ADVERTISEMENT

ക്യാംപസ് രാഷ്ട്രീയവിഷയത്തിൽ ഹൈക്കോടതിയുടെ ഏറ്റവും പുതിയ നിർദേശങ്ങൾക്കെതിരായി സർക്കാർ അപ്പീൽ നൽകാൻ പോകുന്നുവെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന തരത്തിലാണ് പുതിയ വിധി ഉണ്ടായിരിക്കുന്നത്. വിദ്യാർഥികൾക്ക് രാഷ്ട്രീയവിഷയങ്ങളിൽ ശബ്ദമുയർത്താനും പരാതികൾക്കു പരിഹാരം തേടാനുമുള്ള അവസരങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെയാണ് ഹൈക്കോടതി ഈ പ്രശ്നത്തിൽ നിലപാടെടുത്തിരിക്കുന്നത്.

സ്വതന്ത്രമായ, ആവശ്യമില്ലാത്ത നിയന്ത്രണങ്ങളില്ലാത്ത, വിദ്യാഭ്യാസസമ്പ്രദായത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. ക്യാംപസ് രാഷ്ട്രീയം നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയവികസനത്തിനും പ്രശ്നപരിഹാരങ്ങൾക്കും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. 

നമ്മുടെ പല നേതാക്കളും ക്യാംപസ് രാഷ്ട്രീയത്തിൽ നിന്ന് ഉയർന്നുവന്നവരാണ്. അവരുടെ രാഷ്ട്രീയപ്രവർത്തനങ്ങൾ അവരുടെയും സഹപാഠികളുടെയും വിദ്യാഭ്യാസത്തെ ബാധിക്കാത്ത തരത്തിൽ ചെയ്യാമെങ്കിൽ അതിനെ അംഗീകരിക്കുക തന്നെ വേണം. വിദ്യാഭ്യാസം എന്ന മൗലികാവകാശത്തെ തടസ്സപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണു കോടതി ചൂണ്ടിക്കാട്ടുന്നത്. 

പഠനം തടസ്സപ്പെടുത്താതെ സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുകയും അതിനുള്ള സംവിധാനങ്ങൾ സൃഷ്ടിക്കുകയും ചെയ്യണമെന്നാണു കോടതി നിർദേശിച്ചിരിക്കുന്നത്. ക്യാംപസ് രാഷ്ട്രീയത്തിന്റെ വികൃതമായ മുഖം കേരളത്തിൽ പലയിടത്തും കാണാം. എത്രയോ രക്തസാക്ഷികൾ സൃഷ്ടിക്കപ്പെട്ടു. ക്യാംപസ് രാഷ്ട്രീയത്തിന്റെ ഇരകളായി എത്രയോ വിദ്യാർഥികളുടെ ഭാവി ഇരുളടഞ്ഞു. രാഷ്ട്രീയപാർട്ടികളുടെ ചട്ടുകങ്ങളായി മാറി വിദ്യാഭ്യാസപരിഷ്കാരങ്ങളെ അസഹിഷ്ണുതയോടെ എതിർക്കുന്നതു പതിവായിരിക്കുന്നു. വിദ്യാർഥികളുടെ ഭാവിയെ തകർക്കുന്ന ഈ പ്രവണതകൾ അനുവദിക്കാനാകില്ലെന്നാണ് കോടതിവിധിയുടെ അന്തഃസത്ത. 

അക്രമമില്ലാത്ത, അച്ചടക്കമുള്ള രാഷ്ട്രീയപരിചയം ക്യാംപസിൽ നേടിയെടുത്താൽ മാത്രമെ ഭാവിയിലെ നേതാക്കൾക്ക് രാഷ്ട്രനിർമാണത്തിൽ ഫലപ്രദമായി പങ്കെടുക്കാനാകൂ. അതിന് ഇപ്പോഴത്തെ സ്ഥിതിയിൽ നിന്നുള്ള മാറ്റം വേണം. ക്യാംപസുകളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടാനും ഈ മാർഗനിർദേശങ്ങൾ വഴിയൊരുക്കും. അപ്പീൽ പോകാതെ, കോടതിയുടെ നിർദേശങ്ങളെ അതിന്റെ പൂർണാർഥത്തിൽ പാലിച്ചാൽ വിദ്യാഭ്യാസവും രാഷ്ട്രീയവും മെച്ചപ്പെടും. 

(മുൻ സ്ഥാനപതി, ഉന്നത വിദ്യാഭ്യാസ  കൗൺസിൽ മുൻ ഉപാധ്യക്ഷൻ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com