ADVERTISEMENT

ഉരുക്കുകോട്ട പോലെ സുരക്ഷയൊരുക്കിയാണ് ഡൽഹി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സ്വീകരിച്ചത്. അതേസമയത്തു തന്നെ, വടക്കു കിഴക്കൻ ഡൽഹിയിൽ കലാപത്തിൽ ആളുകൾ മരിച്ചുവീഴാൻ തുടങ്ങി. ബിജെപി നേതാവ് കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിനു പിന്നാലെയാണ് അക്രമം തുടങ്ങിയത്. മിശ്രയ്ക്കു മുൻപ്, കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറും ബിജെപി എംപി പർവേഷ് വർമയും ആൾക്കൂട്ടത്തെ പ്രകോപിതരാക്കാൻ ശ്രമിച്ചു.

ബിജെപി കേന്ദ്രനേതൃത്വത്തെ ഇത്തരം പ്രസംഗങ്ങളിലൂടെ ‘സുഖിപ്പിക്കാൻ’ പറ്റുമെന്ന തോന്നലായിരിക്കാം ഈ നേതാക്കൾക്ക്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ തന്റെ തോൽവിക്കു കാരണം ന്യൂനപക്ഷ വോട്ടുകളാണെന്ന ഊഹം കപിൽ മിശ്രയുടെ വൈരാഗ്യം ആളിക്കത്തിച്ചിരിക്കാം. ഏതായാലും ഇവരെ തിരുത്താൻ ബിജെപി നേതൃത്വം ശ്രമിച്ചുമില്ല. പ്രകോപന പ്രസംഗങ്ങൾ നടത്തിയ നേതാക്കൾക്കെതിരെ കേസെടുക്കാത്തതിനു ഡൽഹി പൊലീസിനെ വിമർശിച്ച ഹൈക്കോടതി ജസ്റ്റിസിനെ അർധരാത്രി സ്ഥലം മാറ്റി, കപിൽ മിശ്രയെയും കൂട്ടരെയും പിന്തുണച്ചതല്ലാതെ മറ്റൊരു നടപടിയും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

കലാപം തുടങ്ങിയ സമയത്തു ഡൽഹി പൊലീസ് നിഷ്ക്രിയരായിരുന്നു. അക്രമം നടന്ന പലയിടത്തും അവർക്ക് അംഗബലമുണ്ടായിരുന്നില്ല. ഇത് ഓർമിപ്പിക്കുന്നത് 1984ലെ ഡൽഹിയെയും 2002ലെ ഗുജറാത്തിനെയും ആണ്. ആ കലാപങ്ങളുടെ ആദ്യ നാളുകളിൽ പൊലീസ് മൂകസാക്ഷിയായി നിന്ന്, കലാപകാരികൾക്കു കളമൊരുക്കുകയാണു ചെയ്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കുറച്ചു വൈകിയാണെങ്കിലും, രംഗത്തിറങ്ങിയ ശേഷമാണു ഡൽഹിയിൽ സ്ഥിതി നിയന്ത്രണത്തിലാകുന്നത്.

അജിത് ഡോവലിന് സമുദായസംഘർഷങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനം ചെറുപ്പകാലത്തേ ലഭിച്ചിട്ടുണ്ട്. കേരളം കണ്ട അപൂർവം വർഗീയ കലാപങ്ങളിലൊന്നാണ് 1971 ഡിസംബറിൽ തലശ്ശേരിയിലുണ്ടായത്. സ്ഥിതി ശാന്തമാക്കാൻ 1968 ഐപിഎസ് ബാച്ചിലെ ഈ കേരള കേഡറുകാരനെ തലശ്ശേരി എഎസ്പിയായി അന്നത്തെ ആഭ്യന്തരമന്ത്രി കെ.കരുണാകരൻ നിയമിച്ചു.

പൊതുസമൂഹവും ഭരണനേതൃത്വവും ഒരുപോലെ പ്രബുദ്ധത തെളിയിച്ചിട്ടുള്ള കേരളത്തിൽനിന്ന് ഏറെ അകലെയാണു ഡൽഹി. പൊലീസ് കേന്ദ്രത്തിന്റെ കീഴിലാണ്, തനിക്കൊന്നും ചെയ്യാൻ കഴിയില്ല എന്ന് ഇടയ്ക്കിടെ പറയുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ‍ഡൽഹിക്കാർ ഇപ്പോൾ നേരിടുന്ന ജീവന്മരണ പോരാട്ടത്തിൽ അധാർമികമായ നിശ്ശബ്ദത പുലർത്തുന്നു. ലഹള നടക്കുന്ന സ്ഥലങ്ങളിലെ ആം ആദ്മി പാർട്ടി എംഎൽഎമാർ അപ്രത്യക്ഷരായിരിക്കുന്നു! വമ്പിച്ച ജന‌പിന്തുണ ഉണ്ടായിട്ടും കലാപങ്ങളുടെ കാര്യത്തിൽ ചെറുവിരലനക്കാതെ, രാഷ്ട്രീയ ഞാണിന്മേൽക്കളി തുടരുന്ന കേജ്‌രിവാളും അദ്ദേഹത്തിന്റെ പാർട്ടിയും ഡൽഹി ജനതയുടെ വർത്തമാനകാല ദുരന്തം പൂർണമാക്കുന്നു എന്നതാണു ദുഃഖസത്യം.

maria-sharapova-1
മരിയ ഷറപ്പോവ

മരിയ കളംവിടുമ്പോൾ...

മരിയ ഷറപ്പോവയെ മലയാളികൾക്ക് അറിയാം; ഒരുപക്ഷേ, (അല്ല, തീർച്ചയായും) ഷറപ്പോവയ്ക്കു മലയാളികളെയും.‘സച്ചിൻ തെൻഡുൽക്കർ ആരാണ്’ എന്നു ചോദിച്ച ഷറപ്പോവയെ കളിയാക്കിക്കൊണ്ടു സമൂഹമാധ്യമത്തിൽ എത്തിയതു നൂറുകണക്കിനു മലയാളികളാണ്. ഈ സംഭവമാണ് പിൽക്കാലത്തു പല വിശിഷ്ട വ്യക്തിത്വങ്ങളും നേരിടേണ്ടി വന്ന, സമൂഹമാധ്യമങ്ങളിലെ മലയാളികളുടെ ‘പൊങ്കാല’യിടലിന്റെ ആദ്യ വിജയം.

വെറും 32–ാം വയസ്സിൽ ഷറപ്പോവ ടെന്നിസിൽനിന്നു വിരമിച്ച വാർത്തയുടെ ചൂടാറിയിട്ടില്ല. റഷ്യയിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനനം, തുടർന്ന് പിതാവിനൊപ്പം യുഎസിലേക്കു കുടിയേറ്റം. 11–ാം വയസ്സിൽ ടെന്നിസ് ജീവിതം ആരംഭിച്ചു. അതിന് 6 വർഷങ്ങൾക്കു ശേഷം, 2004ൽ വിമ്പിൾഡൻ ജേതാവായി. സ്വപ്നതുല്യമായിരുന്നു ഷറപ്പോവയുടെ തുടക്കവും തുടർന്നുള്ള വർഷങ്ങളും. പാശ്ചാത്യ സൗന്ദര്യസങ്കൽപങ്ങൾക്ക് അനുസൃതമായ ആകാരസൗഷ്ഠവം അവർക്കു ഫാഷൻ രംഗത്തുനിന്നും പരസ്യങ്ങളിൽനിന്നും വരുമാനം നേടിക്കൊടുത്തു. വിമ്പിൾഡനു പിന്നാലെ മറ്റു ഗ്രാൻസ്‌ലാം കിരീടങ്ങളും ഷറപ്പോവ സ്വന്തമാക്കി.

എല്ലാറ്റിനും തിരിച്ചടിയായി, അവർ നേരിട്ട മരുന്നടി ആരോപണം. മെൽഡോണിയം എന്ന മരുന്ന് ഷറപ്പോവ 2005 മുതൽ കഴിക്കുന്നതായിരുന്നു. 2016 ജനുവരിയിൽ ആ മരുന്നു നിരോധിക്കപ്പെട്ടു. തുടർന്നുള്ള പരിശോധനയിൽ ഷറപ്പോവ ആ മരുന്നു കഴിക്കുന്നതായി തെളിഞ്ഞു. രണ്ടു വർഷത്തെ വിലക്കു കിട്ടി. അപ്പീലിൽ അതു 15 മാസങ്ങളായി കുറച്ചെങ്കിലും മരുന്നടി വിവാദം ഇപ്പോഴും ദുരൂഹമായിത്തന്നെ തുടരുന്നു. അതിനു കാരണം, മെൽഡോണിയം അവർ പരമരഹസ്യമായാണു കഴിച്ചിരുന്നത്; പിതാവും കോച്ചും അല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ല. താൻ കഴിച്ചിരുന്ന മരുന്നുകളുടെ വിവരം അധികൃതർക്കു സമർപ്പിക്കേണ്ടി വരുമ്പോൾ, ഷറപ്പോവ മെൽഡോണിയം പരാമർശിച്ചിരുന്നില്ല. വിവാദത്തിൽനിന്നു പുറത്തുവന്നെങ്കിലും തോളിലെ പരുക്ക് അവരുടെ കായികക്ഷമത കുറച്ചു; അതു വിരമിക്കലിൽ അവസാനിച്ചു.

വ്യക്തിയെന്ന നിലയിൽ ഷറപ്പോവ അധികം പേരെ സ്നേഹിച്ചിരുന്നതായി തോന്നുന്നില്ല. അവരുടെ ആത്മകഥയിൽ അവർ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്, “യുദ്ധക്കളത്തിൽ സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിൽ എനിക്കു താൽപര്യമില്ല.” അവരെ സ്നേഹിക്കുന്ന സഹകളിക്കാരും കുറവാകാനാണു സാധ്യത.

മൂർച്ചയുള്ള നാവും പരിഹാസവും ഷറപ്പോവയുടെ കൂടപ്പിറപ്പായിരുന്നു. പന്തടിക്കുമ്പോൾ ഏറ്റവും അസുന്ദരമായ ശബ്ദങ്ങൾ പുറപ്പെടുവിച്ചിരുന്നു. മറ്റു കളിക്കാരെ അലോസരപ്പെടുത്തുന്ന ഈ രീതിയെപ്പറ്റി ചോദിച്ചപ്പോൾ ഷറപ്പോവ പറഞ്ഞു, “ഇതുവരെ പ്രശസ്തരുടെ നിരയിലേക്കു കടന്നുവരാവുന്ന ആരുംതന്നെ എന്നോട് ഈ സ്വഭാവം ഉപേക്ഷിക്കാൻ പറഞ്ഞിട്ടില്ല.” ഒരുപക്ഷേ, മലയാളികൾക്കു തെറ്റു പറ്റിയിട്ടില്ലായിരിക്കും; “സച്ചിൻ തെൻഡുൽക്കർ ആര്” എന്ന അവരുടെ ചോദ്യം അത്ര നിഷ്കളങ്കമല്ലായിരിക്കും!

സ്കോർപ്പിയൺ കിക്ക്:  പൊലീസ് ആസ്ഥാനത്തെ രഹസ്യങ്ങൾ ചോർന്നതിനു പിന്നാലെ, ചില ഐപിഎസ് ഉദ്യോഗസ്ഥരുടേതടക്കം ഫോൺ നിരീക്ഷിക്കുന്നതായി സൂചന.ഉണ്ടകൾ പോയെങ്കിൽ പോകട്ടെ. പക്ഷേ, ആസ്ഥാനരഹസ്യങ്ങൾ ചോരരുത്!ആസ്ഥാനരഹസ്യങ്ങൾ ചോരരുത്!

English summary: Delhi violence during Trump visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com