ADVERTISEMENT

പാളമിടാൻ സ്ഥലമുണ്ടോയെന്ന് ആകാശത്തുനിന്നു നോക്കുക മാത്രം ചെയ്തിട്ടുള്ള തിരുവനന്തപുരം – കാസർകോട് വേഗ റെയിൽപാതയിലെ വണ്ടിക്കൂലി നിശ്ചയിച്ചു പ്രഖ്യാപിച്ചതാണ് തോമസ്ജി ഐസക്ജിയുടെ കേരള ബജറ്റിലെ മഹാമാന്ത്രികസ്പർശം.
ഏഴു രൂപ ചില്ലറയുണ്ടാക്കാനുള്ള ബുദ്ധിമുട്ടുപോലും പരിഗണിക്കാതെയാണ് നിരക്ക് 1457 രൂപ എന്ന് അദ്ദേഹം തീരുമാനിച്ചത്.
എന്തുകൊണ്ട് 1457?
1457ലെ അക്കങ്ങൾ കൂട്ടുമ്പോൾ നമുക്കും തോമസ്ജി ഐസക്ജിക്കും കിട്ടുന്നത് ഒരേ സംഖ്യ:
17.
ഈ 17 വല്ലാത്തൊരു കക്ഷിയാണ്.
ഉൾക്കാഴ്ച, ഉത്തരവാദിത്തം, അച്ചടക്കം, കരുത്ത്, സഹാനുഭൂതി, വിവേകം, സമാധാനം, ക്ഷേമം, മനുഷ്യസ്നേഹം എന്നിവയ്ക്കൊരു സംഖ്യ ഉണ്ടെങ്കിൽ അതാണ് 17.
പതിനേഴിന്റെ കണക്കിൽ ആധ്യാത്മികത വിടർന്നുനിൽക്കുന്നുവെന്നാണ് സംഖ്യാശാസ്ത്ര വിദഗ്ധരുടെ പക്ഷം.
എട്ടിനോടു ചേർന്നു നിൽക്കുന്നു എന്നതാണ് 17ന്റെ ഗൂഢരഹസ്യം. എന്നുവച്ചാൽ, 17ലെ ഒന്നും ഏഴും ചേർത്താൽ എട്ട്.
മരണമില്ലായ്മയുടെ അക്കമാണ് എട്ട്.
എട്ടൊളിപ്പിച്ചു വച്ച 17ൽ എത്തിപ്പിടിക്കാൻ വേണ്ടിയാണ് തോമസ്ജി ഐസക്ജി ഇത്തവണ ബജറ്റ് അവതരിപ്പിച്ചതുതന്നെ എന്നറിയാവുന്നവർ ചുരുങ്ങും.
ഇതുവരെ 11 ബജറ്റ് അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന് ഈ 11–ാം ബജറ്റിലാണ് ഈ രഹസ്യത്തിലെത്താൻ ഭാഗ്യമുണ്ടായത്.
പതിനേഴുമായി ബന്ധപ്പെട്ടവർക്ക് ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾപോലും കാണാൻ കഴിയുമെന്നാണ് സംഖ്യാ മാന്ത്രികർ പറഞ്ഞിട്ടുള്ളത്.
ധനമന്ത്രിജി കോവളത്തിരുന്ന് കടൽത്തിരയെണ്ണി ബജറ്റ് തയാറാക്കുന്നതിനിടയിൽ പാറക്കൂട്ടങ്ങൾക്കു താഴെ ഉയർന്നുയർന്നുവന്ന എല്ലാ തിരകളിലും 17 എന്നു തെളിഞ്ഞു കാണാമായിരുന്നുവെന്നാണ് ആ നേരങ്ങളിൽ മീൻ പിടിക്കാൻ പോയ ഒരാൾ അപ്പുക്കുട്ടനു നൽകിയ രഹസ്യ വിവരം.
17ൽ എത്തിക്കാൻ വേണ്ടി ടിക്കറ്റ് നിരക്ക് 7541 എന്നു തിരിച്ചിടാൻ തോന്നിയില്ല എന്നതിലാണ് തോമസ്ജി ഐസക്ജിയുടെ ജനകീയ മുഖം തെളിയുന്നത്. അതുതന്നെയാണ് 17ന്റെ ആധ്യാത്മികതയും.
17ൽ ഒളിഞ്ഞിരിക്കുന്ന ഒന്നും ഏഴും ചേർന്ന എട്ട്, കർമത്തിന്റെയും വിധിയുടെയും കൂടി സംഖ്യയാകുന്നു.
വിധിയുണ്ടെങ്കിൽ തിരുവനന്തപുരം – കാസർകോട് വേഗ റെയിൽപാതയിൽ എന്നെങ്കിലുമൊരിക്കൽ സഞ്ചരിക്കാം.
കർമകുശലനായ നമ്മുടെ ധനമന്ത്രി തീർച്ചയായും വിധിയിൽ വിശ്വസിക്കുന്നുണ്ടാവില്ല.

English Summary: Kerala Budget 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com