ADVERTISEMENT

മനോദൗർബല്യമുള്ള മകന്റെ സൗഖ്യത്തിനു വേണ്ടിയാണ് മാതാപിതാക്കൾ ഗുരുവിന്റെ അടുത്തെത്തിയത്. അദ്ഭുത പ്രവർത്തകനായ ഗുരുവിന്റെ കൂടെ നാലു ദിവസം താമസിച്ചാൽ എന്തു കാര്യവും സാധിക്കുമെന്നാണു വിശ്വാസം. ആദ്യ മൂന്നു ദിനങ്ങളിൽ ഗുരുവിന്റെ ഉപദേശങ്ങൾ കൃത്യമായ ഇടവേളകളിൽ ഉണ്ടായിരുന്നു. മകനിൽ ചെറിയൊരു മാറ്റം പോലും കാണാത്തതിനാൽ മാതാപിതാക്കൾ ദുഃഖിതരായി. ഗുരു പറഞ്ഞു: ‘‘ഈ മകനെ നിങ്ങളെ ഏൽപിച്ചതു ദൈവമാണ്. മറ്റാരും ഇത്രയും ശ്രദ്ധയും പരിചരണവും ഇവനു നൽകില്ല’’. നാലാം ദിനം വൈകുന്നേരം അവർ ഗുരുവിന്റെ അടുത്തെത്തി പറഞ്ഞു: ‘‘ഇവനിൽ ഒരദ്ഭുതവും സംഭവിക്കേണ്ട; ഇവൻ ഞങ്ങളുടേതാണ്’’. ഗുരു പറഞ്ഞു: ‘‘സംഭവിക്കേണ്ട അദ്ഭുതം ഇപ്പോഴാണു ശരിക്കും സംഭവിച്ചത്’’.

സ്വന്തം അധ്വാനത്തിന്റെയും അതിജീവന മാർഗങ്ങളുടെയും ഒരു സാധ്യതയും ആരായാതെ, ഞൊടിയിടയിൽ സംഭവിക്കുന്ന അസാധാരണ അനുഭവങ്ങളിൽ പ്രതീക്ഷയർപ്പിക്കുന്നവർ എന്നും കാത്തിരിപ്പുകാരായി തുടരും. എന്നെങ്കിലും അദ്ഭുതം സംഭവിക്കുമെന്നു പ്രതീക്ഷിച്ചിരിക്കുന്നവർ നഷ്ടമാക്കുന്നത് സ്വന്തം പ്രതിരോധശേഷിയും കാര്യക്ഷമതയുമാണ്.സ്വന്തം അദ്ഭുതശക്തി പ്രദർശിപ്പിക്കുന്നവരല്ല, ഓരോരുത്തരുടെയും ജീവിതത്തിലെ അദ്ഭുതങ്ങൾ എന്തൊക്കെയെന്ന് അവർക്കു കാണിച്ചു കൊടുക്കുന്നവരാണ് യഥാർഥ ഗുരുക്കന്മാർ.

എല്ലാ ചോദ്യങ്ങൾക്കും ഉത്തരവും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവും ജീവിതം കാണിച്ചുതന്നെന്നു വരില്ല. എല്ലാ പോരായ്മകളും പരിഹരിക്കാനായെന്നും വരില്ല. പക്ഷേ, ഉത്തരം കിട്ടുന്ന ചോദ്യങ്ങളും കിട്ടാത്ത ചോദ്യങ്ങളും ഒരുപോലെ മനസ്സിനെ പാകപ്പെടുത്തുന്നുണ്ട്. ആയുസ്സു മുഴുവൻ പൂർണമനസ്സോടെ ചേർത്തുപിടിക്കേണ്ട ആളുകളും അനുഭവങ്ങളും ഉണ്ടാകും. മനഃസുഖം തരുന്നവയെ മാത്രമല്ല, മനക്കട്ടി തരുന്നവയെയും കൂടി സ്വീകരിക്കാനുള്ള വിശാലമനസ്സ് ഉണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com