ADVERTISEMENT

സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായതിന്റെ ആഘോഷപ്രഖ്യാപനം കേരളം കേട്ടുകഴിഞ്ഞു. സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കി ഇത്രയും പേർക്കു കൈമാറുന്നതു തീർച്ചയായും അഭിനന്ദനമർഹിക്കുന്നു. വികസനകാര്യങ്ങളിലുമുള്ള സർക്കാർ ശ്രദ്ധ പല കാരണങ്ങൾകൊണ്ടും പലപ്പോഴും മന്ദീഭവിച്ചുവെന്ന പരാതികൾക്കിടയിലും കരുതലിന്റെ ഇങ്ങനെയൊരു ജനകീയ മാതൃക പിറന്നതു കേരളത്തിന്റെ കയ്യടി അർഹിക്കുകയും ചെയ്യുന്നു. 

ഈ സർക്കാർ 2,14,262 വീടുകൾ പണിതു നൽകിയെന്നും ഇതിനായി 6,551 കോടി രൂപ ചെലവഴിച്ചുവെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. രണ്ടു ലക്ഷത്തിലേറെ വീടുകളിൽ പുഞ്ചിരി വിരിയുമ്പോൾ അതു കേരളത്തിന്റെയാകെ ചാരിതാർഥ്യത്തിന്റെ സുന്ദരമന്ദഹാസമായി മാറുന്നു. സ്വന്തമായി അടച്ചുറപ്പുള്ള വീട് എന്നത് ഓരോ കുടുംബത്തിന്റെയും അവകാശംതന്നെയാണ്. അടിസ്‌ഥാനപ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടാൽ മാത്രമേ ജനജീവിതത്തിനു നിലവാരം കൈവരികയുള്ളൂ എന്ന തിരിച്ചറിവോടെ സർക്കാർ ഈ വലിയ ദൗത്യം നടപ്പിലാക്കുമ്പോൾ അതിനു കൈവരുന്ന ജനകീയമൂല്യം വലുതാണ്. 

വീടില്ലാത്തവരെ കണ്ടെത്താൻ കുടുംബശ്രീ വഴി സർക്കാർ നടത്തിയ സർവേയിൽ അഞ്ചു ലക്ഷത്തിലേറെപ്പേരാണു പട്ടികയിലെത്തിയത്. അടുത്ത വർഷത്തോടെ സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും വീടു ലഭ്യമാക്കാനുള്ള ചുവടുവയ്പാണിതെന്നും വീടില്ലാത്ത ഒരു കുടുംബവും സംസ്ഥാനത്തു ശേഷിക്കുന്നില്ലെന്ന്് ഉറപ്പാക്കുന്നതുവരെ പദ്ധതി തുടരുമെന്നും സർക്കാർ പറയുന്നതു സമയബന്ധിതമായി യാഥാർഥ്യമാകുക കൂടി വേണം. ഇതോടൊപ്പം, റോഡുകളും അങ്കണവാടികളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾകൂടി ലഭ്യമാക്കാനും സർക്കാരിന്റെ ശ്രദ്ധ ഉണ്ടാവണം. 

അതേസമയം, ലൈഫ് പദ്ധതിയിലൂടെ രണ്ടു ലക്ഷം വീടുകൾ നിർമിച്ചുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്തു 90 ശതമാനത്തോളം പൂർത്തീകരിച്ച 52,000 വീടുകളും ഇപ്പോഴത്തെ കണക്കിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്നും മറ്റ് 55,000 വീടുകൾ കേന്ദ്ര ഫണ്ട് ഉപയോഗിച്ചു നിർമിച്ചതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. ഫലത്തിൽ, ഒരു ലക്ഷത്തിൽപരം വീടുകൾക്കു ലൈഫ് പദ്ധതിയുമായി ഒരു ബന്ധവുമില്ലെന്നാണു വിമർശനം.

സർക്കാരിന്റെ തന്നെ വിവിധ ഭവന പദ്ധതികളുടെ ഭാഗമായി നിർമാണം ആരംഭിക്കുകയും സാങ്കേതികവും സാമ്പത്തികവുമായ തടസ്സങ്ങൾ കാരണം പൂർത്തിയാക്കാൻ കഴിയാത്തതുമായ ആയിരക്കണക്കിനു വീടുകൾ ഇപ്പോഴും കേരളത്തിലുണ്ടെന്നാണു വിവിധ ജില്ലകളിൽ നിന്നുള്ള വാർത്തകൾ വ്യക്തമാക്കുന്നത്. വർഷങ്ങളായുള്ള ഇവരുടെ സ്വപ്നംകൂടി പൂവണിയാനുള്ള അടിയന്തര നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. 

സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണു ലൈഫ് പദ്ധതി. ഈ ദൗത്യത്തിലെ അനുഭവപാഠങ്ങളെല്ലാം മുന്നിൽവച്ച്, പ്രഖ്യാപിച്ച പദ്ധതികളോരോന്നും സമയബന്ധിതമായി പൂർത്തീകരിക്കാൻ സർക്കാർ വകുപ്പുകളും ആസൂത്രണ, നിർവഹണ വൈഭവമുള്ള വിദഗ്‌ധരുമൊക്കെ ചേർന്ന് ഒത്തൊരുമിച്ചു നീങ്ങാൻ ഇനി വൈകരുത്. നിരന്തര ശ്രദ്ധയോടെ മുഖ്യമന്ത്രി തന്നെ ഇതിനു മേൽനോട്ടം വഹിക്കുകയും വേണം. 

ലൈഫ് മിഷൻ പദ്ധതിയിലെ വീടുകൾക്കായി ഭൂമി നൽകിയ പല സുമനസ്സുകളുമുണ്ട്. ഇവർക്കും നന്ദി പറയേണ്ടതുണ്ട്. രണ്ടു ലക്ഷം വീടുകളിൽ പുലരുന്ന പുതുജീവിതങ്ങൾക്കു കേരളത്തിന്റെ എല്ലാ ആശംസകളും. ഇനിയും സംസ്ഥാനത്തു ലക്ഷക്കണക്കിനു ഭവനരഹിതർ ബാക്കിയുള്ള സാഹചര്യത്തിൽ, സ്വന്തം ഭവനമെന്ന സ്വപ്നം അവർക്കുകൂടി എത്രയും വേഗം യാഥാർഥ്യമാക്കാൻ സർക്കാരിനു സാധിക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com