ADVERTISEMENT

കാവിയുടുക്കാത്ത സന്യാസി എന്നാണ് സ്വാമി ചിന്മയാനന്ദൻ പി.പരമേശ്വരനെ വിശേഷിപ്പിച്ചത്. ആചാര്യതുല്യമായ മർത്യജീവിതം നയിച്ച് ജീവിതത്തിന്റെ അരങ്ങൊഴിയുമ്പോൾ പി.പരമേശ്വരൻ അവിസ്മരണീയനാകുന്നത് നിലപാടുകളിലെ സത്യസന്ധത കൊണ്ടും ജീവിതത്തിലെ ലാളിത്യം കൊണ്ടുമാണ്. സാംസ്കാരിക രംഗത്തായാലും രാഷ്ട്രീയ രംഗത്തായാലും സംവാദത്തിന്റെയും സമന്വയത്തിന്റെയും സാന്നിധ്യമായിരുന്നു പരമേശ്വർജി. ജീവിതത്തിലെ എളിമയും നിലപാടുകളിലെ അ‍ചഞ്ചലതയും അദ്ദേഹത്തെ ആദരണീയനാക്കി.

ദാർശനികൻ, ബുദ്ധിജീവി, കവി, ചിന്തകൻ, അതുല്യനായ സംഘാടകൻ എന്നിങ്ങനെ വിശേഷണങ്ങളേറെയുണ്ട് പി.പരമേശ്വരന്. ചേർത്തലയിലെ സ്കൂളിൽ പഠിക്കുമ്പോൾ ‘കോളുകൊണ്ട വേമ്പനാട്’ എന്ന വിഷയത്തിലെ കവിതാ മത്സരത്തിൽ പി.പരമേശ്വരൻ ഒന്നാം സ്ഥാനം നേടിയപ്പോൾ രണ്ടാമനായത് വയലാർ രാമവർമയായിരുന്നു. കവിത്വത്തിന്റെ പതാക സംഘടനയ്ക്കു കീഴിൽ കെട്ടിയില്ലായിരുന്നുവെങ്കിൽ കേരളത്തിനൊരു മഹാകവിയെ കിട്ടുമായിരുന്നുവെന്നു പറഞ്ഞത് കവി വിഷ്ണുനാരായണൻ നമ്പൂതിരിയാണ്.

വയലാർ കാവ്യദേവതയെ സ്വീകരിച്ചു; ഞാൻ രാഷ്ട്രദേവതയെയും എന്നു വിനയാന്വിതനായ പരമേശ്വരൻ ഒരിടത്തും ഒന്നാമനാകാൻ ശ്രമിച്ചില്ല. ശ്രീരാമകൃഷ്ണ മഠത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി ഇന്ത്യ മുഴുവൻ സഞ്ചരിച്ച അദ്ദേഹം വൈജ്ഞാനിക മേഖലയിൽ ഭാരതീയ ദർശനത്തിന്റെ പ്രകാശം പരത്താനാണു പരിശ്രമിച്ചത്. അധികാരത്തിന്റെ പടവുകളിൽ നിന്നും പാർലമെന്ററി മോഹങ്ങളിൽ നിന്നും അകന്നു നടന്നത് ഈ വിചാരധാരയ്ക്കു വേണ്ടിയായിരുന്നു. അക്ഷരങ്ങൾ കാവൽനിന്ന ഒറ്റമുറി ജീവിതത്തിൽ പി. പരമേശ്വരൻ എന്നും സംതൃപ്തനായിരുന്നു. 

ജനസംഘത്തിന്റെ ദേശീയ വൈസ് പ്രസിഡന്റ് പദവി വരെയെത്തിയ അദ്ദേഹം, ജനസംഘം ബിജെപിയിലേക്കു ചുവടുവച്ചപ്പോൾ ദീൻദയാൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ പദവിയിലേക്കു സ്വയം മാറി അറിവിന്റെ ഉപാസകനായി. 1982ൽ വിജയദശമി ദിനത്തിൽ ഭാരതീയ വിചാരകേന്ദ്രത്തിനു രൂപം നൽകി കേരളത്തിലേക്കു മടങ്ങിയെത്തിയ പി.പരമേശ്വരന് പാർട്ടി കേന്ദ്രനേതൃത്വം ആദ്യം വാഗ്ദാനം ചെയ്തത് എംപി പദവിയാണ്. പിന്നീടു വാജ്പേയി  മന്ത്രിസഭയിൽ കേന്ദ്രമന്ത്രി സ്ഥാനം. രണ്ടും സ്നേഹപുരസരം നിരസിക്കാൻ അദ്ദേഹത്തിനു വലിയ ആലോചനയൊന്നും വേണ്ടിവന്നില്ല. കണക്കുകളൊന്നും സൂക്ഷിച്ചുവയ്ക്കാത്ത പി.പരമേശ്വരന്റെ നവതി ആഘോഷിക്കാനൊരുങ്ങിയവരോട് രണ്ടു വരി കവിതയാണ് അദ്ദേഹം ആദ്യം ചൊല്ലിയത്: ഭൂവിൽ പിറന്ന നാളല്ല  താനാരെന്ന് നേരറിയുന്ന നാളാണ് പിറന്നാൾ. 

ഭാരതീയ ദർശനത്തിലൂന്നിയ ദേശീയത എന്ന ചിന്താധാര മുറുകെപ്പിടിച്ചു പി.പരമേശ്വരൻ. കേരളത്തിൽ പ്രസ്ഥാനത്തിനു വേരോട്ടമുണ്ടാക്കാൻ അദ്ദേഹം ഓടിനടന്നു. 1967ൽ ജനസംഘത്തിന്റെ ദേശീയ സമ്മേളനം നടത്താൻ തക്ക രീതിയിൽ സംഘടനയെ വളർത്തി. വായനയും ചിന്തയും പ്രവർത്തനത്തിന് അടിത്തറയാക്കണമെന്നു നിഷ്കർഷിച്ച നേതാവായിരുന്നു പരമേശ്വരൻ. ശങ്കര – പരമേശ്വര സംവാദം എന്നപേരിൽ പ്രശസ്തമായ ഇഎംഎസ് – പി.പരമേശ്വരൻ സംവാദം കേരളത്തിന്റെ ബൗദ്ധിക ജീവിതത്തിലെ സചേതനമായ ഏടാണ്. നിലപാടുകളോടു വിയോജിക്കുമ്പോഴും പി.പരമേശ്വരൻ എതിരാളികൾക്കു പോലും സ്വീകാര്യനായതു വാക്കുകളുടെ ഉറപ്പുകൊണ്ടാണ്. പത്മശ്രീയും പത്മവിഭൂഷണുമായി ആദരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

ഭാരതാംബയെ അമ്മയായി മനസ്സിൽ സ്വീകരിച്ചു സമർപ്പിച്ച ആ ജീവിതത്തോട് പറയാൻ ഈ വാക്കുകൾ മാത്രം: ഇദം ന മമ. 

പ്രണാമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com