ADVERTISEMENT

ഗുരുവിനോടു ചക്രവർത്തി ചോദിച്ചു: ‘എന്താണു സ്വർഗം; എന്താണു നരകം..?’ ചക്രവർത്തിയെ രൂക്ഷമായി നോക്കിയ ശേഷം ഗുരു പറഞ്ഞു: ‘നിങ്ങൾ എന്തൊരു മനുഷ്യനാണ്. നിങ്ങൾക്ക് ഒരു കണ്ണാടിയിൽ നോക്കി മുഖം വൃത്തിയാക്കിക്കൂടെ. ഇത്രയും വൃത്തിഹീനനായ ഒരാളെ ഞാൻ കണ്ടിട്ടില്ല. കോപം കൊണ്ടു ജ്വലിച്ച ചക്രവർത്തി ഗുരുവിനു നേർക്കു വാളൂരി. അതേ വേഗത്തിൽ ഗുരു പറഞ്ഞു. ‘നിൽക്കൂ, ഇതാണ് നരകത്തിലേക്കുള്ള വാതിൽ’. ചക്രവർത്തിക്കു കാര്യം മനസ്സിലായി. അദ്ദേഹം വാൾ നിലത്തെറിഞ്ഞ് ഗുരുവിന്റെ കാലിൽ വീണു. ഗുരു പറഞ്ഞു: ‘ഇതാണു സ്വർഗത്തിലേക്കുള്ള വാതിൽ’.

സ്ഥലമോ സ്ഥാനമോ അല്ല, സാഹചര്യവും മനോഭാവവും ആണ് സ്വർഗവും നരകവും. ഏതെങ്കിലും പ്രത്യേക സ്ഥലങ്ങളിൽ വസിക്കുന്നവരോ സ്ഥാനത്തിരിക്കുന്നവരോ സ്വർഗത്തോട് അടുത്തിരിക്കുന്നവരോ നരകത്തോട് അടുത്തിരിക്കുന്നവരോ അല്ല. ഉള്ളിലുള്ള സ്വർഗം കണ്ടെത്തുന്നവർ സൃഷ്‌ടിക്കുന്ന സാഹചര്യവും പുലർത്തുന്ന മനോഭാവവും സ്വർഗമായിരിക്കും. ചിന്തകളിൽ നിന്നും പ്രവൃത്തികളിൽ നിന്നുമാണ് സ്വർഗവും നരകവും രൂപപ്പെടുന്നത്. അവിടെ പരസ്‌പര ബഹുമാനത്തിന്റെയും പരിസരബോധത്തിന്റെയും വിത്തുകളുണ്ട്, 

പ്രതികരണങ്ങളുടെ പക്വതയുണ്ട്. മറ്റൊരാളുടെ പ്രകോപനങ്ങളിൽ അകപ്പെട്ടു പോകുന്നവരെല്ലാം സ്വന്തം സ്വർഗത്തെ തിരിച്ചറിയാതെ നരകത്തിലേക്കുള്ള അപരന്റെ ക്ഷണം സ്വീകരിക്കുകയാണ്. ഒരാൾക്കും മറ്റൊരാളുടെ സ്വർഗം നിഷേധിക്കാനാകില്ല. അത് സ്വയം നിരാകരിക്കുന്നതാണ്. അതിന് ചിലപ്പോൾ സാഹചര്യങ്ങളെയും സമ്മർദങ്ങളെയും കൂട്ടുപിടിക്കും. സ്വർഗവും നരകവും ഒരുപോലെ സൃഷ്‌ടിക്കാൻ ശേഷിയുള്ളവരാണ് ഓരോ മനുഷ്യനും. അനുകൂലാവസ്ഥയല്ല സ്വർഗം, പ്രതികൂലാവസ്ഥയല്ല നരകം. അനുകൂലാവസ്ഥയിലുള്ള വിനയവും പ്രതികൂലാവസ്ഥയിലുള്ള വിവേകവുമാണ് സ്വർഗം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com