sections
MORE

സമാധാനമേ, സ്വാഗതം; യുഎസ് – താലിബാൻ സമാധാനക്കരാർ ഇന്നു യാഥാർഥ്യമാകും

HIGHLIGHTS
  • അവസാനിക്കുന്നത് 18 വർഷവും 4 മാസവും 22 ദിവസവും നീണ്ട സംഘർഷ കാലം
terrorist
പ്രതീകാത്മക ചിത്രം
SHARE

താലിബാൻ ഉപമേധാവി സിറാജുദ്ദീൻ ഹഖനി കഴിഞ്ഞയാഴ്ച ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞത് ‘പോരാടി മതിയായി’ എന്നാണ്. അഫ്ഗാനിസ്ഥാനിൽ ഏറ്റവുമധികം കാലം നാറ്റോ കമാൻഡറായിരുന്ന ജനറൽ ജോൺ നിക്കോൾസന്റെ നിഗമനവും മറ്റൊന്നല്ല. ‘അഫ്ഗാൻ യുദ്ധം എങ്ങുമെത്താതെ നിൽക്കുന്നു’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇന്ന് യുഎസ് – താലിബാൻ സമാധാനക്കരാറിൽ ഒപ്പു വീഴുമ്പോൾ അവസാനിക്കുന്നത് 18 വർഷവും 4 മാസവും 22 ദിവസവും നീണ്ട സംഘർഷ കാലമാണ്. ഇതിനിടയിൽ ഇരുപക്ഷവും തല്ലിത്തളർന്നുവെന്നതാണു സത്യം.

2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു (9/11) പിന്നാലെ ഒക്ടോബർ 7നാണ് അഫ്ഗാനിസ്ഥാനിൽ യുഎസിന്റെ സൈനിക നടപടി ആരംഭിക്കുന്നത്. മൂന്നു മാസത്തിനകം താലിബാൻ ഭരണകൂടം നിലംപതിച്ചു. മൂന്നുനാലു വർഷം ദുർബലമായിക്കിടന്ന താലിബാൻ 2006 മുതൽ ശക്തമായ ആക്രമണങ്ങളുമായി ഭീഷണി ഉയർത്തി.

2009ൽ യുഎസ് പ്രസിഡന്റായി ബറാക് ഒബാമ അധികാരമേറ്റതിനു പിന്നാലെ പല ഘട്ടങ്ങളിലായി അഫ്ഗാനിലെ യുഎസ് സൈനികശേഷി വർധിപ്പിച്ചു. ഒരു ഘട്ടത്തിൽ ഇത് ഒരു ലക്ഷം സൈനികർ വരെയായിരുന്നു. പിന്നീടാണ് ഇറാഖിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നുമുള്ള പിന്മാറ്റ പദ്ധതി ഒബാമ പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഇരുരാജ്യങ്ങളിൽനിന്നും യുഎസ് സേന പിന്മാറിയെങ്കിലും കുറച്ചു സൈനികർ (അഫ്ഗാനിൽ 14,000, ഇറാഖിൽ 6000) അതതു രാജ്യങ്ങളിൽ തുടരുന്നുണ്ട്.

അവസാനത്തെ വിദേശ സൈനികനും രാജ്യം വിടാതെ ആയുധം താഴെവയ്ക്കില്ലെന്നു പ്രഖ്യാപിച്ച താലിബാനെ സമാധാനക്കരാറിലെത്തിക്കാൻ കഴിഞ്ഞുവെന്നതാണ് ഇതിൽ യുഎസിനുള്ള നേട്ടം. ഭീകരരായി പ്രഖ്യാപിച്ചു തങ്ങളെ തുടച്ചുനീക്കാൻ ഒരുമ്പെട്ടവർ ഒടുവിൽ സമാധാനക്കരാറുമായി എത്തിയത് താലിബാന്റെ വിജയവുമാണ്. 

കരാർ യാഥാർഥ്യമാകുന്നതിനു പിന്നാലെ വിദേശ സൈനികർ പൂർണമായി രാജ്യം വിടും; പകരം, യുഎസിനും സഖ്യരാജ്യങ്ങൾക്കുമെതിരെയുള്ള ആക്രമണങ്ങൾക്ക് തങ്ങൾ താവളമൊരുക്കില്ലെന്നാണ് താലിബാൻ നൽകുന്ന ഉറപ്പ്. അഫ്ഗാൻ ജയിലുകളിലെ 5000 പേരെ മോചിപ്പിക്കണമെന്ന താലിബാന്റെ ആവശ്യം അംഗീകരിക്കപ്പെടുമോ എന്നു വ്യക്തമല്ല.

നിലവിൽ ഈ കരാറിൽ അഫ്ഗാൻ ഭരണകൂടം കക്ഷിയല്ല. സമാധാനക്കരാറിനു പിന്നാലെ, താലിബാനും അഫ്ഗാൻ ഭരണകൂടവും തമ്മിലുള്ള ചർച്ചകൾക്ക് വാതിൽ തുറക്കും. ഇത്, അഫ്ഗാനിൽ സുസ്ഥിര ഭരണകൂടം യാഥാർഥ്യമാകുന്നതിലേക്കു കൂടി നയിക്കുമെന്നാണു ലോകരാജ്യങ്ങളുടെ പ്രതീക്ഷ.

1978

അഫ്ഗാനിസ്ഥാനിൽ പ്രസിഡന്റ് മുഹമ്മദ് ദാവൂദ് ഖാനെ  അട്ടിമറിച്ച് കമ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിൽ. നൂർ മുഹമ്മദ് തരാകി പുതിയ പ്രസിഡന്റ്.

1979

കമ്യൂണിസ്റ്റ് ഭരണകൂടത്തിനു പിന്തുണയുമായി സോവിയറ്റ് യൂണിയന്റെ അധിനിവേശം. ഇതിനെതിരെ സായുധപ്രക്ഷോഭവുമായി പോരാളികൾ (മുജാഹിദീൻ) രംഗത്ത്. ഇവർക്ക് യുഎസ്, സൗദി അറേബ്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ. 

1989

സോവിയറ്റ് സേനയുടെ പിന്മാറ്റം. ഒപ്പം പോരാളികൾ രാജ്യമെങ്ങും ശക്തിയാർജിച്ചു. ക്രമേണ താലിബാൻ രൂപീകരണം. 

1994

പാക്ക് – അഫ്ഗാൻ അതിർത്തി മേഖലയിൽ താലിബാൻ രാഷ്ട്രീയ ശക്തിയാർജിച്ചു. ഒപ്പം സായുധ ആക്രമണങ്ങളും.

1996

അഫ്ഗാനിൽ അധികാരം പിടിച്ച് താലിബാൻ. മുല്ല ഉമർ പരമോന്നത നേതാവ്. മുഹമ്മദ് റബ്ബാനി പ്രധാനമന്ത്രി. 

2001

വേൾഡ് ട്രേഡ് സെന്ററിലെ ഭീകരാക്രമണത്തിനു (9/11) പിന്നാലെ അഫ്ഗാനിൽ യുഎസ് ആക്ര മണം. താലിബാൻ ഭരണത്തിനു വിരാമം. 

2001 – 2020

വിദേശ സൈനികർക്കും അഫ്ഗാൻ സൈനികർക്കുമെതിരെ ആക്രമണങ്ങളുടെ രണ്ടു പതിറ്റാണ്ട്. ചോരപ്പുഴയൊഴുക്കിയ ഒട്ടേറെ ആക്രമണങ്ങൾ. ഇപ്പോഴും അഫ്ഗാനിലെ നിർണായക സായുധ ശക്തി. 

2020 ഫെബ്രുവരി 29

യുഎസ് – താലിബാൻ സമാധാനക്കരാർ.

∙അഫ്ഗാനിൽ കൊല്ലപ്പെട്ട യുഎസ് സൈനികർ-2420

∙കൊല്ലപ്പെട്ട യുഎസ് സഖ്യരാജ്യ സൈനികർ-1142

∙കൊല്ലപ്പെട്ട അഫ്ഗാൻ സൈനികർ-65,000

∙താലിബാൻ പക്ഷത്ത് കൊല്ലപ്പെട്ടവർ-70,000

∙കൊല്ലപ്പെട്ട സാധാരണക്കാർ–32,000

English summary: US, Taliban peace agreement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA