ADVERTISEMENT

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മൂക്കുകുത്തി വീണശേഷം അമിത് ഷായ്ക്ക് ആകെപ്പാടെയൊരു കുറ്റബോധം പോലാണ്. ഡൽഹി തിരഞ്ഞെടുപ്പ് അഭിമാനപ്രശ്നമായാണ് ആഭ്യന്തരമന്ത്രി കണ്ടത്. പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭം നയിക്കുന്നവരെ നിശിതമായി കടന്നാക്രമിച്ച അദ്ദേഹം, അവർക്കെതിരെ കടുത്ത വാക്കുകളും പ്രയോഗിച്ചു. അമിത് ഷായുടെ ശൈലി പിന്തുടർന്നാകണം, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതൽ കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂർ വരെയുള്ളവർ പ്രക്ഷോഭകർക്കു നേരെ സർവശക്തിയുമായി കുതിച്ചത്.

ഡൽഹി തിരഞ്ഞെടുപ്പ് ഇന്ത്യ – പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരമാണെന്നും പ്രക്ഷോഭകർക്കു കൊടുക്കേണ്ടതു ബുള്ളറ്റ് ആണെന്നും വരെ അവർ പറഞ്ഞു. വോട്ടർമാർ ഇവിഎം ബട്ടൻ ശക്തമായി അമർത്തണമെന്നും അതിന്റെ കറന്റ് ഷഹീൻബാഗിൽ അറിയണമെന്നും ഷാ പറഞ്ഞത് വ്യാപക വിമർശനത്തിനിടയാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും കടുത്ത ഭാഷയിലായിരുന്നു. അദ്ദേഹം കോൺഗ്രസിന്റെയും മറ്റ് എതിരാളികളുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്തു. അങ്ങനെ വികസനവുമായി ബന്ധപ്പെട്ട പ്രചാരണം ആം ആദ്മി പാർട്ടിക്കു മാത്രമായി വിട്ടുകൊടുത്തു.

കോൺഗ്രസ് ബോധപൂർവം മത്സരത്തിൽനിന്നു മാറിനിന്നത് (കഴിഞ്ഞ തവണ കിട്ടിയതിന്റെ ആറിലൊന്നു വോട്ടു മാത്രമാണ് ഇത്തവണ കോൺഗ്രസ് സ്ഥാനാർഥികൾക്കു കിട്ടിയത്) തങ്ങൾക്കു ദോഷമായിത്തീർന്നെന്നു ബിജെപി വിശ്വസിക്കുന്നു. അതിലപ്പുറം, വിദ്വേഷം വാരിച്ചൊരിയുന്നതു പാർട്ടിയുടെ ഉറച്ച വോട്ടർമാരിലല്ലാതെ മറ്റാരിലും അനുകൂല വികാരം ഉണ്ടാക്കില്ലെന്നും ബിജെപിക്കു ബോധ്യമായിട്ടുണ്ട്. വിദ്വേഷ പ്രചാരണം ഗുണം ചെയ്തില്ലെന്ന് അമിത് ഷാ പരസ്യമായി സമ്മതിച്ചതിനു പിന്നാലെ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ വിളിച്ചുവരുത്തി ശാസിക്കുകയും ചെയ്തു. യുപിയിലെ ദേവ്ബന്ദ് സെമിനാരി ഭീകരവാദത്തിന്റെ ഉറവിടമാണെന്ന ഗിരിരാജ് സിങ്ങിന്റെ വിവാദ പ്രസ്താവനയുടെ പേരിലായിരുന്നു അത്. ബിജെപി തീപ്പൊരി പ്രസംഗകരിലൊരാളായ ഗിരിരാജ് സിങ് പക്ഷേ, ഡൽഹിയിൽ പ്രചാരണത്തിനു പോയിരുന്നില്ല.

ഗിരിരാജ് സിങ്ങിനെ നഡ്ഡ ശാസിച്ചുവെങ്കിലും പാർട്ടിക്കുള്ളിലെ മറ്റു തീപ്പൊരിക്കാർ, വിശേഷിച്ചും ഐടി സെൽ അംഗങ്ങൾ, ആക്രമണം നിർത്തിയിട്ടില്ല. പക്ഷേ, ഡൽഹി തിരഞ്ഞെടുപ്പു സംബന്ധിച്ചു പാർട്ടി നേതാക്കൾക്കിടയിലുണ്ടായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ നഡ്ഡ എത്തിച്ചേർന്ന നിലപാട് പാർട്ടി സ്വയം ഇരയായി ചമഞ്ഞപ്പോഴെല്ലാം നേട്ടമുണ്ടാക്കിയിട്ടുണ്ട് എന്നതാണ്. മോദിയെയും മറ്റു നേതാക്കളെയും പ്രതിപക്ഷം വല്ലാതെ അപഹസിച്ചിരുന്ന സന്ദർഭങ്ങൾ ഉദാഹരണം. തന്നെ ചായ്‌വാല (ചായ വിൽപനക്കാരൻ) എന്നും കീഴ് ജാതിക്കാരൻ (നീച്) എന്നും എതിരാളികൾ ആക്ഷേപിക്കുന്നതിനെപ്പറ്റി തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ നരേന്ദ്ര മോദി ആവർത്തിച്ചു പറഞ്ഞിരുന്നു. ഈ നിന്ദകളെ ജനം ഓരോ വട്ടവും നിരാകരിച്ചിട്ടുണ്ട്. അതിനാൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ തുടർച്ചയായി ഭീകരൻ എന്നു വിശേഷിപ്പിച്ചതു ഗുണം ചെയ്തില്ലെന്നാണു ചില നേതാക്കൾ ചൂണ്ടിക്കാട്ടിയത്.

ദേശീയതാ പ്രശ്നം ഉന്നയിച്ചല്ല, നിതീഷ് കുമാർ സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി വേണം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനെ എൻഡിഎ നേരിടാൻ എന്ന് ലോക് ജനശക്തി പാർട്ടി നേതാവ് റാം വിലാസ് പാസ്വാൻ ഇതിനിടെ അഭിപ്രായപ്പെട്ടതും ശ്രദ്ധേയമായി. പക്ഷേ, ബിഹാറിൽ എല്ലാ നേട്ടങ്ങളും ജെഡിയുവിനും മുഖ്യമന്ത്രി നിതീഷ് കുമാറിനും വിട്ടുകൊടുത്തു ബിജെപി പിന്നാലെ പോകുന്ന രീതിയോടു ബിഹാറിൽനിന്നുള്ള ബിജെപി നേതാക്കൾക്ക് (ഗിരിരാജ് സിങ് ഉൾപ്പെടെ) നീരസമുണ്ട്. ദേശീയതാവാദം ശക്തമായി ഉയർത്തി വേണം ബിജെപി തിരഞ്ഞെടുപ്പു നേരിടേണ്ടതെന്ന് അവർ വാദിക്കുന്നു. സംസ്ഥാന ബിജെപിയിലെ സവർണജാതിക്കാരായ നേതാക്കൾ, മുഖ്യമന്ത്രിയായി ഒരു മേൽജാതിക്കാരൻ വരണമെന്നും മോഹിക്കുന്നു.

എന്നാൽ, നരേന്ദ്ര മോദി ഉൾപ്പെടെ ബിജെപി നേതാക്കളിൽ ആർക്കും കോൺഗ്രസുമായി, വിശേഷിച്ച് രാഹുൽ ഗാന്ധിയുമായുള്ള വാക്പോരു നിയന്ത്രിക്കാനാവില്ല. രാഹുലിനെ നേരിടുമ്പോഴെല്ലാം പ്രധാനമന്ത്രിയുടെ വാക്കുകൾ പരുഷമാകാറുണ്ട്. ഏറ്റവുമൊടുവിൽ മോദി രാഹുലിനെ പരിഹസിച്ചതു ട്യൂബ് ലൈറ്റ് എന്നു വിളിച്ചാണ് (നേരത്തേ, ‘പപ്പു’ എന്നു വിളിച്ചാണു രാഹുലിനെ ബിജെപി നേതാക്കൾ ആക്ഷേപിച്ചിരുന്നത്). കോൺഗ്രസ് നേതാക്കളെല്ലാം അഴിമതിക്കേസുകളിൽ ജാമ്യത്തിലിറങ്ങി നടക്കുകയാണെന്നും മോദി വിമർശിക്കുന്നു. തിരിച്ച് പ്രധാനമന്ത്രിയെ വിമർശിക്കുന്നതിൽ കോൺഗ്രസും ഇളവു കാട്ടാറില്ല. ചായ്‌വാല, ചതിയൻ, സ്റ്റണ്ട് മാസ്റ്റർ എന്നിങ്ങനെ പോകുന്നു മോദിക്കെതിരായ ആക്ഷേപ പദങ്ങൾ.

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പു കാലത്തു ബിജെപിയുടെ ചില ചെറിയ നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷൻ ചട്ടലംഘനത്തിനു നടപടിയെടുത്തുവെങ്കിലും ഉന്നത നേതാക്കളുടെ പ്രസ്താവനകൾക്കെതിരെ ഒന്നും ചെയ്തില്ലെന്നാണു കോൺഗ്രസിന്റെ പരാതി. കമ്മിഷനുള്ളിൽ തന്നെ ഈ വിഷയത്തിൽ ശക്തമായ ഭിന്നത ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷണർ അശോക് ലവാസ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ നോട്ടിസ് അയയ്ക്കണമെന്ന നിലപാടാണു സ്വീകരിച്ചത്. 

ബിഹാർ തിരഞ്ഞെടുപ്പിന് ഇനി എട്ടുമാസം സമയമുണ്ട്. തിരഞ്ഞെടുപ്പു കളത്തിൽ ഇനി പോരിനിറങ്ങുമ്പോൾ നേതാക്കൾ മാന്യതയും സംയമനവും പാലിക്കുമോ എന്നതു കണ്ടറിയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com