ADVERTISEMENT

എന്റെ ജീവിതം വേണമെങ്കിൽ സിനിമയാക്കാം. ചിലരൊക്കെ സമീപിച്ചിരുന്നു. സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഞെട്ടി. കഥ തുടങ്ങുമ്പോൾത്തന്നെ പ്രണയമാണ്. അതല്ലല്ലോ എന്റെ ജീവിതം. അതുകൊണ്ട് തൽക്കാലം വേണ്ടെന്നുവച്ചു.
അഭിലാഷ് ടോമി

സിപിഎമ്മിന്റെ കൂടെ ഉറച്ചുനിന്ന മതനിരപേക്ഷ കുടുംബത്തിലെ കുട്ടികളെയാണ് ഇടതുപക്ഷ സർക്കാർ ജയിലിൽ അടച്ചത് എന്നത് അദ്ഭുതപ്പെടുത്തി. എന്റെ കഴുത്തിനു പിടിച്ച ഡിവൈഎഫ്‌ഐയ്ക്ക് സംഘടനയുടെ പ്രവർത്തകരായിരുന്ന രണ്ടു കുട്ടികളുടെ കൈ പിടിക്കാൻ കഴിഞ്ഞില്ലെന്നതു സങ്കടകരമാണ്.
സക്കറിയ

സിവിക് ചന്ദ്രൻ: വ്യവസ്ഥകൾക്കു മാറ്റമില്ലാതെ വരുമ്പോൾ യുവാക്കൾ അസ്വസ്ഥരാകും. പഴയ വിപ്ലവകാരികൾ സെക്രട്ടേറിയറ്റിലെ ചാരുകസേരയിൽ വിശ്രമിക്കുന്നതുകൊണ്ടാണ് പുതിയ വിപ്ലവകാരികൾ ഉണ്ടാകുന്നത്.

ഹോർമിസ് തരകൻ: ഔദ്യോഗിക ജീവിതത്തിൽ ഒട്ടേറെ നക്സൽ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. കാട്ടിൽ നക്സലുകൾ വെടിവച്ചുകൊന്ന പൊലീസുകാരുടെ ഓർമയ്ക്കാണ് പൊലീസ് രക്തസാക്ഷിത്വം ആചരിക്കുന്നത്. എന്നിട്ടും, ചോദ്യം ചെയ്യുമ്പോൾ ഒരാളെയും ഉപദ്രവിക്കരുതെന്ന് എന്റെ മുതിർന്ന ഉദ്യോഗസ്ഥർ കർശന നിർദേശം നൽകിയിരുന്നു. വെടിവയ്പല്ല, സംഭാഷണമാണു വേണ്ടത്.

കാളീശ്വരം രാജ്: ഭരണകൂടത്തിൽ ഭൂരിപക്ഷത്തിന്റെ അപ്രമാദിത്തം വന്നപ്പോഴൊക്കെ കോടതികൾ ദുർബലമായിട്ടുണ്ട്. നോട്ട് അസാധുവാക്കൽ നടപടി സുപ്രീം കോടതി റദ്ദു ചെയ്തിരുന്നുവെങ്കിൽ രാജ്യത്തിന്റെ സാമ്പത്തിക ചിത്രം മറ്റൊന്നായേനെ.

എം.മുകുന്ദൻ: നമ്മുടെ നാട്ടിൽ എഴുത്തുകാരനു ജീവിക്കണമെങ്കിൽ കർക്കശ സ്വഭാവം വേണ്ടിവരും. എന്റെ വീട്ടിലൊക്കെ മദ്യപരും മറ്റും അർധരാത്രിയിലും വന്നു തട്ടിവിളിക്കുകയും ചോറു ചോദിക്കുകയും ചെയ്യാറുണ്ട്. എഴുത്തുകാരന്റെ വീട്ടിൽ വരാൻ സമയം നോക്കേണ്ട ആവശ്യമില്ലെന്നു കരുതുന്നവരുടെ നാടാണിത്.

എം.കെ. മുനീർ: പണ്ടൊക്കെ‌ മതഘോഷയാത്ര സന്തോഷത്തിന്റേതായിരുന്നു. ഇന്ന് ഒരു മതഘോഷയാത്ര കടന്നുപോകുമ്പോൾ എങ്ങനെയെങ്കിലും കഴിഞ്ഞുകിട്ടിയാൽ മതി എന്നാണ് ആലോചിക്കുന്നത്. കാരണം ഒരു കലാപത്തിലേക്ക് അതു പോകുമോ എന്ന ഭയമാണ്.

ശ്രീകുമാരൻ തമ്പി: വയലാറിനെയും പി. ഭാസ്കരനെയും എന്നെയും കോടമ്പാക്കം കവികൾ എന്നു വിളിച്ചവർക്ക് പിന്നീടതു തിരുത്തേണ്ടിവന്നു. വൃത്തമോ താളമോ ഇല്ലാത്ത ഗദ്യകവിതകൾ എഴുതാൻ ആർക്കും കഴിയും. ഈണത്തിൽ പാടാൻ കഴിയുന്ന കവിതകൾ എഴുതുക ശ്രമകരമാണ്. സംഗീതവും സാഹിത്യവും സമ്മേളിക്കുന്ന ഗാനങ്ങൾക്ക് ഒരിക്കലും മരണമില്ല.

ടി.ജെ.എസ്. ജോർജ്: എന്തോ എവിടെയോ ഒരു പ്രശ്നമുണ്ട്. ഒരു പാർട്ടിയും സെൻകുമാർ സാറിനെ മുഖ്യമന്ത്രിയാകാൻ ക്ഷണിക്കാത്തതാണോ? നരേന്ദ്ര മോദി കേന്ദ്രത്തിൽ മന്ത്രിക്കസേര നൽകാത്തതാണോ? ഏതായാലും ഇനിയും പുള്ളിക്കാരൻ പത്രസമ്മേളനം വിളിക്കുമ്പോൾ പത്രക്കാർ ജാഗ്രതൈ. ചോദ്യങ്ങളൊന്നും ചോദിക്കാതെ, പറയുന്നതു കേട്ടു ഭവ്യതയോടെ പെരുമാറുന്നതാണ് ആരോഗ്യപ്രദം.

ജെ. ദേവിക: കേരളത്തിലെ ഇടതുപക്ഷ സഹയാത്രികരായ ബുദ്ധിജീവികൾക്ക് ശക്തിയും സ്വാധീനവും വീണ്ടെടുക്കണമെങ്കിൽ സ്ഥാനമാനങ്ങൾ നോക്കി കണക്കുകൂട്ടി പ്രതികരിക്കുന്ന രീതി ഉപേക്ഷിക്കേണ്ടി വരും. തങ്ങളുടെ കഴിവുകൾക്കുള്ള അംഗീകാരമായി ഇവരിൽ പലരും സ്ഥാനമാനങ്ങളെ കാണുന്നുണ്ടാകാം. പക്ഷേ, ഇന്നത്തെ ഇടതുനേതൃത്വം ഈ സ്ഥാനമാനങ്ങളെ ആശ്രിതർക്കു നൽകുന്ന സഹായങ്ങളായാണു തിരിച്ചറിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com