sections
MORE

മുന്നറിയിപ്പുമായി മുസ്‌ലിം ലീഗ്

P.K. Kunhalikutty
പി.കെ.കുഞ്ഞാലിക്കുട്ടി
SHARE

മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ചൊവ്വാഴ്ചത്തെ യുഡിഎഫ് നേതൃയോഗത്തിനു തലേന്നു നടത്തിയ ദൗത്യവും യോഗത്തിലെ അദ്ദേഹത്തിന്റെ വാക്കുകളും സംസ്ഥാന കോൺഗ്രസിനെ ഇരുത്തിച്ചിന്തിപ്പിക്കുന്നു. രാഷ്ട്രീയകാര്യസമിതി യോഗത്തിന്റെ പേരിൽ കോൺഗ്രസിൽ പൊട്ടിത്തെറികൾ ഉയർന്നതോടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും തിരക്കിട്ടു കാണാൻ കുഞ്ഞാലിക്കുട്ടി മുതിർന്നത്. മറ്റൊരു പാർട്ടിയുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടേണ്ട കാര്യം ലീഗിനില്ലെന്നും പക്ഷേ, മുന്നണിയെ നയിക്കുന്ന കക്ഷി പുറത്തേക്കു നൽകുന്ന സന്ദേശം ലീഗ് അണികളടക്കം ഉറ്റുനോക്കുന്നുവെന്നും ഇരുവരോടും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് യോഗത്തിലെ കു‍ഞ്ഞാലിക്കുട്ടിയുടെ വാക്കുകളും മുന്നറിയിപ്പിന്റെ സ്വഭാവമുള്ളതായിരുന്നു: 

‘‘ജയിപ്പിക്കാമെന്നു ലോക്സഭാ തിരഞ്ഞെടുപ്പിലും തോൽപിക്കാമെന്നു നിയമസഭാ ഉപതിരഞ്ഞെടുപ്പിലും കഴിഞ്ഞ ഒരു വർഷത്തിനിടെ നമ്മൾ സ്വയം തെളിയിച്ചു കഴിഞ്ഞു. ഗൗരവത്തോടെയും കാര്യക്ഷമമായും നീങ്ങിയാലേ ഇനിയുള്ള പോരാട്ടങ്ങളിൽ ജയിക്കാൻ കഴിയൂ. അതിനു സാധിക്കുന്ന നിലയിൽ കോൺഗ്രസ് ഉയർന്നുനിൽക്കുകതന്നെ വേണം.’’ 

ലീഗിന്റെ ഈ ഇടപെടൽ ഒന്നുകൊണ്ടു മാത്രം, കോൺഗ്രസിനകത്തു പരിധിവിട്ടൊന്നും സംഭവിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റിനു യുഡിഎഫ് യോഗത്തിൽ വിശദീകരിക്കേണ്ട സ്ഥിതിയുണ്ടായി. അതുകൊണ്ടുതന്നെ, ലീഗ് നീക്കത്തോടു കോൺഗ്രസിനകത്തു സമ്മിശ്ര പ്രതികരണങ്ങളുണ്ട്. നാലു കഷണങ്ങളായി കേരള കോ‍ൺഗ്രസ് നിൽക്കുമ്പോൾ രാഷ്ട്രീയകാര്യ സമിതിയിലെ ഒരു ഉരസലിന്റെ പേരിൽ കോൺഗ്രസിനെക്കുറിച്ച് ഇത്രയധികം ഉത്കണ്ഠ വേണോ എന്നു വിചാരിക്കുന്നവരാണ് ഒരുവിഭാഗം. എംഎസ്എഫ് തിരഞ്ഞെടുപ്പിനെച്ചൊല്ലി യൂത്ത് ലീഗ് നേതാവിനെ കോഴിക്കോട്ട് മുറിയിലിട്ടു പൂട്ടിയതും അന്വേഷണ കമ്മിഷനെ വച്ചതുമെല്ലാം നടന്നതു ലീഗിലല്ലേ എന്നു യുഡിഎഫ് യോഗത്തിൽത്തന്നെ ചോദിക്കാൻ ഓങ്ങുകയും വേണ്ടെന്നുവയ്ക്കുകയും ചെയ്തവരുണ്ട്. എങ്കിലും, കോൺഗ്രസിനെയും മുന്നണിയെയും ഉഷാറാക്കാനുള്ള ലീഗിന്റെ കർശനവും ക്രിയാത്മകവുമായ നീക്കമായി ഇതിനെ വിലയിരുത്തുന്നവരാണു കൂടുതലും. 

രാഷ്ട്രീയകാര്യ സമിതിയിൽ സംഭവിച്ചത്

കോൺഗ്രസിന്റെ വിവാദ രാഷ്ട്രീയകാര്യസമിതിയിൽ ഉയർന്നതും ലീഗ് യുഡിഎഫിൽ ചൂണ്ടിക്കാട്ടിയതും ഏറെക്കുറെ സമാനമായ നിരീക്ഷണങ്ങളാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം തിരിച്ചുപിടിക്കണമെങ്കിൽ ഒത്തൊരുമിച്ചു കാര്യഗൗരവത്തോടെ പോയേപറ്റൂ എന്ന വികാരമാണു സമിതിയുടെ ഒടുവിലത്തെ ആ യോഗം പങ്കുവച്ചത്. വി.ഡി.സതീശനാണ് ഏറ്റവും തീവ്രമായി സംസാരിച്ചതെങ്കിലും അതൊരു വ്യക്തിവിരോധ പ്രഭാഷണമാണെന്നു കേട്ടിരുന്ന ഭൂരിഭാഗത്തിനും തോന്നിയില്ല. എന്നാൽ, പൗരത്വനിയമത്തിനെതിരായ സംയുക്തസമര വിവാദത്തിന്റെ പേരിൽ സതീശനും മുല്ലപ്പള്ളിയും അതിനു മുൻപു പരസ്യമായി കോർത്ത പശ്ചാത്തലമുണ്ടായിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റായി തന്റെ ടീമിനൊപ്പം ഉണ്ടാകണമെന്നു നേരിട്ടു പറഞ്ഞ മുല്ലപ്പള്ളി, ജനപ്രതിനിധികളെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന കടുംപിടിത്തത്തിനു പിന്നീടു തുനിഞ്ഞതു സതീശൻ പ്രതീക്ഷിച്ചിരുന്നുമില്ല. അപ്പോഴും, അവിടെ ഉയർന്ന വിമർശനങ്ങളോടു യോഗത്തിൽ മുല്ലപ്പള്ളി അസഹിഷ്ണുത കാട്ടിയില്ല. പക്ഷേ, യോഗത്തിൽ സംഭവിച്ചതും അല്ലാത്തതുമായ ചർച്ചകൾ പിറ്റേന്നു വാർത്തയായതോടെ, ഇന്ദിരാഭവനിലുണ്ടായിരുന്ന എ.കെ.ആന്റണിക്കു മുന്നിൽ അദ്ദേഹം പൊട്ടിത്തെറിച്ചു: ‘‘പാർട്ടി നേതൃത്വത്തെ താറടിക്കാനായി വാർത്ത സൃഷ്ടിക്കുന്നവർക്കൊപ്പം എന്തിനു പ്രവർത്തിക്കണം, ഞാൻ രാജിവച്ചേക്കാം.’’ 

ഹൈക്കമാൻഡ് പറയാതെ രാഷ്ട്രീയകാര്യസമിതി യോഗം വിളിക്കില്ലെന്ന കടുത്ത തീരുമാനത്തിലേക്കു മുല്ലപ്പള്ളി എത്തിയതിന്റെ പശ്ചാത്തലമിതാണ്. വി.എം.സുധീരൻ പ്രസിഡന്റായിരിക്കെ, ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന, ഗ്രൂപ്പില്ലാത്ത എംപിമാർക്കു സംസ്ഥാന കോൺഗ്രസിൽ പ്രാതിനിധ്യമില്ലാതെ പോകുന്നുവെന്നു മുല്ലപ്പള്ളി അടക്കം നിരന്തരം പരാതിപ്പെട്ടതിനെത്തുടർന്നാണു ഹൈക്കമാൻഡ് രാഷ്ട്രീയകാര്യസമിതി രൂപീകരിച്ചത്. കേരളത്തിലെ കോൺഗ്രസ് നേതൃനിരയുടെ പരിഛേദമായി വിശേഷിപ്പിക്കാവുന്ന മികച്ച ഫോറവുമാണത്. അതുകൊണ്ടുതന്നെ സമിതിക്കെതിരായ ഒരു നീക്കത്തെയും ഇരു ഗ്രൂപ്പുകളും അനുകൂലിക്കില്ല. വികാരപരമായ നിലപാട് മുല്ലപ്പള്ളി എടുത്തു എന്ന വിലയിരുത്തലിനപ്പുറം, എ–ഐ ഗ്രൂപ്പുകൾ ഇതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ യുദ്ധത്തിനുമില്ല. 

യഥാർഥത്തിൽ, കോൺഗ്രസിലെ ഈ പൊട്ടലും ചീറ്റലുമല്ല ലീഗിന്റെ ഉത്കണ്ഠയ്ക്കു കാരണമെന്നു വ്യക്തം. പൗരത്വനിയമ വിഷയത്തിൽ ‘സോഷ്യൽ എൻജിനീയറിങ്’ ഫലപ്രദമായി നടത്തിയും സിപിഎമ്മിനെയും എൽഡിഎഫിനെയും പിന്നിലുറപ്പിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ നീങ്ങുമ്പോൾ, ആസൂത്രണവും അച്ചടക്കവും ഐക്യവുമുള്ള പാർട്ടിയായി യുഡിഎഫിന്റെ അമരത്തു കോൺഗ്രസ് ശക്തമായി നിലയുറപ്പിക്കണമെന്നു ലീഗ് ആഗ്രഹിക്കുന്നു. ഏതു സാഹചര്യത്തിലും, പ്രതിപക്ഷത്തു വീണ്ടും അഞ്ചുവർഷം കൂടിയിരിക്കാൻ അവരില്ല. 

Content Highlights: Keraleeyam, UDF, Muslim League

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA