sections
MORE

‘ഇലക്‌ഷൻ മോഡിൽ’ കേരളം

Kerala-Legislative-Assembly
SHARE

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത് 2016 ജനുവരി 16നാണ്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മാർച്ച് നാലിനും. അതേ ക്രമത്തിലാണെങ്കിൽ, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടഹധ്വനികൾ മുഴങ്ങിത്തുടങ്ങാൻ കൃത്യം ഒരു വർഷം മാത്രം!

ചേർത്തുവയ്ക്കേണ്ട ഒരു ഊഹാപോഹം ഇടതുകേന്ദ്രങ്ങളിൽ ഉയർന്നുകഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റ് നിലനിർത്താനും തദ്ദേശതിരഞ്ഞെടുപ്പിൽ മുന്നേറാനുമായാൽ, കാലാവധി പൂർത്തിയാക്കും വരെയൊന്നും നിയമസഭാ തിരഞ്ഞെടുപ്പിനായി പിണറായി വിജയൻ സർക്കാർ കാത്തിരിക്കണമെന്നില്ല. ഒക്ടോബറിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ നിയമസഭ പിരിച്ചുവിട്ട് ആ വലിയ വെല്ലുവിളി അവർ ഏറ്റെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ ഉജ്വലവിജയത്തോടെ ആ പരീക്ഷണത്തിനു രണ്ടും കൽപിച്ചു തയാറാകണമെന്നു യുഡിഎഫ് സർക്കാരിനെ ഉപദേശിച്ചവരെ വകവയ്ക്കാത്തതിന്റെ കുറ്റബോധം, മുന്നണി നേതൃത്വത്തെ ഇന്നും വേട്ടയാടുന്നുണ്ട്. തുടർച്ചയായ പരാജയങ്ങളോടെ അന്നു രാഷ്ട്രീയപടുകുഴിയിലായിരുന്ന ഇടതുമുന്നണി ‘പഞ്ചായത്തി’ൽ തിരിച്ചുവന്നു. പിന്നാലെ, നിയമസഭാ പോരാട്ടത്തിൽ അധികാരം തിരിച്ചുപിടിച്ചു.

കുട്ടനാട് ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവ ഒന്നിനു പിന്നാലെ വരാനിരിക്കെ യഥാർഥത്തിൽ സംസ്ഥാനം ‘ഇലക്‌ഷൻ മോഡി’ലായിക്കഴിഞ്ഞു. നിയമസഭയ്ക്കകത്തും പുറത്തും അനുദിനം ശക്തമാകുന്ന ഭരണ – പ്രതിപക്ഷ പോർവിളിയിൽ ഉയരുന്നതു തിരഞ്ഞെടുപ്പു ചൂടാണ്. യോജിച്ചുള്ള സമരത്തിന്റെ അനിവാര്യതയെക്കുറിച്ചു പിണറായി വിജയൻ പ്രതിപക്ഷത്തെ ഉപദേശിക്കുന്നതിനുള്ളിൽ, ‘ഞങ്ങളുടെ പിന്നിൽ നിന്നാൽ പോരേ നിങ്ങൾക്ക്’ എന്ന ചോദ്യം കൂടിയാണ് അടങ്ങുന്നത്. ആ രാഷ്ട്രീയ ലാക്ക് നന്നായി അറിയാവുന്നതു കൊണ്ടാണ് പ്രതിപക്ഷം അതിൽനിന്നു കുതറിമാറുന്നത്.

താഴെത്തട്ടിലേക്ക് കോൺഗ്രസ്

പിണറായി വിജയൻ സർക്കാരിനെ തുറന്നുകാട്ടാൻ താഴെത്തട്ടുവരെയുള്ള പാർട്ടിസംവിധാനത്തെ ഇനിയുള്ള ഒരു വർഷം ഉപയോഗിക്കണമെന്ന തീരുമാനം, തിങ്കളാഴ്ച കെപിസിസി നേതൃയോഗത്തിൽ ഉണ്ടായത് ഈ പശ്ചാത്തലത്തിലാണ്. ഉമ്മൻ ചാണ്ടി സർക്കാർ ഉയർന്ന സ്ലാബുകളിൽ വെള്ളക്കരം കൂട്ടിയപ്പോൾ, ‘നികുതി ബഹിഷ്കരണം’ എന്ന കേട്ടുകേൾവിയില്ലാത്ത ആഹ്വാനത്തിനു സിപിഎം മുതിർന്നിരുന്നു. അതേ പാർട്ടി നയിക്കുന്ന സർക്കാരാണ് ഇപ്പോൾ ബജറ്റിലൂടെ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിച്ചതും വെള്ളക്കരം കൂട്ടുമെന്ന സൂചന നൽകിയതും. 

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ അരുംകൊലയുടെ രണ്ടാം വാർഷികമായിരുന്നു ഇന്നലെ. കയ്യിൽ കാശില്ലെന്നു വിലപിക്കുന്ന സർക്കാർ തന്നെയാണ് ഷുഹൈബ് കേസിലും പെരിയ ഇരട്ടക്കൊലക്കേസിലും സിബിഐ അന്വേഷണം ഒഴിവാക്കാൻ ലക്ഷങ്ങൾ ചെലവാക്കുന്നതെന്നും കെപിസിസി യോഗം ചൂണ്ടിക്കാട്ടി. സെക്രട്ടേറിയറ്റ്, കലക്ടറേറ്റ് മാർച്ച് തുടങ്ങിയ പതിവു വഴിപാടുകൾക്കു പകരം, സമയമെടുത്ത് ഇതെല്ലാം താഴെത്തട്ടുവരെ എത്തിച്ച ശേഷം മാത്രം സമരം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്, ഫെബ്രുവരി അവസാനം എല്ലാ വില്ലേജ് ഓഫിസുകൾക്കും മുന്നിൽ ധർണ എന്ന തീരുമാനത്തിലെത്തിയത്.

ഇണക്കം വിടാതിരിക്കാൻ ഇടതുമുന്നണി

തദ്ദേശ തിരഞ്ഞെടുപ്പു കണക്കിലെടുത്ത് താഴെത്തട്ടിലെ മുന്നണിബന്ധം ആദ്യം മെച്ചപ്പെടുത്തൂ എന്ന നിർദേശമാണ് ഇടതുമുന്നണി കീഴ്ഘടകങ്ങൾക്കു നൽകിയിരിക്കുന്നത്. ജില്ല, മണ്ഡലം കമ്മിറ്റികൾക്കപ്പുറമുള്ള മുന്നണി പ്രവർത്തനങ്ങളിലെ ദൗർബല്യങ്ങൾ നീക്കാൻ വിവിധ പാർട്ടികളുടെ ജില്ലാ കമ്മിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടതുമുന്നണിയിലേക്കു പുതുതായി വന്നിരിക്കുന്നതു നാലു പാർട്ടികളാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റു വിഭജനത്തിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു കാര്യമായ മാറ്റങ്ങൾ വേണ്ടിവരുമെന്നു വ്യക്തം. ഇതു കണക്കിലെടുത്ത് താഴെത്തട്ടിൽ പൊട്ടലും ചീറ്റലും കുറയ്ക്കാനുള്ള ‘സ്നേഹപരിലാളന’കളാണ് ഇടതുമുന്നണി ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചതും ചെറിയ വോട്ടിനു തോറ്റതുമായ സീറ്റുകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാനാണു തീരുമാനം. ചൊവ്വാഴ്ച സമാപിച്ച സിപിഐ സംസ്ഥാന കൗൺസിൽ 50 വോട്ടിൽ താഴെ മാർജിനു തോറ്റ സീറ്റുകൾ മൂന്നു വിഭാഗങ്ങളായി തിരിച്ചു; 10, 20, 50 എന്നിങ്ങനെ. പഞ്ചായത്ത് തിരഞ്ഞെടുപ്പു കൂടി മുന്നിൽക്കണ്ട് വിവിധ സഹസംഘടനകളിൽ പ്രവർത്തിക്കുന്നവരെ കൂടുതലായി പാർട്ടി അംഗത്വത്തിലേക്കു കൊണ്ടുവരാനും സിപിഐ നിശ്ചയിച്ചു. 1925 ഡിസംബറിലെ കാൻപുർ സമ്മേളനത്തിൽ ഔദ്യോഗികമായി ഇന്ത്യയിൽ രൂപം കൊണ്ട കമ്യൂണിസ്റ്റ് പാർട്ടി, 2025ൽ ശതാബ്ദി ആഘോഷിക്കുമ്പോൾ 10 ലക്ഷം അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണമെന്ന ദീർഘകാല അജൻഡയും ഇതിനു പിന്നിലുണ്ട്. നിലവിൽ രാജ്യത്തെ സിപിഐ അംഗസംഖ്യ ആറരലക്ഷത്തോളമാണ്.

ഒരുക്കങ്ങൾക്കെല്ലാം പുതിയ സംസ്ഥാന പ്രസിഡന്റിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണു ബിജെപി. ഡൽഹിയിൽ അവരെ തറപറ്റിച്ച ആം ആദ്മി പാർട്ടിയുടെ കേരളത്തിലെ സ്ഥിതിയോ? ചിലയിടത്തൊക്കെ ആഹ്ലാദപ്രകടനം നടത്തിയെങ്കിലും കേരളത്തിൽ ‘ആപ്’ ഏതാണ്ട് ‘അൺ ഇൻസ്റ്റാൾ’ ചെയ്ത സ്ഥിതിയിലാണ്. ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും ഡൽഹിയിലെ അവസ്ഥയെക്കാളും പരിതാപകരം!

English Summary: Kerala assembly election 2021

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA