ADVERTISEMENT

കർഷകൻ ദൈവത്തോടു പറഞ്ഞു: ‘‘താങ്കൾക്കു കൃഷിയെക്കുറിച്ച് ഒന്നുമറിയില്ല. മഴയും വെയിലും തോന്നുന്നതു പോലെയാണ്. ഉദ്ദേശിച്ച വിളവില്ല. അതുകൊണ്ട് ഈ വർഷം കാലാവസ്ഥാ നിയന്ത്രണം എനിക്കു വിട്ടുതരണം’’. ദൈവം സമ്മതിച്ചു. എല്ലാം കർഷകന്റെ ഇഷ്ടംപോലെ നടന്നു. മഴയും വെയിലും ചൂടും തണുപ്പും കൃത്യമായ അനുപാതത്തിൽ. വെള്ളപ്പൊക്കമോ വരൾച്ചയോ ഇല്ല. പക്ഷേ, ധാന്യമണികൾ പൊട്ടിച്ചു നോക്കിയപ്പോൾ ഒന്നിലും ധാന്യമില്ല. അയാൾ ദൈവത്തോടു ചോദിച്ചു – എന്താണു സംഭവിച്ചത്? ദൈവം പറഞ്ഞു: ഒരു വെല്ലുവിളിയും നേരിടാതെ വളരുന്നതെല്ലാം പാഴായി പോകുകയേയുള്ളൂ!

പരീക്ഷിക്കപ്പെടുന്നവയെല്ലാം പൊന്നാകും; പൊതിഞ്ഞു പരിലാളിക്കുന്നവയെല്ലാം പതിരും. എല്ലാ പോഷണവും കിട്ടി മുറ്റത്തു വളരുന്ന മരത്തെക്കാൾ ഊർജവും ബലവും, വെള്ളവും വെളിച്ചവും സ്വയം ശേഖരിച്ചു വഴിവക്കിൽ വളരുന്നവയ്ക്കുണ്ടാകും. അതിജീവന പ്രതിസന്ധികൾ നേരിടാത്ത ഒരാൾക്കും ജീവിതത്തിന്റെ സാധ്യതകൾ അറിയാനാവില്ല.

അനുകൂല സാഹചര്യങ്ങളാണ് പലരുടെയും അനന്തസാധ്യതകൾക്കു വിലങ്ങുതടിയാകുന്നത്. പരീക്ഷണങ്ങളിൽ അകപ്പെട്ടവർക്കു മാത്രമേ, സ്വന്തമായി പ്രതിരോധം രൂപപ്പെടുത്താൻ അറിയൂ. എല്ലാ പ്രശ്നങ്ങളും അവസാനിക്കാനും എളുപ്പവഴികൾ ലഭ്യമാകാനുമുള്ള പ്രാർഥനകൾക്കു പകരം, പ്രശ്നങ്ങളെ അതിജീവിക്കാനും സ്വന്തം വഴികൾ രൂപപ്പെടുത്താനുമുള്ള പ്രാർഥനകൾ ചൊല്ലിയിരുന്നെങ്കിൽ തച്ചുടച്ചാലും തകരാത്ത മനസ്സുകൾ രൂപപ്പെട്ടേനെ.

സങ്കടങ്ങൾ ഇല്ലാത്തവന്റെ സന്തോഷം അപൂർണമാണ്. കരഞ്ഞിട്ടുള്ളവർക്കു മാത്രമേ ചിരിയുടെ ആഴം മനസ്സിലാകൂ. എല്ലാം തന്നിഷ്ടപ്രകാരം വേണമെന്ന വാശി ഉപേക്ഷിച്ച് സംഭവിക്കുന്ന കാര്യങ്ങളിലെ സാധ്യതകളെ ഇഷ്ടപ്പെടാൻ തുടങ്ങിയാൽ ജീവിതത്തിനു പുതിയ രൂപവും ഭാവവും ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com