ADVERTISEMENT

‘ഞങ്ങൾ കായികതാരങ്ങളാണ്, ഫുട്ബോൾ കളിക്കുന്നവരാണ്, വനിതാ അത്‍‌ലീറ്റുകളാണ്. അതിനെല്ലാമുപരി, ഫുട്ബോൾ എന്ന മനോഹര കായികവിനോദത്തിലൂടെ വിവിധ സംസ്കാരങ്ങളെയും മനുഷ്യരെയും ഒന്നിപ്പിക്കുന്നവരാണ്’ – കഴിഞ്ഞ വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ യുഎസ് ടീമിന്റെ ക്യാപ്റ്റൻ മേഗൻ റപീനോ, ടീമിനു ന്യൂയോർക്ക് നഗരത്തിൽ ലഭിച്ച വൻ വരവേൽപിനു നന്ദിപറഞ്ഞു നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്. ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിൽ ജേതാക്കളായ ഗോകുലം കേരള എഫ്സി ടീം ഉച്ചത്തിൽ വിളിച്ചു പറയാനാഗ്രഹിക്കുന്നതും മറ്റൊന്നാകില്ല.

പന്ത്രണ്ട് ടീമുകൾ മത്സരിച്ച ദേശീയ വനിതാ ഫുട്ബോൾ ലീഗിൽ ജേതാക്കളാകുന്ന ആദ്യ കേരള ടീം എന്ന നേട്ടത്തിലേക്കാണു ഗോകുലത്തിന്റെ പെൺപട ഗോളടിച്ചുകയറിയത്. ഒൻപത് ദേശീയ താരങ്ങൾ നിറഞ്ഞ മണിപ്പുർ ടീമിനെ കളിമികവിലും ആത്മവിശ്വാസത്തിലും പിന്നിലാക്കിയാണു ‘ഗോകുലം ഗേൾസ്’ കപ്പടിച്ചത്. ഇന്ത്യൻ വനിതാ ഫുട്ബോളിനെ അടക്കിഭരിക്കുന്ന മണിപ്പുരി താരങ്ങളാൽ സമ്പന്നമായ ക്രിഫ്സ എഫ്സിക്ക് ആക്രമണം മുഖമുദ്രയാക്കി കളത്തിലിറങ്ങിയ ഗോകുലത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. പി.വി.പ്രിയ എന്ന മുൻ ജൂനിയർ ഇന്ത്യൻ പരിശീലകയുടെ നിർദേശങ്ങളും സബിത്ര ഭണ്ഡാരി എന്ന നേപ്പാൾ താരത്തിന്റേതുൾപ്പെടെയുള്ള പ്രകടനങ്ങളും ഗോകുലത്തിന്റെ ജയത്തിൽ നിർണായകമായി.

സാമ്പത്തിക ലാഭം പ്രതീക്ഷിക്കാതെ വനിതാ ലീഗിനായി ടീമിനെ അണിയിച്ചൊരുക്കിയ ഗോകുലം ടീം മാനേജ്മെന്റ് അഭിനന്ദനമർഹിക്കുന്നു; രാജ്യത്തെ ഐ ലീഗ് ഫുട്ബോൾ ക്ലബ്ബുകളിൽ മറ്റൊരു ടീമിനും വനിതാ ലീഗിൽ പങ്കാളിത്തമില്ല എന്നറിയുമ്പോൾ വിശേഷിച്ചും.

വനിതാ ഫുട്ബോൾ രാജ്യത്ത് ഇപ്പോഴും ശൈശവദശയിലാണ് എന്ന കാര്യത്തിൽ തർക്കമില്ല. വനിതാ ലീഗ് നാലാം സീസൺ കടന്നുപോകുമ്പോഴും പെൺകുട്ടികളെ ഫുട്ബോളിലേക്ക് ആകർഷിക്കാനോ കൂടുതൽ ടൂർണമെന്റുകൾ ആരംഭിക്കാനോ അഖിലേന്ത്യാ ഫെഡറേഷന്റെ ഭാഗത്തുനിന്ന് ആത്മാ‍ർഥമായ ശ്രമങ്ങൾ നടക്കുന്നുണ്ടോയെന്നു സംശയമാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. സ്കൂൾ, കോളജ്, സർവകലാശാലാ തലങ്ങളിൽ പേരിനുമാത്രം പറയാവുന്ന രീതിയിൽ വനിതാ ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നുണ്ടെങ്കിലും ദേശീയതലത്തിൽ ഒരു ശക്തിയായി മാറാനുള്ള സംഘടിതശ്രമത്തിലേക്ക് ഇതുവരെ കാര്യങ്ങൾ എത്തിയിട്ടില്ല.

ഗോകുലത്തിന്റെ ചരിത്രനേട്ടത്തെ വാഴ്ത്തുമ്പോൾ കായിക കേരളം ശ്രദ്ധവയ്ക്കേണ്ടതു വനിതാ ഫുട്ബോളിന്റെ വളർച്ചയിലാണ്. പ്രതിഭയുള്ള ആൺകുട്ടികളെ ചെറുപ്പത്തിൽത്തന്നെ ഫുട്ബോളിലേക്ക് എത്തിക്കാനുള്ള ‘ഗ്രാസ്‌റൂട്ട്’ പദ്ധതികൾ കേരളത്തിൽ ഏറെയുണ്ട്. അക്കാദമികളും ക്ലബ്ബുകളും ഇക്കാര്യത്തിൽ വലിയ സംഭാവന നൽകുന്നുമുണ്ട്. എന്നാൽ, നമ്മുടെ പെൺകുട്ടികളെ ചെറുപ്രായത്തിലേ ഫുട്ബോളിലേക്ക് ആകർഷിക്കാൻ ഇവിടെ എന്തുണ്ട്? ഹൈസ്കൂളിലോ ഹയർ സെക്കൻഡറിയിലോ പഠിക്കുമ്പോൾ മാത്രം ഫുട്ബോളിലേക്കു വഴിതിരിഞ്ഞിട്ടു കാര്യമില്ല. പിന്നീടു ലഭിക്കുന്ന ചെറിയ കാലയളവിൽ ശരീരക്ഷമതയും കളിമികവും വർധിപ്പിക്കുകയെന്നത് അത്ര എളുപ്പവുമല്ല. ഫുട്ബോളിലേക്കു പെൺകുട്ടികളെ ബാല്യത്തിൽത്തന്നെ ആകർഷിക്കാൻ പദ്ധതികൾ വരണം. സർക്കാരും അസോസിയേഷനും വനിതാ ഫുട്ബോൾ വികസനത്തിനാവശ്യമായ നടപടികളിലേക്കു കടക്കുകയും വേണം.

സ്കോട്‌ലൻഡിലെ റേഞ്ചേഴ്സ് എഫ്സിയുമായി കരാർ ഒപ്പിട്ട മണിപ്പുരുകാരി ബാലാദേവി, ഒരു വിദേശ ക്ലബ്ബുമായി പ്രഫഷനൽ കരാറിലേർപ്പെടുന്ന ആദ്യ ഇന്ത്യൻ വനിതാതാരമായി മാറിയതു കഴിഞ്ഞ മാസമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള ഒട്ടേറെ താരങ്ങൾ ദേശീയ ടീമിലും രാജ്യത്തെ വിവിധ ക്ലബ്ബുകളിലുമായി വനിതാ ഫുട്ബോളിൽ കരിയർ കണ്ടെത്തിയവരാണ്. സ്ത്രീമുന്നേറ്റത്തിൽ വിവിധ മേഖലകളിൽ രാജ്യത്തിനു മാതൃക സൃഷ്ടിച്ചിട്ടുള്ള കേരളത്തിനു ഗോകുലം മോഡൽ ഇനിയും ആവർത്തിക്കാനും കൂടുതൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിക്കാനും കഴിയട്ടെ. വനിതാ ലീഗിലെ ഈ സുന്ദര വിജയം അതിന്റെ തുടക്കമാകണം. വലിയ താരങ്ങളുടെ പേരിൽ കേരളവും അറിയപ്പെടട്ടെ.

English Summary: Women's Football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com