sections
MORE

‘മൃതസഞ്ജീവനി’ക്ക് പുതുജീവൻ

organ-donation
പ്രതീകാത്മക ചിത്രം
SHARE

ഇന്ത്യയിൽ അവയവദാന നിയമം നിലവിൽവന്ന് (1994) 25 വർഷങ്ങൾക്കു ശേഷം, കേരളത്തിലാണ് ആദ്യമായി മസ്തിഷ്കമരണം നിശ്ചയിക്കാനുള്ള കൃത്യമായ നടപടിക്രമങ്ങൾ നിർവചിക്കപ്പെടുന്നത്. മസ്തിഷ്കമരണ സ്ഥിരീകരണവും അവയവദാന നടപടികളും കൂടിക്കുഴഞ്ഞതാണു നിലവിലെ പ്രശ്നം എന്ന തിരിച്ചറിവിലാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. രണ്ടിനുമുള്ള നടപടികൾ വ്യത്യസ്തമാക്കുകയും മസ്തിഷ്കമരണ സ്ഥിരീകരണത്തിന്  10 മാനദണ്ഡങ്ങൾ നിശ്ചയിക്കുകയുമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. 2012ൽ ആരംഭിച്ച അവയവദാന പ്രക്രിയ, തുടക്കത്തിൽ വലിയ വിജയമായിരുന്നുവെങ്കിലും പിന്നീട് നിർജീവാവസ്ഥയിലായി. പുതിയ ഇടപെടലുകൾ ഇതിനു മാറ്റംവരുത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

സംസ്ഥാനത്തു നാലായിരത്തിലേറെ അപകടമരണങ്ങളാണു പ്രതിവർഷം നടക്കുന്നത്. ഇതിൽ ആയിരത്തിലേറെ പേർക്കെങ്കിലും മസ്തിഷ്കമരണങ്ങൾ സ്ഥിരീകരിക്കാവുന്നതാണെന്നും അവരുടെ അവയവങ്ങൾ ദാനം ചെയ്യാവുന്നതാണെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, കർശനമായ ചട്ടങ്ങൾ മൂലവും ഭാവിയിലുണ്ടായേക്കാവുന്ന വിവാദങ്ങൾ കണക്കിലെടുത്തും മസ്തിഷ്കമരണ സ്ഥിരീകരണത്തിനു പോലും ഡോക്ടർമാർ മടിച്ചു. അവയവത്തിനു വേണ്ടി മസ്തിഷ്കമരണത്തിലേക്കു രോഗിയെ തള്ളിവിടുന്നു എന്ന ആരോപണമാണ് ഏറെ തിരിച്ചടിയായത്. കോടതി വ്യവഹാരങ്ങളും സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങളും കൊണ്ടു പല ആശുപത്രികളും ഡോക്ടർമാരും വലഞ്ഞപ്പോൾ, മസ്തിഷ്കമരണങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുക എന്ന ലളിതമായ പരിഹാരമാണ് അവർ കണ്ടത്.

വിവിധ മേഖലകളിലുള്ളവർ ഈ ആരോപണം ആവർത്തിച്ചപ്പോൾ കേരളത്തിന്റെ അവയവദാന പദ്ധതിയായ ‘മൃതസഞ്ജീവനി’യുടെ താളമാണു തെറ്റിയത്. 2015ൽ 76 പേരുടെ അവയവങ്ങൾ 218 പേർക്കു പുതുജീവൻ നൽകിയപ്പോൾ, 2018ൽ 8 മസ്തിഷ്ക മരണങ്ങൾ മാത്രമാണു സ്ഥിരീകരിച്ചത്. 2019ൽ ഇതു 19 ആയി ഉയർന്നെങ്കിലും മൃതസഞ്ജീവനിക്കു വേണ്ട ജീവവായു ലഭിച്ചിട്ടില്ലെന്നു ഡോക്ടർമാർ വ്യക്തമാക്കുന്നു. മൃതസഞ്ജീവനിയിൽ റജിസ്റ്റർ ചെയ്ത 1754 രോഗികൾ വൃക്കയ്ക്കായി കാത്തിരിക്കുമ്പോഴാണ് ഈ ദുർഗതി.‌

ഇപ്പോഴിതാ, പുതിയ നടപടികളിലൂടെ അവയവദാന രംഗത്തു വിദേശരാജ്യങ്ങൾ പിന്തുടരുന്ന സമ്പ്രദായങ്ങളിലേക്ക് ആദ്യമായി ഒരു ഇന്ത്യൻ സംസ്ഥാനം കടന്നുവരുന്നു. ആദ്യം മസ്തിഷ്കമരണ സ്ഥിരീകരണം, പിന്നീട് അവയവദാന നടപടികൾ എന്ന നിലയിലേക്കു വരുമ്പോൾ അവയവദാനക്കണക്കിൽ ഒന്നാം സ്ഥാനത്തേക്കു കുതിക്കാമെന്ന കേരളത്തിന്റെ പഴയ പ്രതീക്ഷകൾക്കാണു ജീവൻ ലഭിക്കുന്നത്.

മൃതസഞ്ജീവനി

സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന കേരള നെറ്റ്‌വർക് ഓഫ് ഓർഗൻ ഷെയറിങ്ങിന്റെ (കെഎൻഒഎസ്) അവയവദാന പദ്ധതിയാണു മൃതസഞ്ജീവനി. ഇതിലൂടെ പേര് റജിസ്റ്റർ ചെയ്താണ് അവയവമാറ്റ ശസ്ത്രക്രിയകൾ നടക്കുന്നത്. ആശുപത്രികളാണു പദ്ധതിയിൽ രോഗിയുടെ പേര് റജിസ്റ്റർ ചെയ്യുക. മസ്തിഷ്കമരണം സ്ഥിരീകരിച്ചാൽ ആർക്കാണ് അവയവം നൽകേണ്ടതെന്നു തീരുമാനിക്കുന്നത്, റജിസ്റ്റർ ചെയ്ത രോഗികളുടെ അവസ്ഥ പരിഗണിച്ച് കെഎൻഒഎസിന്റെ സംസ്ഥാനതല സമിതിയാണ്. മൂന്നു മേഖലകളിലായി 43 ആശുപത്രികൾക്കാണ് അവയവമാറ്റ ശസ്ത്രക്രിയകൾ നടത്താൻ അനുമതി.

10 പുതിയ നിർദേശങ്ങൾ

∙ മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിനു മുൻപായി, മസ്തിഷ്കത്തിനേറ്റ ക്ഷതം ഒരിക്കലും പരിഹരിക്കാനാവാത്തതും പ്രതിവിധി ഇല്ലാത്തതും ആണെന്നു ബോധ്യപ്പെട്ടിരിക്കണം.

∙ രോഗിയെ മസ്തിഷ്കമരണ സ്ഥിരീകരണത്തിനു വിധേയമാക്കുന്നുവെന്ന് ബന്ധുക്കളെ ബോധ്യപ്പെടുത്തണം.

∙ ഉത്തരവിൽ പ്രതിപാദിച്ചിട്ടുള്ള എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷമേ മസ്തിഷ്കമരണം സ്ഥിരീകരിക്കാവൂ.

∙ ഈ പ്രക്രിയയിൽ അന്തിമമായി നടത്തുന്ന പരിശോധനയാണ് അപ്നിയ ടെസ്റ്റ്. മറ്റെല്ലാ പരിശോധനകളിലും മസ്തിഷ്കത്തിലെ പ്രതികരണങ്ങളുടെ അഭാവം സ്ഥിരീകരിച്ചാൽ മാത്രമാണ് ഈ ടെസ്റ്റ്.

∙ മസ്തിഷ്കമരണം സ്ഥിരീകരിക്കുന്ന പാനലിൽ 4 ഡോക്ടർമാർ വേണം. ഇതിൽ രണ്ടുപേർ സർക്കാർ എംപാനൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവരാകണം.

∙ മസ്തിഷ്കമരണ സ്ഥിരീകരണത്തിൽ എന്തെങ്കിലും അതൃപ്തി വിദഗ്ധസമിതിക്ക് ഉണ്ടെങ്കിൽ, വൈദ്യുത പ്രവർത്തനത്തിന്റെ അഭാവം അല്ലെങ്കിൽ രക്തയോട്ടം തെളിയിക്കുന്നതിനുള്ള ന്യൂറോ ഫിസിയോളജിക്കൽ / ഇമേജിങ് പഠനം നടത്തണം.

∙ വിദഗ്ധപാനൽ പരിശോധ പൂർത്തിയാക്കിയ ശേഷം, മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തി, മെഡിക്കൽ റെക്കോർഡിൽ രോഗി മരിച്ച തീയതിയും സമയവും രേഖപ്പെടുത്തണം.

∙ 6 മണിക്കൂർ ഇടവേളകളിലുള്ള രണ്ടു പരിശോധനകൾ പൂർത്തിയാക്കിയാൽ ബന്ധുക്കളെ രേഖാമൂലം അറിയിക്കണം.

∙ മസ്തിഷ്കമരണ സ്ഥിരീകരണത്തിനുള്ള രണ്ടാമത്തെ പരിശോധന പൂർത്തിയാക്കിയ സമയം രോഗിയുടെ മരണ സമയമായി നിർണയിക്കാം.

∙ മസ്തിഷ്കമരണം സ്ഥിരീകരിച്ചു കഴിഞ്ഞാൽ രോഗിയുടെ ചികിത്സ തുടരേണ്ടതില്ല. വെന്റിലേറ്റർ വിച്ഛേദിക്കാം.

English Summary: Mritasanjeevani Project

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA