ADVERTISEMENT

തിരുവനന്തപുരത്തെ വഴുതക്കാട് - വെള്ളയമ്പലം റോഡിലൂടെ പോകുമ്പോൾ പൊലീസ് ആസ്ഥാനത്തേക്ക് ഒന്നു നോക്കിപ്പോയാൽ തിരികെക്കിട്ടും പൊലീസിന്റെ തുറിച്ചുനോട്ടം. അവിടേക്കു സാധാരണക്കാരനു പ്രവേശിക്കണമെങ്കിൽ നൂറു പരിശോധന കഴിയണം. മാധ്യമ പ്രവർത്തകർ മുൻകൂട്ടി അനുമതി തേടിയെത്തിയാലും ഗേറ്റിൽ മണിക്കൂറുകൾ നിർത്തി വാഹന പരിശോധനയും തിരിച്ചറിയൽ കാർഡ് പരിശോധനയും. കഴിഞ്ഞില്ല, അകത്തുള്ള ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് അനുമതി കൂടി വാങ്ങിയേ കടത്തിവിടൂ.

കാക്കിക്കു പകരം നീല നിറത്തിലെ വേഷമാണ് കമാൻഡോകൾ എന്നു വിളിക്കുന്ന ഈ കാവൽക്കാർക്ക്. എന്നാൽ, ഏതു പാതിരാത്രിയും ഇവിടെ ഒരു പരിശോധനയുമില്ലാതെ വന്നുപോകാൻ ചിലർക്ക് ഡിജിപി അനുമതി നൽകിയിട്ടുണ്ട്. അവരുടെ കാറുകളിൽ പ്രത്യേക സ്റ്റിക്കറും പതിച്ചിട്ടുണ്ട്. അവരാണു പൊലീസിന്റെ പർച്ചേസിൽ ഭൂരിപക്ഷവും നടത്തുന്നത്. കമ്പനിയും ഉപകരണവും പലതാണെങ്കിലും ഇടനിലക്കാർ ഒന്നുതന്നെ. മുൻപു പൊലീസിനു കംപ്യൂട്ടറും ക്യാമറയും വിതരണം ചെയ്ത, നഗരത്തിലെ ഒരു പെട്ടിക്കടക്കാരനാണ് ഇതിൽ പ്രധാനി.

ഇയാൾക്കു സ്വന്തമായി ഒരു ഉൽപന്നവുമില്ല. എന്നാൽ, മറ്റു സംസ്ഥാനങ്ങളിലെ ഉൽപാദകരെ ഇവിടെ എത്തിക്കുന്നതും അവർ പറയുന്ന തരത്തിൽ ഉൽപന്നം വാങ്ങാൻ പൊലീസ് ആസ്ഥാനത്തെ ‘തട്ടിക്കൂട്ടൽ’ ടെക്നിക്കൽ കമ്മിറ്റിയെക്കൊണ്ടു തീരുമാനിപ്പിക്കുന്നതും ഇയാളെപ്പോലെ ചില ഇടനിലക്കാരാണ്. ഇവർ അകത്തുണ്ടെങ്കിൽ ഉന്നതന്റെ മുറിക്കു പുറത്തു മറ്റ് ഉദ്യോഗസ്ഥർ പോലും കാത്തുനിൽക്കണമെന്നാണ് അവിടെയുള്ളവർ പറയുന്നത്.

അടുത്തിടെ അക്കൗണ്ടന്റ് ജനറലിന്റെ ചോദ്യാവലി വന്നപ്പോൾ ആ ഫയൽ പൊലീസ് ആസ്ഥാനത്തെ കോൺഫിഡൻഷ്യൽ വിഭാഗത്തിലോ മറ്റ് ഉദ്യോഗസ്ഥർക്കോ നൽകിയില്ല. ഒരു ഐജിയും എസ്പിയും മാത്രമാണു ഡിജിപിക്കു പുറമേ കണ്ടത്; പിന്നെ ആസ്ഥാന ലാപ്ടോപ്പിൽ ഈ ഇടനിലക്കാരനും.


പുറത്ത് 3.25 കോടി; കെൽട്രോണിൽ 4.9 കോടി

കേരള പൊലീസിനു വേണ്ടി വാഹനത്തിൽ ഘടിപ്പിക്കുന്ന ക്യാമറകൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ച കഥ കേട്ടാൽ തട്ടിപ്പിന്റെ ആഴം വ്യക്തമാകും. കെൽട്രോൺ ആവശ്യപ്പെട്ടത് 4.9 കോടി രൂപ. അതേസമയം, കേരള സർക്കാരിന്റെ അംഗീകാരമുള്ള മറ്റൊരു പൊതുമേഖലാ സ്ഥാപനം ഇതേ ഉപകരണങ്ങൾക്ക് ആവശ്യപ്പെട്ടത് 3.25 കോടി. ഇക്കാര്യം അറിയിക്കേണ്ടവർത്തന്നെ കെൽട്രോണിനെ അറിയിച്ചപ്പോൾ ടെൻഡർ തുക പുതുക്കി 2.75 കോടി രൂപയാക്കി. യഥാർഥ തുകയുടെ ഇരട്ടിയാണ് ആദ്യം ഈടാക്കാൻ ശ്രമിച്ചത്. ഇതിന്റെ വിഹിതം എത്തേണ്ടിടത്തൊക്കെ എത്തുന്നുവെന്നാണ് സിഎജി കണ്ടെത്തലുകളിൽ നിന്നു വ്യക്തമാകുന്നത്.

കെൽട്രോൺ പുറത്ത്; സ്വകാര്യ കമ്പനി അകത്ത്

സിഎജി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) ഓഡിറ്റ് റിപ്പോർട്ട് രൂക്ഷമായി വിമർശിക്കുന്ന സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സിംസ്) നടത്തിപ്പിനായി ഗാലക്സോൺ എന്ന കമ്പനിയെ തിരഞ്ഞെടുത്തത് ഇ–ടെൻഡർ വഴിയാണെന്ന കെൽട്രോണിന്റെ വിശദീകരണത്തിൽ ദുരൂഹത. 4 തവണയാണ് ഇ–ടെൻഡർ വിളിച്ചത്. മാനദണ്ഡങ്ങൾ ‘പ്രത്യേക രീതിയിൽ’ തയാറാക്കിയതിനാൽ 3 തവണയും മറ്റാരും ടെൻഡറിൽ പങ്കെടുത്തില്ല. കരാർ ലഭിച്ച ഗാലക്സോൺ കമ്പനി തന്നെ ടെൻഡർ മാനദണ്ഡങ്ങളും തയാറാക്കിയതായാണു സംശയിക്കുന്നത്.

police-car-gift

നാലാം തവണ പേരിനു രണ്ടാമതൊരു കമ്പനി കൂടി ‘പങ്കെടുത്തു’. അതിൽ നിന്നാണ് ഗാലക്സോണിനെ തിരഞ്ഞെടുത്തതെന്നു കെൽട്രോൺ പറയുന്നു. പദ്ധതി നടത്തിപ്പും കൺട്രോൾ റൂം മാനേജ്മെന്റും കെൽട്രോണിന്റെ ചുമതലയാണെന്ന് അവകാശപ്പെടുന്ന അധികൃതർ പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്കു കെൽട്രോൺ പ്രതിനിധിക്കുപോലും പ്രവേശനമില്ലെന്നും പറയുന്നു. പ്രവേശനമില്ലാത്തിടത്ത് എങ്ങനെ കെൽട്രോൺ പദ്ധതി നടത്തും.

ദുബായിലും ഷാർജയിലും ‘സമാന പദ്ധതി നടത്തിയ പരിചയ’മാണ് ഗാലക്സോണിനെ സാങ്കേതിക പങ്കാളിയായി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്നും കെൽട്രോൺ അധികൃതർ പറയുന്നു. പദ്ധതി വന്ന വഴി ഇതിൽനിന്നു വ്യക്തം. കേന്ദ്ര കമ്പനികാര്യ മന്ത്രാലയ രേഖകൾ പ്രകാരം ഗാലക്സോൺ കമ്പനി റജിസ്റ്റർ ചെയ്തിരിക്കുന്നത് 2017ലാണ് എന്നതും ഇതിനോടു ചേർത്തു വായിക്കണം.

ഗാലക്സോണിനെതിരെ കേരളത്തിലെ സിസിടിവി വിൽപനക്കാരുടെ സംഘടനയായ ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റംസ് ആൻഡ് ഇന്റഗ്രേറ്റേഴ്സ് അസോസിയേഷൻ കഴിഞ്ഞ വർഷം ജൂലൈ 30നു മുഖ്യമന്ത്രിക്കും ഒക്ടോബർ 16നു കെൽട്രോൺ എംഡിക്കും പരാതികൾ നൽകിയിരുന്നു. സിംസ് പദ്ധതിയുടെ മറവിൽ സിസിടിവി വിൽപന നടത്താൻ ഗാലക്സോൺ കേരള പൊലീസിനെയും കെൽട്രോണിനെയും ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു പരാതി. സിംസിലേക്കു മാറണമെന്നാവശ്യപ്പെട്ടു സ്ഥാപനങ്ങൾക്കു പൊലീസ് നോട്ടിസ് നൽകുന്നുവെന്നും പരാതിയിലുണ്ട്.

(തുടരും ∙ ക്വാർട്ടേഴ്സ് പോകട്ടെ, ക്ലബ് വരട്ടെ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com