ADVERTISEMENT

ഡൽഹി ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിമാരിലൊരാളാണ് ജസ്റ്റിസ് എസ്.മുരളീധർ. അദ്ദേഹത്തെ സ്ഥലം മാറ്റാനുള്ള കൊളീജിയം ശുപാർശയെക്കുറിച്ചു തന്നെ പലരും ആശങ്ക രേഖപ്പെടുത്തിയിരുന്നു. അഭിഭാഷകർ കോടതി ബഹിഷ്കരിക്കുന്ന സ്ഥിതിവരെയുണ്ടായി. സ്ഥലംമാറ്റം സാധാരണഗതിയിലുള്ളതല്ലെന്ന സംശയമാണു പലർക്കുമുണ്ടായത്. ജസ്റ്റിസ് മുരളീധറിനോടു പ്രതികാര മനോഭാവത്തോടെ പെരുമാറുന്നുവെന്ന വിലയിരുത്തലുണ്ടായി. കൊളീജിയം ശുപാർശ അംഗീകരിച്ച് കഴിഞ്ഞ ദിവസം രാത്രി കേന്ദ്ര സർക്കാർ സ്ഥലംമാറ്റ ഉത്തരവിറക്കി. ഇത്ര തിടുക്കമെന്തിനായിരുന്നു എന്നതു പ്രസക്തമായ ചോദ്യം.

ജസ്റ്റിസ് മുരളീധർ ഭാവിയിൽ പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസാകുമെന്നു പറയപ്പെടുന്നു. അങ്ങനെ പദവിക്കു സാധ്യതയുള്ളവരെ ചുമതല ലഭിക്കുന്നതിന് അൽപനാൾ മുൻപു പുതിയ കോടതിയിലേക്കു വിടുന്ന രീതിയുണ്ട്. അവിടത്തെ സാഹചര്യവും കേസുകളുടെ രീതിയും പരിചയിക്കുന്നതിനാണത്. ഇപ്പോൾ, രാത്രി ഉത്തരവിറക്കാൻ തക്ക അടിയന്തര സാഹചര്യമെന്തെങ്കിലും പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിൽ ഉണ്ടായിരുന്നോ? ഇല്ലെന്നാണ് ഉത്തരം.

എന്നാൽ, അടിയന്തര സാഹചര്യമുണ്ടെന്നു സർക്കാർ വിലയിരുത്തി. കാരണം, കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ ജസ്റ്റിസ് മുരളീധർ സ്വീകരിച്ച നടപടികൾ തന്നെ. പ്രകോപനപരമായ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ നടപടി വൈകുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. ഇതു സർക്കാരിനു സ്വീകാര്യമായില്ലെന്നു വ്യക്തം. തുടർന്നു രണ്ടു കാര്യങ്ങൾ സംഭവിച്ചു: ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചിൽനിന്നു ബിജെപി നേതാക്കൾക്കെതിരെയുള്ള കേസു മാറ്റി, രാത്രി സ്ഥലംമാറ്റ ഉത്തരവുമിറങ്ങി. ജസ്റ്റിസ് മുരളീധർ സ്വമേധയാ തീരുമാനിച്ചതല്ല, കേസ് തന്റെ ബെഞ്ച് കേൾക്കുമെന്ന്. ചീഫ് ജസ്റ്റിസ്  അവധിയിലായതിനാൽ കേസ് അദ്ദേഹത്തിന്റെ ബെഞ്ചിലേക്കു വന്നതാണ്. അദ്ദേഹം ഇടക്കാല ഉത്തരവായി ചില നിർദേശങ്ങൾ നൽകി. ഇന്നലെയും അദ്ദേഹംതന്നെ കേസ് പരിഗണിക്കുന്നതായിരുന്നു ഉചിതം. അതുണ്ടായില്ല.

justice-kailash
ജസ്റ്റിസ് (റിട്ട) കൈലാഷ് ഗംഭീർ

സ്ഥലംമാറ്റ ഉത്തരവിലെ ശ്രദ്ധേയമായ കാര്യം, ചുമതലയേൽക്കാൻ മതിയായ സമയം നൽകിയില്ല എന്നതാണ്. സ്ഥലംമാറ്റം എളുപ്പത്തിൽ നടക്കുന്ന കാര്യമല്ല. മറ്റൊരു സ്ഥലത്തേക്കു മാറുന്നതിനു മുൻപ് ചെയ്തുതീർക്കേണ്ട പല കാര്യങ്ങളുമുണ്ടാവും. അതു കണക്കിലെടുത്ത് 14 ദിവസംവരെ സമയമനുവദിക്കുന്ന രീതിയാണുള്ളത്. നാളിതുവരെ ഇറങ്ങിയിട്ടുള്ള സ്ഥലംമാറ്റ ഉത്തരവുകൾ പരിശോധിച്ചാൽ അതു വ്യക്തമാകും. അങ്ങനെ സമയം പറയേണ്ടതില്ലെന്നു സർക്കാർ തീരുമാനിക്കുമ്പോൾ, അതിന്റെ കാരണമെന്ത് എന്ന ചോദ്യവുമുണ്ട്. പഞ്ചാബ് – ഹരിയാന ഹൈക്കോടതി പ്രവർത്തിക്കുന്ന ചണ്ഡിഗഡിൽ അത്ര അടിയന്തര സാഹചര്യമുണ്ടോ, ചീഫ് ജസ്റ്റിസ് ഇല്ലാതെയാണോ അവിടെ കോടതി പ്രവർത്തിക്കുന്നത് തുടങ്ങിയവ ന്യായമായ സംശയങ്ങളാണ്. അത്തരമൊരു സാഹചര്യമില്ല. അപ്പോൾ, പിന്നെയെന്ത്? ജസ്റ്റിസ് മുരളീധർ ‘ടാർഗറ്റ്’ ചെയ്യപ്പെട്ടു എന്നാണു കരുതേണ്ടത്.

ഇത്തരം നടപടികളുടെ ഫലമെന്താണ്? ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനമാണു തടസ്സപ്പെടുന്നത്; ജഡ്ജിമാരുടെ നിർഭയമായ നിലപാടുകളും നടപടികളുമാണു തടയപ്പെടുന്നത്. ജഡ്ജിമാർ സർക്കാരിന്റെ താൽപര്യത്തിനൊത്തല്ല പ്രവർത്തിക്കേണ്ടത്. സർക്കാരിന്റെ എന്നല്ല, ആരുടെയും താൽപര്യം പരിഗണിച്ചല്ല, നിഷ്പക്ഷമായാണു പ്രവർത്തിക്കേണ്ടത്. ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം അപകടപ്പെടുംവിധമുള്ള ഇടപെടൽ ഇതാദ്യമല്ല. മുൻപു ഭരിച്ചിരുന്നവരും ഇടപെട്ടിട്ടുണ്ട്. ഇപ്പോൾ, ഇടപെടലുകളുടെ എണ്ണം കൂടിയെന്നു മാത്രം.ഇങ്ങനെയെങ്കിൽ ജഡ്ജിമാർ എങ്ങനെ സ്വതന്ത്രമായി പ്രവർത്തിക്കും? എന്താവും നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ അവസ്ഥ?

ജസ്റ്റിസ് മുരളീധറിന്റെ സമ്മതത്തോടെയാണു സ്ഥലംമാറ്റമെന്ന വാദമാണ് നിയമമന്ത്രി രവിശങ്കർ പ്രസാദ് ഉന്നയിക്കുന്നത്. കൊളീജിയം ചോദിച്ചാൽ സമ്മതം പറയുകയെന്നത് ജുഡീഷ്യറിയിൽ പ്രവർത്തിക്കുന്നവരുടെ മര്യാദയും അച്ചടക്കവുമാണു വ്യക്തമാക്കുന്നത്. സ്ഥലം മാറ്റട്ടേ എന്നു കൊളീജിയം ചോദിച്ചാൽ പറ്റില്ലെന്നു ജഡ്ജി പറയില്ല. അപ്പോൾ, സമ്മതിച്ചിരുന്നു എന്നു പറയുന്നതിൽ എന്തു കാര്യം?

(ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജിയാണു ലേഖകൻ)

English summary: Justice S.Muralidhar targeted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com