ADVERTISEMENT

ലഹരിക്കെതിരെ ഒത്തൊരുമിച്ചുള്ള പോരാട്ടത്തിന് ആഹ്വാനവുമായി മലയാള മനോരമ ‘അരുത് ലഹരി’ ആശയക്കൂട്ടം

ലഹരിവിരുദ്ധ പാഠഭാഗങ്ങൾക്ക് അടുത്ത അധ്യയനവർഷം മുതൽ പാഠ്യപദ്ധതിയിൽ കൂടുതൽ പ്രാധാന്യം നൽകുമെന്ന പ്രഖ്യാപനവുമായി മന്ത്രി സി.രവീന്ദ്രനാഥ്. മലയാള മനോരമ ‘അരുത് ലഹരി’ പ്രചാരണപരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്തു സംഘടിപ്പിച്ച ആശയക്കൂട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘ലഹരിവിരുദ്ധ ആശയങ്ങൾ നിലവിലെ പാഠ്യപദ്ധതിയിലുണ്ട്. ലഹരി കിട്ടാനുള്ള വഴി ഇല്ലാതാക്കുക എന്നതിലുപരി, പ്രലോഭനത്തിനു വഴങ്ങാത്ത മനസ്സ് കുട്ടികളിലുണ്ടാക്കുക എന്നതാണു പ്രധാനം. ലഹരി ശരീരത്തിലും മനസ്സിലുമുണ്ടാക്കുന്ന ദൂഷ്യവശങ്ങൾ ശാസ്ത്രീയമായി ബോധ്യപ്പെടുത്തുന്ന തരത്തിൽ വിദ്യാഭ്യാസ വകുപ്പ് വിഡിയോ ‌തയാറാക്കിയിട്ടുണ്ട്. കുട്ടികൾക്കൊപ്പം അധ്യാപകർക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും’’ – മന്ത്രി പറഞ്ഞു. 

∙ എസ്. ആനന്ദകൃഷ്ണൻ (എക്സൈസ് കമ്മിഷണർ)

ബോധവൽക്കരണ ക്ലാസുകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ എത്രത്തോളം ഫലപ്രദമാണെന്നറിയാൻ ശാസ്ത്രീയ പഠനം നടത്തും. അധ്യാപകർക്കും രക്ഷിതാക്കൾക്കും ലഹരിനിർമാർജന പരിശീലനം നൽകും. ‘അരുത് ലഹരി’ ആശയക്കൂട്ടത്തിന്റെ നിർദേശങ്ങളുടെ കൂടി അടിസ്ഥാനത്തിൽ ലഹരിവിരുദ്ധ പരിപാടികൾ സജീവമാക്കും. 

∙ എ. ഷാജഹാൻ (സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ്)

ലഹരിക്ക് ഇരയാകുന്ന വിദ്യാർഥികളെ നേരത്തേ കണ്ടെത്തി അവരെ അതിൽനിന്നു മോചിപ്പിക്കാൻ അടുത്ത വർഷം മുതൽ പ്രത്യേക പദ്ധതി നടപ്പാക്കും. എല്ലാ കുട്ടികൾക്കും മെന്ററിങ് സംവിധാനം വരുന്നതോടെ ഇതു ഫലപ്രദമാകും. ഡൽഹി മാതൃകയിൽ കുട്ടികൾക്ക് ഹാപ്പിനെസ് കരിക്കുലം ഉടൻ നടപ്പാക്കും. 

∙ പി.വിജയൻ (ഐജി)

കുട്ടികൾ ലഹരിക്കായി ഉപയോഗിക്കുന്ന പല വസ്തുക്കളും നിയമപരമായി ലഹരിയുടെ പട്ടികയിൽപെടുന്നതല്ല എന്നതു വലിയ വെല്ലുവിളിയാണ്. പുതിയ കാലത്തെ ലഹരികളെപ്പറ്റി അന്വേഷണ ഉദ്യോഗസ്ഥർക്കു പരിശീലനം ലഭിക്കുന്നില്ല. അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ വർഷം റെക്കോർഡ് ഒപ്പിയം വിളവുണ്ടായി. അതു കേരളത്തിലുൾപ്പെടെ എത്താൻ സാധ്യതയുണ്ട്. ലഹരിക്കച്ചവടം നടത്തുന്ന, ഇന്റർനെറ്റിലെ രഹസ്യ ഗ്രൂപ്പുകളെ തുരത്തുക എന്നതും വലിയ വെല്ലുവിളിയാണ്. 

∙ ഡോ. പി.എസ്.കിരൺ (മെന്റൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് നോഡൽ ഓഫിസർ)

ലഹരിക്ക് അടിമകളാകുന്നവർ ലഹരിവിമുക്ത ചികിത്സ കഴിഞ്ഞാലും വീണ്ടും ലഹരി ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. തുടർചികിത്സയുടെ ആവശ്യകതയെക്കുറിച്ചു പൊതുസമൂഹത്തെ ബോധവൽക്കരിക്കണം. ചികിത്സ ഉറപ്പുവരുത്താൻ വാർഡ് തലത്തിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ജാഗ്രതാസമിതികൾ രൂപീകരിക്കണം. 

ചെറുക്കാൻ ചെറുപ്പം

യുവാക്കളെയും വിദ്യാർഥികളെയും ലഹരിയുടെ പിടിയിൽനിന്നു മോചിപ്പിക്കാനുള്ള യജ്ഞത്തിനു പൂർണ പിന്തുണയറിയിച്ച് യുവജന–വിദ്യാർഥി, സന്നദ്ധ സംഘടനാ നേതാക്കൾ. മലയാള മനോരമ ‘അരുത് ലഹരി’ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ‘യുവപ്രതിനിധി സഭ’യിലാണ് നേതാക്കൾ പിന്തുണയും നിർദേശങ്ങളുമായി എത്തിയത്. നമ്മുടെ ധാരണകൾക്കപ്പുറമുള്ള വലിയ അപകടത്തിലേക്കാണ് ലഹരിവസ്തുക്കൾ യുവത്വത്തെ നയിക്കുന്നതെന്നു നേതാക്കൾ പറഞ്ഞു. സ്ഥാപനങ്ങളുടെയും കുട്ടികളുടെയും ഭാവിയെക്കരുതി പലരും യാഥാർഥ്യങ്ങൾ മറച്ചുവയ്ക്കുകയാണ്. ഇത് അപകടസാധ്യത വർധിപ്പിക്കും.

ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിയാനും തിരുത്താനും മെഡിക്കൽ പരിശോധന മുതൽ കൗൺസലിങ് വരെയുള്ള ഒട്ടേറെ നിർദേശങ്ങൾ യുവപ്രതിനിധി സഭ മുന്നോട്ടുവച്ചു. ലഹരിവിപത്തിനെതിരെ കക്ഷിരാഷ്ട്രീയഭേദമന്യേ കൂട്ടായ മുന്നേറ്റം വേണമെന്നും സർക്കാർ ‘വിമുക്തി’ പദ്ധതിയുടെ ഭാഗമായി ഇതിനു മുൻകയ്യെടുക്കണമെന്നും അവർ നിർദേശിച്ചു. എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ മോഡറേറ്ററായിരുന്നു. 

yuva-sabha
‘അരുത് ലഹരി’ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ യുവപ്രതിനിധി സഭയിൽനിന്ന്. ചിത്രം: മനോരമ

യുവപ്രതിനിധി സഭയുടെ പ്രധാന നിർദേശങ്ങൾ

∙ ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. 

∙ സ്കൂളുകളിലും കോളജുകളിലും കൃത്യമായ ഇടവേളകളിൽ കുട്ടികൾക്കു മെഡിക്കൽ പരിശോധന നടത്തണം. ഇതിൽ കുട്ടികളെ നിർബന്ധമായും പങ്കെടുപ്പിക്കണം. 

∙ ജീവിതസാഹചര്യങ്ങൾ മൂലം വഴിതെറ്റിപ്പോകാൻ സാധ്യതയുള്ള കുട്ടികളെ കണ്ടെത്താൻ വൾനറബിലിറ്റി മാപ്പിങ് നടത്തണം. 

∙ എല്ലാ വിദ്യാർഥി, യുവജന, സന്നദ്ധസംഘടനകളെയും മാധ്യമങ്ങളെയും ഉൾപ്പെടുത്തി ഒരാഴ്ച നീളുന്ന ലഹരിവിരുദ്ധ ക്യാംപെയ്ൻ നടത്തണം. 

∙ ലഹരി ഉപയോഗിക്കുന്ന കുട്ടികളെ തിരിച്ചറിയാനും അവരെ നേർവഴിയിലേക്കു കൊണ്ടുവരാനും എല്ലാ അധ്യാപകർക്കും പരിശീലനം നൽകണം. അവധിക്കാല പരിശീലനത്തിൽ ഇതിനായി പ്രത്യേക മൊഡ്യൂൾ തയാറാക്കണം. 

∙ ലഹരിക്ക് അടിമകളായ കുട്ടികളെ പരസ്യമായി മാറ്റിനിർത്തുകയും അപമാനിക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണം. 

∙ സ്കൂൾ സ്വഭാവ സർട്ടിഫിക്കറ്റ് നൽകുമ്പോൾ അതിൽ ‘ലഹരി ഉപയോഗിക്കുന്ന വിദ്യാർഥിയല്ല’ എന്നു ചേർക്കാനാവുമോ എന്നു പരിശോധിക്കണം. 

∙ കുട്ടികൾക്ക് അവരുടെ ഒഴിവുസമയം ക്രിയാത്മകമായി ചെലവഴിക്കാൻ ബദൽ സംവിധാനം ഒരുക്കി പ്രചാരണരീതി മാറ്റണം. 

∙ വിമുക്തി പ്രചാരണ പരിപാടികളിൽ സ്പോർട്സിന് കൂടുതലായി പ്രാധാന്യം നൽകേണ്ടതുണ്ട്. ‘വിമുക്തി’ പദ്ധതിയുടെ ഭാഗമായി കളിക്കളങ്ങൾ ഒരുക്കിക്കൊടുക്കണം. 

∙ സ്കൂൾ പരിസരത്തുള്ളവരെ ഉൾപ്പെടുത്തി വിദ്യാലയങ്ങളിൽ ജാഗ്രതാസമിതികൾ ശക്തമാക്കണം. 

∙ ലഹരി കൈവശം വച്ചാൽ ഈടാക്കുന്ന പിഴ വർധിപ്പിക്കണം. കുറ്റം ആവർത്തിക്കുന്നതു തടയാൻ നിയമത്തിൽ മാറ്റം വരുത്തണം. 

∙ ലഹരിക്കേസുകളിൽ പിടിയിലാകുന്ന പ്രതികൾക്കു വേണ്ടി കൗൺസലിങ് ശാസ്ത്രീയമാക്കണം. 

∙ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കാൻ വിഡിയോകൾ, ഹ്രസ്വചിത്രം എന്നിവയുടെ നിർമാണം. 

∙ കുട്ടികൾക്കു നല്ല ജീവിതശൈലികൾ പഠിപ്പിക്കുന്ന ‘ഉല്ലാസപ്പറവകൾ’ വീണ്ടും കരിക്കുലത്തിന്റെ ഭാഗമാക്കണം. 

∙ വിദ്യാലയങ്ങളിലെ പിടിഎ യോഗങ്ങളുടെ സ്വഭാവം പരിഷ്കരിക്കണം. പാഠ്യപദ്ധതിയുമായി മാത്രം ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാതെ, വിദ്യാർഥിയുടെയും വിദ്യാലയത്തിന്റെയും സമഗ്രമായ പുരോഗതി പിടിഎകൾ ലക്ഷ്യമാക്കണം. 

യുവപ്രതിനിധി സഭയിൽ പങ്കെടുത്തവർ:

ഷാഫി പറമ്പിൽ എംഎൽഎ (യൂത്ത് കോൺഗ്രസ്), കെ.പി.പ്രമോഷ് (ഡിവൈഎഫ്ഐ) ആർ.സജിലാൽ (എഐവൈഎഫ്), രഞ്ജിത് ചന്ദ്രൻ (യുവമോർച്ച), ഹാരിസ് കരമന (യൂത്ത് ലീഗ്), ആദർശ് എം.സജി (എസ്എഫ്ഐ), ജെ.എസ്.അഖിൽ (കെഎസ്‌യു), വി.മനുപ്രസാദ് (എബിവിപി), ഷഫീഖ് വഴിമുക്ക്, അൻസിഫ് അഷ്റഫ് (എംഎസ്എഫ്), ഡി.രാജീവ് (ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, വിമുക്തി), കെ.മുഹമ്മദ് റഷീദ് (ജോ. എക്സൈസ് കമ്മിഷണർ), എം.എം. ബീന, ഡി. പത്മകുമാരി (നെഹ്റു യുവകേന്ദ്ര), പി.രഞ്ജിത് (എൻഎസ്എസ് വിഎച്ച്എസ്ഇ സ്റ്റേറ്റ് പ്രോഗ്രാം കോഓർഡിനേറ്റർ), ജോളി ജോൺസൺ (സിഇഒ, എച്ച്2ഒ), മുഹമ്മദ് സെയ്ഫ് (സ്റ്റേറ്റ് കൺസൽറ്റന്റ്, ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ), ആൻസൺ പി.ഡി. അലക്സാണ്ടർ, ജിഷ ത്യാഗരാജ് (കനൽ). 

English Summary: Malayala Manorama aruthu lahari meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com