിനുകളിലായി യാത്ര ചെയ്യുന്നത്. ഇത്രയും പേർക്കു സുരക്ഷ ഒരുക്കാൻ ആർപിഎഫിലുള്ളതാവട്ടെ 600 പേർ മാത്രമാണ്. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലായി ഏകദേശം 1,500 ആർപിഎഫ് ജീവനക്കാർ വേണ്ടിടത്ത് ഉള്ളത് 300 പേർ വീതം മാത്രം. ഇതിൽ നൂറിലേറെപ്പേരും ഇൻസ്പെക്ടറും അതിനു മുകളിലും റാങ്കിലുള്ളവരാണ്. ഇൻസ്പെക്ടറിൽ താഴെ റാങ്കിലുള്ളവർക്കാണു ട്രെയിനുകളിൽ പരിശോധനയ്ക്കു ചുമതല. സ്ഥാനക്കയറ്റവും വിരമിക്കലും അടിസ്ഥാനമാക്കി റെയിൽവേ റിക്രൂട്മെന്റ് ബോർഡ് പുതിയ നിയമനം നടത്താത്തതാണു സേനയിലെ അംഗബലം കുറച്ചത്. രണ്ടു ഡിവിഷനുകളിലും 15 വർഷമായി പുതിയ നിയമനങ്ങൾ നടത്തിയിട്ടില്ല. അതേസമയം, ട്രെയിൻ യാത്രക്കാരുടെ എണ്ണം നാലിരട്ടി വർധിച്ചതായി കണക്കുകൾ പറയുന്നുണ്ട്. 

പ്ലാറ്റ്ഫോം ഡ്യൂട്ടി, ലഹരി പരിശോധന, കൺട്രോൾ റൂം ഡ്യൂട്ടി, ഡിവിഷനൽ റെയിൽവേ മാനേജരുടെയും കമൻഡാന്റിന്റെയും ഓഫിസ് ഡ്യൂട്ടി ഉൾപ്പെടെയുള്ളവയ്ക്കു ജീവനക്കാരെ നിയോഗിക്കുന്നതോടെ യാത്രക്കാരുടെ സുരക്ഷ ശ്രദ്ധിക്കാൻ പിന്നെയും ആളു കുറയുന്നു. യാത്രക്കാരുടെ സ്ഥിരം പരാതി ലഭിക്കുന്ന ട്രെയിനുകളിൽ രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചെങ്കിലും ആൾക്ഷാമം മൂലം അതും പിൻവലിക്കുകയായിരുന്നു. 

ഷൊർണൂർ പാസഞ്ചറിൽ യാത്ര ചെയ്യവേ 2011ൽ, ക്രൂര പീഡനത്തിനിരയായി പെൺകുട്ടി മരിച്ച സംഭവത്തിനുശേഷം സുരക്ഷാകാര്യങ്ങളിൽ ശ്രദ്ധിച്ചുതുടങ്ങിയെന്ന തോന്നൽ റെയിൽവേ ഉണ്ടാക്കിയെങ്കിലും അതു നിലനിർത്താനായില്ല. ആ സംഭവത്തെത്തുടർന്ന്, മതിയായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ റെയിൽവേ മന്ത്രാലയത്തിനു കത്തയച്ചിരുന്നു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനൽ മാനേജർമാരും റെയിൽവേ റിക്രൂട്മെന്റ് ബോർഡിനു ശുപാർശ നൽകി. പക്ഷേ, നടപടിയുണ്ടായില്ല. ദേശീയതലത്തിൽ ആർപിഎഫിൽ മെഗാ റിക്രൂട്മെന്റ് നടത്താൻ റെയിൽവേ പദ്ധതിയിട്ടിരുന്നെങ്കിലും ആ നടപടിയും എങ്ങുമെത്തിയിട്ടില്ല. യാത്രാസൗകര്യത്തോടൊപ്പം സുരക്ഷയും ചേരുന്ന ഇരട്ടപ്പാളത്തിലൂടെയാണ് ഇന്ത്യൻ റെയിൽവേ സഞ്ചരിക്കേണ്ടതെന്ന സങ്കൽപത്തിന് ഒരിക്കലും പാളംതെറ്റിക്കൂടാ. 

English Summary: Train Robbery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com