ADVERTISEMENT

ബ്രസീലിൽ കൂടി കോവിഡ് 19 (കൊറോണ വൈറസ്) രോഗബാധ സ്ഥിരീകരിച്ചതോടെ, അന്റാർട്ടിക്ക ഒഴികെ എല്ലാ വൻകരകളിലും ഈ രോഗം എത്തിക്കഴിഞ്ഞു. ഇതിനൊപ്പമാണ്, ലോകത്തെ ഏറ്റവും വലിയ തീർഥാടനങ്ങളിലൊന്നായ ഉംറ തീർഥാടനം സൗദി അറേബ്യ താൽക്കാലികമായി നിർത്തിവച്ചത്. ലോകത്തെ 180 രാജ്യങ്ങളിൽനിന്നായി 75 ലക്ഷത്തോളം പേരാണ് 2019ൽ ഉംറ നിർവഹിക്കാൻ സൗദി അറേബ്യയിലെത്തിയത്. 

വിരലിലെണ്ണാവുന്നവയൊഴികെ, ലോകത്തെ എല്ലാ രാജ്യങ്ങളിൽനിന്നും സൗദി അറേബ്യയിലേക്കു തീർഥാടകർ എത്തും. കടന്നുപോകുന്ന ഒരു യാത്രയല്ല, വളരെ അടുത്ത സഹവാസമാണ് തീർഥാടകർക്കിടയിൽ ഉണ്ടാവുക. വിവിധ രാജ്യങ്ങളിൽനിന്നെത്തിയവർ ദിവസങ്ങളോളം സൗദിയിൽ താമസിക്കുകയും ഒരുമിച്ചു പ്രാർഥനകളിൽ പങ്കെടുക്കുകയും ചെയ്യുന്നു. തുടർന്ന് അവർ സ്വന്തം നാടുകളിലേക്കു മടങ്ങുന്നു. ലോകമെങ്ങും കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യ കരുതൽ നടപടിയെടുക്കുന്നത് ഉചിതമായിരിക്കുമെന്ന നിർദേശം ഈ പശ്ചാത്തലത്തിലാണു ഞങ്ങൾ മുന്നോട്ടുവച്ചത്. 

ലോകത്തെ ഏറ്റവും പഴക്കമേറിയതും ഏറ്റവും വിശ്വസനീയവുമായ ലാൻസറ്റ് മെഡിക്കൽ ജേണലിന്റെ ഇന്നലെ പുറത്തിറങ്ങിയ പതിപ്പിലാണ് ഞാനും സൗദി അറേബ്യ മുൻ ആരോഗ്യ സഹമന്ത്രിയും ലോകാരോഗ്യ സംഘടന ഡയറക്ടറുമായ ഡോ.സിയാദ് എ.മിമിഷും ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചത്. മണിക്കൂറുകൾക്കകം സൗദി അധികൃതർ അതിനോടു പ്രതികരിച്ചുവെന്നത് എടുത്തുപറയേണ്ടതും അഭിനന്ദനാർഹവുമാണ്.  ഉംറ വിലക്ക് എത്രകാലം നിലനിൽക്കും? കൊറോണ ഭീഷണിയില്ലാത്ത രാജ്യങ്ങളിൽനിന്നു തീർഥാടകരെ അനുവദിക്കുമോ? 5 മാസത്തിനു ശേഷം വരാനിരിക്കുന്ന ഹജ് തീർഥാടനത്തെ ഇതു ബാധിക്കുമോ? തുടങ്ങിയ സംശയങ്ങൾ ബാക്കിയാണ്. 

നിലവിലെ സാഹചര്യത്തിൽ ഉംറ വിലക്ക് കുറച്ചുകാലത്തേക്കു തുടരാനാണു സാധ്യത. കോവിഡ് 19 നിയന്ത്രണവിധേയമാവുകയോ സംഹാരശേഷി കുറയുകയോ അല്ലെങ്കിൽ, ഫലപ്രദമായ മരുന്നു കണ്ടെത്തുകയോ ചെയ്യുന്നതുവരെ നിയന്ത്രണം വേണ്ടിവന്നേക്കാം. ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടതു സൗദി ഭരണകൂടമാണ്. റമസാനിൽ ഉംറ തീർഥാടനം പൂർണതോതിൽ അനുവദിക്കാൻ കഴിയുമോ എന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്. പകർച്ചവ്യാധിയുടെ സ്ഥിതി രണ്ടാഴ്ച കൂടുമ്പോൾ വിലയിരുത്തി ലോകാരോഗ്യ സംഘടനയും പകർച്ചവ്യാധി നിയന്ത്രണ കേന്ദ്രവും (സിഡിസി) റിപ്പോർട്ട് കൈമാറും. 

എല്ലാ രാജ്യങ്ങളിൽനിന്നുള്ളവരെയും ഒരുമിച്ചു വിലക്കാതെ, രോഗം ഗുരുതരമായ രാജ്യക്കാരെ മാത്രം നിയന്ത്രിക്കുകയും മറ്റു രാജ്യക്കാർക്ക് ഉംറ തീർഥാടനം അനുവദിക്കുകയും വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇന്തൊനീഷ്യ ഇതിനകം ഈ അഭ്യർഥന നടത്തിക്കഴിഞ്ഞു. കോവിഡ് 19ന്റെ കാര്യത്തിൽ ഇന്ത്യയും നിലവിൽ താരതമ്യേന സുരക്ഷിതമാണ്. പക്ഷേ, പ്രവചനാതീതമായ വിധത്തിലാണു രോഗം പടരുന്നത്. ഇറാനിലും ഇറ്റലിയിലും സംഭവിച്ചത് അപ്രതീക്ഷിത കാര്യങ്ങളാണ്. ഈ പശ്ചാത്തലത്തിൽ ചില രാജ്യക്കാർക്കു മാത്രം ഉംറ തീർഥാടനം അനുവദിക്കുന്നതു പ്രായോഗികമാകണമെന്നില്ല. 

ഹജ് തീർഥാടനത്തിന് ഇനിയും നാലഞ്ചു മാസമുണ്ട് (ഈ വർഷം ജൂലൈയിലാണ്). കാര്യങ്ങൾ വിലയിരുത്താനും തീരുമാനമെടുക്കാനും സമയമുണ്ട്. ഉംറ പോലെ മാറ്റിവയ്ക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യാവുന്നതല്ല ഹജ് തീർഥാടനം. അത് വർഷത്തിൽ നിശ്ചിത ദിവസങ്ങളിൽ മാത്രമുള്ളതാണ്. 2009ൽ എച്ച്1എൻ1 പടർന്നപ്പോൾ സമാന സാഹചര്യമുണ്ടായിരുന്നു. അന്ന് രോഗത്തിന്റെ സംഹാരശേഷി, വ്യാപനതീവ്രത, ചികിത്സാസാധ്യത തുടങ്ങിയവയെല്ലാം വിലയിരുത്തുകയും ലോകാരോഗ്യ സംഘടന, അറബ് ലീഗ്, ഇസ്‌ലാമിക രാജ്യ സംഘടന (ഒഐസി) തുടങ്ങിയവയുമായി ചർച്ച നടത്തുകയും ചെയ്ത ശേഷം ഞങ്ങൾ സൗദി രാജാവിനു റിപ്പോർട്ട് നൽകി.

ഹജ് തീർഥാടനം നിർത്തിവയ്ക്കാൻ മാത്രം ഗുരുതരമല്ല സ്ഥിതി എന്നതായിരുന്നു നിഗമനം. ഈ വർഷം കോവിഡ് 19ന്റെ കാര്യത്തിലും ഹജ് തീർഥാടനത്തിന്റെ നടപടികൾ തുടങ്ങുംമുൻപ് വിശദ പഠനവും വിലയിരുത്തലും നടത്തും. രോഗം നിയന്ത്രണവിധേയമാവുകയോ എല്ലാ രാജ്യങ്ങൾക്കും പ്രാപ്യമായ വിധത്തിലുള്ള മരുന്ന് (ഹജ് തീർഥാടകർ എത്തുന്ന രാജ്യങ്ങളിൽ മൂന്നിൽ രണ്ടും ദരിദ്രരാജ്യങ്ങളാണ്) കണ്ടെത്തുകയോ ചെയ്താൽ ഹജ് തീർഥാടനത്തെ ഇതു ബാധിക്കില്ല. ഇക്കാര്യത്തിൽ ഇപ്പോൾ ആശങ്ക പ്രകടിപ്പിക്കുകയോ തീരുമാനം പറയുകയോ ചെയ്യുന്നത് ഉചിതമാകില്ല. വിലയിരുത്താൻ ഇനിയും സമയമുണ്ട്. 

(2012ൽ സൗദി അറേബ്യയിൽനിന്ന് ഉദ്ഭവിച്ച മെർസ് കൊറോണ വൈറസ് ബാധ ഉൾപ്പെടെയുള്ള നിർണായക ഘട്ടങ്ങളിൽ ഗൾഫ് രാജ്യങ്ങളുടെ ആരോഗ്യ ഉപദേഷ്ടാവായിരുന്ന ലേഖകൻ, യുഎസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ (സിഡിസി) ഗ്ലോബൽ എയ്ഡ്സ് ആൻഡ് ടിബി ഡയറക്ടറാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)

English summary: Coronavirus: Saudi Arabia suspends entry for Hajj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com