sections
MORE

ക്രമക്കേടുകളുടെ പൊലീസ്മുറ

Kerala-police
SHARE

സംസ്ഥാന പൊലീസ് മേധാവിക്കും പൊലീസ് വകുപ്പിലെ ക്രമക്കേടുകൾക്കുമെതിരെയുള്ള സിഎജി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ട്  ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്.  സേനയുടെ തലപ്പത്തിരുന്നു ഡിജിപി നടത്തിയതായി ചൂണ്ടിക്കാട്ടിയ  ക്രമക്കേടുകൾ കേരള പൊലീസിന്റെ അന്തസ്സിലും അഭിമാനത്തിലുമേൽപിച്ച പോറലുകൾ നിറംപൂശി മറയ്ക്കാൻ കഴിയുന്നതല്ല.  പൊതുമുതൽ കാത്തുസൂക്ഷിക്കാൻ  ഉത്തരവാദിത്തമുള്ള  പൊലീസ് നേതൃത്വത്തിനെതിരെയാണ് നിർഭാഗ്യവശാൽ അതേ മുതൽ മോഷണം പോയതിന്റെ കുറ്റവും ആരോപിക്കപ്പെടുന്നത്. 

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കായി  വില്ലകൾ നിർമിച്ചതും ആഡംബര കാറുകൾ വാങ്ങിയതും കേന്ദ്ര ഫണ്ട്  വകമാറ്റിയായിരുന്നുവെന്നതു നികുതിദായകരോടുള്ള ക്രൂരതയായേ കണക്കാക്കാനാകൂ.  വാഹനങ്ങൾ വാങ്ങുന്നതിനുള്ള ചട്ടങ്ങളും  കേന്ദ്ര വിജിലൻസ്  കമ്മിഷന്റെ മാനദണ്ഡങ്ങളും  ഇക്കാര്യത്തിൽ ലംഘിക്കപ്പെട്ടതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരുടെ  ക്വാർട്ടേഴ്സ് നിർമാണത്തിനുള്ള 2.80  കോടി രൂപ വകമാറ്റിയാണ് വില്ലകൾ  നിർമിച്ചത്. 

ഒരു വാഹനം പോലുമില്ലാത്ത  സ്റ്റേഷനുകൾ സംസ്ഥാനത്തുണ്ടെന്ന യാഥാർഥ്യം  വിസ്മരിച്ചുകൊണ്ടാണ് ആഡംബര വാഹനങ്ങൾക്കും വില്ലകൾക്കുമായി പൊതുപ്പണം  ദുർവിനിയോഗം ചെയ്തത്.  തോക്കുകളും  വെടിയുണ്ടകളും അപ്രത്യക്ഷമായത് കടുത്ത അനാസ്ഥയെന്നതിലുപരി ആശങ്കയുളവാക്കുന്നതുമാണ്. 

പൊലീസിൽ ഒന്നൊന്നായി വിവാദങ്ങൾ പുകഞ്ഞു തുടങ്ങിയിട്ട് രണ്ടു വർഷമാകുന്നു. യൂണിഫോം ഏകീകരണത്തിന്റെയും പൊലീസ് സ്റ്റേഷനുകളുടെ നിറംമാറ്റത്തിന്റെയും പേരിൽ പൊലീസ് നേതൃത്വം നേരത്തേ ആരോപണം നേരിട്ടിരുന്നു. ഒരു പ്രത്യേക കമ്പനിയുടെ തുണി യൂണിഫോമിനു വാങ്ങണമെന്നായിരുന്നു ഉത്തരവ്. പൊലീസ് സ്റ്റേഷനുകൾക്ക് ഒരു കമ്പനിയുടെ പ്രത്യേക ബ്രാൻഡ് നിറം അടിക്കണമെന്നും നിർദേശമുണ്ടായി. ഇതു വിവാദമായതോടെ ആരോപണത്തിൽ കഴമ്പില്ലെന്നു പറഞ്ഞു ഫയൽ മടക്കുകയായിരുന്നു.

പൊലീസ് മേധാവിയെ കുറ്റാരോപിതനാക്കി അക്കൗണ്ടന്റ് ജനറൽ വാർ‍ത്താ സമ്മേളനം നടത്തുന്നത് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. കേന്ദ്രഫണ്ടുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച സിഎജിയുടെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ ഡിജിപി രഹസ്യമായി ചുമതല നൽകിയത് ഒരു ഐജിക്കും എസ്പിക്കുമാണ്. ഇവരുടെ കംപ്യൂട്ടറിൽ  മറുപടി തയാറാക്കി. ആ മറുപടിയിലും തൃപ്തിയാകാതെ സിഎജി ആഭ്യന്തര സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുകയായിരുന്നു.

കെൽട്രോണിനെതിരായി സിഎജി റിപ്പോർട്ടിലുള്ള  ആക്ഷേപങ്ങളും ഞെട്ടലോടെയേ  കേൾക്കാനാകൂ. ‘അവിശുദ്ധം’ എന്നാണ് പൊലീസും കെൽട്രോണും തമ്മിലുള്ള കൂട്ടുകെട്ടിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സിഎജി റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങൾക്കു പിന്നാലെ സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് തയാറാക്കിയ സിംസ് (സെൻട്രൽ ഇൻട്രൂഷൻ  മോണിറ്ററിങ് സിസ്റ്റം) പദ്ധതിയും സംശയത്തിന്റെ നിഴലിലായി. പൊലീസിന്റെ പേരിലാണു പദ്ധതി നടപ്പാക്കുന്നതെങ്കിലും സാമ്പത്തിക നേട്ടം കൊയ്യുന്നതു സ്വകാര്യകമ്പനിയാണെന്നാണു കണ്ടെത്തൽ.

രാജ്യസുരക്ഷയെ  വരെ ബാധിക്കുന്ന കണ്ടെത്തലുകളാണു സിഎജി റിപ്പോർട്ടിലുള്ളതെന്നതു കാണാതിരുന്നുകൂടാ.  നിയമസഭയിൽ  വച്ചുകഴിഞ്ഞ നിലയ്ക്ക് സിഎജി റിപ്പോർട്ട് പൊതുരേഖയാണ്. ഇനി നടപടിയെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്.   ആയുധങ്ങളുടെ കാര്യത്തിൽ നടപടിക്രമങ്ങൾ പോലും പാലിക്കാത്തവരെ എന്തിനു  സംരക്ഷിക്കണമെന്ന സിഎജിയുടെ ചോദ്യം തികച്ചും പ്രസക്തവുമാണ്.

സിഎജി  മുൻപു കണ്ടെത്തിയ അഴിമതികളിൽ അന്വേഷണം ആവശ്യപ്പെട്ടു സമരം നടത്തിയ ചരിത്രമാണ് കേരളത്തിലെ ഇടതു മുന്നണിക്കുള്ളത്. ആ ധാർമികത അവരുടെ ഭാഗത്തുനിന്ന്  ഉണ്ടാകുമോ എന്നാണിപ്പോൾ കേരളം ഉറ്റുനോക്കുന്നത്. പാമൊലിൻ, 2 ജി സ്പെക്ട്രം, ലാവ്‌ലിൻ തുടങ്ങി രാജ്യത്തെ പിടിച്ചുകുലുക്കിയ അഴിമതികളുടെയെല്ലാം തുടക്കം സിഎജി റിപ്പോർട്ടിൽ നിന്നായിരുന്നു.

English Summary: Corruption in Kerala Police

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA